കോണ്‍ഗ്രസിന്‍റെ സ്വത്തുക്കള്‍ ചേരുന്നു... അറിയുന്നുണ്ടോ ....?

കോണ്‍ഗ്രസിന്‍റെ സ്വത്തുക്കള്‍ ചേരുന്നു... അറിയുന്നുണ്ടോ ....? 

വിജയ് ചൗക്ക്

സുധീര്‍ നാഥ്.  


നേതാക്കള്‍ മാത്രമല്ല കോണ്‍ഗ്രസിന്‍റെ സ്വത്തുക്കളും ചേരുന്നു....

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാള്‍ക്ക് നാള്‍ തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് അതിന് അപവാദമാണെന്ന പക്ഷമുള്ളവരും ഇല്ലാതില്ല. പക്ഷെ ഒന്നാലോചിച്ചാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പരിക്ക് വരുത്തിയില്ല എന്ന് സമാധാനിക്കാനേ സാധിക്കൂ. കോണ്‍ഗ്രസിന്‍റെ കുത്തക സംസ്ഥാനമായിരുന്ന ഉത്തരാഖണ്ഡിലെ ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പി. സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ പുഷ്ക്കര്‍ സിംഗ് ധാമിക്ക് 92.94 ശതമാനം വോട്ടു ലഭിച്ചു. കോണ്‍ഗ്രസിന് കെട്ടി വെച്ച കാശും പോയി. ഒറീസയില്‍ ബിജു ജനതാ ദള്‍ എം.എല്‍.എ ആയിരുന്ന കിഷോര്‍ മൊഹന്തിയുടെ മരന്നത്തെ തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഭാര്യ അള്‍ക്കാ മൊഹന്തിയെ സ്ഥാനാര്‍ത്ഥിയാക്കി. 66, 122 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കിഷോര്‍ പട്ടേലിനെ വെറും വീട്ടമ്മയായ ആള്‍ക്ക തോല്‍പ്പിച്ചത്. ബി.ജെ.പി. അവിടെ മൂന്നാം സ്ഥാനത്താണ്. എല്ലാ ദിവസവും കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേയ്ക്ക് പോകുന്ന വാര്‍ത്ത വന്നു കൊണ്ടിരിക്കുന്നു. പെട്രോളിയം വില ദിവസവും കൂടുന്നത് പോലെ തന്നെ അതും സ്ഥിരം ഏര്‍പ്പാടായിരിക്കുകയാണ്.

2012 ല്‍ ബി.ജെ.പി.യുടെ  പാര്‍ലമെന്‍റിലെ രജ്യസഭാ അംഗമായ സുബ്രമണ്യം സ്വാമി പൊക്കി കൊണ്ടു വന്നതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. ഇന്ന് കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കയാണ്. പഴയ പോലെ സ്വാധീനവും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇപ്പോള്‍ ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്തിനാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്നത് രാജ്യവ്യാപകമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എത്ര ന്യായീകരണം നിരത്തിയാലും യഥാര്‍ത്ഥ സംഭവങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വിവരിക്കപ്പെട്ടു കഴിഞ്ഞു. എന്തിനും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി കെട്ടിചമച്ചതാണെന്ന പതിവ് പല്ലവി ഈ കേസിന് ബാധകമാകുമെന്ന് തോന്നുന്നില്ല.

സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നു.ധ2പ ഇത് വരുമാന നികുതി നിയമത്തിലെ , 269ഠ വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റന്‍ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയില്‍ സ്വാമി ആരോപിക്കുന്നു.

