അഗ്നിപഥ് സമരം കര്‍ഷക സമരത്തിന്‍റെ പുതിയ രൂപമോ ....?
വിജയ് ചൗക്ക്
സുധീര്‍ നാഥ്
രാജ്യം വ്യാപകമായി ചര്‍ച്ച ചെയ്യുന്നത് അഗ്നിപഥ് എന്ന പ്രതിരോധ വകുപ്പ് നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പദ്ധതിയാണ്. രാജ്യത്തെ പിടിച്ചു കുലുക്കിയ കര്‍ഷകസമരം ഒരു വര്‍ഷം നീണ്ടു നിന്നത് മറക്കുവാന്‍ നമ്മുടെ സമൂഹത്തിന് ഇനിയും സമയം ആയിട്ടില്ല. സമരത്തിന് മുന്നില്‍ മുട്ടു മടക്കിയ സര്‍ക്കാരിനേയും നമ്മള്‍ കണ്ടതാണ്. അതിനു സമാനമായ രീതിയിലുള്ള ഒരു പ്രക്ഷോഭം ആണ് ഇപ്പോള്‍ ഇന്ത്യയിലാകമാനം വളര്‍ന്നു കൊണ്ടിരിക്കുന്നത്. കര്‍ഷകസമരം ഒരു പരിധി വരെ സമാധാനപരമായിരുന്നു. പക്ഷെ ഇപ്പോള്‍ നടക്കുന്ന സമരം അക്രമാസക്തമാണ്. പൊതുമുതല്‍ വ്യാപകമായാണ് നശിപ്പിക്കപ്പെടുന്നത്. തീവണ്ടികള്‍ക്കും ബസുകള്‍ക്കും തീയിടുന്നു. പോലീസിനും പട്ടാളത്തിനും നേരെ ബോംബും കല്ലും എറിയുന്നു. ശ്രീലങ്കയില്‍ സംഭവിച്ചത് ഇന്ത്യയില്‍ പരീക്ഷിക്കുന്നു എന്ന് സംശയിക്കുന്നവരെ കുറ്റം പറയുവാന്‍ കഴിയില്ല.
എന്താണ് അഗ്നിപഥ് എന്ന് അറിയണം. ഇന്ത്യന്‍ സൈന്യത്തിനെ ചെറുപ്പമാക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് അഗ്നിപഥ്. നിലവിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശരാശരി പ്രായം 30 വയസാണ്. അത് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കുറയുന്നു എന്നത് നിസാര കാര്യമല്ല. രാജ്യത്തെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനു വേണ്ടി യുവാക്കളായ ജനങ്ങളെ പരിശീലിപ്പിക്കുന്ന പദ്ധതിയാണ് എന്നും പറയാം. എല്ലാ ഇന്ത്യക്കാര്‍ക്കും എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഗ്നിപഥില്‍ അപേക്ഷിക്കാം. 17.5 വയസു മുതല്‍ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം സൈനിക റിക്രൂട്ട്മെന്‍റ്നടക്കാത്തതിനാല്‍ പ്രായപരിധി 23 വയസാക്കി പിന്നീട് ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീരന്‍മാര്‍ എന്ന് അറിയപ്പെടും. സൈനികര്‍ക്ക് നല്‍കുന്ന പരിശീലനം തന്നെയാണ് ഇവര്‍ക്ക് ആറ് മാസം നല്‍കുന്നത്.
സേനാംഗമായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. വര്‍ഷത്തില്‍ 30 ദിവസമായിരിക്കും അവധി. മെഡിക്കല്‍ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വര്‍ഷത്തില്‍ 10.04 ലക്ഷം രൂപയായിരിക്കും സേവാനിധി പാക്കേജ് പ്രകാരം അഗ്നിപഥ് സ്കീമില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുക. ആദ്യ വര്‍ഷം, മാസത്തില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവന്‍സ് ഇതിന് പുറമെ നല്‍കും. പ്രൊവിഡന്‍റ് ഫണ്ട് സര്‍ക്കാരിന് നല്‍കേണ്ട ആവശ്യമില്ല. പ്രവര്‍ത്തന കാലയളവില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും ലഭിക്കും. ഇതില്‍ 25 ശതമാനം പേരെ സ്ഥിരമായി നിര്‍മ്മിക്കുവാനും, മറ്റുള്ള 75 ശതമാനം പേര്‍ക്ക് ഒരു തുക സമാശ്വാസമായി നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു. നാലു വര്‍ഷമാണ് ഓരോ പ്രവര്‍ത്തന കാലാവധി. ജനറല്‍ ഡ്യൂട്ടിക്ക് അപേക്ഷിക്കാന്‍ പത്താം ക്ലാസില്‍ മൊത്തം 45 ശതമാനവും ഓരോ വിഷയത്തിനും 33 ശതമാനവും മാര്‍ക്കുണ്ടാകണം. റിക്രൂട്ട്മെന്‍റ് റാലിയില്‍ കായികക്ഷമത തെളിയിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷ. നാലു വര്‍ഷത്തെ കരാര്‍ നിയമനം കഴിഞ്ഞ് ഒഴിവാക്കുന്നവര്‍ക്ക് സര്‍വീസ് കാലയളവില്‍ ലഭ്യമായ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ വിലക്കുണ്ട്.
എന്തിനാണ് യുവാക്കള്‍ ഇവിടെ സമരം ചെയ്യുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ രഹിതരായ യുവാക്കളുടെ സമൂഹം ആശങ്ക ഉണ്ടാക്കുന്നു. അവരാണ് പ്രക്ഷോഭവുമായി തെരുവില്‍ യുദ്ധം ചെയ്യുന്നത്. തൊഴില്‍രഹിതരായ യുവാക്കളുടെ ഒരു വലിയ പ്രക്ഷോഭമാണ് ബീഹാറില്‍ നിന്ന് തുടങ്ങി ഉത്തര്‍പ്രദേശ് മധ്യപ്രദേശ് തുടങ്ങിയ മറ്റു കേന്ദ്രങ്ങളിലേക്ക് പടര്‍ന്നു പിടിച്ചിരിക്കുന്നത്. സമരം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നു കയറുന്നു എന്നുള്ളത് വളരെ ഗൗരവത്തോടുകൂടി വേണം കാണുവാന്‍. കര്‍ഷകസമരം എങ്ങനെ വളര്‍ന്നു എന്ന് സമീപ കാലത്ത് നമ്മള്‍ കണ്ടതാണ്. അതിനേക്കാള്‍ എത്രയോ മടങ്ങ് വേഗതയിലാണ് തൊഴില്‍രഹിതരായ യുവാക്കള്‍ ഇപ്പോള്‍ നടത്തുന്ന സമരം എന്നുള്ളത് ഗൗരവമായിത്തന്നെ പരിഗണിക്കണം. ഇന്ത്യന്‍ സമൂഹം പുതിയ വ്യവസ്ഥിതികളോട് പൊരുത്തപ്പെടാന്‍ സമയമെടുക്കും. കമ്പ്യൂട്ടര്‍, ട്രാക്ടര്‍, ആദാര്‍ തുടങ്ങിയവയ്ക്കെതിരെ സമരം ചെയ്ത ചരിത്രമുണ്ട്. കെ റെയിലിനെതിരെ നടക്കുന്ന സമരവും വേറിട്ട് കാണേണ്ടതില്ല.
