ചിന്തന്‍ ശിബിരത്തില്‍ വരാത്ത ചിന്തകള്‍

ചിന്തന്‍ ശിബിരത്തില്‍ വരാത്ത ചിന്തകള്‍

വിജയ് ചൗക്ക്

സുധീര്‍ നാഥ്  


ചിന്തിക്കാന്‍ ആയിരം വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ രാജസ്ഥാനിലെ ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ അറിഞ്ഞോ അറിയാതെയോ ചിന്തിക്കാന്‍ മറന്നു പോകുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ വളര്‍ച്ച പടവലങ്ങയുടെ വളര്‍ച്ചയ്ക്ക് സമാനമാണ്. കോണ്‍ഗ്രസിനെ വളര്‍ത്തി ശക്തി നല്‍കിയ ഉത്തര്‍ പ്രദേശ് പോലും കോണ്‍ഗസിനെ പുറം തള്ളുന്ന കാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കാണുവാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായ തോല്‍വി ഇനിയും പാര്‍ട്ടിയെ മാറ്റി ചിന്തിപ്പിച്ചില്ല എന്നത് അത്ഭുതം തന്നെയാണ്. കോണ്‍ഗ്രസ് അടിമുടി മാറുന്നു എന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. അപ്പോഴും അവര്‍ സോണിയയും, രാഹുലും നിലപാടുകളുള്ള ശക്തമായ നേതൃത്ത്വമാന്നെന്ന് പറയുകയും ചെയ്യുന്നു.

രാജ്യത്തെ വളരുന്ന എല്ലാ പാര്‍ട്ടികളും നേതൃത്ത്വത്തിന്‍റെ മാറ്റം സംയബന്ധിതമായി നടപ്പിലാക്കുന്നു. ബി.ജെ.പിയുടെ വളര്‍ച്ച പരിശോദിച്ചാല്‍ മാത്രം നമുക്കത് മനസിലാക്കും. ബി.ജെ.പിയുടെ നേതൃനിര മാറുന്നു. അവര്‍ വിജയിക്കുന്നു. കോണ്‍ഗ്രസ് നേതൃത്ത്വം വര്‍ഷങ്ങളായി ഒരച്ചുതണ്ടില്‍ നില്‍ക്കുന്നു. പരാജയം മാത്രമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും. കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ടത് ബി.ജെ.പി. എങ്ങിനെ വളര്‍ന്നു എന്നാണ്. അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം. അതിന് അവര്‍ സ്തുതിവചനങ്ങള്‍ നിര്‍ത്തണം. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് കാരണം കൂടി വന്ന സ്തുതിപാഠകരാണ്.

1885 മുതല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രം ആരംഭിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയാണ് അന്നു മുതല്‍ ചരിത്ര താളുകളില്‍ ഉള്ളത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേര്‍വാഴ്ച അവസാനിപ്പിക്കുന്നതിന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. 1924 ല്‍ മാത്രമാണ് മഹാത്മാ ഗാന്ധി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സരോജിനി നായിഡുവും, എസ്. ശ്രീനിവാസ ഐയ്യങ്കാറും, മുക്തതാര്‍ അഹമ്മദ് അന്സാരിയും ഓരോ വര്‍ഷം കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി. 1928 ല്‍ മോത്തിലാല്‍ നെഹ്റുവും, 1929 ല്‍ ജവഹര്‍ലാല്‍ നെഹ്റുവും കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയില്‍ എത്തി. 1930 ല്‍ നെഹ്റു തന്നെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. വല്ലഭായ് പട്ടേലും, മദന്‍ മോഹന്‍ മാളവികയും, നെല്ലി സെന്‍ഗുപ്തയും, രാജേന്ദ്രപ്രസാദും കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം വീണ്ടും നെഹ്റു 1936, 1937 വര്‍ഷങ്ങളില്‍ വീണ്ടും അധ്യക്ഷ സ്ഥാനത്ത് എത്തി. തുടര്‍ന്ന് സുഭാഷ് ചന്ദ്രബോസും, രാജേന്ദ്ര പ്രസാദും, അബ്ദുള്‍ കലാം അസാദും അധ്യക്ഷ  സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ജെ.ബി. ക്രിപാലിനി കേണ്‍ഗ്രസിന്‍റെ അധ്യക്ഷനായിരുന്ന 1946 - 1947 കാലത്താണ് ഇന്ത്യയ്ക്ക് സ്വതന്ത്ര്യം ലഭിക്കുന്നത്. 

1948 - 49 കാലത്ത് ബംഗ രാജു സിദ്ധരാമയ്യയും 1950 ല്‍ പുരുഷോത്തം ദാസ് ഠണ്ടനും കോണ്‍ഗ്രസ് അധ്യക്ഷരായി. ശേഷം 1951 മുതല്‍ 1954 വരെ വീണ്ടും നെഹ്റു അധ്യക്ഷനായി. കോണ്‍ഗ്രസ് ഓരോ വര്‍ഷം കഴിയുന്തോറും വളരുകയാണുണ്ടായത്. നെഹ്റുവിന് ശേഷം 1955 മുതല്‍ 1959 വരെ യു.എന്‍. ദേബാര്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്ത് ഉണ്ടായി. 1959 ല്‍ ഡല്‍ഹിയില്‍ നടന്ന പ്രത്യേക കോണ്‍ഗ്രസ് യോഗത്തിന്‍റെ അധ്യക്ഷയായി ഇന്ദിരാ ഗാന്ധി കടന്നു വന്നതാണ്. ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായ ചെറിയ കാലയളവിലാണ് പിതാവ് നെഹ്റുവിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കേരളത്തിലെ ഇ.എ.എസ്. സര്‍ക്കാരിനെ പിരിച്ചു വിടുന്നത്.

1960 മുതല്‍ 63 വരെ നീലം സജീവ റഡ്ഡിയും, 1964 മുതല്‍ 67 വരെ കെ. കാമരാജും, മറ്റും കോണ്‍ഗ്രസ് അധ്യക്ഷനായി വിപ്ലവകരമായ വളര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടാക്കി. നെഹ്റുവിന്‍റെ മരണശേഷം 1964 മെയ് 27 മുതല്‍ ജൂണ്‍ 9 വരെ 13 ദിവസം ഗുല്‍സാരിലാല്‍ നന്ദ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. പിന്നീട് ഒരു വര്‍ഷവും 216 ദിവസവും ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. വീണ്ടും 13 ദിവസം ഗുല്‍സാരിലാല്‍ നന്ദ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന ചരിത്രമുണ്ട്. 1966 ജനുവരി 24 ന് ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. അടിയന്തിരാവസ്ഥയും മറ്റും പ്രഖ്യാപിക്കുന്നത് ഇന്ദിരയുടെ കാലത്താണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ തുടങ്ങിയ കോണ്‍ഗ്രസ് സ്വാതന്ത്ര്യം ലഭിച്ച സാഹചര്യത്തില്‍ പിരിച്ച് വിടണമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭരണം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതിനായി കോണ്‍ഗ്രസ് പിരിച്ചു വിട്ടില്ല. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിച്ചാണ് ജനതാ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തത്. 1977 മാര്‍ച്ചില്‍ മൊര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഏറെ കാലം ജനതാ സര്‍ക്കാരിന് ഭരിക്കാന്‍ കഴിഞ്ഞില്ല. 1979 ജൂലൈ 28 മുതൽ  ചരന്‍ സിംഗ് 170 ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രിയായി. പക്ഷേ ഒരു ദിവസം പോലും പാര്‍ലമെന്‍റ് സമ്മേളനം നടത്തിയില്ല. 

1978 ല്‍ ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷയായി എത്തുകയും 1980 ജനുവരി 14 ന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുകയും ഉണ്ടായി. 1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രിയായിരിക്കെ  തന്നെ അവര്‍ കൊലചെയ്യപ്പെട്ടു. ഇന്ദിരയുടെ മരണത്തെ തുടര്‍ന്ന് മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഏറ്റെടുത്തു. 1989 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെട്ടു. പകരം വന്ന സര്‍ക്കാരുകള്‍ക്ക് ഏറെ കാലം ഭരിക്കുവാന്‍ സാധിച്ചില്ല. 1991 ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ രാജീവ് ഗാന്ധി കൊലചെയ്യപ്പെടു. സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടി.

ഭര്‍ത്താവിന്‍റെ മാതാവിന്‍റേയും ഭര്‍ത്താവിന്‍റേയും മരണം ഭീതിജനകമായതിനാല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വമോ സര്‍ക്കാര്‍ നേതൃത്ത്വമോ ഏറ്റെടുത്തില്ല. പകരം അത് ലഭിച്ചത് നരസിംഹ റാവുവിനായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും നരസിംഹ റാവു ഏറ്റെടുത്തു. ആദ്യമൊക്കെ സോണിയ ഗാന്ധിയെ കണ്ട ശേഷം മാത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നരസിഹ റാവുവിനെ കാണുവാന്‍ പോയിരുന്നത്. പിന്നീട് നേതാക്കള്‍ നേരിട്ട് നരസിംഹ റാവുവിനെ കാണുവാന്‍ തുടങ്ങി. ഇത് സോണിയാ ഗാന്ധിക്ക് അത്ര രുചിച്ചില്ല എന്നത് അക്കാലത്ത് പരസ്യമായ രഹസ്യമായിരുന്നു. നരസിംഹ റാവുവിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം വെച്ച് കരുക്കള്‍ നീക്കി തുടങ്ങിയത് സോണിയാ ഗാന്ധിയായിരുന്നു. 

സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ ഷീലാ ദീക്ഷിദ്, എന്‍.ഡി. തിവാരി, അര്‍ജുന്‍ സിംഗ്, ഭജന്‍ ലാല്‍, ഫോത്തേദാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് തിവാരി കോണ്‍ഗ്രസ് രൂപീകരിച്ചു ഇന്ദിരാ ഗാന്ധിയുടെ കാലം തുടങ്ങി രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിന്‍റെ ട്രഷററായിരുന്ന സീതാറാം കേസരിയെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റാക്കി. സോണിയാ ഗാന്ധി പിന്‍ സീറ്റിലിരുന്ന് കോണ്‍ഗ്രസിനെ നയിക്കാന്‍ തുടങ്ങി. 1998 ല്‍ സീതാറാം കേസരിയെ മാറ്റി സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷയായി. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ വേഗം കൂടിയത് അതോടെയായിരുന്നു.

കോണ്‍ഗ്രസിലെ അഭ്യന്തര കലഹത്തിനിടയില്‍ എ.ബി.വാജ്പേയുടെ  നേതൃത്ത്വത്തില്‍ ബി.ജെ.പി. കൂട്ട് മന്ത്രിസഭ രൂപീകരിച്ചു. എ.ബി.വാജ്പേയ് പ്രധാനമന്ത്രിയായി. 13 ദിവസമേ എ.ബി.വാജ്പേയ് പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ എങ്കിലും പിന്നീട് 13 മാസവും, പിന്നീട് അഞ്ച് കൊല്ലവും വാജ്പേയ് 23 കക്ഷികളേയും കൂട്ടി രാജ്യം ഭരിച്ചു. 

2004 ഡിസംബര്‍ 23 ന് നരസിംഹ റാവു മരണപ്പെടുന്നു. അദ്ദേഹം കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്‍റെ മൃതശരീരം കോണ്‍ഗ്രസ് ആസ്ഥാനമായ 24 അശോക റോഡില്‍ എത്തിച്ചപ്പോള്‍ ഗേറ്റ് താക്കോലിട്ട് പൂട്ടിയത് സോണിയാ ഗാന്ധിയുടെ നിര്‍ദേശത്തിലായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാളുടേയും മൃതശരീരം ദഹിപ്പിക്കാന്‍ രാജ്ഘട്ട് നല്‍കില്ലെന്ന വാശി സോണിയാ ഗാന്ധിയുടേതായിരുന്നു. 24 അക്ബര്‍ റോഡില്‍ പൊതു ദര്‍ശനം കഴിഞ്ഞ് ഹൈദ്രബാദിലാണ് റാവുവിന്‍റെ സംസ്ക്കാരം നടത്തിയത്. അത് അലങ്കോലപ്പെടുകയും ചെയ്തു.

2004 ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത് ഇടത്പക്ഷം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയിലാണ്. അന്ന് പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനായ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രണാബ് കുമാര്‍ മുഖര്‍ജിയെ മാറ്റി നിര്‍ത്തി സ്വന്തം വരുതിയില്‍ നില്‍ക്കുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയത് സോണിയാ ഗാന്ധിയാണ്. അന്ന് പ്രധാനമന്ത്രിയായി പ്രണാബ് കുമാര്‍ മുഖര്‍ജി വന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ ചിത്രം തന്നെ മാറുമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ള നേതാക്കള്‍ നയിച്ചാല്‍ മാത്രമേ ഒരു പുനരുദ്ധാരണത്തിന് വര്‍ത്തമാന കാലത്ത് സാധ്യതയുള്ളൂ. റാന്‍ മൂളികളും സ്തുതിപാഠകരും മാത്രം നിറഞ്ഞ സദസായി കോണ്‍ഗ്രസ് മാറി. അങ്ങിനെയുള്ള ഇഷ്ടക്കാരുടെ കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കില്ല. വിമര്‍ശനം കേള്‍ക്കുവാനോ, തെറ്റ് തിരുത്തി, ഗൗരവമായി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്നത് തടയുവാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് ഐ എന്ന പാര്‍ട്ടി കോണ്‍ഗ്രസ് എം.എസ്.ഡി പാര്‍ട്ടിയാക്കുന്നു എന്ന് ഒരു രസികന്‍ പറഞ്ഞത് ഗൗരവമായി കാണണം. കോണ്‍ഗ്രസ് മദര്‍ സണ്‍ ഡോട്ടര്‍ പാര്‍ട്ടി...!