പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ജൂലൈ 15
ജനാധിപത്യം നേരിടുന്ന വെല്ലുവിളി
പ്രമുഖ സോഷിലിസ്റ്റ് നേതാവും, മാധ്യമപ്രവര്‍ത്തകനും, രാഷ്ട്രീയക്കാരനും, പരിസ്ഥിതിവാദിയുമായിരുന്ന എം. പി. വീരേന്ദ്രകുമാറിന്‍റെ സ്മരണയ്ക്കായി ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ ഡല്‍ഹിയിലൊരു സെമിനാര്‍ നടന്നു. സെമിനാറില്‍ രാജ്യസഭാ അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉദ്ഘാടകനായിരുന്നു. പ്രശാന്ത് ഭൂഷന്‍ മുഖ്യ പ്രാസംഗികനായിരുന്ന സെമിനാറില്‍ കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര, സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, രാജ്യസഭാ അംഗം മനോജ് ഝാ, മുന്‍ എം.പിയും ബി.ജെ.പി. നേതാവുമായ സ്വപന്‍ ദാസ് ഗുപ്ത എന്നിവര്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. അശോകന്‍റെ സ്വാഗതം കഴിഞ്ഞ ഉടനെ അദ്ധ്യക്ഷന്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെ ഉദ്ഘാടന പ്രസംഗത്തിന് ക്ഷണിച്ചു. വേദിയില്‍ ഇരിക്കുന്നതില്‍ ബ്രിട്ടാസ് ഒഴിച്ച് എല്ലാവരും മലയാളം അറിയാത്തവര്‍. സദസിന്‍റെ പകുതിയും മലയാളികളായിരുന്നില്ല എന്നത് എല്ലാവര്‍ക്കും മനസിലാക്കാം. അദ്ധ്യക്ഷനായിരുന്ന ജോണ്‍ ബ്രിട്ടാസ് ഒരവസരത്തില്‍ താങ്കള്‍ മലയാളത്തില്‍ പറയുന്നത് വേദിയിലെ തനിക്കും, സദസിലെ പകുതി പേര്‍ക്കും മാത്രമേ മനസിലാകുന്നുള്ളൂ എന്ന് ഓര്‍മ്മിപ്പിച്ചു. പക്ഷെ ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട മലയാളത്തിലുള്ള കേന്ദ്ര മന്ത്രിയുടെ പ്രസംഗം തീര്‍ത്തും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നായി. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി കുടുബാധിപത്യമാണെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. ജനാധിപത്യം കരുത്താര്‍ജിച്ചതിന്‍റെ തെളിവാണ് ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മു രാഷ്ട്രപതിയായത്. അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ റോഡിലിറങ്ങുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചാല്‍ കേരളത്തില്‍ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുന്നു. തന്‍റെ പ്രസംഗം കഴിഞ്ഞ ഉടനെ വേദി വിട്ടിറങ്ങിയ മന്ത്രിയെ പരസ്യമായി മറ്റ് പ്രാസംഗികര്‍ ഉടനെ വിമര്‍ശിച്ച് പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രിക്ക് പിന്നാലെ ബി.ജെ.പി. നേതാവുമായ സ്വപന്‍ ദാസ് ഗുപ്തയും വേദി വിട്ടു. മറ്റ് പ്രാസംഗികര്‍ എന്ത് പറയുന്നു എന്ന് കേള്‍ക്കാതെ വേദിവിട്ട് മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയുടെ പ്രതിനിധിയും പോയതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ ഉദാഹരണമെന്ന് എല്ലാ പ്രാസംഗികരും പറഞ്ഞു. ദീര്‍ഘനേരം സംസാരിക്കുകയും, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത് മറുപടി കേള്‍ക്കാതെ പോയ മന്ത്രിയെ സദസിലുള്ളവരും വിമര്‍ശിക്കുന്നുണ്ടായിരുന്നു. ജനാധിപത്യത്തിന്‍റെ വെല്ലുവിളി എന്താന്നെന്ന് മനസ്സിലാകണമെങ്കില്‍ ജനാധിപത്യം എന്താണെന്ന് അറിയണമെന്ന് മുഖ്യ പ്രാസംഗികനായ പ്രശാന്ത് ഭൂഷന്‍ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ നീണ്ട പ്രസംഗത്തേയും വേദി വിട്ടതിനേയും വിമര്‍ശിച്ച യോഗേന്ദ്ര യാദവ് പറഞ്ഞത് നമ്മള്‍ അല്‍പം മുന്‍പ് സാക്ഷ്യം വഹിച്ചതാണ് ജനാധിപത്യ സംസ്ക്കാരത്തിനുള്ള വെല്ലുവിളി. പ്രതിപക്ഷം തകര്‍ന്നുപോയെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷന്‍ ജനാധിപതുത്തേയും റിപ്പബ്ലിക്കിനേയും തിരിച്ചു പിടിക്കാന്‍ ശക്തമായ ജനമുന്നേറ്റം ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി മാത്രമേ വിപ്ലവകരമായ ജനമുനേറ്റം ഇനി സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു.
