ഓപ്പറേഷന്‍ താമരയുടെ രാഷ്ട്രീയം

ഓപ്പറേഷന്‍ താമരയുടെ രാഷ്ട്രീയം

വിജയ് ചൗക്ക്

സുധീര്‍നാഥ്  


എന്താണ് ഓപ്പറേഷന്‍ താമര ? എന്നു മുതലാണ് ഓപ്പറേഷന്‍ താമര എന്ന വാചകം ഉപയോഗിച്ചു തുടങ്ങിയത് ? ഇന്ന് രാജ്യത്താകമാനം രാഷ്ട്രീയ വ്യത്തങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന ഒരു പ്രയോഗമാണ് ഓപ്പറേഷന്‍ താമര. ഒടുവില്‍ ജാര്‍ഖണ്ഡിലും, ഡല്‍ഹിയിലും വരെ എത്തി നില്‍ക്കുന്നു. ബി.ജെ.പിക്കൊപ്പം വന്നാല്‍ ഇരുപത് കോടി നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചു എന്നാണ് ആം ആദ്മി നേതാക്കള്‍ പറയുന്നത്. ഇക്കാലമൊക്കെ ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് എല്ലാം അത് ലഭിച്ചോ എന്നത് ചോദ്യ ചിഹ്നമാണ്. എല്ലാവര്‍ക്കം സ്വപ്നങ്ങളുണ്ടാകുമല്ലോ. രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ മേഖലയിലെ വളര്‍ച്ച പ്രധാനമാണ്. അവര്‍ അധികാരം ലഭിക്കാന്‍ ആദര്‍ശങ്ങള്‍ അടിയറ വെയ്ക്കും. അവിടെയാണ് ഓപ്പറേഷന്‍ താമരകള്‍ വിജയിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാവാണ് ഗുലാം നബി അസാദ്. കോണ്‍ഗ്രസ് എന്ന ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ അദ്ദേഹമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വലിയ ശ്രമം നടത്തി. എല്ലാ നിര്‍ദ്ദേശങ്ങളും ചവറ്റു കുട്ടയിലാണ് പോയത് എന്നറിഞ്ഞ ഗുലാം നബി ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. താനടക്കമുള്ളവര്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പോക്കില്‍ അദ്ദേഹം ഏറെ ദുഖിതനായിരുന്നു. ഗുലാബ് നബിയുടെ രാജി കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. താന്‍ ബി.ജെ.പിയിലേയ്ക്കില്ല എന്ന് അദ്ദേഹം പ്രസ്ഥാവിച്ചിട്ടുണ്ടെങ്കിലും ഇതും ഓപ്പറേഷന്‍ താമര തന്നെ എന്ന് വിലയിരുത്തുന്നവരും ഉണ്ട്. ഗുലാം നബി പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കും. ബി.ജെ.പി. പിന്തുണയോടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകും. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം ബി.ജെ.പി. തന്നെ ജമ്മു കാശ്മീര്‍ ഭരിക്കും. 

രണ്ടായിരത്തിന്‍റെ ശേഷമാണ് ഓപ്പറേഷന്‍ താമര എന്ന പ്രയോഗം ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ബി.ജെ.പി. പ്രയോഗിച്ചു തുടങ്ങിയത്. അന്നു മുതല്‍ തന്നെയാണ് ബിജെപി ശക്തമായി തുടങ്ങിയത്. ബി.ജെ.പിയെ അതില്‍ പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ കാര്യമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരുവാനും അണികളെ കൂട്ടുവാനും ശ്രമിക്കും. ഓരോ പാര്‍ട്ടിയും അവരുടെ ആശയവും, വീക്ഷണവും പുറമെ ഉള്ളവരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുക പതിവാണ്. അതില്‍ ആക്യഷ്ടരായി എത്തുന്നവര്‍ ഉണ്ട്. അധികാരം മോഹിച്ച് എത്തുന്നവര്‍ ഉണ്ട്. പണം കൊടുത്ത് വശത്താക്കുക എന്ന വഴിയും ചില അവസരങ്ങളില്‍ നടക്കുന്നു. ബി.ജെ.പിയിലേയ്ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു ചേര്‍ന്ന കാലമാണ് കടന്നു പോയത്. മേല്‍ സൂചിപ്പിച്ച എല്ലാ വഴികളിലൂടേയും ബി.ജെ.പിയില്‍ ജനങ്ങള്‍ എത്തി എന്നത് സത്യമാണ്. അത് മറച്ചു പിടിക്കേണ്ട കാര്യമില്ല. വന്ന വഴികളാണ് വ്യത്യാസമുള്ളത്. പരമ്പരാഗതമായി ബി.ജെ.പി. ആശയങ്ങളുമായി പ്രവര്‍ത്തിച്ച ഒട്ടേറെ നേതാക്കള്‍ക്ക് ഇത് അപ്രതി ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്.

