പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ജൂണ്‍ 15
ഡല്‍ഹി ചുട്ട് പൊള്ളുന്നു
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ താപനില വലിയ അളവില്‍ ഉയര്‍ന്നത് ജനജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എല്ലാ ദിവസവം ശരാശരി 48 ഡിഗ്രി ചൂട് അടയാളപ്പെടുത്തുന്നു. 50 ഡിഗ്രി ചൂട് പല ദിവസങ്ങളിലും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ താപനില കൂടുന്ന സാഹചര്യത്തില്‍ വ്യാപകമായ തീപിടുത്തവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതീവ സുരക്ഷിതമായി സര്‍വ്വീസ് നടത്തുന്ന ഡല്‍ഹി മെട്രോയുടെ ഒരു കോച്ചിന് തീ പിടിച്ചത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. നോയിഡയില്‍ നിന്ന് ദ്വാരകയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബ്ലൂ ലൈനില്‍ യമുനാ ബാങ്ക് മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് തീപിടുത്തമുണ്ടായത്. വലിയ സുരക്ഷാ സംവിധാനങ്ങളുള്ളതിനാല്‍ യാത്രക്കാര്‍ സുരക്ഷിതരായി. രണ്ട് മണിക്കൂറിലേറെ മെട്രോ ഗതാഗതത്തെ സാരമായി ബാധിച്ചു. കെട്ടിട്ട സമുച്ചയങ്ങള്‍ക്ക് ഉണ്ടാകുന്ന തീയാണ് പലപ്പോഴും ആളപായം ഉണ്ടാക്കുന്നത്. മെയ് മാസത്തില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറിലേറെ വലിയ തീപിടുത്തമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 ല്‍ മെയ് മാസം 2174 കേസുകളം, 2020 ല്‍ 2325 തീപിടുത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രം 50 മനുഷ്യ ജീവനുകള്‍ തീപിടുത്തത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ചവറുകള്‍ക്കും ചെറു കാടുകള്‍ക്കും തീ പിടിക്കുന്നുണ്ട്.
തൃക്കാക്കര പോലെ രാജേന്ദര്‍ നഗര്‍.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് സമാനമായി രാജ്യ തലസ്ഥാനത്തെ രാജേന്ദര്‍ നഗര്‍ മണ്ഡലത്തില്‍ ജൂണ്‍ 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വേട്ടെണ്ണല്‍ 26 നാണ്. നിലവിലെ ആം ആദ്മി എം.എല്‍.എ. രാഘവ് ഛദ്ദ പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2015 ലും 2020 ലെ തിരഞ്ഞെടുപ്പിലും ആം ആദ്മിയാണ് ഇവിടെ ജയിച്ചത്. രാഘവ് ഛദ്ദ ജയിച്ചത് 20058 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു. ഉപതിരഞ്ഞെടുപ്പിന് ചിത്രം വ്യക്തമായതോടെ പ്രചരണം കടുത്തിരിക്കുന്നു. ആം ആദ്മി, ബി.ജെ.പി. കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അവരുടെ പ്രമുഖ നേതാക്കളെ എല്ലാം കളത്തില്‍ ഇറക്കി തുടങ്ങിയിരിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നേരിട്ടാണ് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പഞ്ചാബ് നിയമസഭാ അംഗങ്ങളും മന്ത്രിമാമാരും പ്രചരണത്തിന്‍റെ ഭാഗമായി ഡല്‍ഹി മന്ത്രിമാരോടും എം.എല്‍.എ മാരോടും ഒപ്പം പ്രചരണ രംഗത്ത് ഉണ്ട്. ബി.ജെ.പി.യും ഒട്ടും പുറകിലല്ല. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളും ഡല്‍ഹി രാജേന്ദര്‍ നഗര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ആവേശം കൂട്ടാന്‍ എത്തുന്നുണ്ട്. കോണ്‍ഗ്രസ് അവരെ കൊണ്ട് സാധിക്കുന്ന നേതാക്കളെ എത്തിക്കുന്നു. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ രാജേന്ദര്‍ നഗര്‍ മറ്റൊരു തൃക്കാക്കരയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
