ഊര്‍ജ മേഖലയും വൈദ്യുതി പ്രതിസന്ധിയും

ഊര്‍ജ മേഖലയും വൈദ്യുതി പ്രതിസന്ധിയും

വിജയ് ചൗക്ക്

സുധീര്‍ നാഥ് 

ഊര്‍ജവും, വെള്ളവും, വായുവും മനുഷ്യന് ജീവിക്കുവാന്‍ വേണ്ട അത്യാവശ്യ കാര്യങ്ങളില്‍ ഏറ്റവും ആദ്യം പറയേണ്ടതാണ്. ഇന്ന് രാജ്യം മാത്രമര്‍ ലോകം തന്നെയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ ഈ മൂന്ന് ആവശ്യങ്ങളില്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്നതാണ്. കേരളത്തില്‍ മാത്രമല്ല ഇത് എന്നതും രാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ പ്രതിസന്ധി രൂക്ഷമാണ് എന്നതാണ്. അതില്‍ ഏറ്റവും പ്രധാനം രാജ്യത്ത് ഇപ്പോള്‍ നേരിടുന്ന ഊര്‍ജ പ്രതിസന്ധിയാണ് വലിയ ചര്‍ച്ച. വൈദ്യുതി നിയന്ത്രണം വ്യാപകമായി നടപ്പിലാക്കിയിരിക്കുന്നു. ഇത് പവര്‍ കട്ടിലേയ്ക്ക് എത്തി ചേരും.

ഉഷ്ണ തരംഗത്തില്‍ വടക്കേ ഇന്ത്യ ചുട്ടു പൊള്ളുകയാണ്. ഡല്‍ഹിയില്‍ താപനില 45 ഡിഗ്രിയിലെത്തി നില്‍ക്കുന്നു. ചൂട് കാറ്റ് ജനജീവിതം കഠിനമാക്കിയിരിക്കുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രണ്ട് ഡിഗ്രി വരെ താപനില ഉയരുവാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. മെയ് മാസം അവസാനം വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും എട്ട് മണിക്കൂര്‍ വരെയാണ് പവര്‍ കട്ട്. കേരളത്തിലും പ്രതിസന്ധി ഉണ്ടെങ്കിലും അത്ര രൂക്ഷമല്ല. നമുക്കുള്ള ജലവൈദ്യുതി നിലയങ്ങളും, സോളാര്‍ പാനലുകള്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും രക്ഷയായി. 

രാജ്യത്ത് വൈദ്യുതിയുടെ ആവശ്യം കടുത്ത ചൂട് കാരണം കൂടുന്നു എന്നത് പറയേണ്ട കാര്യമില്ല. വൈദ്യുതി ലഭ്യത കുറയുകയും, ഉപയോഗം കൂടുകയും ചെയ്യുന്നു എന്നതാണ് വിഷയം. ഊര്‍ജ നിര്‍മ്മിതിക്ക് കല്‍ക്കരി ലഭ്യത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നത് ശരിയാണ്. കാലാവസ്ഥ വ്യതിയാനം കല്‍ക്കരി ഖനനത്തേയും ലഭ്യതയേയും ചരക്ക് നീക്കത്തേയും ബാധിക്കും. കല്‍ക്കരി ലഭ്യത കുറയുന്നത് നമ്മുടെ വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. കടുത്ത ചൂട് കാരണം വരള്‍ച്ച രൂക്ഷമാണ്. ജലവൈദ്യുതി നിലയങ്ങളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദനം റഷ്യയിലാണ്. കല്‍ക്കരി മാത്രല്ല ഊര്‍ജ നിര്‍മ്മിതിക്ക് ക്രൂഡ് ഓയിലും താപനിലയങ്ങളില്‍ ഉപയോഗിക്കുന്നു. ലോകത്തെ കടുത്ത പ്രതിരോധത്തില്‍ നില്‍ക്കുന്നതിന് റഷ്യ യുക്രെയിന്‍ യുദ്ധവും ചെറിയ അളവില്‍ കാരണമാണ്. റഷ്യയുടെ ക്രൂഡോയില്‍ വിതരണം തടസപ്പെട്ടത് ഒരു കാരണമാണ്. ഇതിനിടയിലാണ് ഇന്ത്യയിലെ കല്‍ക്കരിയുടെ ലഭ്യത കുറവും റിസര്‍വോയറുകളിലെ ജലനിരപ്പ് താഴ്ന്നതും. 

