ബ്ലൂ ഐസുകളെ കുറിച്ചറിയുമോ...?

ബ്ലൂ ഐസുകളെ കുറിച്ചറിയുമോ...?

വിജയ് ചൗക്ക്

സുധീര്‍ നാഥ് 

ബ്ലൂ ഐസുകളെ കുറിച്ച് കേട്ടിട്ടുണ്ടോ..? നീല കണ്ണുകളുള്ള സുന്ദരിമാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്, ചര്‍ച്ച ചെയ്തിട്ടുമുണ്ട്. പക്ഷെ ഇതതല്ല. നീല നിറത്തിലുള്ള ഐസ് കട്ടകളെ കുറിച്ചാണ് പറയുന്നത്. ആകാശ യാത്രയ്ക്കിടെ വിമാനങ്ങളുടെ മാലിന്യ ടാങ്കില്‍ ലീക്കുണ്ടെങ്കില്‍ പുറത്ത് വരുന്ന ജലം കട്ടപിടിക്കുകയും, അത് വലിയ വലുപ്പമായാല്‍ യാത്രയ്ക്കിടയില്‍ ഭൂമിയിലേയ്ക്ക് പതിക്കുകയും ചെയ്യും. വ്യാമയാന രംഗത്ത് അങ്ങിനെ വീഴുന്ന മാലിന്യ ഐസ് കട്ടകളെ ബ്ലൂ ഐസ് എന്നാണ് പറയുന്നത്. വടക്കേ ഇന്ത്യയില്‍ പല ഗ്രാമങ്ങളിലും ഇത്തരം നീല ഐസ് കട്ടകള്‍ ആകാശത്ത് നിന്ന് വീണ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വലിയ ഐസ് കട്ടകള്‍ വീണ് പരിക്ക് പറ്റിയവരുണ്ട്. വീട് തകര്‍ന്നവരുണ്ട്. അത് ദൈവ കോപമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രാദേശിക ഭക്ത ഗ്രൂപ്പുകള്‍ വ്യാപകമായി ഇറങ്ങിയ റിപ്പോര്‍ട്ടുകളും ഉണ്ട്. ഭക്തിയോടെ ശൗചാലയ ജലം കട്ടപിടിച്ച ബ്ലൂ ഐസ് പൂജിക്കുന്ന കാഴ്ച്ചയും വടക്കേ ഇന്ത്യയില്‍ ഉണ്ടായി. ജനങ്ങള്‍ കൗതുകത്തോടെ ശൗചാലയ മാലിന്യ ജലത്തിന്‍റെ ഐസ് കട്ടകള്‍ കൈകളില്‍ എടുത്ത് കൊണ്ടുപോകുന്നത് അറിവില്ലായ്മ കൊണ്ടാണ്. ബ്ലൂ ഐസ് പിടിച്ച് സെല്‍ഫി എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചവര്‍ ഒട്ടേറെ പേരുണ്ട്. 


വിമാനങ്ങള്‍ കൂടുതലായി പറന്ന് പോകുന്ന വടക്കേ ഇന്ത്യയിലെ പല ഗ്രാമങ്ങളില്‍ നിന്നുമാണ്  ഇത്തരം റിപ്പോര്‍ട്ടുകള്‍ അപൂര്‍വ്വമായി ഉണ്ടായിട്ടുള്ളത്. വീമാനങ്ങളിലെ ശൗചാലയത്തിന്‍റെ മാലിന്യ ശേഖരണ ടാങ്കില്‍ ലീക്കുണ്ടെങ്കില്‍ അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് വരെ അത് താഴെ വീഴുന്നത് ശ്രദ്ധിക്കപ്പെടണമെന്നില്ല. പക്ഷെ, വീമാനം ഉയര്‍ന്ന് അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രി എത്തുന്നതോടെ ശൗചാലയത്തിലെ മാലിന്യ ജലം ടാങ്കില്‍ നിന്ന് വിമാനത്തിന് പുറത്ത് വരികയും കട്ട പിടിക്കാന്‍ തുടങ്ങുകയും ചെയ്യും. മാലിന്യങ്ങള്‍ ലീക്ക് ചെയ്ത് വീമാനത്തിന് പുറത്ത് വന്നാല്‍ അത് ഐസായി മാറും. തുള്ളി തുള്ളിയായി പുറത്ത് വരുന്ന മാലിന്യ ജലം വലിയ ഗോളമാകും. ഒരു നിശ്ചിത വലുപ്പമെത്തിയാല്‍ അത് വിമാനത്തില്‍ നിന്ന് അടര്‍ന്ന് താഴെ വീഴും. വിമാനങ്ങളിലെ ടോയ്ലറ്റുകളില്‍ ഉപയോഗിക്കുന്ന അണുനാശിനി നീല നിറമായതിനാല്‍ പുറത്ത് വരുന്ന മാലിന്യ ജലത്തിനും നീല നിറമായിരിക്കും. ഇത് ഐസായി മാറുമ്പോള്‍ നീല നിറമാകും. അതുകൊണ്ടാണ് ഇതിനെ ബ്ലൂ ഐസ് എന്ന് വിളിക്കുന്നത്.