കേജരിവാള്‍ വിദേശത്ത് പോകണ്ടാത്രേ...
ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന വിചിത്രമായ ഉത്തരവ് നടത്തി ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആഗസ്ത് 1ന് സിംഗപ്പൂരില്‍ നടക്കുന്ന ലോക നഗരങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ഉപദേശ ഉത്തരവ്. ഡല്‍ഹി മോഡല്‍ വികസനം ലോകത്തെ പ്രമുഖ നഗരങ്ങള്‍ ഭരിക്കുന്നവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് കേജരിവാളിന് സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ ക്ഷണം ലഭിച്ചത്. സമ്മേളനത്തില്‍ മേയര്‍മാര്‍, നഗരം ഭരിക്കുന്നവര്‍, നഗരവികസന രംഗത്തെ പ്രമുഖര്‍ എന്നിവരാണ് ക്ഷണിതാക്കള്‍. ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഉപദേശം തള്ളി നേരിട്ട് കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ മന്ത്രാലയത്തിന്‍റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് അയച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിദേശയാത്ര നടത്തുമ്പോള്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് നേടണമെന്നത് നടപടിക്രമമാണ്.
രേഖകള്‍ കാണുന്നില്ല. ട്രാവന്‍കൂര്‍ ഹൗസിനെ ചൊല്ലി തര്‍ക്കം.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ സാംസ്കാരിക കേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന മണ്ഡി ഹൗസിനോട് ചേര്‍ന്നാണ് ഏക്കര്‍ കണക്കിന് ഭൂമി കേരള സര്‍ക്കാരിന് സ്വന്തമായുള്ളത്. ട്രാവന്‍കൂര്‍ പാലസും, കപൂര്‍ത്തല പ്ലോട്ടും രാജ്യത്തെ ഒരു സംസ്ഥാനത്തിനും ലഭിക്കാത്ത കണ്ണായ സ്ഥലത്ത് അനാഥമായി കിടക്കുകയാണ്. ഡല്‍ഹിയിലെ തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരമാണ് കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ്. സ്വാതന്ത്ര്യത്തിന് ശേഷം അത് കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്നാണ് പറയുന്നത്. 24 കോടിയിലേറെ തുക കേരള ഖജനാവില്‍ നിന്ന് ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു. ചിങ്ങം ഒന്നിന് നവീകരിച്ച ട്രാവന്‍കൂര്‍ ഹൗസ് ഉദ്ഘാടനം നടത്തുവാനുള്ള നീക്കം കേരള സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. നവീകരിച്ച ട്രാവന്‍കൂര്‍ ഹൗസ് സാംസ്കാരിക കേന്ദ്രമാക്കണമെന്ന പ്രവാസി മലയാളികളുടെ ആവശ്യവും ഇതിനിടയില്‍ ഉയര്‍ന്നു. കാര്യങ്ങള്‍ ഇത്രയേറെ പുരോഗമിച്ചപ്പോഴാണ് ട്രാവന്‍കൂര്‍ ഹൗസ് കേരള സര്‍ക്കാരിന്‍റെ കീഴിലാണെന്ന രേഖകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെടുന്നത്. അത് എങ്ങിനെ അപ്രത്യക്ഷമായി എന്ന ഞെട്ടലിലാണ് സര്‍ക്കാര്‍. തിരുവിതാംകൂര്‍ രാജകുടുംബക്കാരുടെ ക്കൈവശം രാജകുടുംബത്തിന്‍റെ സ്വത്താണ് ട്രാവന്‍കൂര്‍ ഹൗസ് എന്ന പഴയ രേഖയുണ്ട്. അവര്‍ പ്രമുഖ വക്കീല്‍ മുഖാന്തിരം ട്രാവന്‍കൂര്‍ ഹൗസിന്‍റെ ഉടമകള്‍ തങ്ങളാണെന്ന അവകാശവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട രേഖകള്‍ തപ്പി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരക്കം പായുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
കേരള വിദ്യാഭ്യാസ വിപ്ലവം ഡല്‍ഹിയില്‍