100% ഇലക്ട്രോണിക്ക് , 0% പുക
വായു മലിനീകരണ തോത് കുറയ്ക്കാന്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പുകയില്ലാ ബസുകള്‍ പുറത്തിറക്കി. അവര്‍ പൊതുജന സേവനത്തിനായി 1000 ഇലക്ട്രിക്ക് ബസുകളാണ് ആദ്യപടിയായി നിരത്തിലിറക്കുന്നത്. ഇതിന്‍റെ ഭാഗമായി 150 ബസുകള്‍ ആദ്യം ഓടി തുടങ്ങി. 100% ഇലക്ട്രോണിക്ക്, 0% പുക എന്ന പരസ്യ വാചകം ആലേഖനം ചെയ്ത നീല നിറത്തിലെ എ.സി. ബസുകള്‍ ഡല്‍ഹിക്ക് പുതിയ അലങ്കാരമാണ്. വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ വാഹനങ്ങള്‍ സി.എന്‍.ജിയിലേയ്ക്ക് മാറ്റിയിരുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ തുടര്‍ന്ന് ഊര്‍ജ സംരക്ഷണവും കൂടി ലക്ഷ്യം വെച്ച് ഇലക്ട്രിക്കല്‍ വാഹനങ്ങളിലേയ്ക്ക് രാജ്യവ്യാപകമായി പ്രവേശിക്കുകയാണ്. അതിന്‍റെ തുടക്കമാണ് ഡല്‍ഹിയില്‍ നടന്നത്. ഇലക്ട്രിക്ക് കാറുകളും ബൈക്കുകളും സ്ക്കുട്ടറുകളും സര്‍വ്വ സാധാരണമായി പ്രമുഖ പട്ടണങ്ങളില്‍ കാണുവാന്‍ സാധിക്കും. ഏറെ താമസിയാതെ രാജ്യവ്യാപകമായി ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകും. വലിയ സബ്സിഡിയാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. നികുതി ഇനത്തില്‍ മാത്രം വലിയ ഇളവ് നല്‍കിയത് വലിയ ആകര്‍ഷണമാണ്.
ഗ്യാന്‍ വാപിയും ശിവലിംഗവും
ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ച ഗ്യാന്‍ വാപി പള്ളിയാണ്. അവിടെ ശിവലിംഗം പോലൊരു വസ്തു കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായി. ബി.ജെ.പി. തന്നെ രണ്ട് തട്ടിലായി. ചാനലുകളിലെ അന്തി ചര്‍ച്ചകളിലെ പ്രധാന വിഷയം ഇതായി. 'ടൈംസ് നൗ' ചാനലില്‍ ഗ്യാന്‍വ്യാപി വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ബി.ജെ.പി. നേതാവ് നുപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശം ഏറെ ബഹളമായി. ഗ്യാന്‍ വാപി പള്ളിയില്‍ ശിവലിംഗം എന്ന് പറയുന്നത് കാലും മുഖവും കഴുകാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ഫൗണ്ടന്‍ ആണെന്ന് മുസ്ലീം പ്രതിനിധി പറയുകയും, ശിവലിംഗത്തെ റോഡ് സൈഡിലെ പോളുകളോടും പാര്‍ക്കിംഗ് ബൊള്ളാര്‍ഡുകളോടും ഒക്കെ ഉപമിക്കുകയും, സിലിണ്ടര്‍ ഷേപ്പിലുള്ള എന്ത് കിട്ടിയാലും നിങ്ങള്‍ ശിവലിംഗമാണെന്ന് പറഞ്ഞു കൊണ്ട് പോയി ആരാധിക്കുമോ എന്ന മട്ടില്‍ ശിവലിംഗാരാധന എന്ന സമ്പ്രദായത്തെ തന്നെ പരിഹസിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് തുടക്കം. ഇതിന് മറുപടിയായി നുപുര്‍ ശര്‍മ രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞു. 