പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2022 ഏപ്രില്‍ 15 


എല്ലാത്തിനും കാരണം അപ്പോയ്മെന്‍റ്

കോണ്‍ഗ്രസിന്‍റെ പല നേതാക്കളും പിരിയാന്‍ കാരണം അപ്പോയ്മെന്‍റാണെന്ന് കണ്ടെത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ ഇപ്പോഴത്തെ നേതൃത്ത്വത്തിന്‍റെ അടുത്ത് എത്തിപ്പെടാന്‍ സാധിക്കാത്തതിന്‍റെ അനിഷ്ടമാണ് പുറത്ത് പോകാന്‍ കാരണമായത്. കെ. കരുണാകരന്‍ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് എന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല. അദ്ദേഹം സോണിയ ഗാന്ധിയുടെ അപ്പോയ്മെന്‍റിനു വേണ്ടി രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ഡല്‍ഹിയിലെ കേരള ഹൗസില്‍ ദിവസങ്ങള്‍ ചിലവഴിച്ചത് ചരിത്രമാണ്. പല തവണ അപ്പോയ്മെന്‍റ് ലഭിക്കാതെ കേരളത്തിലേയ്ക്ക് മടങ്ങിയതും ചരിത്രമാണ്. പിന്നെയും എത്രയോ പേര്‍ സമാനമായ പരാതി ഉന്നയിച്ച് പാര്‍ട്ടി ഉപേക്ഷിച്ചു പോയി എന്നത് ഇനിയെങ്കിലും പഠിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധി അപ്പായ്മെന്‍റ് കൊടുത്തില്ല എന്നതായിരുന്നു ജ്യോതിരാധിത്യ സിന്ധ്യയുടെ ഒരു പരാതി. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വെല്ലുവിളിച്ച പ്രൊഫ: കെ. വി. തോമസ് പറയുന്നത് എ.ഐ.സി.സി. അംഗമായ തനിക്ക് 2018 ന് ശേഷം രാഹുല്‍ ഗാന്ധിയെ കാണുവാന്‍ പോലും സാധിച്ചില്ല എന്നാണ്. ഒരു പാര്‍ട്ടി വലുതായി വരുന്നതിന് എതിര്‍ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്താന്‍ അത് പലപ്പോഴും കാരണമാകും. കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്തയ്ക്ക് കാരണം ഹൈക്കമാന്‍റ് പ്രവര്‍ത്തകരെ കാണാത്തതാണ് എന്ന് ചുരുക്കം.

ഇന്ത്യന്‍ റെയിലിന്‍റെ താളം തെറ്റുന്നോ...? 

ഇന്ത്യന്‍ റെയില്‍വേയുടെ താളം തെറ്റുന്നതായുള്ള സി.ഐ.ജി. റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വെച്ചിരിക്കുകയാണ്. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മോശമായി വരുന്നു. സമയ ക്രമം പാലിക്കുന്നില്ല. പതിനഞ്ച് മിനിറ്റോ അതിലേറെയോ സമയം താമസിക്കുന്നത് ലോക നിലവാരം അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ മോശം പ്രവര്‍ത്തനമാണ്. യുണൈറ്റഡ് കിങ്ങ്ഡം, ജര്‍മ്മനി, റഷ്യ, തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ശക്തമാണ് ഇന്ത്യന്‍ റെയില്‍വേ. പക്ഷെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. അവിടെ തീവണ്ടികള്‍ സമയത്തിന് ഓടുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സമയക്രമം പാലിക്കാന്‍ പറ്റാത്തതിന്‍റെ കാരണം. പല ദീര്‍ഘ ദൂര തീവണ്ടികള്‍ വൈകി ഓടുന്നതിന് അത് കാരണമാണ്. നിശ്ചിത സമയത്തിന് വളരെ മുന്‍പും അതു പോലെ വളരെ വൈകിയും എത്തുന്ന പതിവ് വ്യാപകമാണ്. അത് ഒഴിവാക്കുക എന്നതാണ് അടിയന്തിരമായി ഇന്ത്യന്‍ റെയില്‍വെ നടപ്പിലാക്കേണ്ടതെന്ന് സി.ഐ.ജി.  റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. റെയില്‍വേ ബോര്‍ഡ് പ്രാന്‍സിപ്പല്‍ ഡയറക്ടറും സി.ഐ.ജി. റിപ്പോര്‍ട്ട് തയ്യാറാക്കിയ മലയാളിയായ സുബു റഹ്മാന്‍ പറയുന്നത് ബോംബെ സബര്‍ബന്‍ റയില്‍വേ ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലെ സ്ഥാപനമാണ്. അവിടെ സബര്‍ബന്‍ ട്രെയിനുകള്‍ മിനിറ്റുകള്‍ പോലും തെറ്റിക്കാതെ സര്‍വ്വീസ് നടത്തുന്നത് ഇന്ത്യന്‍ റെയില്‍വെ മാതൃകയാക്കേണ്ടതുണ്ടെന്ന് സുബു റഹ്മാന്‍ ചൂണ്ടികാണിക്കുന്നു. ഇന്ത്യന്‍ റെയില്‍വെയെ ലോക നിലവാരത്തിലെത്തിക്കുക എന്ന ശ്രമത്തിലാണ് സര്‍ക്കാര്‍.

