കേരളത്തിന് വേണം ഡല്‍ഹിലൊരു സാംസ്കാരിക കേന്ദ്രം

കേരളത്തിന് വേണം ഡല്‍ഹിലൊരു സാംസ്കാരിക കേന്ദ്രം 

കേരളത്തിന്‍റെ സാംസ്കാരിക സ്വത്താണ് കേരളത്തിന്‍റെ കലകളും, കലാരൂപങ്ങളും. അത് ടൂറിസത്തെ വളര്‍ത്തുന്നു. കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാനം ടൂറിസം വഴിയാണ് ലഭിക്കുന്നത് എന്നാണ് പറയുന്നത്. രാജ്യതലസ്ഥാനത്ത് കേരളത്തിലെ കലയെ വളര്‍ത്തുന്നതിന് ഒരു സാംസ്കാരിക കേന്ദ്രം വേണമെന്നതിന് കാലങ്ങളുടെ പഴക്കമുണ്ട്. കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസ് ഡല്‍ഹിയുടെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസിന് സമീപ പ്രദേശത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. തിരുവതാംകൂര്‍ രാജാവിന്‍റെ ഡല്‍ഹിയിലെ കൊട്ടാരമായിരുന്നു ട്രാവന്‍കൂര്‍ ഹൗസ്. സ്വാതന്ത്ര്യത്തിന് ശേഷം അത് കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായി. ഒരിടയ്ക്ക് കേരളാ ജനതക്ക് മൊത്തം അവകാശപ്പെട്ട സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുവാന്‍ വരെ നമ്മുടെ നേതാക്കന്മാര്‍ ഒരുങ്ങിയതാണ്. വലിയ പ്രതിഷേധമാണ് അന്ന് ഇടത്പക്ഷ സാംസ്കാരിക പ്രവര്‍ത്തകരുടെ നേത്യത്ത്വത്തില്‍ ഉണ്ടായത്. അന്ന് ഡല്‍ഹി മലയാളികളും കക്ഷി രാഷ്ട്രീയം നോക്കാതെ പ്രതിഷേധത്തിന്‍റെ ഭാഗമായി. വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് കേരള സര്‍ക്കാരിെ അന്നത്തെ നീക്കം ഉപേക്ഷിയ്ക്കേണ്ടി വന്നത്. അത് തടഞ്ഞതു കൊണ്ടാകണം സംരക്ഷിക്കപ്പെടാതെ കാടുപിടിച്ച് വര്‍ഷങ്ങളോളം ട്രാവന്‍കൂര്‍ പാലസിന് കിടക്കേണ്ടി വന്നത്.  ഇന്ത്യാഗേറ്റിനോട് ചേര്‍ന്നുകിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയിലെ മനോഹരമായ ഒരു കൊച്ചുകൊട്ടാരം ഏറെ ഒച്ചപ്പാടുകള്‍ക്കുശേഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുനര്‍ജീവിപ്പിച്ചിരുന്നു. വലിയ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അത് രാജ്യത്തിന്‍റെ കലാലോകം ഏറ്റെടുത്ത് തുടങ്ങിയപ്പോഴെ പ്രവര്‍ത്തനം നിര്‍ത്തി. നോര്‍ക്കയുടെയും റൂട്ട്സിന്‍റെയും ഓഫീസ് അവിടേക്ക് മാറിയതിനുശേഷം കേരള സര്‍ക്കാരിന്‍റെ പല ഓഫീസുകളും അങ്ങോട്ട് മാറ്റി. അതോടെ സാംസ്കാരിക കേന്ദ്രമായി വളര്‍ന്നു തുടങ്ങിയ ട്രാവന്‍കൂര്‍ പാലസ്, ഓഫീസ് സമുച്ചയമായി. കാലക്രമേണ വീണ്ടും പഴപടി കാടും പടലുമായി. ട്രാവന്‍കൂര്‍ പാലസ് വീണ്ടും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുനര്‍ജീവിക്കുകയാണ്. ട്രാവന്‍കൂര്‍ പാലസിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ അവസാന വട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ നടക്കുകയാണ്. 24 കോടി രൂപയാണ് കേരള സര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചിരിയ്ക്കുന്നത്.  ചിങ്ങത്തിന് മുന്‍പ് ഇവിടം പ്രവര്‍ത്തനക്ഷമം ആകും എന്നാണ് മനസിലാകന്നത്. പുതുക്കി പണിത് സുന്ദരമാകുന്ന ട്രാവന്‍കൂര്‍ പാലസ് ഏതൊരു കേരളീയനും അഭിമാനിക്കാവുതാണ്. പക്ഷെ അത് കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രമായി പ്രഖ്യാപിക്കേണ്ടതുണ്ട്. എല്ലാ ആഴ്ച്ചയിലും കഥകളി, സംഗീതം, നാടകം, സിനിമ, ചിത്രപ്രദര്‍ശനം തുടങ്ങി എല്ലാം ഇവിടെ ഒരുക്കാവുന്നതാണ്. മുന്‍പ് വലിയ ഒരു ആര്‍ട്ട് ഗ്യാലറി ഉണ്ടായിരുന്നു. ഡല്‍ഹിയിലെ അറിയപ്പെടുന്ന ഏതൊരു ആര്‍ട്ട് ഗാലറിയും പോലെ ട്രാവന്‍കൂര്‍ പാലസിലെ ആര്‍ട്ട് ഗാലറിയും പ്രശസ്തമായിരുന്നു. ഇന്ത്യാ ഗേറ്റിനും സാംസ്ക്കാരിക കേന്ദ്രമായ മണ്ഡി ഹൗസിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്‍റെ മൂല്യം നിര്‍ണയിക്കുക ഏറെ പ്രയാസമാണ്. വെറും ഒരു വാസസ്ഥലമായോ, ഓഫീസ് സമുച്ചയമായോ ഇത് മാറ്റാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രദ്ധിക്കണം. അത് സാംസ്കാരിക സമുച്ചയമല്ലാതെ മറ്റെന്തായാലും കേരളത്തോട് കാണിക്കുന്ന അനീതിയായി കാലം വിലയിരുത്തും. കേരള ഖജനാവിന് വന്‍ വരുമാനം ഉണ്ടാക്കുന്ന ഒരു സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം വര്‍ഷങ്ങളായി ഡല്‍ഹി മലയാളികള്‍ ഉയര്‍ത്തുന്നുണ്ട്. അവരുടെ സ്വപ്നം സാക്ഷാത്കരിക്കണം. അതുവഴി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാം. മലയാളികളായ കലാകാരന്‍മാര്‍ക്ക് ദേശിയ തലത്തില്‍ ശ്രദ്ധ നേടാം. ഡല്‍ഹിയില്‍ സര്‍ക്കാരിന്‍റെ സാംസ്ക്കാരിക കേന്ദ്രമായി ട്രാവന്‍കൂര്‍ പാലസ് മാറുന്നതിനായി നമുക്ക് കാത്തിരിക്കാം. 

(സുധീര്‍ നാഥ് / കേരള ശബ്ദം / പാര്‍ലമെന്‍റ് സ്ട്രീറ്റ്)