ഉപരാഷ്ട്രപതികള്‍ ഉണ്ടാകുന്നത്

ഉപരാഷ്ട്രപതികള്‍ ഉണ്ടാകുന്നത്

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കുകയാണ്. ആരായിരിക്കും പുതിയ ഉപരാഷ്ട്രപതി എന്നതിന് പാര്‍ലമെന്‍റിലെ അംഗങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്നതാരെയോ അവര്‍ എന്ന് ഉത്തരം. ആഗസ്റ്റ് 6 ശനിയാഴ്ച്ച രാവിലെ മുതലാണ് വോട്ടെടുപ്പ്. വൈകുന്നേരം വോട്ടെണ്ണും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റ് അംഗങ്ങളും ഓരോ സംസ്ഥാനത്തെ നിയമസഭാംഗങ്ങളും വോട്ട് ചെയ്യുക എന്നുള്ള നടപടിക്രമം ആണ് ഉള്ളത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും അംഗങ്ങളാണ് വൈസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടത്. ഇതില്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ട് എന്നുള്ളതാണ് പ്രത്യേകത. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും, സ്വന്തമായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിന്‍മേല്‍ വോട്ടിങ്ങ് വന്നാല്‍ മാത്രമേ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമുള്ളൂ. ഇന്ന് പാര്‍ലമെന്‍റില്‍ നടക്കുന്നത് ഉപരാഷ്ട്രപതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും. ഭരിക്കുന്ന ബിജെപി നേതൃത്വത്തിനും പ്രതിപക്ഷത്തുള്ളവര്‍ക്കും വേണ്ടി രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് മത്സരിക്കുന്നുണ്ട്. ഭരണപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍ കറും, പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുമാണ്. 

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥിയായ ജഗദീപ് ധന്‍കര്‍ ജയിക്കും എന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 20 പാര്‍ട്ടികള്‍ ധന്‍കറിനും, 18 പാര്‍ട്ടികള്‍ ആല്‍വയ്ക്കും പിന്തുണ നല്‍കി കഴിഞ്ഞു. പാര്‍ട്ടികളുടെ എണ്ണം നോക്കിയല്ല വോട്ടിങ്ങ് നില. 500 വോട്ടെങ്കിലും ധന്‍കര്‍ക്കും, 200 വോട്ട് ആല്‍വയ്ക്കും ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. പ്രതിപക്ഷ കൂട്ടായ്മയുടെ പാളിച്ചകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ സസൂക്ഷ്മം പഠിക്കുകയാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടിന്‍റെ ശതമാനമാണ് എല്ലാവരും വളരെ ഗൗരവത്തില്‍ നോക്കിക്കാണുന്നത്. 

ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ ഉപരാഷ്ട്രപതിക്കാണ് മുഖ്യസ്ഥാനം. എല്ലാ ഉപരാഷ്ട്രപതിമാരും പാര്‍ലമെന്‍റ് അംഗമായി കണക്കാക്കുന്നു. രാജ്യസഭയുടെ അധ്യക്ഷനായിരിക്കും ഉപരാഷ്ട്രപതി. 2017 മുതല്‍ വെങ്കയ്യ നായിഡു ആണ് ഇന്ത്യയുടെ ഉപരാഷ്ട്രപതി. 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ വോട്ടെടുപ്പിലൂടെ തന്നെ തോല്‍പ്പിച്ചാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായത്. ഇന്ത്യന്‍ പൗരനായ 35 വയസ്സുള്ള ആര്‍ക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം എന്നാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത.് അഞ്ച് വര്‍ഷമാണ് കാലാവധി. 

ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം നാല് ലക്ഷം രൂപയാണ്. ഇത് കൂടാതെ ദിവസ വേതനവും ഉണ്ട്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഔദ്യോഗിക വസതിയും ഉപരാഷ്ട്രപതിക്ക് ആവശ്യത്തിനുള്ള സഹായികളും സുരക്ഷ ജീവനക്കാരും ഉണ്ടായിരിക്കും. വൈദ്യ സംരക്ഷണവും, യാത്രയും തുടങ്ങിയ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കും. രാജ്യസഭയുടെ അധികാരോത്ഭൂതമായ (എക്സ്-ഒഫീഷ്യോ) അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി. രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്‍റെ അനുമതിയോടെ മാത്രമേ അവതരിപ്പിക്കാനാവൂ. അതേസമയം രാജ്യസഭയിലെ അംഗം അല്ലാത്തതിനാല്‍ അദ്ദേഹത്തിന് സഭയില്‍ വോട്ടവകാശം ഇല്ല. രാഷ്ട്രപതിക്കുശേഷം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നതപദവിയാണ് ഉപരാഷ്ടരപതിയുടേത്. രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമര്‍പ്പിക്കുന്നത്.