ഇലക്ട്രിക്ക് വാഹന വിപ്ലവം തുടങ്ങി.

പെട്രോളിനും ഡീസലിനും വില കൂടിയപ്പോള്‍ ജനങ്ങള്‍ ഡി.എന്‍.ജി. വാഹനങ്ങള്‍ ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പെട്രോളിനും ഡീസലിനുമൊപ്പം സി എന്‍.ജിക്കും വില കയറിയപ്പോള്‍ ജനങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇ-വാഹന നയം തന്നെ കൊണ്ടു വന്നിരിക്കുകയാണ്. ഡല്‍ഹി റോഡുകളില്‍ ഇലക്ട്രിക്ക് സ്കൂട്ടറും ബൈക്കും കാറും ബസും ഓടി തുടങ്ങി. ഡല്‍ഹിയില്‍ വ്യാപകമായി ഉണ്ടായിരുന്ന സൈക്കിള്‍ റിക്ഷകള്‍ക്ക് പകരമായി ബാറ്ററി റിക്ഷകള്‍ നിരത്തുകള്‍ കീഴടക്കി കഴിഞ്ഞു. ഡല്‍ഹിയില്‍ വ്യാപകമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ ഡല്‍ഹിയിലെ 40 റീചാര്‍ജിങ്ങ് കേന്ദ്രങ്ങളില്‍ സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവും ഇറക്കി. ഡല്‍ഹിയില്‍ ഇ-സൈക്കിളുകളും നിരത്തിലിറങ്ങിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ ഇ-സൈക്കിളുകള്‍ക്ക് 5500 രൂപ സബ്സിഡിയും നല്‍കുന്നുണ്ട്. ഇലക്ട്രിക്ക് വിപ്ലവം അന്തരീക്ഷ മലിനീകരണ തോത് വലിയ രീതിയില്‍ കുറയുമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്.

നവരാത്രി കാലത്തെ മാംസ നിരോധനം

നവരാത്രി കാലത്ത് രാജ്യത്ത് മാംസ വില്‍പ്പന നിരോധിക്കണമെന്ന് പ്രമുഖ ബി.ജെ.പി. നേതാക്കള്‍ പ്രസ്ഥാവന ഇറക്കിയത് വലിയ ആശങ്ക സൃഷ്ടിച്ചു. നവരാത്രി കാലത്ത് മാംസ വില്‍പ്പന നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കണമെന്ന് ഡല്‍ഹിയിലെ മൂന്ന് കോര്‍പ്പറേഷന്‍ മേയര്‍മാര്‍ മുനിസിപ്പല്‍ കമ്മിഷ്ണര്‍മാര്‍ക്ക് കത്തെഴുതിയത് പൊല്ലാപ്പായി. അങ്ങിനെ ഒരു ഉത്തരവ് ഇറക്കിയില്ലെങ്കിലും നവരാത്രിയുടെ ആദ്യ ദിവസം ഡല്‍ഹിയിലെ മാംസ വില്‍പ്പന തടസപ്പെടു. മൂന്ന് മുനിസിപ്പാലിറ്റികളും ഭരിക്കുന്നത് ബി.ജെ.പി.യാണ്. ബി.ജെ.പി. നേതാക്കാള്‍ പരസ്യമായി മാംസ വില്‍പ്പന അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. എന്തായാലും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മൂന്ന് മുനിസിപ്പാലിറ്റികളോടും വിശദ്ധീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് മേയര്‍മാരും കമ്മിഷന് മുന്നില്‍ ഹാജരാക്കുകയും വേണം. ഔദ്യോഗിക ഉത്തരവ് ഇറങ്ങാത്തതു കൊണ്ട് രണ്ടാം ദിവസം മുതല്‍ മാംസ വില്‍പന പതിവ് പോലെ തന്നെ നടന്നു. ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ സൂചനയായി ഈ സംഭവം വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെല്ലാം ഹിന്ദി സംസാരിക്കണമെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര അഭ്യന്തിര മന്ത്രി അമിത്ത് ഷായാണ്. എല്ലാവരും ഹിന്ദുക്കളാകണമെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്.

