മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയം
വിജയ് ചൗക്ക്.
സുധീര്‍ നാഥ്.
രാജ്യത്ത് സ്വാതന്ത്രത്തിന് മുന്‍പേ മുദ്രാവാകുന്നങ്ങള്‍ പ്രചാരമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ജനങ്ങളുടെ കൂട്ടായ്മ അത്യാവശ്യമായിരുന്നു. ജനങ്ങളെ കൂട്ടുവാനും , അവര്‍ക്ക് ആവേശം പകരുവാനും മുദ്രാവാക്യങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ആശയങ്ങള്‍ ജനമനസുകളില്‍ ആഴത്തില്‍ പതിയുവാന്‍ മുദ്രാവാക്യങ്ങള്‍ക്ക് സാധിക്കുന്നു. ആദ്യ കാലങ്ങളിലെ മുദ്രാവാക്യങ്ങള്‍ താളബോധത്തിലുള്ളതായിരുന്നു. കേള്‍ക്കുന്നവര്‍ ചിലപ്പോള്‍ താളം പിടിക്കുന്നതായി കാണാമായിരുന്നു. ചില സിനിമകളില്‍ മുദ്രാവാക്യങ്ങള്‍ ഗാനങ്ങളായി വന്നിട്ടുമുണ്ട്.
കാലം മാറി. ഇന്ന് മുദ്രാവാക്യങ്ങള്‍ കൊലവിളികളായി മാറിയിരിക്കുന്നു. ത്യക്കാക്കര ഉപതിരഞ്ഞെടുപ്പ് കേരളം മുന്‍പെങ്ങും കാണാത്ത പ്രചരണ വേദിയായി. അവിടെ മുന്‍പെങ്ങും കേള്‍ക്കാത്തത്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അക്ഷരം കൂട്ടി ചൊല്ലാന്‍ വയ്യാത്ത കുഞ്ഞുങ്ങളെ കൊണ്ട് മതവികാരം വൃണപ്പെടുത്തുന്നതും മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നഃുമായ മുദ്രാവാക്യങ്ങള്‍ പഠിപ്പിക്കുന്നു. അത് പരസ്യമായി ചൊല്ലിക്കുന്നു. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മുദ്രാവാക്യങ്ങള്‍ രാജ്യം ഭരിക്കുന്നവരുടെ അണികളില്‍ നിന്ന് പോലും ഉണ്ടാകുന്നതും അവര്‍ നിയമത്താല്‍ സംരക്ഷിക്കപ്പെടുന്നതും ഗൗരവകരമായി തന്നെ എടുക്കണം. മുദ്രാവാക്യങ്ങളുടെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ ബഹുമാനം മുന്‍പൊക്കെ മുദ്രാവാക്യങ്ങളിലും ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ഇപ്പോള്‍ അശ്ലീല വാക്കുകള്‍ വരെ മുദ്രാവാക്യത്തിന്‍റെ വാക്കുകളാകുന്നു.
നമ്മുടെ നാടിനെ ഒരു കാലത്ത് പ്രകമ്പനം കൊള്ളിച്ച പ്രകടനവും മുദ്രാവാക്യം വിളികളും ഉണ്ടായിരുന്നു. മിക്കവാറും ആഴ്ച്ചയില്‍ ഒരു പ്രകടനം ഉറപ്പായിരുന്നു. നിശ്ചിത റൂട്ടും പ്രകടനത്തിന് ഉണ്ടാകും. കൂടുതലും ഇടതുപക്ഷത്തിന്‍റെ പ്രകടനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വലതുപക്ഷത്ത് പ്രകടനങ്ങള്‍ ഇല്ലെന്നുതന്നെ പറയണം. പ്രകടനം അഥവാ ജാഥ നടത്തുവാന്‍ ആളില്ലായിരുന്നു. കുട്ടികള്‍ കൂടുതലും ഇടത് പക്ഷപ്രകടനത്തിന്‍റെ പിന്നാലെ പോകും. കാരണം നല്ല ഈണവും താളവും ഇടത് ജാഥകള്‍ക്ക് ഉണ്ടായിരുന്നു. വിളിക്കുന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നില്ല. നമ്പിദിന റാലിയും ക്യഷ്ണജയന്തി റാലിയിലും പള്ളി എഴുന്നള്ളിപ്പിലും മുദ്രാവാക്യങ്ങളുണ്ട്. പണ്ടത്തെ മുദ്രാവാക്യങ്ങളില്‍ നിന്ന് വര്‍ത്തമാന കാലത്ത് മുദ്രാവാക്യങ്ങളുടെ രീതികളില്‍ മാറ്റം സംഭവിക്കുന്നുണ്ട്.
