റെയ്സിനാ ഹില്ലിലേയ്ക്ക് കണ്ണും നട്ട്...

റെയ്സിനാ ഹില്ലിലേയ്ക്ക് കണ്ണും നട്ട്...

വിജയ് ചൗക്ക്

സുധീര്‍ നാഥ്. 

ഇന്നിയുള്ള നാളുകള്‍ റെയ്സിനാ ഹില്ലിലുള്ള രാഷ്ട്രപതി ഭവനില്‍ ആര് എത്തും എന്ന ചര്‍ച്ചയാണെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന്  നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയുടെ 16-ാം രാഷ്ട്രപതിയെ തിരത്തെടുക്കാനുള്ള തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 18 ന് തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 21 ന് വോട്ടെണ്ണല്‍ നടക്കും. ജൂണ്‍ 15 ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങും.  ജൂണ്‍ 29 മുതല്‍ നോമിനേഷന്‍ സ്വീകരിക്കാന്‍ തുടങ്ങും. ജൂലൈ 2 ന് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തിയതി കഴിഞ്ഞാല്‍ മത്സര ചിത്രം വ്യക്തമാകും.

രാഷ്ട്രപതി ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കാര്യനിര്‍വ്വഹണാധികാരം പ്രസിഡന്‍റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ മുഖേനയോ നിര്‍വ്വഹിക്കാമെന്നാണ് നിയമമെങ്കിലും  ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള അധികാരവും പാര്‍ലമെന്‍റ് സമ്മേളിക്കാത്ത സമയത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.ചുരുക്കം ചില അധികാരങ്ങള്‍ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാല്‍ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്‍റിന്‍റെ പേരില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും വിപ്പ് പുറത്തിറക്കാന്‍ പാടില്ല. ഇത് വലിയ അളവില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യും. നിലവിലെ രാഷ്ട്രപതിയുടെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. ജൂലൈ 25 ന് പുതിയ രാഷ്ട്രപതിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്ത് അധികാരം ഏല്‍പ്പിക്കും. ഇതിന് മുന്‍പ് 2017 ല്‍ ജൂലൈ 17 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് ഒഴിവുള്ള എല്ലാ സീറ്റുകളിലും പെതിരഞ്ഞെടുപ്പ് നടത്തിയിരിക്കണം. ജൂണ്‍ 9 ന് പതിനഞ്ച് സംസ്ഥാനങ്ങളിലെ,57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു. നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇതിന്‍റെ ഫലം തീര്‍ച്ചയായും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ചെറിയ അളവില്‍ ബാധകമാകും.

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള യോഗ്യത 35 വയസ് കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ വംശജനാകണം എന്നാണ്. ലോകസഭാ അംഗമാകാന്‍ യോഗ്യത ഉണ്ടായിരിക്കണം. വോട്ടവകാശമുള്ള 50 അംഗങ്ങളുടെ പിന്തുണയും ഉണ്ടാകണം. ലോക്സഭയിലേയും രാജ്യസഭയിലേയും തിരഞ്ഞെടുപ്പിലൂടെ എത്തിയ അംഗങ്ങള്‍ക്കും 28 സംസ്ഥാനങ്ങളിലെയും യൂണിയന്‍ ടെറിറ്ററിയിലെ തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളായവര്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ട് . ലോക്സഭാ, രാജ്യസഭാ അംഗങ്ങളുടെ വോട്ടുകളുടെ മൂല്യം മിക്കവാറും തുല്യമാണ്. എന്നാല്‍ നിയമസഭാ അംഗങ്ങളുടെ വോട്ടിന്‍റെ മൂല്യം അതാത് സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കുന്നത്. ലോക്സഭ, രാജ്യസഭ, നിയമസഭ എന്നിവിടങ്ങളിലെ നാമനിര്‍ദ്ദേശ പ്രകാരം അംഗങ്ങളായവര്‍ക്ക് വോട്ടിങ്ങ് അവകാശം ഉണ്ടാകില്ല. ലോക്സഭയുടെ സെക്രട്ടറി ജനറലായിരിക്കും റിട്ടേണിങ്ങ് ഓഫീസര്‍.

നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള കുറച്ച് പേരുടെ പിന്തുണ ഉണ്ടായാല്‍ മാത്രമേ ബി.ജെ.പി. തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രപതിയാക്കാന്‍ സാധിക്കൂ. ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനാണ് അതുകൊണ്ട് തന്നെ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. വെങ്കയ്യയ്ക്ക് ആന്ധ്രാ പ്രദേശിന്‍റേയും തെലുങ്കാനയുടേയും പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ കണക്ക് കൂട്ടല്‍. തമിഴ്നാട്ടില്‍ നിന്ന് അപ്രതീക്ഷിത പിന്തുണ ഉണ്ടാകും. ഇത് വിജയ സാധ്യത കൂട്ടുവാന്‍ കാരണമാകുമെന്ന് ബി.ജെ.പി. വിലയിരുത്തി കഴിഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമായി വെങ്കയ്യ നായിഡു ഉണ്ടാക്കിയിരിക്കുന്ന വ്യക്തി ബന്ധം വളരെ ശക്തമാണ്. അത് ബി.ജെ.പി. നേതൃത്ത്വത്തില്‍ നന്നായി അറിയും. നിലവിലെ സാഹചര്യത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നത് മണ്ടത്തരമാകും.

പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് മേല്‍നോട്ടം വഹിക്കുന്നത്. അമിതാബ് ബച്ചനേയും രത്തന്‍ ടാറ്റയേയും അതിനായി സമീപിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്‍റെ പിന്നാലെ പോകുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ആശങ്കയുമുണ്ട്. മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കൊണ്ടു വരുന്നതില്‍ കാലം കുറേയായി ശ്രമം നടക്കുന്നു. പക്ഷെ ഇതുവരെ അത് വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന് ഒന്നായി നിന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ സാധിക്കുന്ന കാര്യം പ്രയാസമാണ്.

1947 ആഗസ്റ്റ് 15-നു ഇന്ത്യ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിനു കീഴിലുള്ള പുത്രികാരാജ്യം ആയിട്ടാണ് സ്വതന്ത്രമായത്. ഇതിന്‍റെ തലവന്‍ ജോര്‍ജ് ആറാമന്‍ രാജാവും, അദ്ദേഹത്തിന്‍റെ ഭാരതത്തിലെ പ്രതിനിധി ഗവര്‍ണര്‍ ജനറലും ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്ര രാഷ്ട്രമായപ്പോള്‍ രാജാവിന്‍റെയും ഗവര്‍ണര്‍ ജനറലിന്‍റെയും പദവികള്‍ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവില്‍ വരുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന 1950 മുതലാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി രാജേന്ദ്ര പ്രസാദ് 1950 ജനുവരി 26 മുതല്‍ 1962 മെയ് 13 വരെ തുടര്‍ന്നു. ഇത്രയും കാലം ഇന്ത്യന്‍ രാഷ്ട്രപതിയായി തുടരാന്‍ പിന്നീട് ആര്‍ക്കും സാധിച്ചില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം സ്വതന്ത്രസമര സേനാനിയായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിലും, ക്വറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത അദ്ദേഹം അറിയപ്പെടുന്ന പണ്ഡിതനും നിയമജ്ഞനുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ ക്യഷി വകുപ്പ് മന്ത്രിയായിരുന്ന രാജേന്ദ്ര പ്രസാദ് സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്‍റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

സര്‍വ്വപ്പള്ളി രാധാക്യഷ്ണന്‍ എന്ന എസ്. രാധാക്യഷ്ണനായിരുന്നു ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതി. പണ്ഡിതനായിരുന്ന രാധാക്യഷ്ണനെ രാഷ്ട്രം 1954ല്‍ ഭാരത് രത്ന നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തേയും സര്‍വ്വകലാശാലകളില്‍ തത്വശാസ്ത്രത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ പ്രശസ്തമാണ്. ഹെല്‍പ് എയ്ജ് ഇന്ത്യ എന്ന പ്രശസ്ത എന്‍.ജി.ഒ. സ്ഥാപിച്ച അദ്ദേഹത്തിന്‍റെ ജന്‍മദിനമാണ് അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. 1962 മെയ് 13 മുതല്‍ അഞ്ച് വര്‍ഷം ഇന്ത്യയുടെ പ്രഥമ പൗരനായിരുന്നു എസ്. രാധാകഷ്ണന്‍. 1952 മുതല്‍ ഉപരാഷ്ട്രപതിയായിരുന്ന ശേഷമാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നത്. 

ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് സക്കീര്‍ ഹുസൈന്‍ ആയിരുന്നു. എസ് രാധാക്യഷ്ണന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയാണ് സക്കീര്‍ ഹുസൈന്‍. രാഷ്ട്രപതി പദവിയിലിരിക്കെയാണ് അദ്ദേഹം അന്തരിക്കുന്നത്. അന്ന് ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി രാഷ്ട്രപതിയുടെ താത്കാലിക ചുമതല ഏറ്റെടുക്കുകയായിരുന്നു. വി.വി. ഗിരി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഹിതായിത്തുള്ളയും കുറച്ച് നാള്‍ രാഷ്ട്രപതിയുടെ ചുമതല വഹിച്ചു. വി.വി ഗിരി നാലാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരള ഗവര്‍ണറായിരുന്ന അദ്ദേഹം അഞ്ച് വര്‍ഷം രാഷ്ട്രപതിയായിരുന്നു.

അഞ്ചാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമദ് രാഷ്ട്രപതി പദവിയിലിരിക്കെ തന്നെയാണ് അന്തരിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹം രണ്ട് വര്‍ഷവും 171 ദിവസവും മാത്രമേ രാഷ്ട്രപതി സ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന ബാസപ്പ ദാനപ്പ ജട്ടി രാഷ്ട്രപതിയുടെ താത്കാലിക ചുമതല വഹിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടിയുടെ പന്തുണയില്‍ നീലം സജീവ് റെഡ്ഡി ഇന്ത്യയുടെ ആറാമത് രാഷ്ട്രപതിയായി.

നീലം സജീവ് റെഡ്ഡി മുതല്‍ പിന്നീട് രാഷ്ട്രപതിമാരായ സെയില്‍ സിംഗ്, ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മ, കെ.ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ ദേവി പട്ടേല്‍, പ്രണാഭ് കുമാര്‍ മുഖര്‍ജി വരെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. നിലവിലെ രാഷ്ട്രപതിയും അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കും. ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മ, കെ.ആര്‍. നാരായണന്‍ എന്നിവര്‍ ഉപരാഷ്ട്രപതിയായ ശേഷമാണ് രാഷ്ട്രപതിയായത്. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന കിഷന്‍കാന്ത് അന്തരിച്ചത് സ്ഥാനം വഹിക്കുന്ന കാലത്ത് തന്നെയായിരുന്നു. രണ്ട് തവണ തുടര്‍ച്ചയായി ഉപരാഷ്ട്രപതിയാകാന്‍ ഹമീദ് അന്‍സാരിക്ക് സാധിച്ചു.