കേരളത്തിന്‍റെ വ്യാമമേഖലകളില്‍ കൂടുതല്‍ വിമാനങ്ങള്‍ പറക്കാത്തത് കൊണ്ട് ബ്ലൂ ഐസ് വീഴുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്‍റെ മുകളിലൂടെ അന്തര്‍ദേശിയ വിമാന സര്‍വ്വീസുകള്‍ കുറവുമാണ്. ദീര്‍ഘ ദൂര വിമാനങ്ങളില്‍ നിന്നാണ് സാധാരണ ബ്ലൂ ഐസ് അപകടം ഉണ്ടാകാറ്. മണിക്കൂറുകളോളം നീളുന്ന ആകാശ യാത്രകളിലാണ് ഇത്തരത്തില്‍ ബ്ലൂ ഐസ് ഉണ്ടാകുന്നതും, അത് ഭൂമിയിലേയ്ക്ക് പതിക്കുന്നതും. ഉത്തര്‍ പ്രദേശിലെ വാരണസി ഏറ്റവും കൂടുതല്‍ തിരക്കുള്ള വ്യാമ പാതയാണ്. വാരണസിക്ക് മുകളിലൂടെ ഒട്ടേറെ അന്തര്‍ദേശിയ വിമാന സര്‍വ്വീസ് നടക്കുന്നുണ്ട്. സമാനമാണ് മധ്യപ്രദേശിന്‍റെ ആകാശ പാതയും. ഇന്ത്യയില്‍ ഇറങ്ങാതെ ഇന്ത്യന്‍ വ്യാമപാത ഉപയോഗിച്ച് പോകുന്ന മറ്റ് രാജ്യങ്ങളുടെ വിമാനങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ ബ്ലൂ ഐസ് അപകടം ഉണ്ടായിട്ടുള്ളത്.  


ബ്ലൂ ഐസ് വിഷയമായി പല സീരിയലിലും സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1996 ല്‍  'ഫ്റോസ് ബൈറ്റ് ' എന്ന സീരിയലില്‍ നായകന്‍ ഒരാളെ ബ്ലൂ ഐസില്‍ നിന്ന് രക്ഷിക്കുന്ന രംഗമുണ്ട്. പ്രശസ്തമായ ദി ബിഗ് ബാങ്ങ് തിയറി എന്ന ടെലിവിഷന്‍ പരിപാടിയില്‍ ബ്ലൂ ഐസ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ബി.ബി.സി. അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ബ്ലൂ ഐസ് പല തവണ പരാമര്‍ശിക്കുന്ന ഡോക്കുമെന്‍ട്രികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2003 ല്‍ എച്ച്.ബി ഒ ടെലിവിഷന്‍ ബ്ലൂ ഐസിനെ കുറിച്ച് ഒരു ഡോക്കുമെന്‍ട്രി പ്രക്ഷേപണം ചെയ്തിരുന്നു. അതിന് ശേഷം മാത്രമാണ് വ്യാമയാന രംഗത്ത് പോലും ബ്ല്യൂ ഐസ് ഗൗരവമായി ചര്‍ച്ച ചെയ്ത് തുടങ്ങിയത്. വ്യാമയാന രംഗം നാള്‍ക്കു നാള്‍ വളരുകയാണ്. കൂടുതല്‍ വിമാനങ്ങള്‍ ആകാശത്തിലൂടെ പറക്കുമ്പോളായിരിക്കും ബ്ലൂ ഐസ് എന്ന സംഭവം കൂടുതല്‍ സംസാര വിഷയമാകുന്നത്. 

ബ്ലൂ ഐസ് എന്നത് വിമാനത്തിന് തന്നെ അപകടം ഉണ്ടാക്കുന്ന ഒന്നാണ്. ബ്ലൂ ഐസ് വീണതിനെ തുടര്‍ന്ന് എന്‍ജിന്‍ തകരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ലോക വ്യാമയാന ചരിത്രത്തില്‍ അത്തരത്തിലുള്ള മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്‍റെ മുന്‍വശത്തെ ശൗചാലയത്തില്‍ നിന്ന് ലീക്കുണ്ടാക്കുമ്പോള്‍ രൂപം കൊള്ളുന്ന ബ്ലൂ ഐസ് വിമാനത്തിനെ അപകടത്തിലാക്കും. വിമാനവുമായ ബന്ധം വേര്‍പ്പെട്ട് അതീവ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനത്തിന്‍റെ എന്‍ജിനുകളില്‍ ഇടിച്ചാണ് മൂന്ന് തവണയും അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായി ഇടിക്കുന്നു ബ്ലൂ ഐസ് എന്‍ജിന്‍ തകരാന്‍ കാരണമാകും. എന്‍ജിന് കേടുസംഭവിച്ചത് വഴി അടിയന്തിരമായി ലാന്‍റ് ചെയ്യേണ്ട സാഹചര്യമാണ് മൂന്ന് അപകടങ്ങളിലും സംഭവിച്ചത്. ആളായം ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 

