ഡല്‍ഹിലൊരു സാംസ്കാരിക കേന്ദ്രം... ?

ഡല്‍ഹിലൊരു സാംസ്കാരിക കേന്ദ്രം... ?

വിജയ് ചൗക്ക്

സുധീര്‍ നാഥ് 

ഒരു നാടിന്‍റെ വികസനത്തിന് അതാതു നാട്ടിലെ കലയും സാംസ്കാരിക രംഗവും പ്രധാന ഘടകമാണ്. അതു കൊണ്ട് തന്നെയാണ് ലോകത്തെ എല്ലാ രാജ്യങ്ങളും അതാതു പ്രദേശത്തെ കലയും സാംസ്കാരിക പെരുമയും വിളിച്ചോതി ലോക ജനതയെ ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മള്‍ കാണുന്നതാണ്. ഓരോ രാജ്യവും അവരുടെ നാട്ടിലേയ്ക്ക് മറ്റു രാജ്യക്കാരെ ക്ഷണിക്കുന്നത് അതാത് രാജ്യത്തിന്‍റെ വികസനവും കൂടി മുന്നില്‍ കണ്ടാകും. ഇന്ത്യയും അപ്രകാരം തന്നെ ലോകത്തിന് മുന്നില്‍ കലാ സാംസ്കാരിക പൈതൃക മേഖലകളെ ഉയര്‍ത്തി കാട്ടാറുണ്ട്. താജ്മഹലും, ഗോവയിലെ ബീച്ചും, കാശ്മീരിലെ ശിക്കാരയും പോലെ കേരളത്തിന്‍റെ കെട്ടുവള്ളങ്ങളും, കഥകളിയും, മോഹിനിയാട്ടവും ഇന്ത്യ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ വികസനമാണ് അവിടെ നടക്കുന്നത്. അതില്‍ കേരളവും വികസിക്കുന്നു.

ഓരോ വര്‍ഷവും ടൂറിസം മേഖലകളില്‍ നിന്ന് കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. കേരളത്തിന്‍റെ വരുമാനത്തില്‍ വലിയ പങ്ക് വരുന്നത് ടൂറിസം മേഖലകളില്‍ നിന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടൂറിസത്തിന്‍റെ പ്രചാരണത്തിനായി കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പരസ്യങ്ങളിലെല്ലാം തന്നെ കേരളത്തെിന്‍റെ സാംസ്കാരിക ചിഹ്നങ്ങളായ വള്ളംകളിയും കഥകളിയും മറ്റും ഉണ്ടാകുന്നത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ലോക ജനതയെ ആകര്‍ഷിക്കുന്ന ഈ ചിഹ്നങ്ങള്‍ തന്നെയാണ് രാജ്യത്തിന്‍റെ ടൂറിസം വികസനത്തിനായി നല്‍കുന്ന പരസ്യങ്ങളിലും ഉള്‍ക്കൊണ്ട് കാണുന്നത് എന്നത് നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു. കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വിശേഷണത്തിനും അര്‍ഹമാണല്ലോ. ലോക പ്രശസ്ത വാരികയായ ടൈംസ് അടുത്തിടെ പുറത്തിറക്കിയ സര്‍വേ ഫലത്തില്‍ ലോകത്ത് കണ്ടിരിക്കേണ്ട അന്‍പത് സ്ഥലങ്ങളില്‍ കേരളവും ഇടം നേടിയിരിക്കുന്നു. പൈത്യക നഗരം എന്ന നിലയില്‍ ഇന്ത്യയില്‍ നിന്ന് അഹമദാബാദും ഇടം പിടിച്ചു. 