1956ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. 1957 സഖാവ് ഇ.എം.എസ്. ബാലറ്റിലൂടെ ജയിച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് വരുന്നു എന്ന വാര്‍ത്ത വന്നു. ഡല്‍ഹിയില്‍ അക്കാലത്ത് രണ്ട് മലയാളി സംഘടനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള ക്ലബും, ഡല്‍ഹി മലയാളി അസേിസിയഷനും. ഉയര്‍ന്ന ഉദ്യോഗം ഉള്ളവരുടെ കേന്ദ്രമായിരുന്നു കേരള ക്ലബ്. തൊഴിലാളികളുടെ കൂട്ടായ്മയായിരുന്നു ഡല്‍ഹി മലയാളി അസോസിയഷന്‍ എന്ന ഡി.എം.എ. കേരളം രൂപീകരിച്ചതിന്‍റെ സന്തോഷത്തില്‍ വ്യത്യസ്ഥ നിലപാടുകളുള്ള ഇരു സംഘടനകളും ഒന്നിച്ച് കേരള ദിനാഘോഷം കൊണ്ടാടി. വളരെ താമസിയാതെയാണ് മുഖ്യമന്ത്രിയുടെ വരവുണ്ടായത്. ഇരു സംഘടനയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കാനും മംഗള പത്രം കൊടുക്കുവാനും തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയായ സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് ഡല്‍ഹിയിലെത്തിയപ്പോള്‍ പ്രവാസികളായ മലയാളികള്‍ കൊച്ചിന്‍ ഹൗസില്‍ (ഇന്നത്തെ കേരള ഹൗസ്) ഒത്തുകൂടി സ്വീകരിച്ചു. മംഗള പത്രത്തോടൊപ്പം അവര്‍ മുഖ്യമന്ത്രി ഇ.എം.എസിന് ഒരു നിവേദനവും നല്‍കി. മുഖ്യമന്ത്രി ഇ.എം.എസിന് നല്‍കിയ നിവേദനത്തിന് പ്രയോജനമുണ്ടായി. ഡല്‍ഹിയില്‍ താമസിക്കുന്ന ഇടത്തരക്കാരായ മലയാളികളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു സ്ക്കൂള്‍ കേരള ഹൗസിന് മുന്നില്‍ ടെന്‍റുകള്‍ കെട്ടി പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിച്ചു. 1957 ആഗസ്റ്റ് മാസം കേരള എജ്യൂക്കേഷന്‍ സൊസൈറ്റി എന്ന സംഘടന ഡല്‍ഹിയില്‍ സ്ഥാപിച്ചു. കേന്ദ്രമന്ത്രിയായിരുന്ന എ. എം. തോമസ് പ്രഥമ പ്രസിഡണ്ടായി. കാര്‍ട്ടൂണിസ്റ്റ് കുട്ടി പ്രഥമ സെക്രട്ടറി ജനറലുയുമായി ആദ്യ കേരള എജ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. ആദ്യത്തെ ജോയിന്‍റ് സെക്രട്ടറി പ്രൊഫസര്‍ ഓംചേരി എന്‍. എന്‍. പിള്ളയായിരുന്നു. വളരെ വേഗം വികസിച്ച് വളര്‍ന്ന സൊസൈറ്റിക്ക് കീഴില്‍ നാല് കേരള സ്ക്കൂളുകളായി. സ്ക്കൂളിന് വരുമാനം കൂടിയപ്പോള്‍ സൊസൈറ്റിയില്‍ പലരും കടന്ന് കൂടി അഴിമതിയില്‍ കുളിച്ചു. കഴിഞ്ഞ ആറര വര്‍ഷമായി സൊസൈറ്റിക്ക് ജനമുന്നേറ്റത്തില്‍ പുതിയ ഭരണസമിതി വരികയും, നാല് സ്ക്കൂളുകള്‍ക്കും വലിയ വികസനം ഉണ്ടാകുകയും ചെയ്തു. സ്ഥാപക വൈസ് ചെയര്‍മാനായിരുന്ന ഓംചേരി എന്‍. എന്‍. പിള്ള 98 ാം വയസിലും വോട്ട് ചെയ്യാന്‍ എത്തി വലിയ സന്ദേശം അംഗങ്ങള്‍ക്ക് നല്‍കി. 2022ല്‍ വീണ്ടും കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകരില്‍ സ്വീകാര്യതയുള്ളവരെ അംഗങ്ങള്‍ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്‍റായി ഡല്‍ഹിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ജനസംസ്ക്യതിയുടെ മുന്‍ ചെയര്‍മാന്‍ ദാമോദരനും, സെക്രട്ടി ജനറലായി അന്തര്‍ദേശിയ കഥകളി കേന്ദ്രം ഭാരവാഹിയായ രവി നായരും അവരുടെ പാനലിലെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു. വിപ്ലവകരമായ മാറ്റം ഡല്‍ഹിയിലെ കേരള എജ്യൂക്കേഷന്‍ സൊസൈറ്റിയില്‍ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഡല്‍ഹി മലയാളികള്‍.

