ബീഹാറില്‍ നിന്ന് വര്‍ത്തമാനകാല ജെ.പി. ആകാന്‍ പ്രശാന്ത് കിഷോറിന്‍റെ ശ്രമം...

ബീഹാറില്‍ നിന്ന് വര്‍ത്തമാനകാല ജെ.പി. ആകാന്‍ പ്രശാന്ത് കിഷോറിന്‍റെ ശ്രമം...

സുധീര്‍ നാഥ്. 


ആരാണ് പ്രശാന്ത് കിഷോര്‍...? കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളൊക്കെ ചോദിക്കുന്ന ചോദ്യമാണ്. അണികളും നേതാക്കളോട് ചോദിക്കുന്നുണ്ട് എന്നതും എടുത്ത് പറയണം. ദേശിയ രാഷ്ട്രീയത്തില്‍ അദ്ദേഹം ഉണ്ടാക്കിയ ചലനങ്ങളും, തുടര്‍ന്ന് നടത്തിയ നീക്കങ്ങളുമാണ് അങ്ങിനെ ഒരു സാഹചര്യം ഉണ്ടാവാന്‍ കാരണം. രാജ്യത്തെ പ്രമുഖ പാര്‍ട്ടികളോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ വ്യക്തമായ രാഷ്ട്രീയ രുചികള്‍ അദ്ദേഹത്തിന് അറിയാം.  

2014 ല്‍ പ്രശാന്ത് കിഷോര്‍ എന്ന രാഷ്ട്രീയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ നരേന്ദ്ര മോദിയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. രാജ്യം അഴിമതിയില്‍ മുങ്ങി ശ്വാസം മുട്ടി നിന്ന സമയത്താണ് അഴിമതി വിരുദ്ധ സന്ദേശവുമായി മോദിയുടെ വരവ്. നരേന്ദ്ര മോദിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കുന്നതിന് പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ വിജയിച്ചു. ദേശിയ രാഷ്ട്രീയം പഠിക്കുന്നവരെ അമ്പരപ്പിച്ച രാഷ്ട്രീയ നീക്കമായിരുന്നു നരേന്ദ്ര മോദിയുടെ വന്‍ വിജയം. 

നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ പ്രശാന്ത് കിഷോറും പ്രശസ്തനായി. 2015 ല്‍ ജന്‍മനാടായ ബീഹാറില്‍ നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ ഉപദേശകനായി തിരഞ്ഞെടുപ്പിന് നേതൃത്ത്വം ഏറ്റെടുത്തു. നിതീഷ് കുമാര്‍ ജയിച്ചതോടെ പ്രശാന്ത് കിഷോര്‍ ഏറെ ശ്രമിക്കപ്പെട്ടു. 2017 ല്‍ പഞ്ചാബ്, ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിന്‍റെ സഹായം തേടി. പഞ്ചാബില്‍ വിജയവും, ഉത്തര്‍ പ്രദേശില്‍ വലിയ തോല്‍വിയും ഉണ്ടായി.  

2019 ല്‍ ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പില്‍ വൈ.എസ്. ജഗന്‍ മോഹനെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ പ്രശാന്ത് കിഷോര്‍ മുഖ്യ കാര്‍മികനായി. തുടര്‍ന്ന് 2020 ല്‍ ഡല്‍ഹിയില്‍ ആം ആദ്മിക്ക് വേണ്ടിയും, 2021 ല്‍ ബംഗാളില്‍ ത്രിണമുല്‍ കോണ്‍ഗ്രസിനു വേണ്ടിയും, തമിഴ് നാട്ടില്‍ സ്റ്റാലിന് വേണ്ടിയും പ്രവര്‍ത്തിച്ചു. എല്ലായിടത്തും വിജയം കൊണ്ടു വരാനുള്ള സാഹചര്യം പ്രശാന്ത് കിഷോറാണെന്ന സംസാരം വ്യാപകമായി. അതോടെ രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും അദ്ദേഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. 