അഗ്നിവീറുകളെ സ്വാഗതം ചെയ്തത് കോര്‍പ്പറേറ്റുകളാണെന്നത് ശ്രദ്ധേയമാണ്. അവര്‍ ഇവര്‍ക്ക് സംവരണവും ഉറപ്പ് നല്‍കുന്നുണ്ട്. പട്ടാള പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീറുകള്‍ക്ക് അച്ചടക്കം ഉണ്ടാകുമെന്നതില്‍ സംശയമില്ല. അഗ്നിപഥ് പദ്ധതിക്ക് എതിരായി സമരം ചെയ്തവരെ പരിഗണിക്കില്ല എന്നതാണ് വിവാദമായ ഒരു വ്യവസ്ഥ. എതിര്‍ശബ്ദം ഉയര്‍ത്തുന്നവര്‍ക്ക് സൈന്യത്തില്‍ വിലക്കു കല്‍പ്പിക്കുന്നത് ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും തിരുത്തല്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനും ഓരോ പൗരനും അവകാശമുണ്ട്. അത് നിഷേധിക്കുന്നതും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും ഭരണഘടനാലംഘനമാണ്. കരുത്തും അച്ചടക്കവുമുള്ള സൈന്യം ഇന്ത്യയുടെ പ്രത്യേകതയാണ്. നമ്മുടെ രാജ്യസ്നേഹത്തിന്‍റെ അടയാളം കൂടിയാണത്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. വിവാദ കാര്‍ഷിക ബില്ലുകള്‍ പോലെ അഗ്നിപഥ് പദ്ധതിയും പ്രധാനമന്ത്രിക്ക് പിന്‍വലിക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധി ഇക്കാര്യം കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, തെലങ്കാന, ജാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ അഗ്നിപഥിനെതിരേ കലാപസമാനാമായ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതിഷേധം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല ഇളവുകളും വാഗ്ദാനങ്ങളും മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണാത്ത സാഹചര്യമാണിപ്പോഴുള്ളത്. സേനകള്‍ക്കു പുറമെ മറ്റ് സര്‍ക്കാര്‍ സര്‍വീസികളിലും ' അഗ്നിവീറു'കള്‍ക്ക് സംവരണവും ജോലി സാധ്യതയും പ്രഖ്യാപിച്ചാണ് ദിവസങ്ങളായി തുടരുന്ന കലാപ സമാന പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും യുവാക്കളെ അഗ്നിപഥിലേക്ക് ആകര്‍ഷിക്കാന്‍ പലവിധ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.
ആര്‍.എസ്.എസ്. അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് അഗ്നിപഥ് എന്ന ആക്ഷേപം ഒരു ഭാഗത്ത് ഉയരുന്നുണ്ട്. നിലവിലുള്ള രീതി മാറ്റിമറിച്ച് സൈനിക സേവനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍എസ്.എസിന്‍റെ ബുദ്ധിശാലയില്‍ രൂപപ്പെട്ട ദീര്‍ഘകാല പദ്ധതിയാണ് സൈന്യത്തിനുമേലുള്ള കടന്നുകയറ്റം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്. സൈന്യത്തിലും നേരത്തേ കണ്ണുവച്ചിരുന്നു എന്നാണ് വിമര്‍ശകരുടെ ആരോപണം. പ്രതിവര്‍ഷം 60,000 പട്ടാളക്കാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അഗ്നിപഥ് നിലവില്‍ വന്നാല്‍ അത് 40,000 ആയി കുറയും. മുന്‍പുണ്ടായിരുന്ന സൈനിക റിക്രൂട്ട്മെന്‍റ് ഇല്ലാതാകുന്നത് വഴി 20,000 പേരുടെ അവസരം നഷ്ടപ്പെടുന്നു. ഇതു വരു ആക്ഷേപമായി ഉയര്‍ത്തി കാട്ടുന്നു. സൈനിക ശക്തി കുറയ്ക്കുവാന്‍ ഈ നടപടി കാരണമാകുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടി കാട്ടുന്നത്.
2010 -ല്‍ വി.ആര്‍ അജിത്ത്കുമാര്‍ എഴുതി, പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചڔ 'ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍ ' എന്ന നോവലില്‍ ഗുരുവായ കൗടില്യനുംڔചാന്ദ്ര ദേശത്തെ പ്രധാനമന്ത്രി ചന്ദ്രഗുപതനും തമ്മിലുള്ള ഒരു സംഭാഷണം വര്‍ത്തമാനകാലത്തെ സാഹചര്യത്തില്‍ വീണ്ടും വായിക്കേണ്ടതാണ്. നോവലില്‍ ഒരു ദിവസം കൗടില്യന്‍ ചന്ദ്രഗുപ്തനുമായി സംസാരിച്ചത് പ്രതിരോധ വകുപ്പിനെ കുറിച്ച് മാത്രമായിരുന്നു. മന്ത്രി ദീപാങ്കര്‍ കാലോയും ഒപ്പമുണ്ടായിരുന്നു. ഈ രംഗത്ത് ഇനിയും വരുത്തേണ്ട മാറ്റങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. വായുസേനയും നാവിക സേനയും കരസേനയും നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്‍റെ ഗുണങ്ങള്‍ അവര്‍ ആഹ്ലാദപൂര്‍വം പങ്കിട്ടു. നിര്‍ബന്ധിത പട്ടാള പരിശീലനം എന്ന ആശയം കൗടില്യന്‍ മുന്നോട്ട് വച്ചത് അപ്പോഴാണ്. അതിന് വലിയ എതിര്‍പ്പുണ്ടാകുമെന്ന് ചന്ദ്ര ഗുപ്തനും കാലോയും അഭിപ്രായപ്പെട്ടു.