ജാഥകളെ പല തരത്തില്‍ വിഭജിക്കാം. മൗന ജാഥ, പന്തം കൊളുത്തി ജാഥ, പ്രതിഷേധ ജാഥ, വിജയാഹ്ളാദ ജാഥ, വിളംമ്പര ജാഥ എന്നിങ്ങനെ. മൗന ജാഥ മിക്കവാറും ആരുടെ എങ്കിലും മരണവുമായി ബന്ധപ്പെട്ടാകും. ജാഥയിലുള്ളവര്‍ കറുത്ത തുണിക്കഷണം കുത്തിയിട്ടുണ്ടാകും. മുദ്രാവാക്യങ്ങളുണ്ടാകില്ല. രാത്രികാലങ്ങളിലാണ് പന്തം കൊളുത്തി പ്രകടനം നടക്കുക. സൈക്കിള്‍ ടയര്‍ കത്തിച്ചും, വടിയില്‍ തുണി ചുറ്റി എണ്ണയില്‍ മുക്കിയും, പപ്പായ തണ്ടില്‍ മണ്ണണ്ണ നിറച്ച് തുണി ചുറ്റിയും പന്തം ഉണ്ടാക്കും. ഇരുട്ടിനെ വകഞ്ഞുമാറ്റി പന്തത്തിന്‍റെ വെളിച്ചത്തിലുള്ള ജാഥ രസകരം തന്നെ. പ്രതിഷേധ ജാഥയ്ക്ക് അല്‍പ്പം രൂക്ഷത കൂടും. അതുകൊണ്ട് ഉശിരന്‍ മുദ്രാവാക്യങ്ങള്‍ അകമ്പടി കാണും. വിജയാഹ്ളാദ ജാഥ തുള്ളിച്ചാടിയുമാണ്. തൊട്ടെതിര്‍ വശത്തുള്ള പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകരുടെ വീടിന്‍റെ പടിക്കല്‍ പടക്കം പൊട്ടിക്കുന്നതും പതിവായിരുന്നു. അവിടെ കേട്ടിരുന്ന മുദ്രാവാക്യങ്ങള്‍ വളരെ രസകരവുമാണ്.
എണ്ണാമെങ്കില്‍ എണ്ണിക്കോ,
പിന്നെ കള്ളം പറയരുത്,
പെട്ടി പെട്ടി, ബാലറ്റ് പെട്ടി,
പെട്ടി പൊട്ടിച്ചപ്പോ ***** പൊട്ടി...
വിളംമ്പര ജാഥയില്‍ ജനങ്ങളിലേയ്ക്ക് ഒരു സന്ദേശം എത്തിക്കുക എന്ന ലക്ഷ്യമാണ്.
അയ്യോ നാട്ടാരെ നിങ്ങളറിഞ്ഞോ...
എന്ന് തുടങ്ങുന്നതാണ് മുദ്രാവാക്യം. പിന്നീട് അറിയിക്കേണ്ട വിവരം താളത്തില്‍ പറയും.
വിമോചന സമരത്തിന്‍റെ കാലത്ത് വലതുപക്ഷ അനുഭാവത്തില്‍ ഒരു പ്രകടനം കടന്നുപോയത്.
തെക്ക് തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്ളോറി എന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരെ
അങ്കമാലി കല്ലറയില്‍
ഞങ്ങടെ സോദരിയാണെങ്കില്‍
പകരം ഞങ്ങള്‍ ചോദിക്കും...
