ജനാധിപത്യവും ഏകാധിപത്യവും
വിജയ് ചൗക്ക്
സുധീർ നാഥ്
എന്താണ് ജനാധിപത്യം? വളരെ ലളിതമായും ചുരുക്കിയും ഇങ്ങനെ പറയാം: ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു പ്രവർത്തിക്കുന്നത്.
വിക്കിപീഡിയയിൽ പറയുന്നത് ഇങ്ങനെ: ജനങ്ങൾ എന്നർഥമുള്ള ഡെമോസ് (Demos), ഭരണം എന്നർത്ഥമുള്ള ക്രറ്റോസ് (kratos) എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്കുഭാഷയിൽ ഡെമോക്രാറ്റിയ (Demokratia) എന്ന സമസ്തപദമുണ്ടായി. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബിസി അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ഇത് ഇംഗ്ലീഷിൽ ഡെമോക്രസി (Democracy) ആയി.
ഡെമൊക്രസിയുടെ മലയാള തർജമയാണു ജനാധിപത്യം. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് ആദ്യ അമെരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ വാക്കുകളിൽ കാണാം.
ഏകാധിപത്യം എന്നാലെന്ത്? ജനാധിപതുത്തിന്റെ നേരേ എതിർപദം തന്നെയാണ് ഏകാധിപത്യം. വിക്കിപീഡിയയിൽ അത് വിവരിക്കുന്നത് ഇങ്ങനെയാണ്: ഭരണകൂടത്തിന്റെ അധികാരങ്ങൾ തന്നിൽത്തന്നെ നിക്ഷിപ്തമാക്കി ഒരൊറ്റയാൾ നടത്തുന്ന അനിയന്ത്രിത ഭരണത്തെ ഏകാധിപത്യം (Autocracy) എന്നു പറയുന്നു.
അതായത്, ഏകാധിപതിയുടെ മേൽ വ്യവസ്ഥാപിത നിയന്ത്രണങ്ങളൊന്നും തന്നെ ബാധകമായിരിക്കുകയില്ല.നാട്ടുരാജാക്കന്മാരായിരുന്നു വർഷങ്ങൾക്കു മുൻപു നമ്മുടെ രാജ്യത്തു പലേടത്തും ഭരിച്ചിരുന്നത്. അവരിൽ ഭൂരിപക്ഷവും കടുത്ത ഏകാധിപതികളായിരുന്നു. തുടർന്നു വന്ന മുഗൾ, ഡച്ച്, പോർച്ചുഗീസ് ഭരണക്കാരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയും ഏകാധിപത്യ രീതിയിൽ തന്നെയായിരുന്നു നമ്മെ ഭരിച്ചിരുന്നത്. ഇവരെക്കൊണ്ടു ജനാധിപത്യ നിലപാട് അംഗീകരിപ്പിക്കാൻ നടത്തിയ ചെറുസമരങ്ങളും, അവരുടെ ഏകാധിപത്യത്തിനെതിരായ പ്രാദേശിക ചെറുത്തുനിൽപ്പുകളും തന്നെയായിരുന്നു സ്വാതന്ത്രത്തിനായുള്ള ആദ്യ ജനകീയ മുന്നേറ്റങ്ങൾ. പിന്നീടതിനു സംഘടിതരൂപം കൈവരികയായിരുന്നു.
ഒടുവിൽ രാജ്യം സ്വാതന്ത്ര്യം നേടി. ജനാധിപത്യം സ്ഥാപിതമായി. തുടർന്നിങ്ങോട്ടു രാജ്യം ഭരിച്ചവരും രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷ പാർട്ടികളുമെല്ലാം ജനാധിപത്യത്തെ ആദരവോടെ തന്നെ ദശകങ്ങളോളം കണ്ടിരുന്നു.
""ഐ ആം ദ സ്റ്റേറ്റ്'' അഥവാ, ഞാനാണ് എല്ലാം- ഞാനാണ് ഭരണകൂടം എന്ന തോന്നലിൽ നിന്നാണ് ഏകാധിപതികൾ ഉണ്ടാകുന്നത്. അവസാന വാക്കാണ് എന്റേത് എന്ന നേതൃത്വ നിലപാട് അപകടം തന്നെയാണ്. ഏകാധിപത്യം വലിയ കുഴപ്പംപിടിച്ചതു തന്നെ. രാജാക്കന്മാരെ അണികൾ വാഴ്ത്തിപ്പാടുന്നതു പതിവായിരുന്നല്ലോ. അത്തരം വാഴ്ത്തിപ്പാടലുകളും പ്രശംസകളും മാത്രം കേൾക്കാനാണ് രാജാക്കന്മാർ ആഗ്രഹിച്ചിരുന്നത്. രാജാവിനെ രഹസ്യമായിപ്പോലും വിമർശിക്കാൻ ആർക്കും അവസരം കൊടുത്തിരുന്നില്ല. വിമർശിക്കുന്നവരെ അതിക്രൂരമായി അവസാനിപ്പിക്കാറുമുണ്ടായിരുന്നു. ഇതു ലോകത്തെ എല്ലാ രാജവാഴ്ചാ ചരിത്രങ്ങളിലും കാണാം. ഒരു ഏകാധിപതിയുടെ തുടക്കം വാഴ്ത്തിപ്പാടലുകളിൽ ആരംഭിക്കുന്നു. എതിർക്കുന്നവരെ അടിച്ചമർത്തുന്നത് രണ്ടാമതാണ്.
