പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2022 ഏപ്രില്‍ 30 


ആഹാര്‍ മേളയില്‍ തിളങ്ങിയത് കേരളം

ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കുന്ന ആഹാര്‍ ഭക്ഷ്യ - ആതിഥ്യ മേളയില്‍ സൗജന്യമായി സംരംഭകരെ പങ്കെടുപ്പിച്ചത് കേരളം മാത്രമാണെന്ന് വ്യാപാര വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്‍റെ ഉല്പന്നങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും സാദ്ധ്യതകളേറെയാണ്. ഉല്‍പ്പന്നങ്ങള്‍ പരിചയപെടുത്തുന്നതിന് കേരള സര്‍ക്കാര്‍ എല്ലാ പിന്തുണയും സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നതിന് തെളിവുകൂടിയായി ഡല്‍ഹിയിലെ പ്രദര്‍ശനത്തില്‍ സൗജന്യമായി പങ്കെടുപ്പിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ നിന്ന്  സംരഭകരില്‍ നിന്ന് പ്രതേകമായി ഫീസ് ഒന്നും ഈടാക്കാതെയാണ് സംരംഭകര്‍ക്ക് പ്രദര്‍ശനത്തില്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കിയിട്ടുള്ളത്. കേരളത്തിന്‍റെ വളരെ സവിശേഷമായിട്ടുള്ള നിരവധി ഭക്ഷ്യവസ്തുക്കളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും രാജ്യ വിപണിയില്‍ പരിചയപെടുത്തുന്നതിനുള്ള വാതിലായിട്ടാണ് ഇത്തരം മേളകളെ സര്‍ക്കാര്‍ കാണുന്നത്. അതോടൊപ്പം തന്നെ കയറ്റുമതി ഉള്‍പ്പടെ ഉള്ള സാധ്യതകള്‍ക്കും ഇത്തരം മേളകളെ ഉപയോഗിക്കാമെന്നാണ് കരുതുന്നത്. സംരഭകരായിട്ടുള്ള പതിനേഴു പേരാണ് ഇത്തവണ ഈ അവസരം വിനിയോഗിച്ചിട്ടുള്ളത്. അടുത്ത തവണ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കും. കേരളത്തിലെ സംരംഭകര്‍ക്ക് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നടക്കുന്ന മേളകളിലും സംസ്ഥാനത്ത് പ്രതേകം സംഘടിപ്പിക്കുന്ന മേളകളിലും അവസരം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

ഇത് നന്നായി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ സംരംഭകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത് - മന്ത്രി പി. രാജീവ് പറഞ്ഞു. ആഹാര്‍ മേളയില്‍  നാലുകെട്ട് മാതൃകയിലാണ് കേരളത്തിന്‍റെ പവലിയന്‍ ഒരുങ്ങിയത്. കേരളമൊരുക്കിയ 17 സ്റ്റാളുകളും ഭക്ഷ്യ സംസ്ക്കരണത്തിന്‍റെ വിവിധ മാതൃകകളും സാദ്ധ്യതകളുമാണ് തുറന്നുകാട്ടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പല ഏജന്‍സികളും ഇതിനോടകം തന്നെ ബിസിനസ് സഹകരണ സാധ്യതകള്‍ തേടി കേരളത്തിലെ സംരംഭകരെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപാര വ്യവസായ വകുപ്പിന്‍റെ കീഴില്‍ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഒരുക്കിയ കേരള പവിലിയന്‍ വന്‍ ഹിറ്റായി മാറി. 