കോണ്‍ഗ്രസിന്‍റെ പൊതുയോഗമോ റാലിയോ ഉണ്ടെങ്കില്‍ ലോറിയില്‍ മൂന്ന് വശത്തും മുളകള്‍ കെട്ടി പോകുമ്പോഴാണ് മുദ്രാവാക്യം വിളി കമ്മ്യൂണിസ്റ്റ് വിരുദ്ധമായി കേള്‍ക്കുന്നത്. ജി രവീന്ദനാഥ്, പ്രസന്നന്‍, പീതാംബരന്‍, കുമാര്‍, ബക്കര്‍, പുരുഷന്‍, കുഞ്ഞന്‍മരയ്ക്കാര്‍... തുടങ്ങിയവരാണ് പ്രദേശത്തെ കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. അങ്ങിനെ പ്രശസ്തമായ ഒട്ടേറെ കോണ്‍ഗ്രസ് മുദ്രാവാക്യങ്ങളുണ്ട്.
നാട് ഭരിക്കാന്‍ കൊള്ളയടിക്കാന്‍
ഇ കെ നായനാര്‍ക്ക് അധികാരം
ഉപ്പില്ലെങ്കില്‍ മുളകില്ലെങ്കില്‍
കേന്ദ്രത്തിന് അപരാധം
സ്വാതന്ത്ര്യത്തിന്‍ തീപ്പന്തം
കൈയിലുയര്‍ത്തിയ ജനതയ്ക്ക്
ചെമ്പടകാട്ടും വാരിക്കുന്തം
ചുവപ്പന്‍മാരെ പുല്ലാണേ...
1985 ഏപ്രില്‍ 23നാണ് ശരിയത്ത് കേസില്‍ ഷബാനു ബീഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ ഇഎംഎസ് സ്വാഗതം ചെയ്തു. അന്ന് ത്യക്കാക്കരയില്‍ മുസ്ലീം ലീഗിന്‍റെ നേത്യത്ത്വത്തില്‍ ജാഥ നടന്നു. അന്ന് ജാഥയില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ചവര്‍ ഇന്നും ത്യക്കാക്കരയിലൂടെ യാത്ര ചെയ്യുന്നു.
രണ്ടും കെട്ടും നാലും കെട്ടും
ഇഎംഎസിന്‍റെ ഓളേം കെട്ടും...
ശരിയത്താണേ കട്ടായം...
ചില അവസരങ്ങളില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്ദിരാ ഗാന്ധി ഭക്തി കൂടും. അപ്പോള്‍ കോണ്‍ഗ്രസ് അണികള്‍ ത്യക്കാക്കരയില്‍ വിളിച്ച മുദ്രാവാക്യമാണ് രസകരം...
ഹമ്പിള്‍ സിമ്പിള്‍ ഇന്ദിരാഗാന്ധി
ഏബിള്‍ നോബിള്‍ ഇന്ദിരാഗാന്ധി
ഏണസ്റ്റ് ഓണസ്റ്റ് ഇന്ദിരാഗാന്ധി
ലീഡേഴ്സ് ലീഡര്‍ ഇന്ദിരാഗാന്ധി
ഇടത് പക്ഷ ജാഥകള്‍ക്കും, മുദ്രാവാക്യങ്ങള്‍ക്കും പ്രത്യേകത ഉണ്ടായിരുന്നു. ആവേശം കൊള്ളിക്കുന്ന രീതിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ജാഥ നയിച്ചിരുന്ന ഗോപി, ബാലന്‍ നായര്‍ (ബാലേട്ടന്‍), ചാക്കോച്ചന്‍, സുകുമാരന്‍(സുകു), വേണുഗോപാല്‍(വേണു), രാമചന്ദ്രന്‍(രാമു), ചിത്രാംഗദന്‍(ചിത്രു), മാത്തുക്കുട്ടി, വിശ്വംബരന്‍, തോമസ് പുന്നന്‍(ടോമി), ചേലപ്പുറത്ത് രാധാക്യഷ്ണനും, മുരളിയും, പങ്കു, വിജയന്‍, കുമാര്‍, വിശ്വനാഥന്‍... തുടങ്ങിയവരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് കൂടിയായ ഗോപി ജാഥ നയിക്കുകയും, മുദ്രാവാക്ക്യം വിളിക്കുകയും ചെയ്യുമായിരുന്നു. ജാഥ നയിക്കുന്ന ഗോപിയുടെ മുദ്രാവാക്യം വിളിയിലും നയിക്കുന്നതിലും പ്രത്യേകതകള്‍ ഏറെ ഉണ്ടായിരുന്നു. മെയ് വഴക്കത്തോടെ വളഞ്ഞ് അദ്ദേഹം വിളിക്കുന്ന ഏത് മുദ്രാവാക്യം തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു.