2022 മുതല്‍ പ്രശാന്ത് കിഷോറിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ട് തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ രാഷ്ട്രീയ ഉപദേശകനായി 2021 ആഗസ്റ്റ് മാസം നിയമിതനായി. കാമ്പിനറ്റ് മന്ത്രിയുടെ സ്ഥാനവും നല്‍കി. പിന്നാലെ അമരന്ദറിന്‍റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. ബി.ജെ.പിയുടെ ഭാഗമായി പഞ്ചാബ് ഇലക്ഷന് മത്സരിച്ച് പരാജയപ്പെട്ടു. കോണ്‍ഗ്രസ് പാളയത്തില്‍ കയറുവാനുള്ള ശ്രമം പരാജയപ്പെട്ടു എന്ന് തന്നെ പറയണം. കോണ്‍ഗ്രസുപോലൊരു പാര്‍ട്ടിക്ക് പ്രശാന്ത് കിഷോറിന്‍റെ ഉപദേശത്തിന്‍റെ ആവശ്യമില്ലെന്ന ചില നേതാക്കളുടെ പരസ്യ പ്രസ്ഥാവനയും ഇതിനിടയില്‍ കേട്ടു. 

ഒരു പഴയ രാഷ്ടീയ ചരിത്രം പരിശോധിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാകും. പ്രശാന്ത് കിഷോര്‍ ബീഹാറില്‍ നിന്നുള്ള വ്യക്തിയായത് കൊണ്ട് ചരിത്രത്തിന്‍റെ ആവര്‍ത്തനം ഉണ്ടാക്കാനുള്ള ശ്രമമായി ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയുവാന്‍ പറ്റില്ല. ജയപ്രകാശ് നാരായണന്‍ എന്ന സ്വതന്ത്ര സമര സേനാനി ഇന്ദിരാ ഗാന്ധിയെ മുട്ടുക്കുത്തിച്ച പോലെ മോദിയെ മുട്ടുക്കുത്തിക്കാനാണ് പ്രശാന്ത് കിഷോറിന്‍റെ ശ്രമം. രാജ്യത്തെ പ്രമുഖരായ മിക്കവാറും പാര്‍ട്ടികളുടെ കൂടെ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ ജയപ്രകാശ് നാരായണന്‍ എന്ന ജെ.പിയെ പോലെ കിങ് മേക്കറല്ല കിങ്ങാകാന്‍ ശ്രമിക്കുന്നു എന്നാണ് പൊതുവെ വിലയിരുത്തുന്നത്. അതിനായുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ കണ്ടുകൊണ്ടാരിക്കുന്നത്.  

ബീഹാറില്‍ 1973 ല്‍ നടന്ന സംഭവമാണ്. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രക്ഷോഭവും സമരങ്ങളും നടത്തിയിരുന്നു. അക്കാലത്ത് ജനസംഘിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി), സമാജ് വാദി പാര്‍ട്ടിയുടെ സമാജ് വാദി യുവജന്‍ സഭ (എസ്.വൈ.എസ്), സി.പി.ഐയുടെ ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എ.ഐ.വൈ.എഫ്) എന്നിവര്‍ സജീവമായി പ്രക്ഷോഭ രംഗത്ത് ഉണ്ടായിരുന്നു. 1974 ഫെബ്രുവരി 14ന് പാറ്റന യൂണിവേഴ്സിറ്റി യൂണിയന്‍ ബീഹാറിലെ എല്ലാ വിദ്യാര്‍ത്ഥി നേതാക്കളേയും ഉള്‍പ്പെടുത്തി ബീഹാര്‍ ചത്ര സംഘര്‍ഷ് സമിതി (ബി.സി.എസ്.എസ്) എന്ന സംഘടന രൂപീകരിച്ചു. ഗുജറാത്തില്‍ നടന്ന സമരം പോലെ ഹോസ്റ്റല്‍ ഫീസും, ഭക്ഷണ വിലയിലേയും വര്‍ദ്ധനവായിരുന്നു കാരണം. ലാലു പ്രസാദ് യാദവ്, സുശില്‍ കുമാര്‍ മോദി, രാംവിലാസ് പസ്വാന്‍, നരേന്ദ്ര സിംഗ്, ബസിഷ്ട് നാരായണ്‍ സിംഗ്, ഷഹാബുദ്ദീന്‍ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളായിരുന്നു അക്കാലത്ത് സമരം നയിച്ചത്. 