ഡല്‍ഹിയില്‍ ത്രിവര്‍ണ്ണ പതാക പറപ്പിച്ച് ആപ്പ് സര്‍ക്കാര്‍

ഡല്‍ഹിയില്‍ വ്യാപകമായി ത്രിവര്‍ണ്ണ പതാക പറപ്പിക്കുകയാണ് സര്‍ക്കാര്‍. ഔദ്യോഗികമായി തന്നെ അതിനായി ബജറ്റില്‍ 104.37 കോടി വകയിരുത്തുകയും ചെയ്തു. ദേശ്ഭക്തി ബജറ്റ് എന്ന് നാമകരണവും ചെയ്ത് സംഗതി ജോറാക്കി ദേശഭക്തരുമായി. രാജ്യസ്നേഹം കൊടി പറത്തിയും, ബജറ്റിന് പേരിട്ടും കാണിക്കാമെന്നാണ് ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ രാജ്യസ്നേഹ പ്രകടനങ്ങളെ കടത്തി വെട്ടിയാണ് ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്‍റെ രാജ്യസ്നേഹ പ്രകടനം. സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിലാണ് വലിയ കൊടിമരവും, കൊടിയും നാട്ടിയിരിക്കുന്നത്. സ്വതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ദേശിയ പതാകകള്‍ ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ പറപ്പിക്കുന്നത്. ജനങ്ങള്‍ കൂടുന്ന ബസ് ഡിപ്പോ, പ്രധാന കവല, കോടതി, ആശുപത്രി, തിരക്കേറിയ കോളനികള്‍, സ്ക്കൂള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന ഉരുക്കിന്‍റെ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. നല്ല ഉയരമുള്ള ഇരുമ്പ് കൊടിമരത്തിന്‍റെ മുകളിലായി ലൈറ്റുണ്ട്. രാത്രിയിലും കൊടി കാണുവാന്‍ എല്ലാ കൊടിമരത്തിന്‍റെ കീഴില്‍ നിന്നും ഫ്ളെഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ചുറ്റിനും മനോഹരമായി സിമന്‍റിട്ട ചവുട്ട് പടികള്‍. കൊടിമരത്തിന് കീഴില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആസാദി കാ അമ്യത് മഹോത്സവിന്‍റെ ഭാഗമായി ഫണ്ടും അനുവദിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ സൗജന്യ വൈദ്യുതി

ഡല്‍ഹി സര്‍ക്കാര്‍ എല്ലാ ഡല്‍ഹി നിവാസികള്‍ക്കും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കി വന്നത് നിര്‍ത്തലാക്കുന്നു. 2019ല്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതി രാജ്യത്താകമാനം വലിയ ചര്‍ച്ചയായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ വൈദ്യുതി സബ്സിഡി വേണ്ടവര്‍ എഴുതി നല്‍കണം. അവര്‍ക്ക് മാത്രമായി വൈദ്യുതി സബ്സിഡി ചുരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. സബ്സിഡി വേണമെന്നും, വേണ്ടായെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയുന്നത്. അടുത്തിടെ പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പ് സമയത്ത് 300 യൂണിറ്റ് വൈദ്യുതി അവിടെ സൗജന്യമാക്കും എന്നാണ്. അത് നടപ്പിലാക്കുകയും ചെയ്തു. ഡല്‍ഹിയിലെ സൗജന്യം അപേക്ഷിക്കുന്നവരിലേയ്ക്ക് മാത്രം പരിമിതപ്പെടുത്തും എന്ന പ്രഖ്യാപനം ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ താമസിയാതെ സമാനമായ പ്രഖ്യാപനം പഞ്ചാബിലും ഉണ്ടാകുമെന്ന സംസാരവും ഉണ്ട്. 

ഡല്‍ഹിലെ കോളനികളില്‍ ബുള്‍ഡോസറുകള്‍

ഡല്‍ഹിയില്‍ 2600 കോളനികള്‍ പൊളിച്ചു നീക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി വ്യാപകമായി നോട്ടീസ് വിതരണം ചെയ്തു കഴിഞ്ഞു. 15 വര്‍ഷം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഭരിച്ച സമയത്ത് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പണം വാങ്ങി അനുമതി കൊടുത്ത കോളനികളാണ് പലതും എന്നാണ് ആം ആദ്മിയുടെ ആരോപണം. അനധിക്യത കെട്ടിടം എന്ന പേരിലാണ് ഇപ്പോള്‍ കോളനികളിലേയ്ക്ക് ബുള്‍ഡോസര്‍ കൊണ്ടു വരുന്നത്. ഡല്‍ഹിയിലെ പല മാര്‍ക്കറ്റുകളിലെ അനധിക്യത നിര്‍മ്മാണവും പൊളിക്കുന്നുണ്ട്. ധനികരായവര്‍ താമസിക്കുന്ന പ്രദേശത്തെ അനധിക്യത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. അനധിക്യത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്‍റെ മറവില്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന കോളനികള്‍ ഇടിച്ചു നിരത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന പൊളിക്കല്‍ നടപടിക്ക് വര്‍ഗീയ താത്പര്യം ഉണ്ടെന്നും, നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണം പൊളിക്കപ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കണമെന്നും വിവിധ സംഘടനകള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും, മുഖ്യമന്ത്രിക്കും കത്ത് നല്‍കി. എല്ലാ രേഖകള്‍ ഉണ്ടായിട്ടും അനധിക്യതമെന്ന പേരില്‍ ഡല്‍ഹിയിലെ പല കോളനികളും ഇടിച്ച് നിരത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഡല്‍ഹിയുടെ മേളകളുടെ ആശാന്‍ 