അമ്മമാരേ പെങ്ങന്മാരേ...
ഗോപി കഴിഞ്ഞാല്‍ മുദ്രാവാക്ക്യം വിളിക്കുന്നത് മിക്കവാറും ചാക്കോച്ചനായിരുന്നു. ചാക്കോച്ചന്‍ എസ് എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ രൂപത്തില്‍ പ്രകടനത്തിന്‍റെ മുന്നില്‍ മുഖാമുഖം നിന്ന് മുഷ്ടി ചുരുട്ടി തലയ്ക്ക് മുകളിലൂടെ കഴുത്തിന്‍റെ പിന്നില്‍ വിരല്‍കൊണ്ട് തൊട്ട് മുദ്രാവക്യം വിളിക്കുന്ന ദ്യശ്യം എങ്ങിനെ മറക്കും. ശേഷിച്ചവര്‍ ഏറ്റ് വിളിക്കും. കരിമക്കാട് നിന്ന് മറ്റൊരു സംഘമുണ്ട്. അബ്ദുള്‍ഖാദര്‍, ആയിരുന്നു മുദ്രാവാക്യത്തിന്‍റെ തലപ്പത്ത്. പിന്നീട് കുഞ്ഞുമോനാണ് അവിടുത്തെ മുദ്രാവാക്യം വിളിക്കാരനായത്. ബോസേട്ടന്‍, നാസര്‍, സുകുമാരന്‍, പ്രഭാകരന്‍, ഹമീദ്, ബാവ, വാസുദേവന്‍, പൊന്നപ്പന്‍, തുടങ്ങിയ സ്ഥിരാംഗങ്ങള്‍ അവിടേയുമുണ്ട്. അവിടെ റൂട്ടും സ്ഥിരമാണ്. ചിലപ്പോള്‍ സംയുക്ത പ്രകടനവും ഉണ്ടാകും. രസകരമായ ഒട്ടേറെ മുദ്രാവാക്യങ്ങള്‍ ത്യക്കാക്കരയില്‍ മുഴങ്ങിയത് ഓര്‍ത്തു പോകുന്നു. ഷിബു, അനി, പ്രകാശന്‍, വിനോദ്, ആബിദ് തുടങ്ങിയ യുവ നിര മുദ്രാവാക്യം വിളിക്കാരുണ്ട്. വാസുദേവന്‍ ദേശാഭിമാനിക്കും, അബാസ് വീക്ഷണത്തിലും ത്യക്കാക്കരയുമായി ബന്ധപ്പെട്ട് എഴുതുന്നു എന്നതും എടുത്ത് പറയണം.
ഉമ്മച്ചനാണ് ഓര്‍മ്മയില്‍ ഓടി എത്തുന്ന മറ്റൊരു മുദ്രാവാക്യം വിളിക്കാരന്‍. പ്രാദേശിക ജാഥയില്‍ വിളിച്ചതിനേക്കാള്‍ കൂടുതല്‍ ഭാരത് മാതാ കോളേജിലാണ് ഉമ്മച്ചന്‍റെ മുദ്രാവാക്യം വിളി ഉയര്‍ന്നിട്ടുള്ളത്. കേരളത്തിലെ ക്യാമ്പസുകളില്‍ കേട്ടിട്ടുള്ള കുറേ ശ്രദ്ധേയ മുദ്രാവാക്യങ്ങളില്‍ ചിലത് പരാമര്‍ശിക്കാതെ പോകുവാന്‍ പറ്റില്ല.
ഇടിനാദം മുഴങ്ങട്ടെ
കടല്‍ രണ്ടായ് പിളരട്ടെ...
അമ്മേ ഞങ്ങള്‍ പോകുന്നു
പിന്നില്‍ നിന്ന് വിളിക്കരുതേ...
