പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ഏപ്രില്‍ 30
അക്രമികള്‍ക്ക് ബി.ജെ.പി. സ്വീകരണം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഔദ്യോഗിക വസതി അക്രമിച്ചതിന്‍റെ പേരില്‍ ജയിലിലായ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി പാര്‍ട്ടി ഓഫീസില്‍ ജാമ്യം ലഭിച്ചപ്പോള്‍ സ്വീകരണം നല്‍കി. വിവാദ ചിത്രമായ കാശ്മീര്‍ ഫയലിന് ഡല്‍ഹിയില്‍ നികുതി ഇളവ് വേണമെന്ന ബി.ജെ.പിയുടെ നിയമസഭയിലെ ആവശ്യം തള്ളി കൊണ്ട് സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്ത് ജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം ഒരുക്കൂ എന്ന മറുപടിയാണ് മുഖ്യമന്ത്രി കേജരിവാള്‍ പറഞ്ഞത്. ഇതിനെതിരാണ് യുവമോര്‍ച്ച കേജരിവാളിന്‍റെ ഔദ്യോഗിക വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി അക്രമണം നടത്തിയത്. അറസ്റ്റിലായി 14 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് എട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വീടിന്‍റെ ഗേറ്റില്‍ കാവി പെയിന്‍റ് ഒഴിക്കുകയും സി.സി.ടി.വി. ക്യാമറകള്‍, ബാരിക്കേടുകള്‍ തുടങ്ങിയവ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസ് കാഴ്ച്ചക്കാരായി നോക്കി നിന്നത് ഏറെ വിമര്‍ശനം ഉണ്ടാക്കിയതാണ്. അക്രമണത്തെ അപലപിക്കുന്നതിന് പകരം അതിന് ഇറങ്ങി തിരിച്ച് ജയിലില്‍ കിടന്നവരെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍റെ നേതൃത്ത്വം സ്വീകരണം ഒരുക്കിയത് അപലപിച്ച് ഒട്ടേറെ പ്രമുഖര്‍ പരസ്യമായി എത്തിയിട്ടുണ്ട്. ബി.ജെ.പി. വിരുദ്ധരായവര്‍ക്കെതിരെ അക്രമണം നടത്തുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി ആദരിക്കുകയും ഉചിതമായ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് രാജ്യത്താകെ സന്ദേശം എത്തിക്കുന്ന നടപടിയാണിതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അതീഷി ആശങ്ക പ്രകടിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടു. ഗുണ്ടായിസവും അതിന്‍റെ പ്രചാരണവും ബിജെപിയുടെ ഡി.എന്‍.എയിലുണ്ട്. ബി.ജെ.പി. ഭാരതീയ ഗുണ്ടാ പാര്‍ട്ടിയാണ്, ഇത് ഗുണ്ടാസംഘങ്ങളുടെയും ബലാത്സംഗികളുടെയും വായ്നോക്കികളുടെയും പാര്‍ട്ടിയാണ്. അത്തരം നേതാക്കളെ ബിജെപി ആദരിക്കുകയും അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും സര്‍ക്കാരില്‍ ക്യാബിനറ്റ് ബെര്‍ത്ത് നല്‍കുകയും ചെയ്യുന്നു -ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ചില കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പി. നേതാക്കളുടെ പട്ടിക ഉദ്ധരിച്ചുകൊണ്ട് അതിഷി ആരോപിച്ചു.
കാശ്മീര്‍ ഫയല്‍സ് കഴിഞ്ഞ് ഡല്‍ഹി ഫയല്‍സ്
കാശ്മീര്‍ പണ്ഡിറ്റുകളെ മുഖ്യ കഥാപാത്രമാക്കി ബി.ജെ.പിക്ക് അനുകൂല സിനിമ പുറത്തിറക്കി ശ്രദ്ധ നേടിയിരിക്കുന്നു ദി കാശ്മീരി ഫയല്‍സ് എന്ന സിനിമ . പ്രധാന മന്ത്രി മുതല്‍ കേന്ദ്ര മന്ത്രിമാരും, ഗവര്‍ണര്‍മാരും, ബി.ജെ.പി. നേതാക്കളും സിനിമയുടെ പ്രചാരകരായി മാറിയ കാഴ്ച്ച പുതുമ നിറഞ്ഞതായിരുന്നു. വിവേക് അഗ്നിഹോത്രി എന്ന വ്യക്തി സംവിധാനം ചെയ്തതാണ് ചിത്രം. 1984 ലെ സിഖ് കലാപം വിഷയമാക്കി ദി ഡല്‍ഹി ഫയല്‍സ് എന്ന സിനിമ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്‍റെ പ്രാരംഭ ജോലികള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന കലാപങ്ങള്‍ വിഷയമാക്കി ദി ഗുജറാത്ത് ഫയല്‍സ് എന്ന ചിത്രവും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്തെ സംഭവ പരമ്പരകള്‍ സിനിമയിലാക്കി രാഷ്ട്രീയ രംഗം ചൂടുപിടിക്കുമെന്നും പറയപ്പെടുന്നു.
