സര്‍ജിക്ക് ദൈവമാണ് എ.കെ. ആന്‍റണി...
സുധീര്‍ നാഥ്
'എനിക്ക് ജന്‍മം നല്‍കിയത് അമ്മയാണ്. എന്‍റെ കാണപ്പെടുന്ന ദൈവം ... എനിക്ക് രണ്ടാം ജന്‍മം നല്‍കിയത് എ.കെ. ആന്‍റണി സാറാണ് ... എന്‍റെ കാണപ്പെടുന്ന രണ്ടാമത്തെ ദൈവം ... ' ഇത് പറയുന്നത് ടി. കെ. സര്‍ജി. എ.കെ. ആന്‍റണിയുടെ പേര്‍സണല്‍ സ്റ്റാഫില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന വ്യക്തി. 2018 ല്‍ മാര്‍ച്ച് സര്‍ജി തളര്‍ന്ന് വീണു. ആശുപത്രിയിലായി. ഐ.സി.യുവില്‍ നിന്ന് വെന്‍റിലേറ്ററിലേയ്ക്ക്. ബോധം പോയി. ജീവിതത്തിലേയ്ക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അറിയിക്കേണ്ടവരെ അറിയിക്കാന്‍ പറഞ്ഞു. മാക്സ് ആശുപത്രിയിലെ നേഴ്സിങ്ങ് സൂപ്പര്‍വൈസറും, യുണയ്റ്റഡ് നേഴ്സസ് അസോസിയഷന്‍ (യു.എന്‍.എ.) പ്രസിഡന്‍റുമായ റിന്‍സ് ലേഖകനെ വിളിച്ച് പറഞ്ഞു. 'സര്‍ജി സാറിന്‍റെ നില അതീവ ഗുരുതരമാണ്. ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ ഒരു പക്ഷെ പ്രതീക്ഷയുണ്ട് ... ' വിവരം എ. കെ. ആന്‍റണി സാറിനെ നേരിട്ട് അറിയിച്ചു. ഉടനെ വീട്ടില്‍ വരാനും ഒപ്പം ആശുപത്രിയില്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ആശുപത്രിയില്‍ എത്തി.
സാധാരണ ഒരു ഉന്നത നേതാവ്, ഒരു ആശുപത്രിയില്‍ തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഒരാളെ കാണുവാന്‍ പോയാല്‍ ചിലവഴിക്കാന്‍ എടുക്കുന്ന സമയം നമുക്ക് ഊഹിക്കാം. പക്ഷെ. എ.കെ. ആന്‍റണി ആശുപത്രിയിലെ ബോധരഹിതനായി യന്ത്ര സഹായത്താല്‍ ശ്വാസം എടുത്ത് നിരവധി കുഴലുകളാല്‍ ബന്ധിച്ച സര്‍ജിയുടെ അടുക്കലെത്തി. സര്‍ജി .... സര്‍ജി .... എന്ന് വിളിച്ചു. കുറച്ച് സമയം അവിടെ നിന്ന ശേഷം ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരെ വിളിച്ചു വരുത്തി ചര്‍ച്ച. എങ്ങിനേയും സര്‍ജിയെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരണം എന്ന് വിതുമ്പി കൊണ്ട് അഭ്യര്‍ത്ഥിച്ചു. തന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന വ്യക്തിയെ എത്ര മാത്രം ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഭാര്യയേയും മക്കളേയും കണ്ടു. അവര്‍ക്ക് ആശ്വാസം പകരുന്ന വാക്കുകള്‍... ഒരു മണിക്കൂറിലേറെ ആശുപത്രിയില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
പിന്നീടുള്ള ദിവസങ്ങളില്‍ സര്‍ജിക്ക് വലിയ മാറ്റം. എ.കെ. ആന്‍റണിയുടെ വരവും അവിടെ ദീര്‍ഘസമയം ചിലവഴിച്ചതും ഫലം കണ്ടു. സര്‍ജിയുടെ ചികിത്സയ്ക്ക് ആശുപത്രി പ്രത്യേക ശ്രദ്ധ ചെലുത്തി. എല്ലാ ദിവസവും അദ്ദേഹം ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരെ വിളിക്കും. സര്‍ജി ജീവിതത്തിലേയ്ക്ക് പതിയെ തിരിച്ചെത്തി.
ആശുപത്രി വാസം കഴിഞ്ഞ് രണ്ട് മാസത്തോളം കിടക്കയില്‍ തന്നെയായിരുന്നു സര്‍ജി. തുടര്‍ച്ചയായ ചികിത്സയും പരിചരണവും കൊണ്ട് സര്‍ജി ജീവിതത്തിലേയ്ക്ക് പിടിച്ചു കയറി. യാത്ര ചെയ്യാം എന്നായപ്പോള്‍ എ.കെ. ആന്‍റണിയെ ചെന്ന് കണ്ടു. സര്‍ജിയെ കണ്ട ആന്‍റണി കരഞ്ഞു. അതു കണ്ട സര്‍ജിയും. അത് ആനന്ദ കണ്ണീരായിരുന്നു. സര്‍ജി നിറകണ്ണുകളോടെ ക്കൈകള്‍ കൂപ്പി എ. കെ. ആന്‍റണിയോട് പറഞ്ഞു. 'എന്‍റെ ജീവിതം തിരിച്ച് തന്നതിന് നന്ദി. ഇതെന്‍റെ രണ്ടാം ജന്‍മമാണ്. എന്‍റെ രക്ഷയ്ക്കായി വന്ന ദൈവമാണ് സര്‍....'