കുറെക്കാലമായി രാഷ്ട്രീയത്തിലും ഇത്തരം വാഴ്ത്തുപാട്ടുകൾ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും നാം കാണുന്നു. ഇതിനെത്തന്നെയാണ് ഏകാധിപത്യം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. വിമർശകരെ അടിച്ചമർത്തുന്നത് നമ്മൾ നിരന്തരം കണ്ടു കൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിലൂടെ നാമത് ആദ്യമായി അനുഭവിച്ചു.
രാജാവേ... എന്ന അഭിസംബോധനയോടെ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റയാൾ നിലപാടുകളെ രൂക്ഷമായി വിമർശിക്കുന്ന ഒന്നായിരുന്നു. അതേസമയം കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കടുത്ത വിമർശനശരങ്ങൾക്കും വലിയ അർഥങ്ങളുണ്ട്. തമിഴ്നാട്ടിൽ നടന്നുവരുന്ന ചെസ് ഒളിംപിക്സ് പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലും പ്രധാനമന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാത്രം പ്രത്യക്ഷപ്പെട്ടതും ഏകാധിപത്യത്തിന്റെ ലക്ഷണം തന്നെ. ഇത്തരത്തിൽ ഉത്തർപ്രദേശിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും എന്നല്ല, ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി ഏകാധിപത്യ പ്രവണത ശക്തമായി വരുന്നുണ്ട്. നമ്മുടെ രാജ്യം വർത്തമാനകാലത്ത് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് വളർന്നു വരുന്ന ഏകാധിപത്യത്തിന്റെ സൂചനകൾ.
കുടുംബങ്ങളിൽപ്പോലും ഏകാധിപത്യം ധാരാളമായി കാണപ്പെടുന്നു. പ്രാദേശിക കൂട്ടായ്മകളിലും, അത്ര ശക്തമായല്ലെങ്കിലും ഏകാധിപത്യം തലപൊക്കുന്നു. കലാ-സാംസ്കാരിക രംഗത്ത്, സിനിമാ സംഘടനാ രംഗത്ത്, തൊഴിലാളി സംഘടനാ രംഗത്ത് എന്നു വേണ്ട എല്ലായിടത്തും ഒരു വൈറസ് രോഗം പോലെ ഏകാധിപത്യ പ്രവർത്തനങ്ങൾ വർധിക്കുന്നതായി കാണാം. രാജ്യത്ത് വലിപ്പച്ചെറുപ്പമില്ലാതെ ഏതാണ്ടെല്ലാ പാർട്ടികളിലും സ്ഥിതി മറിച്ചല്ല. മഹാരാഷ്ട്രയിൽ ശിവസേന എന്ന ശക്തമായ മറാഠി വാദം ഉയർത്തിയ രാഷ്ട്രീയ പാർട്ടി പിളർന്നത് നമ്മൾ കണ്ടു. അവിടെ പാർട്ടിയിലെ ഏകാധിപത്യം വലിയ ഭീഷണിയാണുണ്ടാക്കിയത്. എന്നാൽ, ജനാധിപത്യം അവിടെ ഉണ്ടായതുമില്ല എന്നതാണ് ദുഖഃകരമായ അവസ്ഥ.
രാജ്യത്ത് ജനാധിപത്യം തിരിച്ചുവരാൻ വീണ്ടുമൊരു സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരും എന്ന സാഹചര്യം നിലനിൽക്കുന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സമയത്തു മാത്രമാണ് ഇപ്പോൾ ജനാധിപത്യമുള്ളത്. അതുകഴിഞ്ഞുള്ള മറ്റവസരങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് ആരും വലിയ വില കൽപ്പിക്കുന്നില്ല. വോട്ടവകാശം നിലനിൽക്കുന്നതിനാലാണ് ജനാധിപത്യമുണ്ട് എന്ന് പറയാൻ നമുക്ക് സാധിക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചിരുന്ന കാലത്തു ബൂത്ത് പിടിത്തവും കള്ളവോട്ടുകളും വ്യാജ ബാലറ്റുകളും വ്യാപകമായിരുന്നു. അതിനു പകരം ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ കൊണ്ടുവന്നു. അപ്പോഴും വലിയ സംശയങ്ങൾ ഉണ്ടായി. പ്രതിഷേധമുണ്ടായി. അതും ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന സംസാരമുണ്ടായി. പഴയതു പോലെ ബാലറ്റ് പേപ്പറുകൾ വേണമെന്ന ആവശ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. എല്ലാം ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിത്തന്നെ.
