അടുത്ത രാഷ്ട്രപതിയിലേയ്ക്ക്...

അടുത്ത രാഷ്ട്രപതിയിലേയ്ക്ക്...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ആരു വരും എന്നതിന് ഉത്തരം ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം. ഭരണപക്ഷമുന്നണി സ്ഥാനാര്‍ത്ഥിയായി ഒറിസയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുന്‍ ബി.ജെ.പി. നേതാവും ഇപ്പോള്‍ ത്രിണമുല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹയാണ്. ദ്രൗപതി മുര്‍മു 64 വയസുകാരിയാണെങ്കില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 20 വയസ് കൂടുതലാണ്. 84 വയസ്.

പ്രതിപക്ഷത്തെ 13 പാര്‍ട്ടികള്‍ മാത്രമാണ് ശരത് പവാറിന്‍റെ  നേതൃത്ത്വത്തില്‍ യോഗം ചേര്‍ന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പ്രതിപക്ഷത്തുള്ള ബിജു ജനതാ ദള്‍, ടി.ആര്‍.എസ്., ആം ആദ്മി പാര്‍ട്ടി, അകാലിദള്‍, വൈ. എസ്. ആര്‍. കോണ്‍ഗ്രസ് എന്നിവര്‍ വിട്ടു നിന്നു. ഇതോടെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന്‍റെ രാഷ്ട്രപതി സ്ഥാനം ഉറച്ചതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി പ്രതിഭാ പട്ടേലാണ്. ദ്രൗപതി മുര്‍മു ജയിക്കുകയാണെങ്കില്‍ അവര്‍ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാകും. കെ. ആര്‍. നാരായണനായിരുന്നു രാജ്യത്തെ ആദ്യത്തെ ദളിത് രാഷ്ട്രപതി. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള മുര്‍മു ജയിച്ചാല്‍ അത് ചരിത്രത്തിന്‍റെ ഭാഗമാകും. സമൂഹത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ആദിവാസി ഗോത്രവര്‍ഗത്തില്‍ നിന്നൊരു വ്യക്തി ഒന്നാം പൗരനാക്കുക വിപ്ലവം തന്നെയാണ്.

രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ എന്ന സ്ഥാനമാണ് രാഷ്ട്രപതിയാകുന്ന വ്യക്തിക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ സായുധ സേനാ വിഭാഗങ്ങളുടെ പരമാധികാരിയാണ് ഇന്ത്യന്‍ രാഷ്ട്രപതി. 1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കായതില്‍ പിന്നെയാണ് രാഷ്ട്രപതിയുടെ കീഴില്‍ രാജ്യം വന്നത്. അതിന് മുന്‍പ് രാജാവിന്‍റേയും ഗവര്‍ണര്‍ ജനറലിന്‍റേയും കീഴിലായിരുന്നു രാജ്യം നയിക്കപ്പെട്ടത്. ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള അധികാരവും പാര്‍ലമെന്‍റ് സമ്മേളിക്കാത്ത സമയത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ എല്ലാ സുപ്രധാന നിയമനങ്ങളും രാഷ്ട്രപതിയാണ് നടത്തുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍, യു.പി.എസ്.സി., ചെയര്‍മാന്‍, സൈനിക മേധാവികള്‍, സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

ഇന്ത്യന്‍ രാഷ്ട്രപതി തന്‍റെ അധികാരം നേരിട്ടോ ഭരണഘടന പ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ മുഖേനയോ നിര്‍വ്വഹിക്കാമെന്നാണ് നിയമമെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു. ചുരുക്കം ചില അധികാരങ്ങള്‍ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാല്‍ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്‍റിന്‍റെ പേരില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭയാണ് നിയന്ത്രിക്കുന്നതും നടപ്പാക്കുന്നതും. പാര്‍ലമെന്‍റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ വോട്ടിന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്നു.

ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്നു. 1950 ജനുവരി 26 ന് അധികാരം ഏറ്റ അദ്ദേഹം 12 വര്‍ഷവും 107 ദിവസവും ഇന്ത്യയുടെ രാഷ്ട്രപതിയായി തുടര്‍ന്നു. പിന്നീട് ഒരാളും ഇത്രയേറെ കാലം ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്നില്ല. ഈ കാലയളവില്‍ ഉപരാഷ്ട്രപതിയായിരുന്ന എസ് രാധാകൃഷ്ണന്‍ 1962 മെയ് 13 മുതല്‍ അഞ്ച് വര്‍ഷം രാഷ്ട്രപതിയായി. ഈ കാലയളവില്‍ ഉപരാഷ്ട്രപതി ആയിരുന്ന സക്കീര്‍ ഹുസൈന്‍ 1967 മെയ് 13 ന് രാഷ്ട്രപതിയായി. രാഷ്ട്രപതിയായിരിക്കെ തന്നെ 1969 മെയ് 3 ന് അദ്ദേഹം അന്തരിച്ചു. 

ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി ഫക്റുദ്ദീന്‍ അലി അഹമ്മദായിരുന്നു. 1974 ആഗസ്ത് 24 ന് രാഷ്ട്രപതിയായ അദ്ദേഹവും അധികാരത്തിലിരിക്കെ 1977 ഫെബ്രുവരി 11 ന് അന്തരിച്ചു. ഇതിനിടയില്‍ വി.വി. ഗിരി രണ്ട് തവണയും, സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന മുഹമ്മദ് ഹിദായത്തുള്ളയും ആക്റ്റിക്ക് രാഷ്ട്രപതിയായി  പ്രവര്‍ത്തിച്ചു. വി.വി. ഗിരി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് രാജി വെച്ചപ്പോഴായിരുന്നു ഹിദായത്തുള്ള രണ്ടാമതും ആക്റ്റിങ്ങ് രാഷ്ട്രപതിയായത്. ഹിദായത്തുള്ള ഇന്ത്യയുടെ 11ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. ഇന്ത്യയുടെ ആറാമത് ഉപരാഷ്ട്രപതിയായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആറും രാഷ്ട്രപതിയായി നീലം സജ്ജീവ് റഡ്ഡി 1977 ജൂലൈ 25 ന് ചുമതല ഏറ്റു. പിന്നീടുള്ള എല്ലാ രാഷ്ടപതിമാരും അഞ്ച് വര്‍ഷം വീതം പൂര്‍ത്തിയാക്കിയവരാണ്. ഗ്യാനി സെയില്‍ സിംഗ്, ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മ, കെ. ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പട്ടേല്‍, പ്രണാബ് മുഖര്‍ജി, ഏറ്റവും ഒടുവില്‍ രാംനാഥ് കോവിന്ദ് അഞ്ച് വര്‍ഷം ഏതാനും ദിവസം കൊണ്ട് പൂര്‍ത്തിയാക്കും.

ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ ഔദ്യോഗിക താമസ സ്ഥലമാണ് രാഷ്ട്രപതിഭവന്‍. ന്യൂ ഡല്‍ഹിയിലെ റെയ്സീന ഹില്‍ എന്ന് അറിയപ്പെടുന്ന ഡല്‍ഹിയുടെ ഹൃദയ ഭാഗത്താണ് രാഷ്ട്രപതിഭവന്‍ സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1931 ജനുവരി 23 ന് ആദ്യ താമസക്കാരനായ ഇര്‍വിന്‍ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്.

33 ഏക്കര്‍ വിസ്തീര്‍ണമുള്ള വിശാലമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. നാലുനിലകളിലുള്ള രാഷ്ട്രപതി ഭവന് ഏകദേശം 340 മുറികളാണ് ഉള്ളത്.  രാഷ്ട്രപതി ഭവനില്‍ പ്രവര്‍ത്തനങ്ങള്‍കള്‍ക്ക് ഉപയോഗിക്കുന്ന നിരവധി ഹാളുകള്‍ ഉണ്ട്. അവയില്‍ രണ്ടെണ്ണം, ദര്‍ബാര്‍ ഹാള്‍, അശോക ഹാള്‍ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടത്. രാഷ്ട്രത്തിന്‍റെ വിശേഷ ദിവസങ്ങളില്‍ രാഷ്ടപതി ഭവന്‍റെ പിന്നിലുള്ള മുഗള്‍ ഗാര്‍ഡനില്‍ അറ്റ് ഹോം എന്ന ചടങ്ങ് നടക്കാറുണ്ട്. ക്ഷണിക്കപ്പെടുന്ന പ്രമുഖര്‍ക്കൊപ്പം രാഷ്ട്രപതിയും അറ്റ് ഹോം ചടങ്ങില്‍ പങ്കെടുക്കും.  എല്ലാ വര്‍ഷവും ഫെബ്രുവരി മാസം മുഗള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാറുണ്ട്. രാഷ്ട്രപതി ഭവനോട് ചേര്‍ന്നുള്ള മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ട്.