പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ജൂണ്‍ 30
മണ്ഡല്‍ സമരം മാറ്റിമറിച്ച രവിയേട്ടന്‍
ഇന്ത്യന്‍ സമര ചരിത്രത്തില്‍ മണ്ഡല്‍ സമരത്തിന് വലിയ പ്രാധാന്യമാണ്. ഇന്ത്യന്‍ ഫോട്ടോ മാധ്യമ ചരിത്രത്തിലെ പ്രധാന ചിത്രമാണ് മണ്ഡല്‍ സമരത്തിന്‍റെ തീവ്യത വിളിച്ചോതുന്ന രാജീവ് ഗോസ്വാമിയുടെ ആത്മഹുതി ശ്രമത്തിന്‍റെ ചിത്രം. നാപ്പാം പെണ്‍കുട്ടിയുടെ ചിത്രം എടുത്ത നിക്കൂട്ട് ഒരു യുദ്ധം അവസാനിപ്പിച്ചു. രാജീവ് ഗോസ്വാമിയുടെ ആത്മാഹുതി ഫോട്ടോ എടുത്ത തിരുവനന്തപുരം കരുമം സ്വദേശിയും ഏജന്‍സി ഫ്രാന്‍സ് പ്രസ്സ് (എഎഫ്പി) സൗത്ത് ഏഷ്യാ ചീഫ് ഫോട്ടോഗ്രാഫറുമായ രവീന്ദ്രന്‍റെ ഒരു ചിത്രം വി. പി. സിംഗ് മന്ത്രിസഭയെ താഴെയിറക്കി. ആ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ആര്‍. രവീന്ദ്രന്‍ ജൂണ്‍ 19ന് അന്തരിച്ചു. രവിയേട്ടന്‍ തന്‍റെ പ്രശസ്തമായ ഫോട്ടോയുടെ പിന്നിലെ കഥ പറഞ്ഞ് തന്നത് ഓര്‍ക്കുന്നു. 1990 സെപ്തംബര്‍ 19ന് വി പി സിംഗ് സര്‍ക്കാരിനെതിരെ മണ്ഡല്‍ കമ്മിഷന്‍ സമരം ശക്തി പ്രാപിച്ച സമയം. സൗത്ത് ഡല്‍ഹിയിലെ കാല്‍കാജിയിലുള്ള പ്രശസ്തമായ ദേശബന്ധു കോളേജിലെ കുട്ടികള്‍ സമരത്തിന്‍റെ ഭാഗമായി റോഡില്‍ തടികളും റബറും മറ്റും കൂട്ടി തീ ഇട്ട് വഴി തടഞ്ഞ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു. ഡസനിലേറെ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രമെടുക്കാന്‍ അവിടെ എത്തിയിരുന്നു. കോളേജ് ഗേറ്റ് സമരം കാരണം അടച്ചിരുന്നു. കോളേജ് മതില്‍ ചാടി കൈയ്യില്‍ കരുതിയ മണ്ണണ്ണയുമായി സമരം ചെയ്യുന്ന കുട്ടികള്‍ക്കിടയിലേയ്ക്ക് കോളേജിലെ കൊമേഴ്സ് വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമി മുദ്രാവാക്യം മുഴക്കി എത്തിയത്. ഗോസ്വാമി മണ്ണണ്ണ ദേഹത്ത് ഒഴിച്ച് തീ കത്തിച്ചത് പെട്ടന്നായിരുന്നു. ഞെട്ടലോടെ എല്ലാവരും നിന്നപ്പോള്‍ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ രവീന്ദ്രന്‍ മൂന്ന് ഫോട്ടോ പകര്‍ത്തി. അക്കാലത്ത് ഫിലിമിട്ടായിരുന്നു ഫോട്ടോ എടുക്കേണ്ടിയിരുന്നത്. ഇന്നത്തെ പോലെ ഡിജിറ്റല്‍ ഫോട്ടോ ഇല്ലായിരുന്നു. മറ്റ് പലരും ക്യാമറയുമായി വരുന്നതിന് മുന്‍പ് തീ അണക്കപ്പെട്ടു. മാരകമായ പൊള്ളലേറ്റ രാജീവ് ഗോസ്വാമി പിന്നീട് ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഈ സംഭവത്തിന് ശേഷം ഒക്ടോബര്‍ 24ാം തിയതി ഇതേ കോളേജിലെ സുരീന്ദര്‍ സിംഗ് ചൗഹാന്‍ സമരത്തിന്‍റെ ഭാഗമായി ആത്മഹത്യ ചെയ്തു. 2004 ഫെബ്രുവരി 24ാം തിയതി 33ാം വയസില്‍ രാജീവ് ഗോസ്വാമി മരണമടഞ്ഞത് അന്നത്തെ ആത്മഹത്യാ ശ്രമത്തിന്‍റെ പരിണിത ഫലമായുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിരുന്നു. രവീന്ദ്രന്‍റെ ഫോട്ടോ വി പി സിംഗ് സര്‍ക്കാരിനെ താഴെ ഇറക്കി. ഫോട്ടോയ്ക്ക് ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചു. ഗുജറാത്തില്‍ പടര്‍ന്നു പിടിച്ച പ്ലേഗിന്‍റെ ഞെട്ടിക്കുന്ന നേര്‍കാഴ്ച്ച ഫോട്ടോകള്‍ രവീന്ദ്രന്‍ പകര്‍ത്തിയിട്ടുണ്ട്. ടൈം മാഗസിന്‍, ന്യൂസ് വീക്ക്, ഫിക്കാറോ എക്സ്പ്രസ് തുടങ്ങി അഞ്ച് അന്തര്‍ ദേശിയ പ്രസിദ്ധീകരണങ്ങള്‍ ഒരേ ആഴ്ച്ച ഇറങ്ങിയത് രവീന്ദ്രന്‍റെ പ്ലേഗ് ഫോട്ടോ കവര്‍ ചിത്രം നല്‍കി കൊണ്ടായിരുന്നു. 30 വര്‍ഷം ഏജന്‍സി ഫ്രാന്‍സ് പ്രസ്സ് (എ.എഫ്.പി.) ഫോട്ടോഗ്രാഫറായ രവീന്ദ്രന്‍ അവിടെ നിന്ന് വിരമിച്ച ശേഷം എ.എന്‍.ഐയുടെ ഫോട്ടോ എഡിറ്ററായിരുന്നു. നൂറ് കണക്കിന് അവസ്മരണീയ വാര്‍ത്താ ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിച്ച് അദ്ദേഹം യാത്രയായി.
അഗ്നിപഥിന്‍റെ രാഷ്ട്രീയം.
