കുറിയേടത്തു താത്രിക്കുട്ടിയുടെ കഥയുമായി 'തയാ'
സുധീര്‍ നാഥ്
ഡോക്ടര്‍ ജി. പ്രഭ കഥയും തിരക്കഥയും സംവിധാനവും ചെയ്ത 'തയാ' എന്ന സംസ്കൃത സിനിമ ഡല്‍ഹിയില്‍ നടക്കുന്ന ഹാബിറ്റാറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചു. ഗോകുലം ഗോപാലന്‍റെ ഗോകുലം മൂവീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സണ്ണി ജോസഫിന്‍റെ മനോഹരമായ ക്യാമറ. ബി. ലെനിന്‍റെ എഡിറ്റിങ്ങ്, കൃഷ്ണ്ണനുണ്ണിയുടെ ശബ്ദ മിശ്രിതം.
കേന്ദ്ര കഥാപാത്രമായ കുറിയേടത്ത് താത്രിക്കുട്ടി എന്ന സാവിത്രിയായി അനുമോള്‍ മികച്ച അഭിനയമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. നെടുമുടി വേണു, ബാബു നമ്പൂതിരി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, നന്ദകിഷോര്‍, മാര്‍ഗ്ഗി രേവതി, ഉത്തര, പള്ളിപ്പുറം സുനില്‍, ദിനേഷ് പണിക്കര്‍, വടക്കുംപ്പാട്ട് നാരായണന്‍, മാസ്റ്റര്‍ അതിദേവ്, കുമാരി മീനാക്ഷി അനീഷ് തുടങ്ങി എല്ലാവരും വേറിട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു.
ഇന്ദ്രന്‍സ് ജയന്‍റേതാണ് വസ്ത്രാലങ്കാരം. പട്ടണം റഷീദാണ് ചമയം, ബോബന്‍ കലയും. ബിജു പൗലോസാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. എല്ലാവരും ഈ സിനിമയില്‍ അവരവരുടെ മേഖലയില്‍ മികച്ച സംഭാവന ചെയ്തിരിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം. സിനിമയുടെ വിജയത്തിന് ഇവരുടെ പങ്ക് വലുതാണ്.
കേരളത്തില്‍ നടന്ന സ്മാര്‍ത്തവിചാരങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നില്‍ വിചാരണ ചെയ്യപ്പെട്ട നമ്പൂതിരി യുവതി ആയിരുന്നു കുറിയേടത്ത് താത്രി. നമ്പൂതിരി സമുദായ ചരിത്രത്തില്‍ കുറിയേടത്ത് സാവിത്രിക്ക് വലിയ പ്രാധാന്യമുണ്ട്. സിനിമയ്ക്കായി സാവിത്രിയുടെ കഥയ്ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തിയതായി സംവിധായകന്‍ ഡോ. പ്രഭ. കുറിയേടത്ത് സാവിത്രിയുടെ കഥകള്‍ പല രീതിയില്‍ പ്രചരിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യവുമാണ്. നമ്മള്‍ വായിച്ചതും കേട്ടതുമായ കുറിയേടത്ത് താത്രിക്കുട്ടിയുടെ കഥകളില്‍ നിന്ന് വേറിട്ട ഒരു ആവിഷ്ക്കാരമാണ് ഈ സിനിമയില്‍ കാണുന്നത്.