കൗടില്യന്‍ ചിരിച്ചു കൊണ്ട് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ' നമ്മള്‍ നിര്‍ബന്ധിത സൈനിക സേവനം എന്ന് പറയുന്നതേയില്ല. സ്കൂള്‍ -കോളേജ് തലത്തില്‍ കായികക്ഷമതയ്ക്കു പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി ആവിഷ്കരിക്കുക. ആരോഗ്യമുള്ള യുവജനത എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാവണം ഇത് ആരംഭിക്കേണ്ടത്. നല്ല കരുത്തുള്ള ശരീരവും മനസുമുള്ള ജനതയാണ് എറ്റവും വലിയ പ്രതിരോധ സേന എന്ന് നമ്മള്‍ മനസിലാക്കണം, ഈ വിദ്യാഭ്യാസ പദ്ധതിയുടെ തുടര്‍ച്ചയായി എടുക്കേണ്ട നടപടിയാണ് ഇതിന്‍റെ രണ്ടാം ഘട്ടം.
പട്ടാളത്തില്‍ രണ്ട് വര്‍ഷം സേവനമനുഷ്ഠിക്കുന്നവര്‍ക്കുള്ള ഇളവുകള്‍ പ്രഖ്യാപിക്കണം. അത് അവര്‍ ആഗ്രഹിക്കുന്ന വിധമാകാം. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ ജോലി അതല്ലെങ്കില്‍ നികുതിയിലെ ഇളവ് അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെവിടെയും സൗജന്യ യാത്ര തുടങ്ങിയ ആകര്‍ഷണീയമായ പാക്കേജുകള്‍ നിങ്ങള്‍ കണ്ടെത്തുക. ഇങ്ങനെ രണ്ട് വര്‍ഷം സൈനിക പരിശീലനംڔ ലഭിച്ച ഒരു പൗരന്‍ മറ്റുള്ളവരേക്കാള്‍ കൃത്യനിഷ്ഠയും മാന്യതയുമുള്ളവനും ദേശസ്നേഹിയുമാകും. ശനിയെ പോലെ എതു സമയവും നമ്മെ ആക്രമിക്കാവുന്ന ഒരയലുള്ളപ്പോള്‍ സൈനിക പരിശീലനം ലഭിച്ച ഓരോ പൗരനും രാജ്യത്തിന്‍റെ അമൂല്യ സമ്പത്തായിരിക്കും ', കൗടില്യന്‍ പറഞ്ഞു നിര്‍ത്തി.
കര്‍ഷകസമരത്തില്‍ കര്‍ഷകരെ അണിനിരത്തിയ പോലെ തന്നെയാണ് അഗ്നിപഥ് സമരത്തില്‍ തൊഴില്‍ രഹിതരെ അണിനിരത്തിയിരിക്കുന്നത്. രണ്ടും ഹിന്ദിയുടെ ഹ്യദയഭൂമിയില്‍ നിന്നാണ് ശക്തി പ്രാപിച്ചിരിക്കുന്നത്. സമരക്കാരുടെ ആവശ്യം ന്യായമോ, അന്യായമോ ആകട്ടെ. സമരം ദേശിയ ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. സമരക്കാരെ തണുപ്പിക്കുക എന്ന കര്‍മ്മം കേന്ദ്ര സര്‍ക്കാരിന്‍റേതാണ്. അവരെ കാര്യകാരണ സഹിതം ബോധവത്ക്കരിക്കണം. രഹസ്യ അജണ്ഡ ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കണം. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടതായി വരും.
