ഡല്‍ഹി കേരള എജ്യൂക്കേഷന്‍ സൊസൈറ്റി
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഡല്‍ഹിയില്‍ രണ്ട് മലയാളി സംഘടനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള ക്ലബും, ഡല്‍ഹി മലയാളി അസേിസിയഷനും. അന്ന് ഉയര്‍ന്ന ഉദ്യോഗം ഉള്ളവരുടെ കേന്ദ്രമായിരുന്നു കേരള ക്ലബ്. തൊഴിലാളികളുടെ കൂട്ടായ്മയായിരുന്നു ഡല്‍ഹി മലയാളി അസോസിയഷന്‍. എ.കെ.ജിയായിരുന്നു ഡി.എം.എ എന്ന ഡല്‍ഹി മലയാളി അസോസിയഷന്‍ എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. 1956ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. ഈ സാഹചര്യത്തിലാണ് ഇരു സംഘടനകളും ഒന്നിച്ച് ചേര്‍ന്ന് കേരള ദിനാഘോഷം കൊണ്ടാടിയത്. വളരെ താമസിയാതെ തിരഞ്ഞെടുപ്പും നടന്നു. 1957 സഖാവ് ഇ.എം.എസ്. ബാലറ്റിലൂടെ ജയിച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് വരുന്നു എന്ന വാര്‍ത്ത വന്നു.
കേരള മുഖ്യമന്ത്രിയായ സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് ഡല്‍ഹിയിലെത്തിയപ്പോള്‍ പ്രവാസികളായ മലയാളികള്‍ കേരള ഹൗസില്‍ ഒത്തുകൂടി സ്വീകരിച്ചു. അന്ന് പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിയെ സ്വീകരിക്കുകയും ഒരു മംഗള പത്രം സമര്‍പ്പിക്കുകയും ഉണ്ടായി. അക്കാലത്ത് കമ്മ്യൂണിസ്റ്റുകാരുമായി അടുപ്പമുണ്ടെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ ജോലിക്ക് പ്രയാസങ്ങള്‍ ഉണ്ടാകും എന്നൊരു ധാരണ പരക്കെ ഉണ്ടായിരുന്നു. പലര്‍ക്കും മംഗള സമര്‍പ്പണ കര്‍മ്മം നടത്തിയാല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നെങ്കിലും ജോലി തെറിക്കും എന്നുള്ള സാഹചര്യം ഉണ്ടായിരുന്നതിനാല്‍ ആരും നിയോഗം ഏറ്റെടുത്തില്ല. കാര്‍ട്ടൂണിറ്റ് കുട്ടി അക്കാലത്ത് വളരെ സജീവമായി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നതുകൊണ്ട് അദ്ദേഹം ധൈര്യസമേതം മുഖ്യമന്ത്രിക്കുള്ള മംഗളം പത്രം നല്‍കുവാന്‍ തയ്യാറായി.
ഡല്‍ഹി മലയാളികളുടെ കാലങ്ങള്‍ ആയിട്ടുള്ള ആവശ്യമായിരുന്നു ഡല്‍ഹിയില്‍ ഒരു കേരള സ്കൂള്‍ വേണമെന്നത്. മംഗള പത്രത്തോടൊപ്പം കേരള സ്ക്കൂള്‍ തുടങ്ങന്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് നിവേദനവും നല്‍കി. ഡല്‍ഹിയില്‍ സൗത്ത് ഇന്ത്യന്‍ സ്കൂള്‍ എന്ന ഒരു സ്ഥാപനം വളരെ കാലമായി ഉണ്ടായിരുന്നു. തമിഴരായിരുന്നു ആ സംഘടന നടത്തിയിരുന്നത്. പ്രമുഖ മലയാളികളും ആ സ്കൂള്‍ നടത്തിപ്പ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലത്ത് മലയാളം പഠിക്കാന്‍ പ്രത്യേകമായി ഒരു സ്കൂള്‍ ആവശ്യമില്ല എന്നായിരുന്നു പരക്കെ അഭിപ്രായം. അന്ന് ഡല്‍ഹി മലയാളികള്‍ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലായിരുന്നു തങ്ങളുടെ കുട്ടികളെ പഠിപ്പിച്ചിരുന്നത്. തങ്ങളുടെ കുട്ടികള്‍ മലയാളം പഠിക്കണമെന്ന് മലയാളികളായ സാമ്പത്തികശേഷി ഉണ്ടായിരുന്നവര്‍ക്കും, ഇല്ലാത്തവര്‍ക്കും പോലും അന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഭൂരിപക്ഷം മലയാളികളും മക്കളെ ഇംഗ്ലണ്ടിലേക്ക് ഉപരിപഠനം നടത്തുവാന്‍ വിടുന്ന കാലമായിരുന്നു. പക്ഷേ രണ്ടാം ലോകമഹായുദ്ധം ഈ പരിപാടിക്ക് വിഘ്നം വരുത്തി. ഇംഗ്ലണ്ടില്‍ പോകുന്ന പരിപാടിക്ക് അതോടെ മാന്ദ്യം വന്നു.
രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മലയാളികള്‍ക്ക് കേരള സ്ക്കൂള്‍ ആവശ്യമായി മാറി. വരുമാനമുള്ളവര്‍ക്ക് പോലും കേരള സ്കൂള്‍ വേണമെന്ന് ആശയം വന്നു. കേരള ഗവണ്‍മെന്‍റ് സഹായിച്ചാല്‍ ഒരു സ്കൂള്‍ സംഘടിപ്പിക്കാം എന്ന് അക്കാലത്ത് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. കേരള ഗവണ്‍മെന്‍റ് വക സ്ഥലം ഡല്‍ഹിയിലുണ്ട്. ആ സംരംഭത്തിന് വേണ്ട കുറെ സംഖ്യ ഡല്‍ഹി മലയാളികള്‍ക്ക് സംഭരിക്കാന്‍ സാധിക്കുമെന്നതും തീര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ഭരണം വന്ന സമയത്ത് ഈ ആശയത്തിന് ഒരു ഉണര്‍വ് വന്നത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നിശ്ചയിച്ചു ഇതിന്‍റെയും കാര്യദര്‍ശി കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു. 1957 ആഗസ്റ്റ് മാസം കേരള എജ്യൂക്കേഷന്‍ സൊസൈറ്റി എന്ന സംഘടന ഡല്‍ഹിയില്‍ സ്ഥാപിച്ചു. കേന്ദ്രമന്ത്രിയായിരുന്ന എ. എം. തോമസ് പ്രഥമ പ്രസിഡണ്ടായി. കാര്‍ട്ടൂണിസ്റ്റ് കുട്ടി പ്രഥമ സെക്രട്ടറി ജനറലുയുമായി ആദ്യ കേരള എജ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. ആദ്യത്തെ ജോയിന്‍റ് സെക്രട്ടറി പ്രൊഫസര്‍ ഓംചേരി എന്‍. എന്‍. പിള്ളയായിരുന്നു.
മുഖ്യമന്ത്രി ഇ.എം.എസിന് നല്‍കിയ നിവേദനത്തിന് പ്രയോജനമുണ്ടായി. ഡല്‍ഹിയില്‍ താമസിക്കുന്ന ഇടത്തരക്കാരായ മലയാളികളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു സ്ക്കൂള്‍ കേരള ഹൗസിന് മുന്നില്‍ ടെന്‍റുകള്‍ കെട്ടി പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിച്ചു. കേരള എജ്യൂക്കേഷന്‍ സൊസൈറ്റി വളരെ വേഗം ടെന്‍റുകള്‍ കെട്ടി സ്ക്കൂള്‍ തുടങ്ങി. ടെന്‍റുകളുടെ എണ്ണം കൂടി കൊണ്ടു വന്നു. കേരള എജ്യൂക്കേഷന്‍ സൊസൈറ്റിക്ക് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നത് പാലാ സെട്രല്‍ ബാങ്കായിരുന്നു. ബാങ്കിന്‍റെ തകര്‍ച്ച കേരള സ്ക്കൂള്‍ പ്രവര്‍ത്തനത്തേയും ബാധിച്ചു. വളരെ പണിപ്പെട്ട് പ്രതിസദ്ധിയില്‍ നിന്ന് കരകയറി. ഇതിനിടയില്‍ കുട്ടികള്‍ സ്ക്കൂളില്‍ കൂടി. കേരള ഹൗസ് പരിസരത്ത് കുട്ടികളുടെ ബഹളം പരാതിയായി. ഒടുവില്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല പ്ലോട്ടിന്‍റെ ഒരു ഭാഗം കേരള എജ്യൂക്കേഷന്‍ സൊസൈറ്റിക്ക് സ്ക്കൂള്‍ നടത്തുവാന്‍ നല്‍കി. അങ്ങിനെ കേരള സര്‍ക്കാരിന്‍റെ രണ്ടേമുക്കാല്‍ ഏക്കര്‍ ഭൂമിയില്‍ കാനിങ്ങ് റോഡ് കേരള സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങി.