'നിങ്ങള്‍ ഹിന്ദു മതത്തിന്‍റെ വിശ്വാസങ്ങളേയും ആരാധനാ രീതികളെയും ഒക്കെ ആക്ഷേപിക്കുന്നത് പോലെ ഞാന്‍ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാല്‍ നിങ്ങള്‍ സഹിക്കുമോ? അങ്ങനെയെങ്കില്‍ പറക്കുന്ന കുതിരപ്പുറത്ത് കയറി പ്രവാചകന്‍ ചന്ദ്രനിലേക്ക് പോയതിനെ പറ്റിയും, അറുപത് വയസ്സില്‍ ആറ് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തതിനെ പറ്റിയും, ഒമ്പത് വയസ്സില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ പറ്റിയും, 88:20 വാക്യത്തില്‍ ഭൂമി പരന്നതാണെന്ന് പറഞ്ഞതിനെ പറ്റിയും ഒക്കെ ഞാനും പറയട്ടെ? നിങ്ങള്‍ കേട്ടിരിക്കുമോ?' എന്നാണ് അവര്‍ ചോദിച്ചത്. എന്തായാലും വിഷയം അന്തര്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. പ്രവാചക നിന്ധയാണ് നടന്നതെന്ന ആക്ഷേപം വ്യാപക ചര്‍ച്ചയായി. ബിജെപി ദേശീയ വക്താവായ നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതും, നവീന്‍ കുമാര്‍ ജിന്‍ഡാലിന്‍റെ ഒരു ട്വീറ്റു(ഇത് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു)മാണ് ലോകവ്യാപക പ്രതിഷേധത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇരുവരെയും ബിജെപി പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വരാണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദ് പ്രശ്നത്തില്‍ വ്യത്യസ്തമായ അഭിപ്രായവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.എത്തിയിട്ടുണ്ട്. 'പരസ്പര ധാരണയിലൂടെയുള്ള ഒരു പാത' ഈ വിഷയത്തില്‍ വേണമെന്നാണ് ആര്‍എസ്എസ് മേധാവി ആവശ്യപ്പെടുന്നത്. എന്തിനാണ് ശിവലിംഗം തേടി എല്ലാ മസ്ജീദിലും തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തായാലും വിഷയം വലിയ ഗൗരവത്തില്‍ അന്തര്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാണിപ്പോള്‍.
രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും
ദേശീയ തലത്തിലും പാര്‍ലമെന്‍റ് സ്ട്രീറ്റിലും ഇപ്പോള്‍ വലിയ ചര്‍ച്ച രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു രാഷ്ട്രപതിയാകും എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി എന്നാണ് അറിയുന്നത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പില്‍ മറിച്ചാണ് സാഹചര്യം. വെങ്കയ്യ നായിഡു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായാല്‍ ആന്ദ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനം പിന്തുണ നല്‍കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങിനെ സംഭവിച്ചാല്‍ വലിയ പ്രയാസമില്ലാതെ വെങ്കയ്യ നായിഡു ജയിക്കും. രാഷ്ട്രപതിയാകും. ഉപരാഷ്ട്രപതി സ്ഥാനം സ്വന്തമാക്കാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വലിയ ശ്രമം നടത്തുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. മിക്കവാറും അദ്ദേഹം ഡല്‍ഹിയില്‍ തന്നെയാണ്. ബി.ജെ.പി. നേതാക്കളെ നേരില്‍ കണ്ട് തന്‍റെ സാനധ്യം അറിയിക്കാന്‍ അദ്ദേഹം ഏറെ ശ്രമിക്കുന്നുണ്ട് എന്നത് ബി.ജെ.പി. കേന്ദ്രങ്ങളിലെ തന്നെ സംസാരമാണ്. എന്നാല്‍ കേന്ദ്ര മന്ത്രിയായ മുക്താര്‍ അബ്ബാസ് നഖ്വിക്ക് രാജ്യസഭാ സീറ്റ് നല്‍കാതിരുന്നത് ഇപ്പോള്‍ വ്യാപക ചര്‍ച്ചയാണ്. അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കൊണ്ടുവരും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണ്. ഒരു മുസ്ലീം മുഖമായിരിക്കും ഉപരാഷ്ട്രപതി എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതിയാകാനുള്ള സാധ്യത വളരെ വലുതാണ്.


