കാർട്ടൂണിനെ അറിഞ്ഞ പത്രാധിപർ

കാർട്ടൂണിനെ അറിഞ്ഞ പത്രാധിപർ

സുധീർ നാഥ് 


ഇന്ത്യൻ കാർട്ടൂൺ കലയുടെ കുലപതി കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120- ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ  പബ്ലിക് റിലേഷൻ വകുപ്പും കേരള കാർട്ടൂൺ അക്കാഡമിയും ചേർന്ന് തിരുവനന്തപുരത്ത് ഒരു കാർട്ടൂൺ ശിൽപ്പശാല തുടങ്ങുന്ന അവസരത്തിലാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ആർ ഗോപികൃഷ്ണന്റെ മരണവാർത്ത അറിയുന്നത്. കാർട്ടൂൺ കലയെ വളർത്തുന്നതിനു വേണ്ടി നടത്തുന്ന ശില്പശാലയ്ക്ക് തുടക്കം കുറിക്കുമ്പോൾ തന്നെ കാർട്ടൂണിനെ തിരിച്ചറിഞ്ഞ ഒരു പത്രാധിപരുടെ മരണവിവരം തികച്ചും ഞെട്ടലുണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. 

ആർ ഗോപികൃഷ്ണന്റെ ശിക്ഷണത്തിൽ മെട്രോ വാർത്തയിൽ പ്രവർത്തിച്ചിരുന്ന രണ്ടു പേർ ക്യാമ്പിൽ ഉണ്ടായിരുന്നു.  ലേഖകനും മറ്റൊരാൾ സുഭാഷ് കല്ലൂരും. കാർട്ടൂൺ അക്കാദമി മുൻ സെകട്ടറി തോമസ് ആന്റണി അന്തരിച്ചതിന് ശേഷം മെട്രോ മാഡം എന്ന ആദ്യ പുറത്തെ സമ്പന്നമാക്കി വരച്ചത് സുഭാഷാണ്. മെട്രോ മാഡം എന്ന പോക്കറ്റ് കാർട്ടൂണിന് ശക്തി നൽകിയിരുന്നത് പത്രാധിപരായ ആർ. ഗോപീകൃഷ്ണനായിരുന്നു. കാർട്ടൂൺ വരയ്ക്കാത്ത കാർട്ടൂണിസ്റ്റ് എന്ന് പല തവണ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കാർട്ടൂൺ ശിൽപശാല തുടങ്ങിയതു തന്നെ ആർ. ഗോപീകൃഷ്ണൻ എന്ന കാർട്ടൂണുകള അറിയുന്ന പത്രാധിപർക്ക് ആദരാഞ്ജലികൾ അർപ്പിച്ചായിരുന്നു. സുഭാഷ് വരച്ച ആർ. ഗോപീകൃഷ്ണൻ എന്ന പത്രാധിപരുടെ രേഖാ ചിത്രത്തിന് ചുറ്റും ശിൽപശാലയിലെ കാർട്ടൂണിസ്റ്റുകൾ ഒപ്പ് വെച്ച് ആദരാജ്ഞലികൾ അർപ്പിച്ചു. 

ഡൽഹിയിൽ മംഗളം ദിനപത്രത്തിൽ 2000 ആണ്ടിന്റെ തുടക്കത്തിൽ ബ്യൂറോ ചീഫ് ആയി പ്രവർത്തിക്കുന്ന കാലം മുതലാണ് ആർ. ഗോപീകൃഷ്ണൻ എന്ന മാധ്യമപ്രവർത്തകനെ നേരിൽ പരിചയപ്പെടുന്നത്. കാർട്ടൂണുകളെ കുറിച്ച് അന്നുമുതലേ അദ്ദേഹം പലപ്പോഴും എന്നോട് സംസാരിക്കുന്നത് കൗതുകത്തോടെ കൂടിയാണ് കേട്ടിരുന്നത്. കാർട്ടൂണുകളെ തിരിച്ചറിയുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം കുറഞ്ഞുവരുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നതുതന്നെയാണ് ആ കൗതുകത്തിന് കാരണം. 

എന്താണ് കാർട്ടൂൺ, എന്തിനാണ് കാർട്ടൂൺ, കാർട്ടൂണിന്റെ ലക്ഷ്യം എന്താണെന്നും അത് എപ്പോഴെല്ലാം ആണ് ഉപയോഗിക്കേണ്ടത് എന്നും കൃത്യമായി അറിയാവുന്ന ഒരു മാധ്യമ പ്രവർത്തകനായിരുന്നു ഗോപീകൃഷ്ണൻ. അദ്ദേഹത്തെ എന്നിൽ ആകർഷിച്ചതും കാർട്ടൂൺ കലയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം തന്നെയാകണം. കാർട്ടൂൺ എന്ന കലയെ പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം എവിടെയെല്ലാം മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചുവോ, അവിടെയെല്ലാം അതിനായി ശ്രമിച്ചിരുന്നു എന്ന് വ്യക്തിപരമായി എനിക്ക് അറിവുള്ളതാണ്. 

മെട്രോ വാർത്തയിൽ കാർട്ടൂണുകൾക്കും കാരിക്കേച്ചറുകൾക്കും വലിയ പ്രാധാന്യം കൊടുക്കുന്നത് വർത്തമാനകാലത്തെ ഒരു പ്രത്യേകത തന്നെയാണ്. കാർട്ടൂണിസ്റ്റ്മായ തോമസ് ആന്റണി അന്തരിച്ചപ്പോൾ വലിയ പ്രാധാന്യം നൽകി മെട്രോ വാർത്ത പുറത്തിറക്കിയ പത്രാധിപരായ ഗോപീകൃഷ്ണനെ ദേശിയ തലത്തിലുള്ള മാധ്യമ പ്രവർത്തകർ അഭിനന്ദിച്ചതിന് ലേഖകനും സാക്ഷിയായിരുന്നു.

മലയാള മാധ്യമങ്ങളിൽ വരുന്ന കാർട്ടൂണുകളെ വളരെ സൂക്ഷമതയോടെ നിരീക്ഷിക്കുകയും, വിമർശനപരമായി നിക്ഷ്പക്ഷമായി സമീപിക്കുന്ന വ്യക്തിയാണ് ആർ. ഗോപീകൃഷ്ണൻ. കാർട്ടൂൺ എന്ന കലയെ അറിയുന്ന പത്രാധിപരായ ആർ. ഗോപീകൃഷ്ണന്റെ വേർപാടിൽ മലയാള കാർട്ടൂൺ ലോകം ആദരാജ്ഞലികൾ അർപ്പിക്കുന്നു.