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയാണ് എസ് രാധാകൃഷ്ണന്‍. അദ്ദേഹം 1952 മെയ് 13 മുതല്‍ 10 വര്‍ഷത്തോളം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ തുടര്‍ച്ചയായി അദ്ദേഹം ഈ സ്ഥാനത്ത് ഇരിക്കുകയുണ്ടായി. എസ് രാധാകൃഷ്ണന്‍ ഇന്ത്യയുടെ രണ്ടാമത് സോവിയറ്റ് യൂണിയന്‍ അംബാസിഡര്‍ ആയിരുന്നു എന്നുള്ളതും, അതുപോലെ തന്നെ നാലാമത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സല്‍ ആയിരുന്നു എന്നുള്ളതും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. അധ്യാപക വൃത്തിയില്‍ മാതൃകയായ അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇന്നും നമ്മള്‍ അധ്യാപക ദിനം ആഘോഷിക്കുന്നത്. രണ്ടാമത് ഉപരാഷ്ട്രപതി സക്കീര്‍ ഹുസൈന്‍ ആണ്. അദ്ദേഹം 1962 മുതല്‍ 1967 വരെ 5 വര്‍ഷക്കാലം ഉപരാഷ്ട്രപതി സ്ഥാനത്ത് ഉണ്ടായിരുന്നു. കേരള ഗവര്‍ണര്‍ ആയിരുന്ന വി.വി. ഗിരിയാണ് ഇന്ത്യയുടെ മൂന്നാമത് ഉപരാഷ്ട്രപതി ആയത.് അദ്ദേഹം ഉപരാഷ്ട്രപതിയായിരുന്ന സമയത്ത് ആയിരുന്നു സക്കീര്‍ ഹുസൈന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നത്. രാഷ്ട്രപതി സ്ഥാനത്ത് ഇരിക്കവെ സക്കീര്‍ ഹുസൈന്‍റെ അകാല മരണം കാരണം ഉപരാഷ്ട്രപതിയായ വി. വി. ഗിരി രാഷ്ട്രപതിയായി.

ഗോപാല്‍ സ്വരൂപ് പാത്തക്കാണ് ഇന്ത്യയുടെ നാലാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 5 വര്‍ഷക്കാലം അദ്ദേഹം ഈ സ്ഥാനത്ത്ഉണ്ടായിരുന്നു. ഈ കാലയളവില്‍ വി.വി. ഗിരിയും, ഫക്രുദ്ദീന്‍ അലി അഹമ്മദും ആയിരുന്നു ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നത്. ബി. ഡി. ജെട്ടി അഞ്ചാമത് ഉപരാഷ്ട്രപതിയാകുമ്പോള്‍ ഫക്രുദീന്‍ അലി അഹമ്മദും, നീലം സജീവ് റെഡ്ഡിയും ആയിരുന്നു രാഷ്ട്രപതിയായിരുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മുഹമ്മദ് ഹിദായത്തുള്ള 5 വര്‍ഷം ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയിരുന്നു. ഇന്ത്യയുടെ പതിനൊന്നാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. ഹിദായക്കുശേഷം ആര്‍ വെങ്കിട്ടരാമന്‍ രണ്ടുവര്‍ഷം 327 ദിവസം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. പിന്നീട് ശങ്കര്‍ ദയാല്‍ ശര്‍മ ഉപരാഷ്ട്രപതിയായപ്പോള്‍ ആര്‍. വെങ്കിട്ടരാമന്‍ രാഷ്ട്രപതിയായി മാറി. ശങ്കര്‍ ദയാല്‍ ശര്‍മ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയായി മാറിയപ്പോള്‍ മലയാളിയായ കെ. ആര്‍. നാരായണനായിരുന്നു ഉപരാഷ്ട്രപതി. കെ. ആര്‍. നാരായണന്‍ രാഷ്ട്രപതിയായിരിക്കെ കിഷന്‍കാന്ത് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുകയുണ്ടായി. ഇന്ത്യയുടെ പത്താമത് ഉപരാഷ്ട്രപതിയായ കിഷന്‍കാന്ത് ആ സ്ഥാനത്ത് ഇരിക്കത്തന്നെയാണ് അന്തരിക്കുന്നത്. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയിരുന്നു അദ്ദേഹം ചണ്ഡീഗഡില്‍ നിന്നുള്ള ലോക്സഭാ അംഗവും ഹരിയാനയില്‍ നിന്ന് രണ്ടുതവണ രാജ്യസഭാ അംഗവുമായിരുന്നു.