രണ്ടായിരത്തില്‍ ബി.ജെ.പി ഇത്ര കണ്ട് ശക്തിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ല. ഇന്ന് രാജ്യത്തെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി. വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ പിന്നില്‍ ഓപ്പറേഷന്‍ താമരയുടെ ഒരു പ്രതികരണം തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് നമ്മുടെ രാജ്യത്തെ ഒട്ടു മിക്ക ജനങ്ങളും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. ആശയപരമായ വ്യത്യാസം അവരില്‍ പലരേയും കമ്മ്യൂണിസ്റ്റുകാരും, സോഷ്യലിസ്റ്റ് ആശയക്കാരുമാക്കി. അങ്ങിനെ പരിണാമം മൂലം ഇന്ന് രാജ്യത്ത് നൂറിലേറെ രാഷ്ട്രീയ പാര്‍ട്ടികളുണ്ടായി. എല്ലാ പാര്‍ട്ടികളിലെ നേതാക്കളും അതേ പാട്ടി ആശയങ്ങളില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയവരാകണമെന്നില്ല. കുറേ കാലം ഒരാശയം പിന്തുടരുകയും, പിന്നീട് മറ്റൊരു ആശയത്തിലേയ്ക്ക് ചുവട് മാറ്റുകയും ചെയ്യുന്നത് തെറ്റുമല്ല. വ്യക്തി കേന്ദ്രീക്യതമായ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബത്തിലെ പിന്തുടര്‍ച്ച പോലെ പാര്‍ട്ടി നേത്യത്ത്വം മാറുമ്പോള്‍ കഴിവുള്ള നേതാക്കള്‍ മറ്റിടം തേടി പോകുന്നത് സ്വാഭാവികം.

2008ലാണ് ആദ്യമായി ഓപ്പറേഷന്‍ താമര എന്ന വാചകം വ്യാപകമായി സംസാരിക്കപ്പെട്ടത് മുന്‍മന്ത്രി ജഗന്നാഥ റെഡി കര്‍ണാടകയില്‍ നടത്തിയ രാഷ്ട്രീയ കരു നീക്കമായിരുന്നു അത്. ഓപ്പറേഷന്‍ താമര എന്ന വാചകം പ്രതിപക്ഷം സംസാരിച്ചു തുടങ്ങിയത് കര്‍ണാടക സംസ്ഥാനത്ത് നടന്ന സംഭവത്തോടെ തന്നെയാണ്. ചെറിയ രീതിയില്‍ ഓപ്പറേഷന്‍ താമര മുന്‍പേ ഉണ്ടായിരുന്നു എന്ന് തന്നെ നമുക്ക് കരുതാം. 2008 മുതല്‍ 2019 വരെയുള്ള കാലത്ത് ഓപ്പറേഷന്‍ താമര എന്ന പ്രക്രിയ വ്യാപകമായി നടന്നിരുന്നു എന്നുള്ളത് ഒരു സംസാര വിഷയം തന്നെയായിരുന്നു. 