കല്‍ക്കരി ലഭ്യത കൂട്ടുന്നതിന് ഇന്ത്യന്‍ റെയില്‍വേയുടെ രാജ്യത്തെ 753 തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിലേയ്ക്ക് റെയില്‍ മാര്‍ഗം വേഗതയില്‍ കല്‍ക്കരി എത്തിക്കുന്നതിനാണ് ഇങ്ങനെ ഒരു നടപടി. മെയ് 25 വരെ ഇങ്ങനെ തുടരും. സാധാരണ രാജ്യത്ത് പ്രതിദിനം 350 കല്‍ക്കരി റേക്കുകളാണ് റെയില്‍വേ ഓടിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ 415 കല്‍ക്കരി റോക്കുകള്‍ റെയില്‍വേ ഓടിക്കുകയാണ്. കല്‍ക്കരി പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് മാസം വരെ ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുമെന്നാണ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ രാജ്യത്തെ കല്‍ക്കരിയുടെ കരുതല്‍ രണ്ട് ലക്ഷത്തി മുപ്പത്തി എട്ടായിരം മെട്രിക് ടണ്‍ ആയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മാസം കല്‍ക്കരിയുടെ കരുതല്‍ സ്റ്റോക്കില്‍ വന്‍ കുറവ് വന്നു. കല്‍ക്കരി ഉത്പാദനം കുറവും ഉപയോഗം കൂടുതലുമാണെന്ന് പ്രത്യേകം ഗവേഷണം നടത്തേണ്ട കാര്യം ഇല്ല. ഡിമാന്‍റ് കൂടിയിട്ടും കല്‍ക്കരി ഖനനം ഊര്‍ജിതമാക്കാതെ സര്‍ക്കാര്‍ മൗനം അവലംഭിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്ന രണ്ട് പ്ലാന്‍റുകള്‍ അടച്ചിട്ടിരിക്കയാണ്. ഒന്ന് അധാനിയുടേയും മറ്റൊന്ന് ടാറ്റയുടേയുമാണ്. രണ്ടിടത്തും കല്‍ക്കരി ലഭ്യത കുറഞ്ഞു എന്നാണ് കാരണം പറയുന്നത്. യൂണിറ്റിന് മൂന്ന് രൂപയില്‍ വിറ്റിരുന്ന കല്‍ക്കരിക്ക് ഇന്ന് 20 രൂപയില്‍ എത്തി നില്‍ക്കുന്നു. ഇതിനിടയില്‍ സര്‍ക്കാര്‍ ഇടപെട്ട് യൂണിറ്റിന് 12 രൂപ എന്നാക്കിയിരുന്നു. വില 20 രൂപ വരെ ആകാമെന്ന നിയന്ത്രണവും കൊണ്ടുവന്നു. കല്‍ക്കരി ലഭ്യമല്ല എന്ന പേരില്‍ യൂണിറ്റിന് 20 രൂപയ്ക്ക് പോലും കച്ചവടം നടക്കുന്നുണ്ട്.

ഇതിനിടയില്‍ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലര്‍ ഇറങ്ങി പുറപ്പെട്ടു എന്ന് പറയണം. ഹരിയാനയില്‍ ഏഴ് വര്‍ഷത്തേയ്ക്ക് യൂണിറ്റിന് 5 രൂപ 70 പൈസയ്ക്ക് കരാര്‍ ഒപ്പിടാന്‍ ശ്രമം നടന്നു. അതിലും കൂടുതല്‍ വിലയ്ക്ക് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുവാന്‍ പല സംസ്ഥാനങ്ങളിലും ശ്രമം നടക്കുന്നുണ്ട്. കല്‍ക്കരി ക്ഷാമം ഇന്ത്യയില്‍ സൃഷ്ടിച്ച് വൈദ്യുതി വില കൂട്ടിയാല്‍ തകരുന്നത് സംസ്ഥാന ഉടമയിലുള്ള വൈദ്യുതി ബോര്‍ഡുകളാണ്. വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങി കമ്പനികള്‍ തകര്‍ന്നാല്‍ സ്വകാര്യ മേഖലയ്ക്ക് തടസം കൂടാതെ ഈ രംഗത്ത് കടന്നു വരാന്‍ സാധിക്കും. അതിനുള്ള വഴിമരുന്നിടുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം.