ഡല്‍ഹിയില്‍ വീണ്ടും കോവിഡ് ജാഗ്രത
കോവിഡ് കണക്കുകളില്‍ ഗണ്യമായ കുറവ് വന്നതോടെ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ മാസ്ക്കും മറ്റും ഉപേക്ഷിച്ചിരുന്നു. സാമൂഹ്യ അകലവും മറ്റ് ജാഗ്രതകളും മറന്നു. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ ഫെബ്രുവരി 28ന് ഡല്‍ഹി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും നീക്കിയിരുന്നു. മാര്‍ച്ച് 31 ന് ഡല്‍ഹി സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് പിഴ പിന്‍വലിച്ചിരുന്നു. ഔദ്യോഗികമായി കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതോടെ ജനങ്ങള്‍ പഴയതു പോലെ ഇറങ്ങി നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഡല്‍ഹിയില്‍ ദിനംപ്രതി കോവിഡ് കണക്കുകള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപെടേണ്ടതില്ല എന്ന് സര്‍ക്കാര്‍ പറയുന്നുമുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് ആശങ്കപ്പെടേണ്ടതില്ല എന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിശദ്ധീകരിച്ചു. ഡല്‍ഹിയോട് ചേര്‍ന്ന ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു സ്കൂളിലെ 30 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്ക്കൂള്‍ അടച്ചിടേണ്ടി വന്നു. ഇപ്പോള്‍ കോമിഡ് ബാധിച്ചവരില്‍ 30 ശതമാനത്തോളം കുട്ടികളാണ് എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഡല്‍ഹിയിലും മാര്‍ക്കറ്റുകളില്‍ ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് ഡല്‍ഹി ട്രേഡ് അസോസിയഷന്‍ ആവശ്യപ്പെട്ടു. കോവിഡ് മൂലം കഴിഞ്ഞ കാലങ്ങളിലെ നഷ്ടത്തില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ വെന്നും, ഇനി ഒരു അടച്ചിടല്‍ കൂടി താങ്ങാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.
വൈദ്യുതി വിപ്ലവം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ പോലും ലക്ഷങ്ങള്‍ മാസ ശമ്പളം വാങ്ങുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പാര്‍ലമെന്‍റ് സ്ട്രീറ്റിലും ചര്‍ച്ച. അവിടെ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുമുണ്ട്. ഇതിന്‍റെയെല്ലാം ഭാരം മുഴുവന്‍ കേരളത്തിലെ വൈദ്യുത ഉപദേക്താവ് വഹിക്കുന്നു. അതിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ കടന്നു വന്നാല്‍ എന്ത് സംഭവിക്കും എന്നത് ഈ രംഗത്തുള്ള എല്ലാവര്‍ക്കും അറിയാം. കേരളത്തിന്‍റെ വൈദ്യുതി ബോര്‍ഡ് രൂപം കൊടുത്തിട്ട് 65 വര്‍ഷമായി. 2013 ല്‍ രൂപം കൊണ്ടതാണ് കെ.എസ്.ഇ.ബി. എന്ന കമ്പനി. നാളിതു വരെ നഷ്ട കണക്കുകള്‍ മാത്രം കേട്ട സ്ഥാപനത്തില്‍ നിന്ന് ഇത്തവണ ലാഭമുണ്ടായി. ഏതാണ്ട് 600 കോടി രൂപ. മുന്‍ വര്‍ഷങ്ങളിലെ കടം കൂടി കൂടി പതിനാലായിരം കോടി രൂപയില്‍ എത്തി നില്‍ക്കുകയുമാണ്. വരും വര്‍ഷങ്ങളില്‍ ലാഭം കൂടും തോറും കടം കുറയുകയും ചെയ്യും. കമ്പനിയിലെ ഏതാനും ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രശ്നം എന്നാണ് മനസിലാക്കുന്നത്. കെ.എസ്.ഇ.ബിയെ രക്ഷിക്കാന്‍ ഒരു വിപ്ലവം തന്നെ നടക്കുകയാണ്. കമ്പനിയെ കരകയറ്റാന്‍ ചെയര്‍മാനും, വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും, സര്‍ക്കാരും നടത്തുന്ന ശ്രമങ്ങള്‍ ചിലര്‍ക്ക് ക്കൈപ്പ് നീരാകും. അത് സ്വഭാവികം.കേരളത്തിലെ സ്ഥിതി ഇങ്ങനെ ആണെങ്കില്‍ വടക്കേ ഇന്ത്യയിലെ സ്ഥിതി മറിച്ചാണ് . ഡല്‍ഹിയില്‍ 200 യൂണിറ്റ് വൈദ്യുതി ജനങ്ങള്‍ക്ക് സൗജന്യമാണ്. അതിലും കൂടുതല്‍ യൂണിറ്റ് ഉപയോഗിച്ചാല്‍ ബില്ലടയ്ക്കണം. പഞ്ചാബ് ആം ആദ്മി ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യമാക്കി. ഇലക്ഷന്‍ അടുത്തു വരുന്നത്. മുന്നില്‍ കണ്ട് ബി.ജെ.പി. ഭരിക്കുന്ന ഹിമാചലില്‍ 150 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുള്‍ഡോസര്‍ രാഷ്ട്രീയം
രാജ്യത്ത് ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി ബുള്‍ഡോസര്‍ പ്രയോഗം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യമാകെ പടരുന്ന കാഴ്ച്ചയാണ് കാണുന്നത്. മുസ്ലീം സമുദായത്തിലെ ജനങ്ങളുടെ വീടുകളും കടകളുമാണ് വ്യാപകമായി തകര്‍ക്കുന്നത്.
