താത്രിക്കുട്ടിയെ വിപ്ലവ നായികയാക്കി 'തയാ'.
സുധീര്‍ നാഥ്.
സ്ത്രീ കേന്ദ്ര കഥാപാത്രമായി ഒട്ടേറെ സിനിമകള്‍ ഇതിനകം ഇന്ത്യന്‍ സിനിമയില്‍ പുറത്ത് വന്നിട്ടുണ്ട്. കേരള ചരിത്രത്തിലെ വേറിട്ട സ്ത്രീ കഥാപാത്രമാണ് കുറിയേടത്ത് താത്രിക്കുട്ടി അഥവാ കുറിയേടത്ത് സാവിത്രി. നമ്പൂതിരി സമുദായത്തിനിടയില്‍ നിലനിന്നിരുന്ന പല ആചാരങ്ങളില്‍ ഒന്നാണ് സ്മാര്‍ത്ത വിചാരം. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് തയാ എന്ന ചിത്രം. താത്രിക്കുട്ടിയുടെ കഥ സിനിമയിലും നാടകത്തിലും മുന്‍പ് വന്നിട്ടുള്ളതാണ്. എം ടി വാസുദേവന്‍ നായരുടെ 'പരിണയം', മാടമ്പ് കുഞ്ഞുക്കുട്ടന്‍റെ 'ഭ്രഷ്ട്', ഷാജി എന്‍ കരുണിന്‍റെ 'വാനപ്രസ്ഥം', അരവിന്ദന്‍റെ 'മാറാട്ടം' തുടങ്ങി നിരവധി ഉദാത്ത സൃഷ്ടികള്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പ്രമേയമാക്കിയുള്ള ചലചിത്രങ്ങളാണ്. താത്രിക്കുട്ടിയുടെ കഥയുടെ തികച്ചും വ്യത്യസ്തമായ ആവിഷ്ക്കാരമാണ് 'തയാ' എന്ന സംസ്ക്യത സിനിമയില്‍ ഇപ്പോള്‍ സംവിധായകള്‍ ഡോക്ടര്‍ ജി. പ്രഭ അവതരിപ്പിച്ചിരിക്കുന്നത്.
ഡോക്ടര്‍ ജി. പ്രഭ കഥയും തിരക്കഥയും സംവിധാനവും ചെയ്ത 'തയാ' എന്ന സംസ്കൃത സിനിമ ഡല്‍ഹിയില്‍ നടന്ന ഹാബിറ്റേറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഗോകുലം ഗോപാലന്‍റെ ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി ജോസഫിന്‍റെ മനോഹരമായ ക്യാമറ വേറിട്ട ദൃശ്യാനുഭവം നല്‍കുന്നു. ബി. ലെനിന്‍റെ എഡിറ്റിങ്ങും, കൃഷ്ണ്ണനുണ്ണിയുടെ ശബ്ദ മിശ്രിതവും എടുത്ത് പറയണം. ഇന്ദ്രന്‍സ് ജയന്‍റേതാണ് വസ്ത്രാലങ്കാരം. പട്ടണം റഷീദാണ് ചമയം, ബിജു പൗലോസാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. കലാ സംവിധാനം ബോബനാണ്. എല്ലാവരും ഈ സിനിമയില്‍ അവരവരുടെ മേഖലയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. സിനിമയുടെ വിജയത്തിന് ഇവരുടെ പങ്ക് അത് കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കേന്ദ്ര കഥാപാത്രമായ കുറിയേടത്ത് താത്രിക്കുട്ടി എന്ന സാവിത്രിയായി അനുമോള്‍ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. നെടുമുടി വേണു, ബാബു നമ്പൂതിരി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, നന്ദകിഷോര്‍, മാര്‍ഗ്ഗി രേവതി, ഉത്തര, പള്ളിപ്പുറം സുനില്‍ , ദിനേഷ് പണിക്കര്‍, വടക്കുംപ്പാട്ട് നാരായണന്‍, മാസ്റ്റര്‍ അതിദേവ്, കുമാരി മീനാക്ഷി അനീഷ് തുടങ്ങി എല്ലാവരും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ നെടുമുടി വേണുവും, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും അന്തരിച്ചു.
