തൃക്കാക്കരയുടെ ദേശീയ പ്രസക്തി

തൃക്കാക്കരയുടെ ദേശീയ പ്രസക്തി

വിജയ് ചൗക്ക്.

സുധീര്‍ നാഥ് 

കേരളത്തിലെ എറണാകുളം ജില്ലയില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നു. സംഭവം ദേശീയ തലത്തില്‍ വരെ വലിയ ചര്‍ച്ചയാണ്. ഇവിടുത്തെ തിരഞ്ഞെടുപ്പിന് ദേശിയ പ്രാധാന്യം ഉണ്ട്. എന്തുകൊണ്ടാണ് അത് എന്ന ചോദ്യത്തിന് അതുകൊണ്ട് തന്നെ പ്രസക്തി ഉണ്ട്. തൃക്കാക്കരയില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മില്‍ ശക്തമായ പോരാട്ടം തുടങ്ങി കഴിഞ്ഞു. അവിടെ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്ത് വരുന്നുണ്ട്. അതുകൊണ്ട് എല്ലാ പാര്‍ട്ടികളും അവരുടെ അഭിമാന പോരാട്ടമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ കണ്ടു കഴിഞ്ഞു. നാല് പാര്‍ട്ടിയും ദേശീയ രാഷ്ട്രീയ രംഗത്ത് നിര്‍ണ്ണായക പങ്കുള്ളവരാണ്. അത് തന്നെയാണ് തൃക്കാക്കരയുടെ ദേശീയ പ്രാധാന്യം. ഓരോ പാര്‍ട്ടികള്‍ക്കും അവരുടെ ശക്തി തെളിയിക്കേണ്ട ഇടമായി തൃക്കാക്കര മാറിയിരിക്കുന്നു.

മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണമണ് തൃക്കാക്കരയില്‍ ശക്തമായി ഉണ്ടകുക. കാരണം കേരളത്തിലെ ഏറ്റവും ശക്തമായ ടെക്നോ സൗഹ്യദ മണ്ഡലമാണ് തൃക്കാക്കര. എല്ലാ പാര്‍ട്ടികളും അതിന്‍റെ പിന്നണിയിലാണ്. ഒരു വന്‍ പ്രകടനത്തേക്കാള്‍, പൊതുയോഗത്തേക്കാള്‍ ഗുണം ചെയ്യുക സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണമാകും. അത് തൃക്കാക്കര എന്ന മണ്ഡലമായത് കൊണ്ട് മാത്രം. വരും ദിവസങ്ങളില്‍ ദേശിയ നേതാക്കളടക്കം പ്രചരണത്തിന് എത്തുന്ന പ്രദേശമായി ഇവിടം മാറുവാന്‍ പോകുന്നു. പതിവ് തിരഞ്ഞെടുപ്പ് പ്രകടനങ്ങളും പൊതുയോഗവും നടക്കും. ഡല്‍ഹിയിലിരുന്ന് ദേശിയ നേതാക്കള്‍ തൃക്കാക്കരയിലെ ജനങ്ങളോട് ഓണ്‍ലൈനില്‍ സംവാദം നടത്തും, പ്രസംഗങ്ങള്‍ നടത്തും. 

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നിലവില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ സ്വാധീനമുള്ള സംസ്ഥാനമാണ് കേരളം. അതില്‍ കേരളത്തിലെ തൃക്കാക്കര മണ്ഡലം കോണ്‍ഗസിന്‍റെ ഏറ്റവും ശക്തവും കൂടുതല്‍ സ്വാധീനം ഉള്ള മണ്ഡലമാണ്. തൃക്കാക്കര മണ്ഡലത്തിന്‍റെ രൂപീകരണം മുതല്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗസിന്‍റെ കരുത്തനായ പി.ടി. തോമസ് അനായാസം ജയിച്ചു കയറിയ മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്‍റെ അവിചാരിതമായുണ്ടായ വേര്‍പാടാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. അദ്ദഹത്തിന്‍റെ ഭാര്യ ഉമാ തോമസിനെയാണ് യു.ഡി.എഫ്. മത്സരത്തിന് ഇറക്കിയിരിക്കുന്നത്.

ദേശിയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്ത്വത്തെ ചോദ്യം ചെയ്ത് ജി23 എന്ന പേരില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിയിരുന്നു. ദേശിയ നേത്യത്ത്വത്തിന്‍റെ പിടിപ്പുകേടാണ് അവര്‍ ചൂണ്ടി കാണിച്ചത്. കേരളത്തിലും കോണ്‍ഗ്രസ് നേത്യത്ത്വത്തിന് സമാനമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതില്‍ പ്രൊഫസര്‍ കെ. വി. തോമസ് ഉയര്‍ത്തുന്ന വെല്ലുവിളി നിസാരമല്ല. കോണ്‍ഗ്രസിന്‍റെ ഉള്ളില്‍ തന്നെ ഒട്ടേറെ പേര്‍ അഭിപ്രായ ഭിന്നതയുള്ളവരുണ്ട്. തുറന്ന് പറയാതെ ഉള്ളില്‍ ഒതുക്കി കഴിയുന്നവരാണ് ഏറ്റവും അപകടം ചെയ്യുക. അവര്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം വലുതാണ്.  

