പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 സെപ്തംബര്‍ 01
കേന്ദ്ര ഏജന്‍സിയാണ് ആയുധം
വിമര്‍ശിക്കുന്നവരും, പ്രതിരോധിക്കുന്നവരും ശത്രുക്കളായി കണക്കിലാക്കി കേന്ദ്ര അന്വേഷണ ഏജന്‍സിയെ ആയുധമാക്കി നേരിടുന്ന രീതിയാണ് ബി.ജെ.പി. നേത്യത്ത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്തരം നീക്കങ്ങള്‍ വ്യാപകമായി നടക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2023ല്‍ ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. 2024 ല്‍ ഇന്ത്യയില്‍ ലോക്സഭ തെരഞ്ഞെടുപ്പും നടക്കുകയാണ്. രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കും ആം ആദ്മി പാര്‍ട്ടി ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നു എന്നുള്ള മുന്‍ വിധിയുടെ പേരില്‍ വ്യാപകമായ അടിച്ചമര്‍ത്തല്‍ നയം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു എന്നുവേണം കരുതുവാന്‍. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെയും ഡല്‍ഹിയിലെയും ആരോഗ്യ മന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഡല്‍ഹിയില്‍ നടപ്പാക്കിയ മദ്യനയത്തിന്‍റെ പേരിലും ലോ ഫ്ളോര്‍ ബസ് വാങ്ങിയതിന്‍റെ പേരിലും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മനീഷ് സിസോഡിയയുടെ വീട്ടിലും, ഓഫീസിലും മറ്റ് 31 ഇടങ്ങളിലും സി.ബി.ഐ റെയ്ഡുകള്‍ നടത്തിയിട്ട് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. റെയ്ഡിന്‍റെ സമയത്ത് വീട്ടില്‍ നില്‍ക്കുന്ന സിസോഡിയയുടെ ചിത്രം മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നിരുന്നു. എന്നാലും മനീഷ് സിസോഡിയയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി സി.ബി.ഐ. ഇളിഭ്യരായിരിക്കുകയാണ്. താന്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടെന്നും എവിടെ വിളിച്ചാലും വരാമെന്നും സിസോഡിയ ട്വിറ്റ് ചെയ്തു. 2024ല്‍ ജനങ്ങള്‍ മോദിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും സിസോഡിയ ട്വിറ്റ് ചെയ്തിരുന്നു. മദ്യനയത്തിലും, ലോ ഫ്ളോര്‍ ബസ് വാങ്ങിയതിലും വന്‍ അഴിമതി ഉണ്ടെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. ഡല്‍ഹിയില്‍ ശക്തമായ ജനപിന്തുണ നേടിയ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഛായ വളരുന്നതില്‍ തടയിടുകയാണ് നരേന്ദ്രമോഡി നേത്യത്ത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും നടത്തുന്നത് ഇതിനു വേണ്ടിയാണ് എന്ന സംസാരം വ്യാപകമാണ്. 2024 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ വരും എന്ന പ്രഖ്യാപനം മനീഷ് സിസോഡിയ നടത്തിയതും ഈ അവസരത്തില്‍ ശ്രദ്ധേയമായി കാണേണ്ടിയിരിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കുവാന്‍ സാധിച്ചാല്‍ അത് ശക്തമായ പ്രതിരോധം ആകുമെന്ന് നരേന്ദ്രമോഡി തന്നെ ഭയപ്പെടുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോദിക്ക് അനുകൂലമല്ല. വിലക്കയറ്റവും, സുരക്ഷയില്ലായ്മയും, തൊഴിലില്ലായ്മയിലും രാജ്യത്തെ ജനങ്ങള്‍ വലയുകയാണ്. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം കൊടുക്കുന്നവരെ തളര്‍ത്തുക എന്ന ഒരു രീതിയും കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ബീഹാറില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും എന്ന ഒരു സംസാരവും ഇല്ലാതില്ല. മമതാ ബാനര്‍ജിയും, നിതീഷ് കുമാറും, അരവിന്ദ് കെജ്രിവാളും, ചന്ദ്രശേഖര്‍ റാവും മാത്രം വിചാരിച്ചാല്‍ കേന്ദ്രഭരണം പിടിച്ചടക്കുവാന്‍ വളരെ നിസ്സാരമായി സാധിക്കും. സ്റ്റാലിന്‍ തമിഴ്നാട്ടിലും, ഇടത്പക്ഷം കേരളത്തിലും, അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലും നിന്നുകൊണ്ട് ഇവരോടൊപ്പം ചേര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ശക്തമായിരിക്കുമെന്ന് ബിജെപി തിരിച്ചറിയുന്നു.