നവരാത്രി നാള്‍ മുതല്‍ രാജ്യത്തിന്‍റെ പല കേന്ദ്രങ്ങളിലും, വിശേഷിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ പ്രയോഗം ശക്തമായി. മുസ്ലീം വിഭാഗത്തിന് നേരെ മാത്രം നടന്ന ഇടിച്ച് നിരത്തലുകള്‍ സമൂഹ ശ്രദ്ധ നേടി. മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. പ്രതിപക്ഷം ആരോപണങ്ങളുമായി എത്തി. അനധികൃത കെട്ടിടമാണ് പൊളിക്കുന്നതെന്ന ന്യായം പൊളിക്കുന്നവരില്‍ നിന്നുണ്ടായി. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് വലിയ തോതിലുള്ള അക്രമങ്ങള്‍ രാമനവമിയോടനുബന്ധിച്ച് ഉണ്ടായത്. വീടുകളും കടകളും തീവയ്ക്കുകയും ചേരി തിരിഞ്ഞ് കല്ലേറുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍, ബംഗാളിലെ ഹൗറ, ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗ, ഗുജറാത്തിലെ കംഭാട്ട്, ഹിമ്മത് നഗര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും രാമനവമി ഘോഷയാത്രയോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ ബുള്‍ഡോസര്‍ കൊണ്ട് മുസ്ലീം സമുദായത്തിലെ ആളുകളുടെ കടകളും വീടുകളും ഇടിച്ചു നിരത്തി. ഗുജറാത്തിലും സമാനമായ ബുള്‍ഡോസര്‍ നടപടി ഉണ്ടായി. ഡല്‍ഹിയില്‍ ജെ.എന്‍.യുവിലും നവരാത്രി നാളില്‍ എ.ബി.വി.പി. അംഗങ്ങള്‍ മാംസാഹാരം വിളമ്പുന്നതിന്‍റെ പേരില്‍ കലാപം ഉണ്ടാക്കി. ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ ഉണ്ടായതും വര്‍ഗീയ കലാപം തന്നെ. അവിടേയും ബി.ജെ.പി നേത്യത്ത്വത്തിലുള്ള മുനിസിപ്പാലിറ്റി ഒന്‍പത് ബുള്‍ഡോസര്‍ ഉരുട്ടി. ബ്രിന്ദാ കാരാട്ടും സംഘവും സമയോചിതമായി ഇടപെട്ട് അത് തടഞ്ഞത് സുപ്രീം കോടതി ഉത്തരവിലൂടേയുമായിരുന്നു. ചെറുതെങ്കിലും രാജ്യത്ത് പലയിടങ്ങളില്‍ നിന്നുള്ള വര്‍ഗീയ കലാപ റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. രാജ്യത്ത് വ്യാപകമായി തുടരെ തുടരെ രാമനവമി കാലത്ത് ഉണ്ടായ വര്‍ഗീയ കലാപത്തെ അപലപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചു. മത ഭ്രാന്ത് പ്രചരിപ്പിക്കുന്നവര്‍ക്കും വാക്കുകളിലൂടേയും പ്രവര്‍ത്തികളിലൂടേയും സമൂഹത്തെ പ്രകോപിപ്പിക്കുന്നവര്‍ക്കുമെതിരെ സംസാരിക്കാന്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതായാണ് രാജ്യത്തെ 13 പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട നിവേദനത്തില്‍ പറയുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, ഡിഎംകെ, ആര്‍ജെഡി, ജെഎംഎം, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, ഐയുഎംഎല്‍, സിപിഐ-എംഎല്‍ എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. അതേസമയം, ശിവസേന, ബിഎസ്പി, ആംആദ്മി പാര്‍ട്ടി എന്നിവര്‍ നിവേദനത്തിന്‍റെ ഭാഗമായി ഒപ്പിട്ടില്ല.