ഡല്‍ഹിയില്‍ 40 വര്‍ഷത്തോളം ചെണ്ടയുടെ മാഹാത്മ്യം പ്രചരിപ്പിച്ച വ്യക്തിയാണ് വാദ്യ പ്രവീണ്‍ ഡോ: ചെറുതാഴം കുഞ്ഞിരാമന്‍ മാരാര്‍. ഡല്‍ഹിയിലെ പ്രധാന പരിപാടികളിലും, എംബസികളിലും, രാഷ്ട്രപതിഭവനിലും, റിപ്പബ്ലിക്ക് പരേഡിലും കുഞ്ഞിരാമന്‍റെ താളം ഉയര്‍ന്ന് കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല നാല്‍പ്പതോളം വിദേശ രാജ്യങ്ങളിലും കുഞ്ഞിരാമന്‍റെ നേത്യത്ത്വത്തില്‍ വാദ്യ കലയും, കഥകളിയും അവതരിപ്പിക്കപ്പെട്ടിണ്ട്. അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ പ്രിന്‍സിപ്പളും 37 വര്‍ഷത്തോളം ചെണ്ട അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം അന്താരാഷ്ട്ര കഥകളി കേന്ദ്രത്തില്‍ നിന്ന് ഔദോഗികമായി വിരമിച്ചത് വലിയ ആഘോഷമാക്കി മാറ്റി. അവിടുത്തെ അധ്യാപകരും, വിദ്യര്‍ത്ഥികളും, മാനേജ്മെന്‍റും ആണ് വേറിട്ട പരിപാടി ഒരുക്കിയത്. അത് പുതുമയും കൗതുകവുമായി. കഥകളി കേന്ദ്രം ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൗഡഗംഭീരമായ യാത്രയയപ്പ് നല്‍കിയ വേളയില്‍ കുഞ്ഞരാമന്‍റെ സേവനം അതിഥി അധ്യാപകനായി തുടരുമെന്ന് മാനേജ്മെന്‍റ് പ്രഖ്യാപിച്ചു. ചടങ്ങിന്‍റെ ഭാഗമായി സംഗീത വാദ്യ സംഗമം, പുറപ്പാട്,  മേളപ്പദം എന്നിവയും ഒരുക്കിയിരുന്നു. രാജ്യ തലസ്ഥാനത്ത് കേരളത്തിന്‍റെ തനത് വാദ്യ ഉപകരണങ്ങളായ ചെണ്ടയും തിമിലയും പ്രശസ്തമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ചെറുതാഴം കുഞ്ഞിരാമ മാരാര്‍. ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിന്‍റെ ആയിരക്കണക്കിന് ശിഷ്യരില്‍ നൂറിലേറെ ശിഷ്യന്‍മാര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ മാത്രം വാദ്യ രംഗത്ത് സജീവമായുണ്ട്. തൃശ്ശൂര്‍ പൂരത്തിനെ അനുസ്മരിക്കുന്ന തരത്തില്‍ ഡല്‍ഹി പൂരം നടത്തി ജനകീയമാക്കിയതിന് പിന്നിലും ചെറുതാഴത്തിന്‍റെ പങ്ക് ചെറുതല്ല. മേളക്കാരേയും, ആനകളേയും ഒരുക്കിയായിരുന്നു രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഡല്‍ഹി പൂരം നടത്തിയത്. കോവിഡ് വന്നതോടെ അത് നിന്നു. വാദ്യ കലാകാരന്‍മാരെ ഒന്നിപ്പിച്ച് ഡല്‍ഹിയില്‍ പഞ്ചവാദ്യ ട്രസ്റ്റും, മറ്റ് കലാവിഭാഗങ്ങളെ സമന്വയിപ്പിച്ച് മറ്റൊരു കൂട്ടായ്മ കലാനിലയം പെര്‍ഫോമിങ്ങ് ആര്‍ട്ട്സും കുഞ്ഞിരാമന്‍ മാരാര്‍ നേത്യത്ത്വം കൊടുത്ത് തുടക്കം കുറിച്ചതാണ്. ഷഷ്ഠി പൂര്‍ത്തി ആഘോഷിക്കുന്ന ചെറുതാഴം കുഞ്ഞിരാമ മാരാരെ ആദരിച്ച് മെയ് 22 ന് പയ്യന്നൂരില്‍ ജന്‍മനാട്ടില്‍ അമ്യത രാമം എന്ന പരിപാടി ഒരുക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ വാദ്യ പ്രമാണിമാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും, പല്ലാവൂര്‍ കുട്ടന്‍ മാരാരും, ബാലുശ്ശേരി ക്യഷ്ണദാസ് അടക്കമുള്ളവര്‍ അവിടെ പങ്കെടുക്കും.