നോയിഡയിലെ ട്വിന്‍ ടവറും നിലംപ്പൊത്തി
കേരളത്തിലെ മരടില്‍ അനധിക്യതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി തകര്‍ത്തത് രാജ്യത്തിനകത്ത് മാത്രമല്ല, പുറം ലോകത്തും ചര്‍ച്ചയായിരുന്നു. ഇതിന്‍റെ ബലത്തില്‍ തന്നെയാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്‍റെ ഭാഗമാണെങ്കിലും ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന നോയിഡയിലെ സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട ടവറുകള്‍ ഓഗസ്റ്റ് 28ന് മുന്‍പ് പൊളിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. 2021 ഓഗസ്റ്റ് 31 തീയതിയാണ് ഇരട്ട ടവറുകള്‍ പൊളിക്കുന്നതിനായി കോടതി ഉത്തരവിട്ടത്. പല കാരണങ്ങള്‍ ചൂണ്ടി കാട്ടി തടസ വാദം ഉന്നയിച്ച് ഇരട്ട ടവര്‍ ഉടമകളായ സൂപ്പര്‍ ടെക്ക് കമ്പനി ഒരു വര്‍ഷം കെട്ടിടം പൊളിക്കുന്നതില്‍ നിന്ന് ഒഴിവ് നേടുകയായിരുന്നു. 2022 ഫെബ്രുവരി മാസം കോടതി പ്രശ്നത്തില്‍ ഇടപെടുകയും മെയ് 22നു മുമ്പായി ഇരട്ട ടവറുകള്‍ പൊളിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ഉണ്ടായി. പക്ഷേ മെയ് 17ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇരട്ട ടവര്‍ പൊളിക്കുന്നതിന് ഓഗസ്റ്റ് 28 ആം തീയതി വരെ സമയം നീട്ടി നല്‍കുകയാണ് ഉണ്ടായത്. വളരെ കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരട്ട ടവറുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവ് നടപ്പിലാക്കിയത് എന്ന് തന്നെ പറയാം. 3500 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇരട്ട ടവര്‍ തകര്‍ത്തത്. സ്ഫോടനം നടത്തുന്നതിന്‍റെ ഭാഗമായി 9400 തുള്ളകള്‍ കെട്ടിടത്തില്‍ പലയിടത്തായി നിര്‍മ്മിച്ച് അതില്‍ സ്ഫോടവ വസ്തുക്കള്‍ നിറച്ചാണ് ശാസ്ത്രീയമായി സ്ഫോടനം നടത്തിയത്. വളരെ ശാസ്ത്രീയമായാണ് പൊളിക്കല്‍ നടപടി ഉണ്ടായത് എന്നത് കൊണ്ട് തന്നെ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. സമീപപ്രദേശങ്ങളിലെ ഫ്ളാറ്റുകളില്‍ നിന്ന് ജനങ്ങളെ രാവിലെ തന്നെ ഒഴിപ്പിച്ചിരുന്നു. സ്ഫോടനം നടക്കുന്ന സമയത്ത് നോയിഡ ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് റോഡ് ഏതാണ്ട് അരമണിക്കൂറോളം അടച്ചിട്ടിരുന്നു. സുരക്ഷയുടെ ഭാഗമായി പരിസര പ്രദേശങ്ങളിലെ റോഡുകളും നിയന്ത്രണത്തില്‍ ആക്കിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ പൊളിച്ചടക്കല്‍ നടപടിയാണ് നോയിഡയില്‍ ഉണ്ടായത്.