പഞ്ചാബിലെ എം.എല്‍.എ. പെന്‍ഷ്യന്‍

പഞ്ചാബിലെ മുന്‍ എം.എല്‍.എമാര്‍ പ്രതിമാസം വാങ്ങുന്ന പെന്‍ഷ്യന്‍ എത്രയെന്നറിഞ്ഞാല്‍ ഞെട്ടും. ഒരു തവണ എം.എല്‍.എ ആയാല്‍ പ്രതിമാസം ശരാശരി 75,000 രൂപയാണ് പെന്‍ഷന്‍. അതിനുശേഷം തുടര്‍ന്നുള്ള ഓരോ ടേമിലും പെന്‍ഷന്‍ തുകയുടെ 66 ശതമാനം അധികമായി നല്‍കുന്നു. പഞ്ചാബ് സംസ്ഥാനത്ത് 250ലധികം മുന്‍ എംഎല്‍എമാര്‍ ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. അഞ്ചര ലക്ഷം രൂപ പ്രതിമാസം പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം.എല്‍.എമാരുണ്ട് പഞ്ചാബില്‍. ആം ആദ്മി പഞ്ചാബ് ഭരണം ഏറ്റെടുത്തപ്പോള്‍ ആദ്യം വരുത്തിയ പരിഷ്ക്കാരങ്ങളില്‍ ഒന്ന് മുന്‍ എം.എല്‍.എമാര്‍ക്ക് ഒരു ടേം പെന്‍ഷന്‍ മാത്രമേ ലഭിക്കൂ എന്ന ഉത്തരവിറക്കി എന്നതാണ്. എം.എല്‍.എമാരുടെ സേവന കാലയളവിലെ ഓരോ ടേമിന്‍റെയും ആനുകൂല്യം ലഭിക്കുന്ന രീതി ഒഴിവാക്കുന്നതാണ് പ്രഖ്യാപനം. പഞ്ചാബിലെ മുന്‍ എം.എല്‍.എമാര്‍, അവര്‍ രണ്ട് തവണയോ അഞ്ച് തവണയോ പത്ത് തവണയോ ജയിച്ചിട്ടുണ്ടെങ്കിലും, അവര്‍ക്ക് ഇനി ഒരു തവണ മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. പൊതു ഖജനാവില്‍ നിന്നുള്ള പണം വലിയ അളവിലാണ് ഇതുമൂലം ലാഭിക്കുക. എന്തായാലും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ എടുത്ത തീരുമാനത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മുന്‍ എം.എല്‍.എമാരുടെ കുടുംബ പെന്‍ഷനിലും ഇളവ് വരുത്തുമെന്ന് മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വര്‍ഗീയ വിപ്ലവം 

മുസ്ലീം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പൊതുജനമധ്യത്തില്‍ പ്രഖ്യാപിച്ച ഹിന്ദു പുരോഹിതനെതിരെ നടപടി എടുത്തില്ല. ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ പരസ്യ ഭീഷണി ഉയര്‍ത്തിയ ഇയാള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഗീയ പ്രകോപന പ്രസംഗം നടത്തിയത് ബജ്റംഗ് മുനി എന്ന പേരില്‍ അറിയപ്പെടുന്ന കൈറാബാദിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കാവി വസ്ത്രവും കാവി തുണി കൊണ്ട് തലക്കെട്ടും ധരിച്ച ഇയാള്‍ ഒരു ജീപ്പിനുള്ളില്‍ ഇരുന്ന് മൈക്കിലൂടെയാണ് പ്രകോപന പ്രസ്ഥാവനകള്‍ നടത്തിയത്. അയാളെ പിന്തുണച്ച് ജനങ്ങള്‍ ജയ് ശ്രീറാം വിളിക്കുന്നതും വീഡിയോയില്‍ വ്യക്തം. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ നിന്നും 100 കിലോമീറ്റര്‍ മാറി സീതാപൂര്‍ ജില്ലയിലാണ് ഏപ്രില്‍ 2ന് ഇങ്ങനെ ഒരു സംഭവം നടന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് അനേഷണം നടക്കുകയാണെന്നും, തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് സീതാപൂര്‍ പോലീസിന്‍റെ വിശദ്ധീകരണം.