രണ്ട് ലക്ഷ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് അഗ്നിപഥ് പദ്ധതി നടപ്പാക്കുക വഴി ഉണ്ടായിരുന്നത്. അതില്‍ ഒന്നാമത് ഇന്ത്യന്‍ സൈന്യത്തിനെ ചെറുപ്പമാക്കുക എന്നതാണ്. രണ്ടാമത് വലിയ ബാധ്യതയായ പെന്‍ഷന്‍ തുക ഇല്ലായ്മ ചെയ്യുക എന്നത്. ഇതാണ് കേന്ദ്ര പ്രതിരോധ വകുപ്പ് അഗ്നിപഥ് പദ്ധതി വി ഉദ്ദേശിച്ചിരുന്നത്. നിലവിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശരാശരി പ്രായം 30 വയസാണ്. അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതോടെ സൈനിക പ്രായത്തിന്‍റെ ശരാശരി കുറയുന്നു എന്നത് നിസാര കാര്യമല്ല. രാജ്യത്തെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനു വേണ്ടി യുവാക്കളായ ജനങ്ങളെ പരിശീലിപ്പിക്കുന്ന പദ്ധതിയാണ് എന്നും പറയാം. ലോകത്തെ പല രാജ്യങ്ങളും സൈന്യത്തെ ചെറുപ്പമാക്കുന്നതിന് സമാന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഗ്നിപഥില്‍ അപേക്ഷിക്കാം. 17.5 വയസു മുതല്‍ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം സൈനിക റിക്രൂട്ട്മെന്‍റ്നടക്കാത്തതിനാല്‍ പ്രായപരിധി 23 വയസാക്കി പിന്നീട് ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീരന്‍മാര്‍ എന്ന് അറിയപ്പെടും. സൈനികര്‍ക്ക് നല്‍കുന്ന പരിശീലനം തന്നെയാണ് ഇവര്‍ക്ക് ആറ് മാസം നല്‍കുന്നത്. സേനാംഗമായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. വര്‍ഷത്തില്‍ 30 ദിവസമായിരിക്കും അവധി. മെഡിക്കല്‍ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വര്‍ഷത്തില്‍ 10.04 ലക്ഷം രൂപയായിരിക്കും സേവാനിധി പാക്കേജ് പ്രകാരം അഗ്നിപഥ് സ്കീമില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുക. ആദ്യ വര്‍ഷം, മാസത്തില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവന്‍സ് ഇതിന് പുറമെ നല്‍കും. പ്രൊവിഡന്‍റ് ഫണ്ട് സര്‍ക്കാരിന് നല്‍കേണ്ട ആവശ്യമില്ല. പ്രവര്‍ത്തന കാലയളവില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും ലഭിക്കും. ഇതില്‍ 25 ശതമാനം പേരെ സ്ഥിരമായി നിര്‍മ്മിക്കുവാനും, മറ്റുള്ള 75 ശതമാനം പേര്‍ക്ക് ഒരു തുക സമാശ്വാസമായി നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു. നാലു വര്‍ഷമാണ് ഓരോ പ്രവര്‍ത്തന കാലാവധി. ജനറല്‍ ഡ്യൂട്ടിക്ക് അപേക്ഷിക്കാന്‍ പത്താം ക്ലാസില്‍ മൊത്തം 45 ശതമാനവും ഓരോ വിഷയത്തിനും 33 ശതമാനവും മാര്‍ക്കുണ്ടാകണം. റിക്രൂട്ട്മെന്‍റ് റാലിയില്‍ കായികക്ഷമത തെളിയിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷ. നാലു വര്‍ഷത്തെ കരാര്‍ നിയമനം കഴിഞ്ഞ് ഒഴിവാക്കുന്നവര്‍ക്ക് സര്‍വീസ് കാലയളവില്‍ ലഭ്യമായ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ വിലക്കുണ്ട്.
കോവിഡ് നിരക്ക് ഉയരുന്നു
പ്രവചനം പോലെ ജൂലൈ മാസം രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുവാനുള്ള സാധ്യത കൂടുതലാണ്. അതിന്‍റെ ലക്ഷണങ്ങള്‍ വ്യാപകമായി കണ്ടു തുടങ്ങിയിട്ടുണ്ട്. കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം കൂടുതലാണ്. നല്ലൊരു ശതമാനം ചികിത്സ സ്വന്തമായി നടത്തുന്നുണ്ട്. കൊറോണ വൈറസുകളുടെ തീവ്യത കൂടുതലല്ല എന്നതും, വാക്സിനുകള്‍ സ്വീകരിച്ചതും ജനങ്ങളില്‍ ആത്മധൈര്യം ഉണ്ടാക്കി എന്ന് പറയേണ്ടിയിരിക്കുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. പക്ഷെ ദിവസവും കോവിഡ് ബാധിച്ച് രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളില്ല. ജനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ മറന്നുകൊണ്ട് മുന്നോട്ടു പോകുന്നത് അപകടം വിഎിച്ച് വരുത്തും എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ക്ക് ഇപ്പോള്‍ കോവിഡിനെ ഭയമില്ലാതായിരിക്കുന്നു എന്ന് തന്നെ വിലയിരുത്താം. ചിക്കന്‍പോക്സ് പോലെ ഒന്നായി ജനങ്ങള്‍ കോവിഡിനെ പരിഗണിക്കുന്നു എന്നതാണ് സത്യം.
