വരയുടെ സു , സുകുമാര്‍ നവതിയില്‍

വരയുടെ സു ,  സുകുമാര്‍ നവതിയില്‍

സുധീര്‍ നാഥ് 


സു.... ഇത്ര മതി മലയാള ഹാസ്യരചനാ രംഗത്ത് സുകുമാറിനെ തിരിച്ചറിയാന്‍. ഇന്ന് അദ്ദേഹം നവതിയുടെ നിറവിലാണ്. ഹാസ്യ സാഹിത്യ രചന, ഹാസ്യ ചിത്ര രചന, ഹാമ്പ്യ അവതരണം. ചിരിയുടെ മര്‍മ്മമറിഞ്ഞ സുകുമാര്‍ മലയാളികള്‍ക്കിടയില്‍ ചിരയുടെ കഷായം വിതരണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും വെളുത്ത മുടിയുമുള്ള മെലിഞ്ഞ വെളുത്ത മനുഷ്യന്‍ കറുത്ത കാലന്‍ കുടയും ചെറിയ കറുത്ത ബാഗുമായി തിരുവനന്തപുരം സ്റ്റാച്ച്യൂവിലൂടെ നടന്ന് നീങ്ങുന്ന ദൃശ്യം കാണാത്ത നഗരവാസികള്‍ ചുരുക്കം. തിരുവന്തപുരത്തെ സംഘര്‍ഷം നിറഞ്ഞ ജീവിതത്തെ ചിരിപ്പിക്കാന്‍ നര്‍മ്മ കൈരളി തുടങ്ങിയതും പ്രതിമാസ ചിരിയരങ്ങ് തുടങ്ങിയതും മറക്കുവാന്‍ സാധിക്കില്ല. കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളെ ഒന്നിപ്പിച്ച കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു. 


1932 ജൂലൈ 9 ന് മിഥുനത്തിലെ ഉത്രം നക്ഷത്രത്തില്‍ ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടേയും കൃഷ്ണമ്മാളിന്‍റേയും മകനായി ജനിച്ചു നാളു പ്രകാരം മിഥുനത്തിലെ ഉത്രം നക്ഷത്രം വരുന്നത് 2022 ജൂലൈ 6 നാണ്. സുകുമാറിന് 90 വയസ് തികയുന്നു. ഇപ്പോള്‍ അദ്ദേഹം തൃക്കാക്കരയിലെ വീട്ടില്‍ വിശ്രമത്തിലാണ്. 2019 ല്‍ ഭാര്യ സാവിത്രിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് താമസം മാറ്റി. ഭാര്യയുടെ മരണവും കോവിഡ് കാലും സുകുമാറിനെ തളര്‍ത്തി. പക്ഷെ, ചിരി ഒട്ടും മറന്നില്ല. മുന്‍പ് എഴുതിയതൊക്കെ സ്വന്തമായി ഒന്നുകൂടി വായിക്കുകയാണ് തൊണ്ണൂറാം വയസില്‍. വരച്ച കാര്‍ട്ടൂണുകള്‍ മറിച്ച് നോക്കുന്നു. 


ഹാസ്യ സാഹിത്യ രംഗത്ത് തിളങ്ങി നിന്ന അവസരത്തില്‍ ഈ മേഖലയെ സമ്പന്നമാക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. നര്‍മ്മ സല്ലാപങ്ങള്‍ക്ക് വേദികളൊരുക്കി ഈ മേഖലയിലുള്ളവരെ വളര്‍ത്തി. ഹാസ്യ ചിത്ര രംഗമായ കാര്‍ട്ടൂണുകളെ വളര്‍ത്താന്‍ കാര്‍ട്ടൂണിസ്റ്റുകളെ വളര്‍ത്താന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിപാടികള്‍ നടത്തി. തന്‍റെ കലാ മേഖലകളിലൊക്കെ ഒട്ടേറെ ശിഷ്യരെ അതുവഴി അദ്ദേഹം സ്വന്തമാക്കി. നവതിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ അവര്‍ നല്‍കുന്ന സ്നേഹം ഗുരുദക്ഷിണയായി സുകുമാര്‍ കരുതുന്നു.


തൊണ്ണൂറാം വയസിലും നര്‍മ്മബോധം കൈവിടാതെ അദ്ദേഹം പറയുന്നു. ഞാനിപ്പോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലാണ്. മന്‍ കി ബാത്ത് .... കേള്‍വി കുറവ് ഉള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്. വണ്‍ സൈഡഡ് കമ്മ്യൂണിക്കേഷന്‍റെ കാലമാണല്ലോ എന്നും കൂട്ടി ചേര്‍ത്ത് ഒരു ചിരി. അത് പഴയ ചിരി തന്നെ...