അയ്യോ എന്ന് കരയരുതേ...
ആരാ മോനേ ചെടിയുടെ മറവില്‍...?
ഞാനാണമ്മേ *****
എന്താ മോനേ ചെടിയുടെ മറവില്‍....?
പെട്ടിപൊട്ടിച്ചപ്പം തോറ്റമ്മേ...
******** മുറ്റത്തൊരു ആല്‍മരമുണ്ടേ....
ആമരം വെട്ടിയൊരു തോണിയുണ്ടാക്കി,
******** മോനെ തുഞ്ചത്തിരുത്തും,
******** ക്കരെ തുഴക്കാരുമാക്കും....
യുവാക്കളുടെ ജാഥയിലെ മുദ്രാവാക്യങ്ങളാണ് ഇതൊക്കെ.... അടിയന്തിരവസ്ഥ കാലത്ത് ഈച്ചരവാര്യരുടെ മകന്‍ രാജനെ, അഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍റെ നിര്‍ദ്ദേശപ്രകരം കൊന്നു എന്നും, കത്തിച്ച് ചാരമാക്കി എന്നും ആക്ഷേപം ഉണ്ടായിരുന്നു. അക്കാലത്ത് കേരളമാകെ, വിശേഷിച്ച് ക്യാമ്പസുകളില്‍ ഉയര്‍ന്ന മുദ്രാവാക്യം ത്യക്കാക്കരയിലും ഉയര്‍ന്നിരുന്നു.
ഈശ്വരഭക്താ കരുണാകരാ
ഈച്ചര വാര്യരുടെ മകനെവിടെ...?
പാറിക്കും പാറിക്കും
ചെങ്കോട്ടയിലും പാറിക്കും,
ആരിത് പറയുവതറിയാമോ...?
ചോരച്ചാലുകള്‍ നീന്തിക്കയറിയ....
എല്ലാവരും മുദ്രാവാക്യം ഏറ്റ് വിളിച്ചു. ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കുന്ന കാഴ്ച്ച... ചോരച്ചാലുകള്‍ നീന്തുന്ന കാഴ്ച്ച... ഏറ്റുവിളിച്ചവര്‍ക്ക് ആവേശമായി.
പ്രധാനമന്ത്രി കേള്‍ക്കാന്‍ ത്യക്കാക്കരയിലെ ഇടവഴിയില്‍ ഒരിക്കല്‍ കേട്ട മുദ്രാവാക്യം ഇംഗ്ലീഷിലായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജിവെക്കണം എന്നതാണ് ആവശ്യം. ഡല്‍ഹിയിലുള്ള മൂപ്പരെ കേള്‍പ്പിക്കുകയാണ് ലക്ഷ്യം.
ഹലോ മിസ്റ്റര്‍ രാജീവ് ഗാന്ധി
ഈഫ് യു ആര്‍ എ ജെന്‍റില്‍ മാന്‍...
കേരളത്തില്‍ ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുത്തില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റും തോറ്റപ്പോഴും ത്യക്കാക്കരയില്‍ ഇടതുപക്ഷത്തിന്‍റെ പ്രകടനം നടന്നു. അന്ന് ഡെന്നീസായിരുന്നു മുദ്രാവാക്യം വിളിച്ചത്. എറണാകുളം ജില്ലയില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സാധാരണ ഇടത് പക്ഷം ജയിക്കാറില്ല. നിയമസഭാ തിരഞ്ഞെടുത്തില്‍ ത്യപ്പൂണിത്തുറയില്‍ കെ ബാബുവും, തൊട്ടടുത്ത ആലുവയില്‍ കെ മുഹമദാലിയും സ്ഥിരമായി ജയിക്കുന്ന സാഹചര്യത്തിലും ത്യക്കാക്കരയില്‍ പ്രകടനം നടക്കും. അന്ന് വിളിക്കുന്ന മുദ്രാവാക്യം എങ്ങനെ മറക്കും...
തോറ്റിട്ടില്ല, തോറ്റിട്ടില്ല,
തോറ്റ ചരിത്രം കേട്ടിട്ടില്ല...