'തയാ' എന്ന സിനിമ തീര്‍ച്ചയായും ചരിത്ര പശ്ചാത്തലത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. വേഷവിധാനവും, വെളിച്ചവും കേരളത്തിന്‍റെ പഴയ കാലത്തേയ്ക്ക് പ്രേക്ഷകരെ നയിക്കുന്നു. മലയാള ചരിത്രത്തിന്‍റെ ഭാഗമായ സംഭവങ്ങള്‍ ചലചിത്ര ആവിഷ്കാരത്തില്‍ കൊണ്ടുവന്ന സംവിധായകനും, അതിന് പണം മുടക്കിയ നിര്‍മ്മാതാവും അഭിനന്ദനം അര്‍ഹിക്കുന്നു.
സവര്‍ണ സമുദായത്തില്‍ കീഴാള സമുദായത്തെക്കാള്‍ പുരുഷാധിപത്യം ശക്തമായിരുന്നു എന്നത് ചരിത്രമാണ്. ഓരോ ഇല്ലത്തും മൂസ്സാംബൂരി എന്നറിയപ്പെടുന്ന മൂത്ത നമ്പൂതിരിക്കു മാത്രമേ വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളൂ. അനുജന്മാര്‍ അമ്പലവാസി ഭവനങ്ങളിലും നായര്‍ തറവാടുകളിലും സംബന്ധവുമായി കഴിഞ്ഞു. മൂസാമ്പൂരിമാര്‍ പ്രായവും അവശതയും വകവെക്കാതെ ഒട്ടേറെ വിവാഹം കഴിക്കാമായിരുന്നു. പ്രായം പോലും നോക്കാതെ എണ്‍പതുകാരനായ നമ്പൂതിരി കൊച്ചു കുട്ടികളെ പോലും വിവാഹം കഴിക്കുകയും, ചെറു പ്രായത്തില്‍ തന്നെ വിധവകളാകുകയും ചെയ്യുമായിരുന്നു. നമ്പൂതിരി സമുദായത്തിലെ ഇത്തരം രീതികള്‍ മൂലം വൈവാഹികമോ ലൈംഗികമോ ആയ ജീവിതാനുഭവങ്ങളെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമുദായത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ഭീമമായ അന്തരം നിലനിന്നിരുന്നു. പല അന്തര്‍ജ്ജനങ്ങളും ആജീവനാന്തം കന്യകകളായിത്തന്നെ തുടരുവാനും നിര്‍ബന്ധിതരായിരുന്നു.
നമ്പൂതിരി സ്ത്രീകള്‍ക്ക് ചാരിത്ര്യദോഷം അഥവാ പരപുരുഷന്മാരുമായി ലൈംഗിക ബന്ധം ആരോപിക്കപ്പെട്ടാല്‍ അവരെ വിചാരണ ചെയ്യുകയും തീര്‍പ്പ് കല്പിക്കുകയും ചെയ്യുന്നതിനാണ് സ്മാര്‍ത്ത വിചാരം എന്ന് പറയുന്നത്. അങ്ങനെ ആരോപണവിധേയരാകുന്ന സ്ത്രീകളെ സാധനം എന്നാണ് വിളിക്കുക. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പാര്‍പ്പിക്കുകയും ശേഷം രാജാവിന്‍റെ സാന്നിദ്ധ്യത്തില്‍ വിചാരണ നടത്തുകയുമായിരുന്നു ആദ്യകാലത്തെ രീതി. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതില്‍ പങ്കുള്ള പുരുഷന്‍ (പുരുഷന്മാര്‍) എന്നിവര്‍ക്കും ചേര്‍ന്ന് ഭ്രഷ്ട് കല്പിക്കപ്പെടുന്നതാണ് ഈ വിചാരണയുടെ അവസാനം.
കേരളത്തില്‍ വളരെ അധികം കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും, ഏറ്റവും അധികം ചര്‍ച്ച .ചെയ്യപ്പെടുകയും ചെയ്ത സ്മാര്‍ത്തവിചാരമായിരുന്നു കുറിയേടത്തു താത്രിയുടെത്. കുറിയേടത്ത് സാവിത്രിയുടെ കഥകള്‍ പല രീതിയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയ്ക്കായി സാവിത്രിയുടെ കഥയ്ക്ക് ചെറിയ മാറ്റങ്ങള്‍ സ്വന്തം നിലയ്ക്ക് വരുത്തിയതായി സംവിധായകന്‍ ഡോ: പ്രഭ സമ്മതിക്കുന്നുണ്ട്. പരപുരുഷ ബന്ധം ആരോപിച്ച് സ്മാര്‍ത്ത വിചാരം നടത്തിയ കുറിയേടത്ത് താത്രിക്കുട്ടി 64 പുരുഷന്‍മാരുടെ പേര് പറഞ്ഞെന്നും 65 ആമത് പേര് പറയും മുന്‍പ് രാജാവ് വിചാരണ നിര്‍ത്തി എന്നാണ് പ്രചാരമുള്ള കഥയില്‍ ഉള്ളത്. അടുത്തതത് തന്‍റെ പേരായിരിക്കും എന്ന ഭയം രാജാവിനുണ്ടായി എന്നാണ് പറയുന്നത്. എന്നാല്‍ സിനിമയില്‍ രാജാവിന് പകരം ന്യായാധിപനായി പ്രശസ്തനായ നമ്പൂതിരിയാണ് എത്തുന്നത്. താത്രിക്കുട്ടിയെ പാര്‍പ്പിച്ച അഞ്ചാം പുരയില്‍ എത്തിയ ന്യായാധിപനെ വീട്ടില്‍ അടച്ചിട്ട ശേഷം അഗ്നിക്ക് ഇരയാക്കുകയാണ് സിനിമയില്‍.