വൈദ്യുതി ക്ഷാമം ക്രിത്രിമമായി ഉണ്ടാക്കി സ്ഥിതി രൂക്ഷമാക്കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി സ്വകാര്യ മേഖലയുടെ കടന്ന് വരവിന് അവസരം ഒരുക്കുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ പിന്‍ബലം ഉണ്ട്. ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് തിരിച്ചറിയാന്‍ എളുപ്പമാണ്. പക്ഷെ സാധാരണക്കാര്‍ക്ക് അത് അത്ര എളുപ്പമല്ല. കാലാവസ്ഥാവ്യതിയാനം അതിരൂക്ഷമായതിന്‍റെ പ്രത്യാഘാതമാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി സ്വകാര്യ കമ്പനികള്‍ക്ക് ഇടം ഒരുക്കാന്‍ കൂട്ടു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. 

ഇങ്ങനെ സംശയിക്കുന്നതിന് വ്യക്തമായ കാരണവും ഉണ്ട്. 2018 ല്‍ ലോക്സഭയില്‍ കേന്ദ്ര ഊര്‍ജ മന്ത്രി ഇലക്ട്രിസിറ്റി ആക്റ്റ് അമന്‍മെന്‍റ് ബില്ല് കൊണ്ടുവന്നിരുന്നു. മള്‍ട്ടി ലൈസന്‍സിങ്ങ് മോഡല്‍ നടപ്പിലാക്കുക എന്നതായിരുന്നു ബില്ലു കൊണ്ട് ലക്ഷ്യം വെച്ചത്. അതായത് ഒരു പ്രദേശത്ത് ഒന്നിലേറെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുക എന്നത്. ഇപ്പോള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അതാത് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ബോര്‍ഡുകളാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കേരളത്തില്‍ അത് കെ.എസ്.ഇ.ബി.യാണ് ചെയ്യുന്നത്. ബില്ല് ലോക്സഭയില്‍ പാസായി. പക്ഷെ രാജ്യസഭയില്‍ ബില്ല് പാസായില്ല. വലിയ ബഹളമായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരടക്കം ബില്ലിനെ പരസ്യമായി എതിര്‍ത്തു. ഒടുവില്‍ സര്‍ക്കാര്‍ ബില്ല് തത്ക്കാലം പിന്‍വലിച്ചു. ബില്ല് പഠനത്തിനായി അയച്ചിരിക്കയാണ്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി പല സംസ്ഥാനങ്ങളിലേയും വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കും. വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങിയുള്ള വിതരണം പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ രക്ഷകന്‍റെ റോളില്‍ പഴയ ബില്ല് പൊന്തി വരും. മള്‍ട്ടി ലൈസന്‍സിങ്ങ് മോഡല്‍ നടപ്പിലാക്കിയാല്‍ സ്വകാര്യ കമ്പനികള്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി വില്‍പന നടത്താം. വൈദ്യുതി ബോര്‍ഡുകള്‍ വിതരണം നടത്തുന്നതിനുള്ള വെറും വയര്‍ കമ്പനിയായി മാറും. വൈദ്യുതി ഉപദേക്താവിന് എത്തിക്കുന്ന പണിയില്‍ മാത്രം ബോര്‍ഡ് ചുരുങ്ങും എന്ന് പറയാം. സ്വകാര്യ വൈദ്യുതി ഉത്പാദക കമ്പനികള്‍ക്ക് വേണ്ടത് അതാണ്.

കുടിവെള്ള ക്ഷാമം വടക്കേ ഇന്ത്യയില്‍ രൂക്ഷമായി വരികയാണ്. വായുവിലെ മലിനീകരണവും രാജ്യത്ത് അപകട നിലയിലാണ്. കേരളത്തില്‍ അടുത്തിടെ ലഭിച്ച ശക്തമായ വേനല്‍ മഴ ആശ്വാസമായിരിക്കുന്നു എന്ന് വേണം പറയുവാന്‍. ഇപ്പോഴുള്ള ഊര്‍ജ പ്രതിസന്ധി കര്‍ഷകരേയും വ്യവസായത്തേയും ബാധിക്കും. വലിയ വിലക്കയറ്റത്തിന് അത് കാരണമാകും. ഇപ്പോള്‍ തന്നെ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ത്യയിലെ കല്‍ക്കരി കൊണ്ട് തന്നെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തത് കല്‍ക്കരി പാടങ്ങള്‍ സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനിക്ക് വിറ്റതുകൊണ്ടാണെന്ന ആക്ഷേപം ഉണ്ട്. ആസ്ത്രേലിയ, സൗത്ത് ആഫ്രിക്ക, ഇന്‍റോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നില്ല എന്നത് വലിയ കുറ്റം തന്നെയാണ്.