കേരളത്തിന്‍റെ പച്ചപ്പും, നീണ്ടു നിവര്‍ന്നു കിടക്കുന്ന കടലോരങ്ങളും, മലയും, പുഴയും ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്ന ഒന്നാണ്. അതുകൂടാതെ തന്നെയാണ് കേരളത്തിന്‍റെ കലയും, സംസ്കാരവും, ഭക്ഷണവും. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഒരു ചിഹ്നമായി തന്നെ വള്ളംകളിയും കഥകളിയും മറ്റു കണക്കാക്കപ്പെടുന്നു. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടത്ര വിഭവങ്ങള്‍ പ്രക്യതി വഴി ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. കേരളത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിച്ചേരുമ്പോള്‍ കേരളത്തിന്‍റെ സാമ്പത്തിക നിലയാണ് വളരുന്നത്. നേരിട്ടും അല്ലാതെയും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു. അതുവഴി കേരളത്തിലെ ജനങ്ങളുടെ ജീവിതം നിലവാരവും ഉയരും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേരളത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി കേരളത്തിന്‍റെ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്െ ലോക രാജ്യങ്ങളിലെ ടൂറിസം മേളകളിലെല്ലാം തന്നെ പങ്കെടുക്കുന്നുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. 

കോവിഡ് മഹാമാരിക്ക് ശേഷം അഭ്യന്തിര ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ്. മുന്‍പ് വിദേശ രാജ്യങ്ങളില്‍ പോയിരുന്ന നമ്മുടെ രാജ്യത്തെ ജനങ്ങള്‍ സ്വന്തം രാജ്യത്ത് തന്നെ ചിലവിടാന്‍ താത്പര്യം കാണിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ഇന്ത്യയില്‍ ടൂറിസം രംഗത്ത് കാശ്മീരും, ഹിമാചലും പോലെ കേരളവും ഒന്നാം നിരയില്‍ സ്ഥാനം നേടിയിരിക്കുന്നു. കേരളത്തിലേയ്ക്കുള്ള വീമാനങ്ങളുടെ കണക്ക് എടുത്താല്‍ തന്നെ അത് വ്യക്തമാകും. കൊച്ച് കേരളത്തില്‍ നാല് വിമാനതാവളങ്ങളാണ് ഉള്ളത്. നാലിടത്തും വിദേശ വിമാനങ്ങള്‍ പറന്നിറങ്ങുന്നു എന്ന വിശേഷണവും ഉണ്ട്. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക ജനത സാമ്പത്തികമായും, മാനസികമായും തകര്‍ന്നിരിക്കുകയാണ്. കേരള ജനതയും അങ്ങിനെ തന്നെയാണ് എന്നത് എടുത്ത് പറയേണ്ടതില്ല. സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജനതയെ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുവാന്‍ സാധിക്കൂ. പുത്തന്‍ ഉണര്‍വ്വ് ജനങ്ങളില്‍ ഉണ്ടാക്കി തകര്‍ന്ന സാമ്പത്തിക നിലയും, മാനസിക തകര്‍ച്ചയും മാറ്റേണ്ടത് അത്യാവശ്യമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും അതിന്‍റെ പ്രവര്‍ത്തിയിലാണ്. ഇന്ത്യയും, അപ്രകാരം ജനങ്ങളുടെ ക്ഷേമം ലക്ഷ്യം കണ്ടുള്ള പ്രവര്‍ത്തിയില്‍ തന്നെയാണ്. രാജ്യത്തെ ഓരോ സംസ്ഥാനവും അവരാല്‍ കഴിയുന്ന രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. 

കേരളത്തിന്‍റെ സാംസ്കാരിക മേഖലയെ രാജ്യത്തിനകത്ത് ഉയര്‍ത്തി കാണിക്കുന്നത് വളരെ അത്യാവശ്യവുമാണ്. രാജ്യത്ത ജനങ്ങള്‍ പതിവിന് വിപരീതമായി അഭ്യന്തിര ടൂറിസം രംഗത്ത് കൂടുതല്‍ താത്പര്യം കാണിക്കുന്നു എന്ന സാഹചര്യം കൂടി കണക്കിലെടുക്കണം. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ സാംസ്കാരിക കേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന മണ്ഡി ഹൗസിനോട് ചേര്‍ന്നാണ് ഏക്കര്‍ കണക്കിന് ഭൂമി കേരള സര്‍ക്കാരിന് സ്വന്തമായുള്ളത്. ട്രാവന്‍കൂര്‍ പാലസും, കപൂര്‍ത്തല പ്ലോട്ടും രാജ്യത്തെ ഒരു സംസ്ഥാനത്തിനും ലഭിക്കാത്ത കണ്ണായ സ്ഥലത്ത് അനാഥമായി കിടക്കുകയാണ്. ദയനീയം എന്ന് പറയട്ടെ ഈ പ്രദേശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുവാനായി കേരളസര്‍ക്കാര്‍ ഇന്നുവരെ മുന്നോട്ടുവന്നിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഈ ഭൂമിയില്‍ നിന്ന് കോടികളുടെ വരുമാനം കേരള സര്‍ക്കാരിന് ലഭ്യമാകും എന്നിരിക്കെ അത് ഉപയോഗിക്കാത്തത് കേരള ജനതയോട് ചെയ്യുന്ന ക്രൂരതയാണ്. 