ഡബിള്‍ ഡക്കര്‍ ബസ്സുകളും ട്രെയ്നുകളും
ഡബിള്‍ ഡക്കര്‍ ട്രെയിനുകളും ബസ്സുകളും ഇന്ന് രാജ്യത്ത് വളരെ കൗതുകമാണ്. ഇതിന്‍റെ എണ്ണത്തിലുള്ള കുറവാണ് കൗതുകത്തിന് കാരണം. ഇന്ത്യയില്‍ ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍ നാല് പട്ടണങ്ങളില്‍ ഓടുന്നുണ്ട്. ബോംബെയില്‍ നിന്ന് അഹമ്മദാബാദിലേക്ക്, ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക്, ലക്നോവില്‍ നിന്ന് ഡല്‍ഹി ആനന്ദ് വിഹാറിലേക്ക,് ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലെ സരായ് രോഹില്ലയിലേക്കും തീവണ്ടി സര്‍വീസുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. രാജ്യത്ത് പലയിടത്തും ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ ഉണ്ടെങ്കിലും കേരളത്തിലെ തിരുവനന്തപുരത്തും കൊച്ചിയിലും ഓടുന്ന ഡബിള്‍ ഡെക്കര്‍ കൗതുകമാണ്. ടൂറിസം വികസിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ബോംബെയില്‍ വ്യാപകമായി ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഇലക്ട്രിക്ക് എ.സി ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ നിരത്തിലിറങ്ങുന്നത്. പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം സമാനമായ ശീതീകരിച്ച ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ പുറത്തിറങ്ങും എന്ന് നമുക്ക് കരുതാം. വ്യത്യസ്തത നിറഞ്ഞ ഒരു യാത്ര അനുഭവമാണ് ഡബിള്‍ ഡക്കര്‍ ട്രെയിനുകളിലും ബസ്സുകളിലും യാത്ര ചെയ്താല്‍ ഉണ്ടാകുക എന്ന് അതില്‍ യാത്ര ചെയ്തവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് പൂര്‍ണമായി ശീതീകരിച്ച ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് നിരത്തില്‍ ഇറങ്ങുന്നത്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ബോംബെയില്‍ പുതിയ ബസ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ബസുകള്‍ എല്ലാം തന്നെ ഇലക്ട്രിക് ബസാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ചടങ്ങില്‍ പറയുകയും ഉണ്ടായി. രാജ്യതലസ്ഥാനത്ത് സിഎന്‍ജി ബസുകള്‍ക്ക് പകരമായി ഇലക്ട്രിക് ബസുകള്‍ ധാരാളമായി ഇറങ്ങുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുന്നു.
മുതുകാടിന്‍റെ മക്കള്‍ രാജ്യതലസ്ഥാനത്ത്
മാജിക് എന്ന കലാരൂപത്തിന് പുതിയ രൂപവും, ഭാവവും, ജനകീയവും ആക്കിയ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തന്‍റെ മാജിക് ജീവിതം അവസാനിപ്പിച്ച് സ്പെഷ്യല്‍ ചില്‍ഡ്രന്‍സിനൊപ്പം കഴിഞ്ഞു കൂടുവാന്‍ തീരുമാനിച്ചത് ഞെട്ടലോടുകൂടിയാണ് കലാലോകം കേട്ടത്. 200ലേറെ പ്രത്യേക കഴിവുകള്‍ ഉള്ള കുട്ടികളളില്‍ നിന്ന് 20 കുട്ടികള്‍ മുതുകാടിനൊപ്പം രാജ്യതലസ്ഥാനത്ത് എത്തിയപ്പോള്‍ ആയിരങ്ങളാണ് അവരെ കാണുവാന്‍ ഒത്തുകൂടിയത്. രാഷ്ട്രപതി അവരെ രാഷ്ട്രപതി ഭവനില്‍ വിളിച്ചു വരുത്തി ആദരിച്ചു. മുതുകാടിന്‍റെ സംരക്ഷണയിലുള്ള കുട്ടികള്‍ രാജ്യതലസ്ഥാനത്ത് അവരുടെ കഴിവുകള്‍ പാട്ടുകളായും താളങ്ങളായും മാജിക്കായും അവതരിപ്പിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിലെ മുതുകാട് നേരിട്ട് പരിശീലനം നല്‍കുന്ന സ്പെഷ്യല്‍ ചില്‍ഡ്രന്‍സിന്‍റെ കലാ പ്രകടനം കാണാന്‍ നോബല്‍ അവാര്‍ഡ് ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയും, വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളും, പാര്‍ലമെന്‍റ് അംഗങ്ങളും എത്തിയിരുന്നു. എല്ലാവരിലും ഒരു കഴിവ് ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ളത് മുതുകാട് തെളിയിച്ചു കൊടുത്തിരിക്കുകയാണ്. തന്നെക്കാള്‍ ഭംഗിയായി മാജിക് ചെയ്യുന്ന ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കിടയിലും ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു. സമൂഹത്തില്‍ ഒറ്റപ്പെടാതെ അവരെ ചേര്‍ത്തുനിര്‍ത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടാണ് ഗോപിനാഥ് മുതുകാട് രാജ്യതലസ്ഥാനത്തുനിന്ന് തന്‍റെ കുട്ടികളുമായി തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലേക്ക് മടങ്ങിയത്. ഗോപിനാഥ് മുതുകാട് മാജിക്കില്‍ തിളങ്ങി നിന്നപ്പോഴുണ്ടായതിനേക്കാള്‍ തിളക്കമാണ് സ്പെഷ്യല്‍ ചില്‍ഡ്രന്‍സിനൊപ്പം കലാ പ്രകടനം നടത്തിയപ്പോള്‍ ഉണ്ടായത്.