സിനിമയില്‍ സാവിത്രിക്കുട്ടി സ്വന്തം പ്രണയിതാവിന് മാത്രം ശരീരവും മനസും സമര്‍പ്പിക്കുന്നു. തന്‍റെ സൗന്ദര്യവും, ശരീരവും ഉപയോഗിച്ച് സമുദായത്തിലെ മാന്യന്‍മാരായി നടക്കുന്നവരെ ബുദ്ധിസാമര്‍ഥ്യം കൊണ്ട് ഊരാകുടുക്കിലാക്കി. സ്മാര്‍ത്തവിചാരത്തിലൂടെ ന്യായാധിപന് നേരേയും ലൈംഗിക ആരോപണം ഉന്നയിക്കുന്നുണ്ട് ചിത്രത്തില്‍ താത്രിക്കുട്ടി. വിപ്ലവകാരിയായ നമ്പൂതിരി സ്ത്രീയായിട്ടാണ് താത്രിക്കുട്ടിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
താത്രിക്കുട്ടിയുടെ കഥ സിനിമയായും നാടകമായുമൊക്കെ മുന്‍പ് വന്നിട്ടുള്ളതാണെങ്കിലും താത്രിക്കുട്ടിയുടെ കഥയുടെ തികച്ചും വ്യത്യസ്തമായ ആവിഷ്ക്കാരമാണ് ഈ സിനിമയില്‍ കാണുന്നത്. തയാ എന്ന സിനിമ ചരിത്ര പശ്ചാത്തലത്തോട് നീതി പുലര്‍ത്തിയിട്ടുമുണ്ട്. വേഷവിധാനവും, വെളിച്ചവും കേരളത്തിന്‍റെ പഴയ കാലത്തേക്ക് പ്രേക്ഷകരെ നയിക്കുന്നു.
പല സ്മാര്‍ത്തവിചാരങ്ങളും നടന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ വളരെ അധികം കോളിളക്കം സൃഷ്ടിക്കുകയും, ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സ്മാര്‍ത്തവിചാരമായിരുന്നു കുറിയേടത്തു താത്രിയുടെത്. മലയാള ചരിത്രത്തിന്‍റെ ഭാഗമായ ഈ കഥ ചലച്ചിത്ര ആവിഷ്കാരത്തില്‍ കൊണ്ടുവന്ന സംവിധായകനും, അതിന് പണം മുടക്കിയ നിര്‍മാതാവും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കല്‍പ്പകശേരി ഇല്ലത്തിലാണ് താത്രി ജനിച്ചത്. പതിമൂന്നാം വയസില്‍ തലപ്പള്ളിയിലെ തന്നെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ കുറിയേടത്തു മനയിലെ രാമന്‍ നമ്പൂതിരിയുമായി വിവാഹിതയായി. 1905-ന്‍റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരം ആരംഭിച്ച് പൂര്‍ത്തീകരിച്ചത്. താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനൊടുവില്‍ താത്രിയും ഭര്‍ത്താവും അടക്കം 66 പേര്‍ക്ക് ഭ്രഷ്ടുണ്ടായതായി രേഖ പ്പെടുത്തിയിട്ടുണ്ട്.
നമ്പൂതിരി ജീവിതത്തിന്‍റെ അധഃപതനത്തിന്‍റെയും അന്തര്‍ജനങ്ങളുടെ മറക്കുടയില്‍ നിന്നുള്ള മോചനത്തിന്‍റെയും തുടക്കമായി താത്രിയെ വി.ടി. ഭട്ടതിരിപ്പാട് വിലയിരുത്തിയിട്ടുണ്ട്. ബ്രാഹ്മണമേധാവിത്വത്തിന്‍റെ തകര്‍ച്ചയുടെ ആരംഭം താത്രിയുടെ സ്മാര്‍ത്തവിചാരവും, അതിന്‍റെ വിധിയോടുള്ള പുരോഗമന ചിന്താഗതിക്കാരായ നമ്പൂതിരി യുവാക്കളുടെയും, യുവതികളുടെയും എതിര്‍പ്പും ആയിരുന്നുവെന്നാണ് ദേവകി നിലയങ്ങോട് അഭിപ്രായപ്പെടുന്നത്. മറ്റ് സമുദായങ്ങളില്‍ തുടങ്ങിയ നവോത്ഥാന ചിന്ത നമ്പൂതിരി സമുദായത്തിലേക്ക് വ്യാപിക്കുന്നത് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തോടെയാണെന്ന് പ്രേംജി തുടങ്ങിയവരും കണക്കാക്കുന്നു.