2008 കര്‍ണാടകയില്‍ തുടക്കം കുറിച്ചതാണ് ഓപ്പറേഷന്‍ താമര എന്ന പ്രയോഗം എന്നതില്‍ തര്‍ക്കമില്ല. അന്ന് ബി.ജെ.പിയിലേക്ക് മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വിശേഷിച്ച് എം.എല്‍.എമാരെ അടര്‍ത്തിക്കൊണ്ടുവരുന്നതിന് നടത്തിയ ശ്രമത്തെ ഓപ്പറേഷന്‍ താമര എന്നാണ് മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്. എങ്ങനെ അവര്‍ വന്നു എന്നതിന് പല രഹസ്യ ധാരണകളും, സാമ്പത്തിക പിന്തുണയും ഉണ്ടായിരിക്കും എന്ന് നമുക്ക് അനുമാനിക്കാം. പിന്നീട് അങ്ങോട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബി.ജെ.പിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കന്മാരും എം.എല്‍.എമാരും ചേര്‍ന്നപ്പോള്‍ ഓപ്പറേഷന്‍ താമര എന്ന് പറയുകയുണ്ടായി. അത് രാജ്യത്താകമാനം എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിച്ചു എന്നുവേണം കരുതുവാന്‍. കേരളത്തിലും ഓപ്പറേഷന്‍ താമരയുടെ ഭാഗമായി പല പ്രമുഖരും ബി.ജെ.പി. യോടൊപ്പം ചേര്‍ന്നത് നാം കണ്ടതാണ്. ഇവരെല്ലാവരും തന്നെ പണം കൊടുത്ത് ബി.ജെ.പി. വാങ്ങിയവരാണെന്ന് നമ്മള്‍ക്ക് ഊഹിക്കുവാന്‍ പറ്റില്ല. അധികാരം മോഹിച്ചാണ് ഇവരില്‍ പലരും ബി.ജെ.പിയിലേക്ക് എത്തിയത്. ഇന്ന് ബി.ജെ.പി. നേരിടുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധിയും ഇങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നതാണ്. അത്തരത്തിലുള്ള ഒട്ടേറെ പേര്‍ രാജ്യത്താകമാനം ബി.ജെ.പിയിലേക്ക് ചേക്കേറിയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദം വലിയ ഒരു ആകര്‍ഷണമായി രാഷ്ട്രീയ നേതാക്കള്‍ക്ക് തോന്നിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷത്തുള്ള പല രാഷ്ട്രീയ പാര്‍ട്ടികളിലും ശക്തരായ നേതാക്കള്‍ ഇല്ലാത്തതാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും, മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള അണികളുടേയും നേതാക്കളുടേയും വലിയ കൊഴിഞ്ഞു പോക്കുകള്‍ക്കും കാരണം. ഇന്ത്യയിലെ മിക്ക പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലും കരുത്തുറ്റ നേത്യത്ത്വത്തിന്‍റെ കുറവുണ്ട്. രാഷ്ട്രീയ ഭാവിയില്‍ ആശങ്കയുണ്ടാവുക അതുകൊണ്ട് തന്നെ സ്വാഭാവികമാണ്. 

കര്‍ണാടകയില്‍ ആരംഭിച്ച നീക്കമായ ഓപ്പറേഷന്‍ താമര പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും, അത് രാജ്യമാകെ വ്യാപിക്കുകയായിരുന്നു. 2019 ലാണ് യഥാര്‍ത്ഥത്തില്‍ ശക്തമായ ഒരു നീക്കം ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാവുകയും മധ്യപ്രദേശിലെ 22 കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജിവെപ്പിക്കുകയും ചെയ്തതോടുകൂടി കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. അവിടെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറി. പ്രതിപക്ഷം ഓപ്പറേഷന്‍ താമര എന്ന വാചകം അത്യച്ചത്തില്‍ വിളിച്ചതും അപ്പോഴായിരുന്നു. അതിനുശേഷം ഇന്ത്യ കണ്ട ഒട്ടേറെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ഓപ്പറേഷന്‍ താമര എന്ന പേരില്‍ തന്നെയാണ് അറിഞ്ഞത്. ഗോവയിലും, മണിപ്പൂരും, ഓപ്പറേഷന്‍ താമരയല്ലാതെ മറ്റെന്തായിരുന്നു. എന്തിനേറെ പറയുന്നു ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലും പശ്ചിമബംഗാളിലും ഓപ്പറേഷന്‍ താമരയുടെ അലയടികള്‍ ഉണ്ടായി എന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ പ്രമുഖ നേതാക്കളെ മുഴുവനും ആയി അടര്‍ത്തിയെടുത്തതും നാം അടുത്ത കാലത്ത് കാണുകയുണ്ടായി. മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരമേറ്റു. മഹാരാഷ്ട്രയില്‍ ശിവസേന മഹാസഖ്യത്തിന്‍റെ പതനം രാഷ്ട്രീയപരമായി ബി.ജെ.പിക്ക് ഏറെ മേല്‍ കൈ ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. അവിടുത്തെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് ശിവസേന. ശിവസേനയുടെ പ്രധാന പ്രവര്‍ത്തകരെയും നേതാക്കളെയും ഒപ്പം നിര്‍ത്താനായത് ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയുടെ വിജയമായി തന്നെ കണക്കാക്കണം.

ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കരുനീക്കവും ഡല്‍ഹിയില്‍ നാല് എം.എല്‍.എമാര്‍ക്ക് 20 കോടി രൂപ നല്‍കാമെന്ന് പ്രഖ്യാപിച്ചതും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ ബി.ജെ.പി വലിയ രീതിയിലുള്ള നീക്കം നടത്തിയിരിക്കുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബി.ജെ.പി എം.പി. നിഷികാന്ത് ദുബൈ നടത്തിയ പരാമര്‍ശങ്ങള്‍. റാഞ്ചിയില്‍ സ്വന്തം പേരില്‍ ഖനനത്തിനുള്ള അനുമതി നേടി എന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതിന്‍റെ വെളിച്ചത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറിനെ അയോഗ്യനാക്കാന്‍ നിര്‍ദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു രഹസ്യ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി എന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ പരസ്യമായി എന്നുള്ളത് വളരെ കൗതുകകരമായ ഒരു കാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ ഗവര്‍ണറുടെയോ അറിയിപ്പ് തനിക്ക് ലഭിച്ചില്ലെന്നാണ് ഹേമന്ത് സോറന്‍ പറയുന്നത്. അതേസമയം 1951 ലെ ജനാധിപത്യ നിയമത്തിലെ സെഷന്‍ 9 ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അയോഗ്യനാക്കാനുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബി.ജെ.പി. നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും അതുവഴി സോറനെ അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിക്കുകയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അവിടെ തെരഞ്ഞെടുപ്പ് നടത്തി അധികാരം പിടിച്ചെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഓപ്പറേഷന്‍ താമരയുടെ ഭാഗമായിത്തന്നെ വേണം ഈ നീക്കത്തെയും കാണുവാന്‍. 

ഡല്‍ഹിയില്‍ വളരെ ശക്തമാണ് ആം ആദ്മി പാര്‍ട്ടി. അവര്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ വേരോട്ടം ഉണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ കണ്ടുതന്നെയാണ് ഡല്‍ഹിയിലെ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുകയും, മുനിസിപ്പാലിറ്റി ഭരണം ഒന്നാക്കി കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലാക്കുന്ന ബില്ല് പാസാക്കുകയും ചെയ്തത്. ഡല്‍ഹി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഉറപ്പായപ്പോഴാണ് ബി.ജെ.പി. ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഡല്‍ഹി നിയമസഭയിലെ 40 എം.എല്‍.എമാരെ അടര്‍ത്തി മാറ്റി ഭരണം പിടിച്ചടക്കാന്‍ ഓപ്പറേഷന്‍ താമര പ്രആാഗേിച്ചു തുടങ്ങിയതേയുള്ളൂ. ഡല്‍ഹിയിലെ നീക്കം പരാജയമായി കണക്കാക്കാം. ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടായ പരാജയമാണ് ആം ആദ്മി ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. ആം ആദ്മിയുടെ നാലോളം എം.എല്‍.എമാര്‍ക്ക് 20 കോടി രൂപയോളം വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി എന്നാണ് ആരോപണം. ഈ തുക കള്ളപ്പണമല്ലാതെന്ത് എന്ന ചോദ്യം കേജരിവാള്‍ ഉയര്‍ത്തുന്നു.  ഓപ്പറേഷന്‍ താമര ആരംഭിച്ചപ്പോള്‍ തന്നെ അതിനെ തടയിടുന്നതിന് വേണ്ടി ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ ഗാന്ധി സമാധിയില്‍ ഒരു ഉപവാസം നടത്തുകയുണ്ടായി. എന്തായാലും ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര പരാജയമായി ഭവിച്ചു. മുന്‍പ് ബംഗാളിലും ഓപ്പറേഷന്‍ താമര പരാജയമായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഓപ്പറേഷന്‍ താമര വിജയിക്കുന്നില്ല എന്നുതന്നെ നാം കരുതേണ്ടിയിരിക്കുന്നു. പക്ഷേ ജാര്‍ഖണ്ഡിലും മറ്റിടങ്ങളിലും ഓപ്പറേഷന്‍ താമര വളരെ ശക്തമായി അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഓപ്പറേഷന്‍ താമര ഒരു വിഷയം തന്നെയാണ്.