നമ്മള്‍ വായിച്ചതും കേട്ടതുമായ കുറിയേടത്ത് താത്രിക്കുട്ടിയുടെ കഥകളില്‍ നിന്ന് വേറിട്ട ഒരു ആവിഷ്ക്കാരമാണ് ഈ സിനിമയില്‍ കാണുന്നത്. തയാ എന്ന സിനിമയില്‍ സാവിത്രിക്കുട്ടി സ്വന്തം പ്രണയിതാവിന് മാത്രം ശരീരവും മനസും സമര്‍പ്പിക്കുന്നു. തന്‍റെ സൗന്ദര്യവും, ശരീരവും ഉപയോഗിച്ച് തന്നെ സമുദായത്തിലെ മാന്യന്‍മാരായി നടക്കുന്നവരെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ ഊരാകുടുക്കിലാക്കി വിചാരണ ചെയ്യുന്നു. സ്മാര്‍ത്ത വിചാരത്തിലൂടെ ന്യായാധിപന് നേരേയും ലൈംഗീക ആരോപണം ഉന്നയിക്കുന്നുണ്ട് ചിത്രത്തില്‍ താത്രിക്കുട്ടി. സിനിമയില്‍ താത്രിക്കുട്ടിക്ക് വിപ്ലവ നായികയുടെ പരിവേഷം സംവിധായകന്‍ നല്‍കുന്നു.
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കല്‍പ്പകശേരി ഇല്ലത്തിലാണ് താത്രി ജനിച്ചത്. പതിമൂന്നാം വയസ്സില്‍ തലപ്പള്ളിയിലെ തന്നെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ കുറിയേടത്തു മനയിലെ രാമന്‍ നമ്പൂതിരിയുമായി വിവാഹിതയായി. 1905-ന്‍റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരം ആരംഭിച്ച് പൂര്‍ത്തീകരിച്ചത്. താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനൊടുവില്‍ താത്രിയും ഭര്‍ത്താവും അടക്കം 64 പേര്‍ക്ക് ഭ്രഷ്ടുണ്ടായതായി രേഖപെടുത്തിയിട്ടുണ്ട്.
നമ്പൂതിരി ജീവിതത്തിന്‍റെ അധഃപതനത്തിന്‍റെ അന്ത്യത്തിന്‍റേയും അന്തര്‍ജ്ജനങ്ങളുടെ മറക്കുടയില്‍ നിന്നുള്ള മോചനത്തിന്‍റേയും തുടക്കമായി താത്രിയെ വി.ടി. ഭട്ടതിരിപ്പാട് വിലയിരുത്തിയിട്ടുണ്ട്. ബ്രാഹ്മണമേധാവിത്വത്തിനു തന്നെ തകര്‍ച്ചയുടെ ആരംഭം താത്രിയുടെ സ്മാര്‍ത്തവിചാരവും, അതിന്‍റെ വിധിയോടുള്ള പുരോഗമന ചിന്താഗതിക്കാരായ നമ്പൂതിരി യുവാക്കളുടേയും, യുവതികളുടെയും എതിര്‍പ്പിനാലും ആയിരുന്നുവെന്നാണ് ദേവകി നിലയങ്ങോട് അഭിപ്രായപ്പെടുന്നത്. മറ്റ് സമുദായങ്ങളില്‍ തുടങ്ങിയ നവോത്ഥാന ചിന്ത നമ്പൂതിരി സമുദായത്തിലേയ്ക്ക് വ്യാപിക്കുന്നത് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തോടെയാണെന്ന് പ്രേംജി തുടങ്ങിയവരും കണക്കാക്കുന്നു.