1938 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്ര്യ സമരത്തിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മൂന്ന് പത്രങ്ങള്‍ തുടങ്ങി. നാഷ്ണല്‍ ഹെറാള്‍ഡ് ( ഇംഗ്ലീഷ്), ഖൗമി അവാസ് (ഉറുദു), നവജീവന്‍ ( ഹിന്ദി ) എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് അസോസിയറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് (എ.ജെ.എല്‍) എന്ന പേരില്‍ 5000 സ്വതന്ത്രൃസമര സേനാനികള്‍ ചേര്‍ന്നായിരുന്നു. നെഹ്റുവിനും അതില്‍ ഒരു ഷെയര്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇത് കോണ്‍ഗ്രസിന്‍റെ മുഖപത്രമായി മാറി.  ഡല്‍ഹിയിലെ  ഐ.ടി.ഒ. യിലെ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസിലാണ് എ.ജെ.എല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2008 വരെ പത്രം പ്രസിദ്ധീകരിച്ചിരുന്നു. 2010 ലെ കണക്ക് പ്രകാരം 1057 ഓഹരി ഉടമകള്‍ അസോസിറ്റേഡ് ജേര്‍ണല്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഉണ്ടായിരുന്നു.

2008 ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയത് വലിയ സാമ്പത്തിക ബാധ്യതയുടെ പേരിലായിരുന്നു. 90 കോടി രൂപയാണ് കമ്പനിയുടെ നഷ്ടമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പത്രം പ്രസിദ്ധീകരിച്ചിരുന്ന എ.ജെ.എല്‍ എന്ന കമ്പനിക്ക് ഡല്‍ഹി.ലഖ്നൗ, മുബൈ എന്നീ പ്രദേശങ്ങളില്‍ 2000 കോടി രൂപയുടെ സ്ഥലവും കെട്ടിടവും മറ്റുമായി ആസ്ഥി ഉണ്ടായിരുന്നു.

2010 ല്‍ നവംബറില്‍ അഞ്ച് ലക്ഷം രൂപയുടെ മൂലധനമുള്ള യങ്ങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ഡല്‍ഹിയില്‍ വളരെ രഹസ്യമായി തുടങ്ങി. അന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്ന രാഹുല്‍ ഗാന്ധിയായിരുന്നു കമ്പനിയുടെ ഡയറകറായിരുന്നത്. 2011 ജനുവരിയില്‍ സോണിയാ ഗാന്ധിയും യങ്ങ് ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കും 76 ശതമാനം ഷെയറുകളാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. ശേഷിച്ച 24 ശതമാനം ഷെയര്‍ കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറയ്ക്കും, ഓസ്ക്കാര്‍ ഫര്‍ണാഡസിനും ആയിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ടു പേരും ജീവിച്ചിരിപ്പില്ല. യങ്ങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊടുത്തതാണ് എന്ന് രേഖപ്പെടുത്തി നികുതി ഇളവ് നേടുകയും ചെയ്തിട്ടുണ്ട്.

2002 മാര്‍ച്ച് 2 മുതല്‍ എ.ജെ.എല്‍ കമ്പനിയുടെ ചെയര്‍മാനാണ് മോത്തിലാല്‍ വോറ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഖജാന്‍ജിയും മോത്തിലാല്‍ വോറ തന്നെയാണ്. യങ്ങ് ഇന്ത്യ കമ്പനിയുടെ തലപ്പത്തും മോത്തിലാല്‍ വോറ ഉണ്ടായിരുന്നു. 90 കോടി രൂപയുടെ എ.ജെ.എല്‍ കമ്പനിയുടെ കടം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് പലിശ രഹിത കടമായി മോത്തിലാല്‍ വോറ നല്‍കി. കടം വീട്ടിയ എ.ജെ.എല്‍ കമ്പനിയെ യങ്ങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തു. ചുരുക്കി പറഞ്ഞാല്‍ അഞ്ച് ലക്ഷം മുടക്കി തുടങ്ങയ കമ്പനി 2000 കോടി സ്വത്ത് സ്വന്തമാക്കി. കടമായുണ്ടായ 90 കോടി രൂപ കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കി. മോത്തിലാല്‍ വോറ തന്നെയാണ് എല്ലാ നടപടിക്കും നേതൃത്ത്വം വഹിച്ചത്. 

സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അവരുട വിധേയരും അടങ്ങുന്ന ഒരു സംഘം, കോടികള്‍ വിലമതിക്കുന്ന അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ട്, സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതി മുമ്പാകെ 2012 നവംബര്‍ ഒന്നിന് നല്‍കിയ സ്വകാര്യ അന്യായമാണ് ഇപ്പോള്‍ ഇഡി. നോട്ടീസിന് ആധാരമായ സംഭവം. യണ്ട് ഇന്ത്യ കമ്പനി എ.ജെ.എല്‍ കമ്പനി ഏറ്റെടുക്കലിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, നവജീവന്‍ എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലിന്‍റേയും, സോണിയയുടേയും കൈവശത്തിലായി എന്നും പരാതിയില്‍ ആരോപിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ യങ് ഇന്ത്യ ഏറ്റെടുത്ത അസ്സോസ്സിയേറ്റഡ് ജേണല്‍സ് പ്രസ്സിന്‍റെ സ്ഥലം, സര്‍ക്കാര്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാല്‍ അതിനു വിരുദ്ധമായി യങ് ഇന്ത്യന്‍ അവിടെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തി എന്നും സ്വാമി ആരോപിക്കുന്നു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപാ, യങ് ഇന്ത്യന്‍ വരുമാനം എന്ന രീതിയില്‍ കൈക്കലാക്കിയതും, നിയമവിരുദ്ധമാണ്.

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പ അനുവദിച്ചിരുന്നത് ചട്ടവിരുദ്ധമാണെന്ന് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി, വായ്പ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്പ എന്നും, ഇതിനു പുറകില്‍ യാതൊരു വാണിജ്യ താല്‍പര്യങ്ങളില്ലെന്നും, കോണ്‍ഗ്രസ്സ് സ്വാമിയുടെ ആരോപണങ്ങള്‍ക്കു മറുപടിയായി വ്യക്തമാക്കി. പക്ഷെ കോടതിക്ക് മുന്നില്‍ അത് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

യങ്ങ് ഇന്ത്യ കമ്പനിയില്‍ പ്രിയങ്ക ഗാന്ധിക്കും ഓഹരി പങ്കാളിത്തം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ കോടികളുടെ സ്വത്താണ് ഒരു കുടുംബം വീതിച്ചെടുക്കുന്നത് എന്നത് രാജ്യ തലസ്ഥാനത്ത് സംസാര വിഷയമാണ്.  അസോസിറ്റേഡ് ജേര്‍ണല്‍ ലിമിറ്റഡിന്‍റെ 1057 ഓഹരി ഉടമകള്‍ അവരുടെ ഓഹരിക്കായി ഡല്‍ഹിയില്‍ അലയുകയാണ്.  മുന്‍ നിയമ മന്ത്രി ആയിരുന്ന ശാന്തി ദൂഷന്‍, പ്രശസ്ത നിയമ പണ്ഡിതനും ജസ്റ്റിസുമായ മാര്‍ക്കഡേയ ഖഡ്ജു തുടങ്ങിയവര്‍ ഓഹരി പങ്കാളികളാണ്. ഇവരൊന്നും അറിയാതെയാണ് ഇവരുടെ അടക്കം ഓഹരികളുള്ള എ.ജെ. എല്‍.കമ്പനി യങ്ങ് ഇന്ത്യ കമ്പനി ഏറ്റെടുത്തത്.

ഇഡി നടപടിയില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍  ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ലെന്നു കോണ്‍ഗ്രസ് പറയുന്നു.  നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ ബ്രിട്ടീഷുകാര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇഡിയെ ഇതിനായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കേരളത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ തോല്‍വിയും, നേതൃത്ത്വത്തിന്‍റെ അഴിമതിയും പാര്‍ട്ടയുടെ പേരും പെരുമയും തകര്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസ് പുറത്ത് വന്നിട്ടും സോണിയ ഗാന്ധിയിലും, രാഹുല്‍ ഗാന്ധിയിലും ഇനിയും വിശ്വാസമര്‍പ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളോട് സഹതാപമല്ലാതെ എന്ത് തോന്നും.