കേജരിവാളിനെ പുറത്താക്കാന്‍ ശ്രമം
ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍.ഡി.എം.സി.) കൗണ്‍സിലിലെ അംഗമാണ് ന്യൂ ഡല്‍ഹി എം.എല്‍.എ. നിലവിലെ ന്യൂ ഡല്‍ഹി എം.എല്‍.എ. ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കേജരിവാളാണ്. തുടര്‍ച്ചയായി മൂന്ന് മാസം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തവരെ ഒഴിവാക്കണം എന്നാണ് നിയമം. കേജരിവാള്‍ എം.എല്‍.എ. എന്ന നിലയില്‍ കൗണ്‍സിലിലെ ക്ഷണിതാവാണ്. തിരഞ്ഞെടുക്കപ്പെട്ട അംഗമല്ല. അരവിന്ദ് കേജരിവാള്‍ കൂടി പങ്കെടുത്ത ജൂണ്‍ 22 ലെ യോഗത്തില്‍ ബി.ജെ.പി. ഭരിക്കുന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ കേജരിവാളിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി. കൗണ്‍സിലറായ കുല്‍ജിത്ത് ചഹാലാണ് പ്രമേയവുമായി വന്നത്. മുന്‍പും സമാനമായ പ്രമേയം ഉണ്ടായിട്ടുണ്ട്. 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍ കേജരിവാള്‍ പങ്കെടുത്തില്ല എന്നാണ് പറയുന്നത്. ഡിസംബര്‍ ആദ്യ വാരം നടന്ന യോഗത്തിലും, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലും കേജരിവാള്‍ പങ്കെടുത്തിരുന്നു. എന്തായാലും മേല്‍നടപടിക്കായി കാത്തിരിക്കുകയാണ്. കേജരിവാളിനെ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കണം. തിരഞ്ഞെടുത്ത അംഗമല്ലാത്തത് കൊണ്ട് നിയമത്തിന്‍റെ സംരക്ഷണം കേജരിവാളിന് ഉണ്ട്. കേജരിവാളിനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കുമോ എന്ന് കാത്തിരുന്ന് കാണാം.
ശിവസേനയുടെ ഭാവി
കാര്‍ട്ടൂണിസ്റ്റും രാഷ്ട്രീയക്കാരനുമായ ബാല്‍ത്താക്കറെ രൂപീകരിച്ച ശിവസേനയുടെ ഭാവിയാണ് രാഷ്ട്രം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. ശിവസേന രണ്ടായി മാറിയ കാഴ്ച്ച കുറച്ച് ദിവസങ്ങളായി കാണാമായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും, വിമത വിഭാഗത്തെ നയിക്കുന്നത് ഏക്നാഥ് ഷിന്‍ഡെയുമാണ്. മഹാ വികാസ് അഘാടി സഖ്യം ഉപേക്ഷിക്കണമെന്ന ഏക്നാഥ് ഷിന്‍ഡെയുടെ ആവശ്യം അംഗീകരിക്കാന്‍ തയാറെന്ന് ശിവസേന. സഖ്യം വിടാന്‍ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റൗത്താണ് അറിയിച്ചത്. സര്‍ക്കാരുമായി മാത്രമാണ് പ്രശ്നമെന്നും ശിവ സൈനികരായി തുടരുമെന്നുമാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേത്യത്ത്വത്തിലുള്ള വിമത എംഎല്‍എമാര്‍ പറയുന്നത്. ഇവര്‍ ബി.ജെ.പി. പക്ഷത്തേയ്ക്ക് പോകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
62%20copy.jpg)
63%20copy.jpg)