ലോകത്താകമാനം വ്യാമയാന രംഗത്ത് മുപ്പതോളം ബ്ലൂ ഐസ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് ഗൗരവപ്പെട്ടതായിരുന്നില്ല. അതുകൊണ്ട് തന്നെ അത് എണ്ണത്തില്‍ പെടുത്തിയിട്ടില്ല. പക്ഷെ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ഉണ്ടായ ബ്ലൂ ഐസ് അപകടത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വീടുശളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന സംഭവങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിമാനം ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്ത് താഴ്ന്ന് വരുന്ന സമയത്താണ് കൂടുതല്‍ അപകടം സംഭവിച്ചിട്ടുള്ളത്. വിമാനത്തിലെ മാലിന്യ ടാങ്കില്‍ ലീക്കുണ്ടെങ്കില്‍ അത് ഐസായി വിമാനത്തിനോട് ചേര്‍ന്ന് ഇരിക്കും. വിമാനം ലാന്‍റിങ്ങിനായി താഴുന്ന അവസരത്തില്‍ അന്തരീക്ഷ ഊഷ്മാവ് കൂടും. അപ്പോള്‍ വിമാനവുമായുള്ള ബന്ധം വേര്‍പ്പെട്ട് ഭൂമിയിലേയ്ക്ക് പതിക്കും. എല്ലാ വര്‍ഷവും ഇപ്പോള്‍ ബ്ലൂ ഐസ് അപകടം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഇന്ത്യയില്‍ മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 2015 ഡിസംബര്‍ 17 ന്  60 വയസുള്ള രാജ് റാണി ഗൗഡ് എന്ന ആദിവാസി സ്ത്രീയുടെ തോളില്‍ ഒരു കിലോ തൂക്കം വരുന്ന ഫുഡ്ബോളിന്‍റെ വലിപ്പത്തിലുള്ള ബ്ലൂ ഐസ് വീണ് പരിക്ക് പറ്റിയിരുന്നു. അന്‍പത് കിലോയോളം തൂക്കമുള്ള ബ്ലൂ ഐസ് അവരുടെ വീടിന്‍റെ മുകളില്‍ വീണ് പൊട്ടി കഷ്ണങ്ങളായി. അതിലെ ഒരു കഷ്ണമാണ് അവരുടെ തോളില്‍ വീണത്. ഇത് ബോപ്പാലിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടായി വന്നതോടെയാണ് വ്യാമയാന മന്ത്രാലയം പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കി ഇടപെട്ടത്. ഇന്ത്യന്‍ വ്യോമയാന ബ്ലൂ ഐസ് അപകടത്തില്‍ മനുഷ്യന് പരിക്ക് സംഭവിക്കുന്നത് 2015 ല്‍ രാജ് റാണിക്ക് സംഭവിച്ചത് മാത്രമാണ്. സാധാരണ ഗതിയില്‍ ഇരുന്നൂറിലേറെ കിലോ വരുന്ന ബ്ലൂ ഐസുകളാണ് വിമാനങ്ങളില്‍ നിന്ന് ഭൂമിയില്‍ പതിക്കാറ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലൂ ഐസ് വീഴ്ച്ചകള്‍ തുറന്ന പ്രദേശങ്ങളിലാണ്. 

ആകാശപാതയിലൂടെ പറന്ന് പോകുന്ന വിമാനങ്ങളില്‍ നിന്ന് ബ്ലൂ ഐസ് വീഴുന്നുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ റഡാറുകളുടെ ചിത്രങ്ങള്‍ക്ക് സാധിക്കും. ബ്ലൂ ഐസ് ഒഴിവാക്കാന്‍ കര്‍ശന പരിശോധന കൊണ്ട് മാത്രമേ സാധിക്കൂ. സുരക്ഷാ പരിശോധനയുടെ ഭാഗമായി മാലിന്യ ടാങ്കുകളില്‍ ചോര്‍ച്ച ഉണ്ടോ എന്നത് കര്‍ശനമായി പരിശോധിക്കുകയാണ് ഇത് ഒഴിവാക്കുവാനുള്ള ഏക മാര്‍ഗം. അടുത്തിടെ മുതല്‍ എല്ലാ വിമാന കമ്പനികളും ഇത് ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. 

വലിയ അപകടങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചില്ലെങ്കിലും ബ്ലൂ ഐസിന് കാരണമാകുന്ന വിമാന കമ്പനികള്‍ക്ക് നാഷ്ണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വിമാനങ്ങളെ നിയന്ത്രിക്കുന്ന പൈലറ്റിനും പിഴ ഈടാക്കുമെന്നാണ് ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ്. വരും നാളില്‍ ബ്ലൂ ഐസ് പ്രതിഭാസം ഇന്ത്യയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാം. കൂടുതല്‍ അന്തര്‍ ദേശീയ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യാമയാന പാത ഉപയോഗിക്കുന്നുണ്ട് എന്നത് അതിന്‍റെ കാരണമാണ്. അതുകൊണ്ടു തന്നെ വരും നാളുകളില്‍ ബ്ലൂ ഐസ് ജനങ്ങള്‍ ചര്‍ച്ച ചെയ്യും.