മറക്കാനാകാത്ത ഫ്രെയ്മുകളുടെ രവിയേട്ടന്‍

മറക്കാനാകാത്ത  ഫ്രെയ്മുകളുടെ രവിയേട്ടന്‍

സുധീര്‍ നാഥ് 


പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ആര്‍ രവീന്ദ്രന്‍ അന്തരിച്ചു. ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്. കാന്‍സര്‍ ചികിത്യിലായിരുന്നെങ്കിലും വാര്‍ത്താ ചിത്രങ്ങളുടെ തോഴനായ അദ്ദേഹത്തിന്‍റെ ഫോട്ടോകള്‍ മൂന്ന് ദിവസം മുപേ വരെ മെട്രോ വാര്‍ത്തയില്‍ വന്നിരുന്നു. തികഞ്ഞ സായി ഭക്തനായ അദ്ദേഹത്തിന്‍റെ സാമൂഹിക മാധ്യമ പേജില്‍ സായി ചിത്രങ്ങളാണ് ദിവസവും പോസ്റ്റ് ചെയ്തിരുന്നത്. മരണപ്പെടുന്ന ഞായറാഴ്ച്ച രാവിലേയും അത് തുടര്‍ന്നു. വാട്ട്സപ്പില്‍ സുഹ്യത്തുക്കള്‍ക്ക് ഗുഡ് മോര്‍ണിങ്ങ് പറയുവാനും അദ്ദേഹം മറന്നില്ല. വലിയ സൗഹ്യദത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം.

രവിയേട്ടന്‍ തന്‍റെ പ്രശസ്തമായ ഫോട്ടോയുടെ പിന്നിലെ കഥ പറഞ്ഞ് തന്നത് ഓര്‍ക്കുന്നു. വി പി സിങ്ങ് സര്‍ക്കാര്‍ രാജിവെയ്ക്കാന്‍ കാരണമായത് തിരുവനന്തപുരം കരുമം സ്വദേശിയും ഏജന്‍സി ഫ്രാന്‍സ് പ്രസ്സ് (എഎഫ്പി) സൗത്ത് ഏഷ്യാ ചീഫ് ഫോട്ടോഗ്രാഫറുമായ രവീന്ദ്രന്‍റെ ഒരു ചിത്രം കാരണമായിരുന്നു. 1990 സെപ്തംബര്‍ 19ന് വി പി സിംഗ് സര്‍ക്കാരിനെതിരെ മണ്ഡല്‍ കമ്മിഷന്‍ സമരം ശക്തി പ്രാപിച്ച സമയം. സൗത്ത് ഡല്‍ഹിയിലെ കാല്‍കാജിയിലുള്ള പ്രശസ്തമായ ദേശബന്ധു കോളേജിലെ കുട്ടികള്‍ സമരത്തിന്‍റെ ഭാഗമായി റോഡില്‍ തടികളും റബറും മറ്റും കൂട്ടി തീ ഇട്ട് വഴി തടഞ്ഞ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു. ഡസനിലേറെ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രമെടുക്കാന്‍ അവിടെ എത്തിയിരുന്നു. കോളേജ് ഗേറ്റ് സമരം കാരണം അടച്ചിരുന്നു. 

കോളേജ് മതില്‍ ചാടി കൈയ്യില്‍ കരുതിയ മണ്ണണ്ണയുമായി സമരം ചെയ്യുന്ന കുട്ടികള്‍ക്കിടയിലേയ്ക്ക് കോളേജിലെ കൊമേഴ്സ് വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമി മുദ്രാവാക്യം മുഴക്കി എത്തിയത്. ഗോസ്വാമി മണ്ണണ്ണ ദേഹത്ത് ഒഴിച്ച് തീ കത്തിച്ചത് പെട്ടന്നായിരുന്നു. ഞെട്ടലോടെ എല്ലാവരും നിന്നപ്പോള്‍ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ രവീന്ദ്രന്‍ മൂന്ന് ഫോട്ടോ പകര്‍ത്തി. അക്കാലത്ത് ഫിലിമിട്ടായിരുന്നു ഫോട്ടോ എടുക്കേണ്ടിയിരുന്നത്. ഇന്നത്തെ പോലെ ഡിജിറ്റല്‍ ഫോട്ടോ ഇല്ലായിരുന്നു. മറ്റ് പലരും ക്യാമറയുമായി വരുന്നതിന് മുന്‍പ് തീ അണക്കപ്പെട്ടു. 

മാരകമായ പൊള്ളലേറ്റ രാജീവ് ഗോസ്വാമി പിന്നീട് ഡല്‍ഹി സര്‍വ്വകലാശാല  യൂണിയന്‍ ചെയര്‍മാനായി. ഈ സംഭവത്തിന് ശേഷം ഒക്ടോബര്‍ 24ാം തിയതി ഇതേ കോളേജിലെ സുരീന്ദര്‍ സിംഗ് ചൗഹാന്‍ സമരത്തിന്‍റെ ഭാഗമായി ആത്മഹത്യ ചെയ്തു. 2004 ഫെബ്രുവരി 24ാം തിയതി 33ാം വയസില്‍ രാജീവ് ഗോസ്വാമി മരണമടഞ്ഞത് അന്നത്തെ ആത്മഹത്യാ ശ്രമത്തിന്‍റെ പരിണിത ഫലമായുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിരുന്നു. രവീന്ദ്രന്‍റെ ഫോട്ടോ വി പി സിംഗ് സര്‍ക്കാരിനെ താഴെ ഇറക്കി. ഫോട്ടോയ്ക്ക് ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചു. 

ഗുജറാത്തില്‍ പടര്‍ന്നു പിടിച്ച പ്ലേഗിന്‍റെ ഞെട്ടിക്കുന്ന നേര്‍കാഴ്ച്ചാ ഫോട്ടോകള്‍ രവീന്ദ്രന്‍ പകര്‍ത്തിയിട്ടുണ്ട്. ടൈം മാഗസിന്‍, ന്യൂസ് വീക്ക്, ഫിക്കാറോ എന്നീ മൂന്ന് അന്തര്‍ ദേശിയ പ്രസിദ്ധീകരണങ്ങള്‍ ഒരേ ആഴ്ച്ച ഇറങ്ങിയത് രവീന്ദ്രന്‍റെ പ്ലേഗ് ഫോട്ടോ കവര്‍ ചിത്രം നല്‍കി കൊണ്ടായിരുന്നു. 

30 വര്‍ഷം ഏജന്‍സി ഫ്രാന്‍സ് പ്രസ്സ് (എഎഫ്പി) ഫോട്ടോഗ്രാഫറായ രവീന്ദ്രന്‍ എ.എന്‍.ഐയുടെ ഫോട്ടോ എഡിറ്ററായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഫോട്ടോ ഗ്രാഫി രംഗത്ത് സജ്ജീവമായിരുന്ന രവീന്ദ്രനാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. പ്രണാമം രവിയേട്ടാ... താങ്കള്‍ തന്ന ഓര്‍മ്മകള്‍ എന്നും മനസിലെ ഫ്രയ്മുകളില്‍ ഉണ്ടാകും.