ഇന്ത്യയുടെ പതിനാമ പതിനൊന്നാമത് ഉപരാഷ്ട്രപതി ആയിരുന്നത് ബൈരോണ്‍ സിംഗ് ഷിഖാവത്താണ്. അദ്ദേഹം ബി.ജെ.പിയുടെ നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി മൂന്നു തവണ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. കിഷന്‍കാന്തിന്‍റെ മരണത്തെ തുടര്‍ന്നാണ് ബൈരോണ്‍ സിംഗ് ഷിഖാവത്ത് ഉപരാഷ്ട്രപതി ആകുന്നത്. 5 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് 2007 ജൂലൈ 21 തീയതി അദ്ദേഹം രാജി വെക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി പിന്നീട് വന്നത് മുഹമ്മദ് ഹമീദ് അന്‍സാരിയായിരുന്നു. മുഹമ്മദ് ഹമീദ് അന്‍സാരി മൂന്ന് രാഷ്ട്രപതിമാരുടെ കീഴില്‍ ഉപരാഷ്ട്രപതിയായി ഇരുന്നിട്ടുണ്ട് എന്നുള്ള വിശേഷമുണ്ട്. പ്രഥമ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണനെപ്പോലെ അന്‍സാരിയും 10 വര്‍ഷം ഉപരാഷ്ട്രപതി സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. അന്‍സാരിക്ക് ശേഷം വന്ന വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് മാറുന്ന സമയമാണിപ്പോള്‍.

ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡണ്ട് ആയിരുന്ന എസ് രാധാകൃഷ്ണന്‍ 1962 മെയ് 13ന് ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്. രണ്ടാമത് ഉപരാഷ്ട്രപതിയായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്ത്യയുടെ മൂന്നാമത് രാഷ്ട്രപതിയായി. അങ്ങിനെ ഉപരാഷ്ട്രപതി തലത്തിരുന്ന് രാഷ്ട്രപതിയായവര്‍ ഒട്ടേറെയുണ്ട്. വി.വി. ഗിരിയും, മുഹമ്മദ് ഹിദായത്തുള്ളയും, ഫക്രുദീന്‍ അലി അഹമ്മദും, ആര്‍ വെങ്കിട്ടരാമനും, ശങ്കര്‍ ദയാല്‍ ശര്‍മയും, കെ. ആര്‍. നാരായണനും ഇത്തരത്തില്‍ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയായവരാണ്. എന്നാല്‍ നീലം സജീവ റെഡി, സെയില്‍സിംഗ്, എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭാ പട്ടേല്‍, പ്രണാബ് മുഖര്‍ജി, രാംനാഥ് കോവിന്ദ് തുടങ്ങിയവരും ഇപ്പോള്‍ രാഷ്ട്രപതിയായ ദ്രൗപതി മുറുമുഖവും ഉപരാഷ്ട്രപതി ആവാതെ രാഷ്ട്രപതി ആയവരാണ്. ഉപരാഷ്ട്രപതിയാകുന്നവര്‍ പിന്നീട് രാഷ്ട്രപതി ആകുന്ന ഒരു പ്രവണത കുറച്ച് കാലങ്ങളായി ഇല്ലാതായിരിക്കുകയാണ്. ഇപ്പോള്‍ ജയിച്ചു വരുന്ന ഉപരാഷ്ട്രപതി ആരായിരുന്നാലും അവര്‍ നാളെ രാഷ്ട്രപതിയാകും എന്ന് പ്രതീക്ഷിക്കുക വയ്യ.