കപൂര്‍ത്തിലാ പ്ലോട്ട് സ്വകാര്യ കമ്പനിക്ക് കൈമാറുവാനുള്ള നീക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നു. ഡല്‍ഹിയിലെ പ്രബുദ്ധരായ പ്രവാസി മലയാളികളുടെ ശക്തമായ എതിര്‍പ്പിന്‍റെ ഫലമായി അത് ഇല്ലാതാവുകയായിരുന്നു. അന്‍സാല്‍ ബില്‍ഡേഴ്സിന് അത് കൈമാറി വലിയ ഒരു കോംപ്ലക്സ് കെട്ടിട സമുച്ചയം പണിയുവാനുള്ള ശ്രമമാണ് അന്ന് ഇല്ലാതായത്. അന്ന് മുതല്‍ പ്രവാസി മലയാളികള്‍ ഉയര്‍ത്തുന്ന ആവശ്യമാണ് അവിടം കേരളത്തിന്‍റെ സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കണമെന്നത്. തിരുവിതാംകൂര്‍ രാജാവ് തന്‍റെ പടയാളികള്‍ക്കും കുതിരകള്‍ക്കും വേണ്ടി കെട്ടിപ്പൊക്കിയ ഒറ്റ നില കെട്ടിടത്തിലാണ് ഇന്ന് കേരള സര്‍ക്കാര്‍ ജീവനക്കാരുടെ കോട്ടേഴ്സുകള്‍ സ്ഥിതി ചെയ്യുന്നത്. തകര്‍ന്നു വീഴാറായ ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി അവിടെ ജീവനക്കാര്‍ക്ക് ഒരു വലിയ കെട്ടിട സമുച്ചയം തീര്‍ക്കുകയാണെങ്കില്‍, മറ്റു ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി കേരള സര്‍ക്കാരിന് ഉപയോഗിക്കാം. അവിടെ നിന്ന് കേരളത്തിന് ലഭിക്കുന്ന വരുമാനം കോടികളായിരിക്കും. 

കേരളത്തിന് ഡല്‍ഹിയില്‍ രണ്ട് കൊട്ടാരങ്ങള്‍ ആണുള്ളത് ഒന്ന് കൊച്ചി രാജാവ്  വാങ്ങിയ വൈകുണ്ട എന്ന കെട്ടിടം. രാജാവ് വാങ്ങിയതോടെ അത് പിന്നീട് കൊച്ചിന്‍ ഹൗസ് ആയി. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കേരള ഹൗസിന്‍റെ ഭാഗമായ കൊച്ചിന്‍ ഹൗസ് ആയി നിലനില്‍ക്കുന്നു. കൊച്ചിന്‍ ഹൗസ് നവീകരണം നടത്തി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താമസിക്കുന്നതിന് മാത്രം അത്യാധുനിക സൗകര്യങ്ങളുള്ള മുറികളാക്കി. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫീസും ഈ കെട്ടിടത്തിലാക്കി മാറ്റി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയാക്കി നടത്തി. അതേസമയം തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരമായിരുന്ന ട്രാവന്‍കൂര്‍ പാലസ് ഇപ്പോള്‍ അതിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. കേരള ഖജനാവില്‍ നിന്ന് 24 കോടി രൂപ ചെലവാക്കി എന്നാണ് പറയുന്നത്. എന്തായാലും നവീകരിച്ചുവരുന്ന തിരുവിതാംകൂര്‍ പാലസ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസി മലയാളികള്‍ ആഗ്രഹിച്ചതുപോലെ ഒരു സാംസ്കാരിക സമുച്ചയം ആയി ഉയരും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അവര്‍ക്ക് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ടി. കെ. രാമക്യഷ്ണന്‍ സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് ഉറപ്പ് ലഭിച്ചതായിരുന്നു. 