മൂന്ന് വിദ്യാര്‍ത്ഥികള്‍ ബീഹാര്‍ പോലീസിന്‍റെ അക്രമണത്തില്‍ മരിച്ചതോടെ ബീഹാര്‍ മുഖ്യമന്ത്രി  അബ്ദുള്‍ ഗഫാറിന്‍റെ രാജിക്കായി വിദ്യാര്‍ത്ഥി സമരം ബീഹറിലാകെ വ്യാപിച്ചു. ഗുജറാത്തിലെ പോലെ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തി പ്രാപിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നയിക്കാന്‍ സ്വതന്ത്ര സമര സേനാനിയും, സോഷ്യലിസ്റ്റുമായ ജയപ്രകാശ് നാരായണനെ സമീപിച്ചു. 70 വയസുകാരനായ അദ്ദേഹം, യുവാക്കളുടെ ആത്മാര്‍ത്ഥതയും,  ഇന്ദിരാ ഗാന്ധിയുടെ ഏകാതിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പും കൊണ്ട് മാത്രം സമരം നയിക്കാന്‍ തയ്യാറായി. അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തില്‍ ബീഹാറില്‍ നിന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം ആളികത്തുകയായിരുന്നു. ജയപ്രകാശ് നാരായണ്‍ പൊതുസമ്മതനായത് പ്രക്ഷോഭത്തെ ഏറെ സഹായിച്ചു. ഗുജറാത്തിലെ വിദ്യാര്‍ത്ഥികളും, രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവരും ജെ.പി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി.  

352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം കത്തി കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്. 

കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ബീഹാറില്‍ നിന്നുള്ള ജെ.ഡി.യുവിടെ തേജസ്വിയുടെ പ്രതികരണം രാജ്യം വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ബീഹാര്‍ ഭരിച്ച ലാലുപ്രസാദും നിതീഷ് കുമാറും നാടിനെ പിന്നോട്ടടിക്കാന്‍ കാരണക്കാരായെന്നും, കഴിഞ്ഞ 30 വര്‍ഷം ബീഹാറില്‍ വികസനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്‍റെ വിമര്‍ശനം. രാഷ്ട്രവികസനത്തില്‍ ഒരിക്കല്‍ പോലും കേള്‍ക്കാത്ത വ്യക്തിയുടെ ജല്‍പനങ്ങളാണ് എന്നായിരുന്നു തേജസ്വി യാദവിന്‍റെ പ്രതികരണം. ആരാണ് പ്രശാന്ത് കിഷോര്‍ എന്ന ചോദ്യം തേജസ്വി ചോദിച്ചതും വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തു. നിലയിലെ ദേശീര രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മികച്ച പ്രതിപക്ഷത്തിന് വലിയ നേട്ടങ്ങള്‍ക്ക് സാഹചര്യങ്ങളുണ്ടെന്ന് പ്രശാന്ത് കിഷോര്‍ മനസിലാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്‍തിരിഞ്ഞത് അദ്ദേഹത്തിന്‍റെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ എത്തി നില്‍ക്കുന്നു. 

ജന്‍ സ്വരാജ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍. പാര്‍ട്ടി രൂപീകരിച്ച ശേഷം മഹാത്മാ ഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ 2 മുതല്‍ ബീഹാറില്‍ നിന്ന് 3000 കിലോമീറ്റര്‍ പദയാത്ര നടത്തും. ഗാന്ധി സത്യാഗ്രഹ സമരം പരീക്ഷിച്ച ചമ്പാരയില്‍ നിന്നാക്കും 8 മാസം നീണ്ടു നില്‍ക്കുന്ന പദയാത്ര ആരംഭിക്കുക.  പുതിയ രാഷ്ട്രീയ സംസ്ക്കാരം രാജ്യത്ത് തുടക്കം കുറിക്കുവാനാണ് പ്രശാന്ത് കിഷോര്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2024 ല്‍ നടക്കുവാന്‍ ഇരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ലക്ഷ്യം.