വികാസ്പുരിയില്‍ ക്യഷ്ണന്‍ നായരും കൂട്ടരും മലയാളികള്‍ക്കായി ഒരു സ്ക്കൂള്‍ നടത്തിയിരുന്നു. അത് കേരള എജ്യൂക്കേഷന്‍ സൊസൈറ്റിക്ക് അവര്‍ ക്കൈമാറി. അങ്ങിനെ രണ്ടാമത്തെ ഡല്‍ഹിയിലെ കേരള സ്ക്കൂളും പ്രവര്‍ത്തനം തുടങ്ങി. മൂന്നാമത് ആര്‍. കെ. പുരത്തും, നാലാമത് മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലും തുടങ്ങി. കേരള എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഭാരവാഹികള്‍ക്കായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ പശ്ഛാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
അഴിമതി ആരോപണങ്ങളാലും സാമ്പത്തികമായി കുത്തഴിഞ്ഞ നിലയിലുമായിരുന്നു 2000ത്തിന് ശേഷമുള്ള വര്‍ഷങ്ങളില്‍ കേരള എജ്യൂക്കേഷന്‍ സൊസൈറ്റി. കേരള എജ്യൂക്കേഷന്‍ സൊസൈറ്റിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികളായ മലയാളികള്‍ ഒന്നാകെ ഡല്‍ഹിയുടെ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയത് ചരിത്രമാണ്. ഇതിന്‍റെ പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ 2016ല്‍ പുതിയ ഭാരവാഹികള്‍ കേരള എജ്യൂക്കേഷന്‍ സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി. ഒമ്പതു വര്‍ഷങ്ങളായി ആദായ നികുതി റിട്ടേണ്‍ കൊടുക്കാത്ത അവസ്ഥ ആയിരുന്നത് തിരുത്തി. ലാഭേച്ഛയില്ലാത്ത സംഘടന എന്ന പദവിയും സൊസൈറ്റിക്ക് തിരികെ ലഭിച്ചു.
നാല് കേരള സ്ക്കൂളുകളിലും അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയില്‍ നടന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായാണ്. ആര്‍.കെ. പുരം, വികാസ് പുരി സ്കൂളുകളില്‍ ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയം നിര്‍മ്മിച്ചു. കേരള സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന്‍റെ ഫലം നാല് കേരള സ്ക്കൂളുകളുടേയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിച്ചു കാണാം. ശോചനീയമായ അവസ്ഥയില്‍ ആയിരുന്ന ക്ലാസ്റൂം, ടീച്ചേര്‍സ്റൂം, ലാബ് എന്നിവയെ പി.ടി.എയുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും, അഭ്യദയകാംക്ഷികളുടെയും സഹായ സഹകരണത്താല്‍ മികച്ച നിലവാരത്തിലാക്കി. ഇത്മൂലം നാല് കേരള സ്ക്കൂളുകളുടേയും വിജയശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായി.
കോവിഡ് കാലത്ത് വളരെ മികച്ച രീതിയില്‍ ഓണ്‍ ലൈന്‍ ക്ളാസുകള്‍ നടത്താന്‍ ഇടപെടലുകള്‍ നടത്തി. മഹാമാരി കാലത്തെ ഒരു വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം കാനിങ് റോഡ് സ്ക്കൂളില്‍ സൗജന്യമാക്കി. നിരന്തരമായ അനാവശ്യ കോടതി വ്യവഹാരങ്ങള്‍ കൊണ്ട് കേരള എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ തിരഞ്ഞെടുപ്പ് നടപടികള്‍ അകാരണമായി നീണ്ടു പോയി. കേസുകള്‍ നല്‍കിയും കോടതി സ്റ്റേ വാങ്ങിയും തിരഞ്ഞെടുപ്പ് നടത്താനാവാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. മെമ്പര്‍ഷിപ്പിനെ ചൊല്ലിയുള്ള കോടതി വ്യവഹാരങ്ങള്‍ സൊസൈറ്റി പൊതുയോഗം വിളിക്കുന്നതും അസാധ്യമാക്കി. ഇതിനിടയില്‍ വന്ന കോവിഡ് മഹാമാരി രണ്ട് വര്‍ഷത്തിലധികം മുഴുവന്‍ നടപടിക്രമങ്ങളും നീണ്ടുപോകുന്നതിനും കാരണമായി. ഇപ്പോള്‍ ഈ കേസുകള്‍ മിക്കതും തീര്‍പ്പായതു കൊണ്ടാണ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
പുതിയ ഭരണസമിതി മലയാളികളുടെ മക്കള്‍ക്ക് കോളേജ് വിദ്യാഭ്യാസം നടത്തുന്നതിന് സ്വന്തമായി കേരള എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ കോളേജ് തുടങ്ങാന്‍ ശ്രമിക്കണം. മറ്റ് ഒരു സംസ്ഥാനത്തിനോ, ഭാഷയ്ക്കോ രാജ്യതലസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ സ്ക്കൂളുകള്‍ ഇല്ല. മലയാളത്തിന്, കേരളത്തിന് ഡല്‍ഹിയില്‍ വിജയകരമായ നാല് കേരള സ്ക്കൂളുകള്‍ ഉണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.