പണ്ടത്തെ ഉറപ്പിന് വിപരീതമായിട്ടുള്ള ചില നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ട്രാവന്‍കൂര്‍ പാലസ് ഒരു ഓഫീസ് സമുച്ചയമാക്കി മാറ്റുവാനുള്ള ശ്രമമാണ്. അതിന് തടയൊടുവാന്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് സാധിക്കേണ്ടതുണ്ട്. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമാണ് ഒരു നാടിന്‍റെ വളര്‍ച്ച സാധ്യമാകൂ എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന സാംസ്കാരിക നായകനുള്ള നാട് ആണല്ലോ കേരളം. 

കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളിയും മോഹിനിയാട്ടവും മറ്റും രാജ്യതലസ്ഥാനത്ത് അവതരിപ്പിക്കുന്നതിന് സ്വന്തമായ വേദി ഉണ്ടാകേണ്ടതുണ്ട്. അതിന് ഒരു സാംസ്കാരിക കേന്ദ്രം അത്യാവശ്യവുമാണ്. കേരളത്തിന്‍റെ സാംസ്കാരിക ലോകത്തെ രാജ്യ തലസ്ഥാനത്തിന് പരിചയപ്പെടുത്തി കൊടുക്കുക വഴി കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുകയുമാണ്. അന്തര്‍ദേശീയ കഥകളി കേന്ദ്രം ഡല്‍ഹിയില്‍ ഉണ്ട് എന്നുള്ളത് കേരള സര്‍ക്കാരിന് ആശ്വസിക്കാം. കാരണം സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ കഥകളി കേന്ദ്രത്തിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ടിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ കഥകളി അവതരിപ്പിക്കുവാന്‍ സാഹചര്യം ഒരുക്കുവാന്‍ സാധിക്കും. കേരളത്തിലേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ അത് ഉപകരിക്കും.


പ്രവാസികളായ മലയാളികള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും അതുപോലെ തന്നെ എല്ലാവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്ള ഡല്‍ഹിയില്‍ അവര്‍ക്കും കേരളത്തിന്‍റെ അഭിമാനമായ കഥകളി ആഴ്ചയില്‍ ഒരു ദിവസം കാണുവാനുള്ള അവസരമാണ് ഉണ്ടാകുന്നത്. പ്രവാസികളായ മലയാളികള്‍ക്ക് തങ്ങളുടെ കുട്ടികളെ കേരളത്തിന്‍റെ സംസ്കാരവുമായി അടുപ്പിക്കാന്‍ ഉതകുന്ന മറ്റ് പ്രദര്‍ശനങ്ങളും അവിടെ ഒരുക്കണം. കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ ഒരു ആര്‍ട്ട് ഗാലറി രാജ്യ തലസ്ഥാനത്ത് ആവശ്യമാണ്. കേരളത്തിലെ ചിത്ര കലാകാരന്‍മാര്‍ക്ക് രാജ്യതലസ്ഥാനത്ത് അവസരം ലഭിക്കാന്‍ അത് കാരണമാകും. സംഗീത ലോകത്തും നാടകലോകത്തും ഇത്തരത്തില്‍ ഒട്ടേറെ കലാകാരന്മാരും ദേശിയ തലത്തില്‍ ഒരു വേദിക്കായി കാത്തിരിക്കുന്നവരാണ്. കേരളത്തിന്‍റെ സ്വന്തം സാംസ്കാരിക കേന്ദ്രം ഡല്‍ഹിയില്‍ ഉണ്ടാകുക വഴി ഇവര്‍ക്കൊക്കെ ഒരു അവസരം ഉണ്ടാകുകയാണ്.