കേരള നിയസഭയില്‍ ഭരണപക്ഷമായ എല്‍.ഡി.എഫിന് 99 സീറ്റുകളാണുള്ളത്. തൃക്കാക്കര കൂടി ലഭിച്ചാല്‍ അത് 100 എന്ന നിലയില്‍ എത്തും. 100 പേരുടെ പിന്തുണയുള്ള സഭ എന്നത് ചെറയ കാര്യമല്ല. അതിനായുള്ള ശ്രമമാണ് എല്‍.ഡി.എഫ് നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ കാര്യം പറഞ്ഞതു പോലെ തന്നെ സി.പി.ഐ.എം. നേരിടുന്ന വലിയ വെല്ലുവിളി എന്തെന്നാല്‍, അവര്‍ക്ക് ദേശീയ രാഷ്ട്രീയ പദവി ഉണ്ടെങ്കിലും രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള സംസ്ഥാമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികള്‍ കുറവാണ്. കേരളത്തില്‍ മാത്രമാണ് ഭരണമുള്ളത്. മുള്‍പ് തൃക്കാക്കര പഞ്ചായത്ത് ഇടത്പക്ഷത്തിന്‍റെ കരുത്തിന്‍റെ പര്യായമായിരുന്നു. പല പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും പ്രവര്‍ത്തന കേന്ദ്രമായിരുന്നു തൃക്കാക്കര. അത് മുനിസിപ്പാലിറ്റി ആയതോടെ കോണ്‍ഗ്രസിന്‍റെ ക്കൈവശം എത്തപ്പട്ടു. 

തൃക്കാക്കര മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി പല ജില്ലകളില്‍ നിന്നും, സംസ്ഥാങ്ങളില്‍ നിന്നും വന്ന് താമസിക്കുന്നവരുടെ പ്രദേശമാണ്. വിദ്യാഭ്യാസ നിലവാരം കൂടുതലും, വികസനം അവരുടെ മുഖ്യ അജണ്ടയുമാണ്. സംസ്ഥാനത്തെ പ്രധാന സ്റ്റാര്‍ട്ടപ്പുകളും, ടെക്നോപാര്‍ക്കും മറ്റും ഇവിടെയാണ്. തൃക്കാക്കരയുടെ വികസനം പറഞ്ഞു കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ പക്ഷക്കാരും വോട്ടു ചോദിച്ചത് എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. പക്ഷെ ഇത്തവണ വികസനത്തിനൊപ്പം എന്ന് പറഞ്ഞാല്‍ അത് എല്‍.ഡി.എഫിന് ഒപ്പം എന്ന അര്‍ത്ഥം ഉണ്ടാക്കി തീര്‍ത്തിരിക്കുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ട് കലൂര്‍ സ്റ്റേഡിയം, ഗോശ്രീ പദ്ധതി, ഗെയില്‍ പ്പൈപ്പ് ലൈന്‍, മെട്രോ തുടങ്ങിയ വികസന നേട്ടങ്ങള്‍ കോണ്‍ഗ്രസ് അവകാശ പട്ടികയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നുണ്ട്. വികസനം തങ്ങളാണ് കൂടുതല്‍ കൊണ്ടു വന്നത് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ശക്തമായി കോണ്‍ഗ്രസ് ഭാഗത്ത് നിന്നുണ്ട്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ വലിയ ചലനം ഉണ്ടാക്കിയ വിഭാഗമാണ് 20:20 എന്ന രാഷ്ട്രീയ സംഘടന. കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൂപ്പിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യ ശത്രു പി.ടി. തോമസ് ആയിരുന്നു. ഇത്തവണ അത് സി.പി.എമ്മും കൂടിയായിരിക്കുന്നു. ഇത്തവണ ആം ആദ്മി പാര്‍ട്ടിയുമായി ലയനയുണ്ടാക്കി മത്സരിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടിയാകുന്നതിന് കുറച്ചു കൂടി കടമ്പകള്‍ ഉണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സാനിധ്യമാക്കാന്‍ തൃക്കാക്കരയിലൂടെ സാധിക്കുമോ എന്ന ചിന്തയും ഇല്ലാതില്ല. പാര്‍ലമെന്‍ട്രി മേഹവുമായി വരുന്നവരുടെ ധാരാളിത്തം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ ന്യൂനത. 

രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് കേരളത്തില്‍ പല മണ്ഡലങ്ങളിലും സ്വാധീനം ഉണ്ട് എന്ന് സമ്മതിക്കണം. പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു എം.എല്‍.എ. പോലും നഷ്ടപ്പെട്ട് സമ്പൂര്‍ണ്ണ പരാജയമായി പരിഹാസ്യമാകേണ്ടി വന്നു. സംസ്ഥാന അധ്യക്ഷൻ രണ്ടിടത്ത് മത്സരിച്ച് തോറ്റു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇലക്ഷന് വേണ്ടി കേന്ദ്ര കമ്മറ്റി കൊടുത്ത സാമ്പത്തികം വലിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം പാര്‍ട്ടി നേതാക്കള്‍ തമ്മിലായത് വലിയ നാണക്കേടുണ്ടാക്കി. തൃക്കാക്കര മഹാക്ഷേത്രം തൃക്കാക്കര മണ്ഡലത്തിലല്ല എന്നിരിക്കിലും എറണാകുളം ജില്ലയില്‍ പടര്‍ന്ന് കിടക്കുന്ന മണ്ഡലത്തില്‍ കുറേ വോട്ടുകള്‍ ബി.ജെ.പിക്കും ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കി പറഞ്ഞാല്‍ പ്രധാനപ്പെട്ട നാല് പാര്‍ട്ടികള്‍ തൃക്കാക്കര മണ്ഡലത്തിലെ വോട്ടുകള്‍ വീതിച്ചെടുക്കുന്നു. 

മൂന്ന് ദേശീയ പാര്‍ട്ടികളും ദേശീയ പാര്‍ട്ടി സ്ഥാനത്തിന് യോഗ്യത നേടാന്‍ തയ്യാറെടുക്കുന്ന പാര്‍ട്ടിയും മത്സരിക്കുന്നു എന്നത് തൃക്കാക്കരയുടെ ഉപതിരഞ്ഞെടുപ്പിനെ ശ്രധേയമാക്കുന്നു. 2024 ല്‍ പാര്‍ലമെന്‍റ് തിരത്തെടുപ്പില്‍ ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്ന ലക്ഷ്യമാണ് തൃക്കാക്കരയിലെ മത്സരത്തിലുള്ള കോണ്‍ഗ്രസിനും, സി.പി.ഐ.എമ്മിനും, ആം ആദ്മി പാര്‍ട്ടിക്കും ഉള്ളത്. എന്നാല്‍ തൃക്കാക്കരയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനും, ബി.ജെ.പിക്കും, ആം ആദ്മി പാര്‍ട്ടിക്കും ലക്ഷ്യം സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. മണ്ഡലം നിലനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അവര്‍ക്ക് കെ. റെയില്‍ നീക്കത്തിനെതിര നടത്തിയ സമരത്തിന് ജനപിന്തുണ ഉണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. കേരളത്തില്‍ ശക്തി തെളിയിക്കേണ്ടതാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ലക്ഷ്യം. ഒപ്പം കേരളം ഭരിക്കുന്ന എല്‍.ഡി.എഫിന്‍റെ പരാജയം അവര്‍ ലക്ഷ്യം വെയ്ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് വിവാദം ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. 20.20 എന്ന പാര്‍ട്ടിയാണ് ലയനത്തോടെ ആം ആദ്മി പാര്‍ട്ടിയായി തൃക്കാക്കരയില്‍ എത്തുന്നത്. അടുത്ത കാലത്തുണ്ടായ കിഴക്കമ്പലം സംഭവങ്ങള്‍ക്ക് കരണമെന്ന് അവര്‍ വിശ്വസിക്കുന്ന സി.പി.എമ്മിന്‍റെ പരാജയമാണ് ലക്ഷ്യം പെയ്ക്കുന്നത്. മത്സരിക്കുന്ന നാല് പ്രധാന പാര്‍ട്ടികളില്‍ മൂന്ന് പേര്‍ക്കും സി.പി.ഐ.എമ്മിന്‍റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. പക്ഷെ അവര്‍ ഒന്നിക്കുന്നില്ല. മൂന്നായി നിന്നാണ് മത്സരിക്കുന്നത്. 

ദേശീയ തലത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യവുമായി ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. അവര്‍ അവിടെ ഒന്നിച്ച് നില്‍ക്കുന്നില്ല എന്നതാണ് ബി.ജെ.പിയുടെ വിജയം. സമാനമായ സാഹചര്യമാണ് തൃക്കാക്കരയില്‍ ഉണ്ടായിരിക്കുന്നത്. ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ തൃക്കാക്കരയിലെ നീക്കങ്ങള്‍ പഠന വിഷയമാക്കിയിരിക്കുന്നു. അത് ഉദാഹരണമായി അവതരിപ്പിക്കാന്‍ ഇലക്ഷന് ശേഷം അവര്‍ക്ക് കഴിയും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണ്ണയിക്കാന്‍ ചിലപ്പോള്‍ അത് കാരണമാകും. അത് തന്നെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ ദേശീയ പ്രസക്തിയും.