ബുള്‍ഡോസറിന്‍റെ രാഷ്ട്രീയം
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ബുള്‍ഡോസര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണിപ്പോള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഗുജറാത്തിലെ ബുള്‍ഡോസര്‍ കമ്പനി സന്ദര്‍ശിച്ചതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യണോ എന്നത് ഒരു ചര്‍ച്ചാ വിഷയമാണ്. ഈ സമയം ഇന്ത്യന്‍ മാധ്യമങ്ങളില്‍ രാജ്യതലസ്ഥാനത്തെ ജഹാംഗീര്‍ പുരിയിലെ ബുള്‍ഡോസര്‍ പ്രയോഗവും അത് തടയുന്ന ബ്രിന്ദ കാരാട്ടിന്‍റെ ചിത്രവും വാര്‍ത്തയും നിറഞ്ഞിരിക്കയായിരുന്നു.
1976 ല്‍ പഴയ ഡല്‍ഹിയിലെ തുര്‍ക്ക് മാന്‍ ഗേറ്റില്‍ പത്ത് ബുള്‍ഡോസറുകള്‍ ഒരുമിച്ച് ഉരുണ്ട് പാവങ്ങളുടെ ചെറിയ വീടുകള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചു നിരത്തിയപ്പോള്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടി വെച്ചു. എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ അവിടെ മരിച്ചെന്ന് കണക്കില്ല. ഇരുപതിലേറെ പേര്‍ മരിച്ചെന്നാണ് പോലീസ് ഭാഷ്യം. മാധ്യമങ്ങളെ അവിടെ പ്രവേശിപ്പിക്കുകയോ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവതിക്കുകയോ ഉണ്ടായില്ല. ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്ത്വത്തിലായിരുന്നു ഇത്. സമാനമായി ഡല്‍ഹിയുടെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസിന്‍റെ പരിസരങ്ങളിലെ ജുഗ്ഗികള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തിയതും രാഷ്ട്രീയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അടിയന്തിരാവസ്ഥയുടെ മറവിലായിരുന്നു ഈ ബുള്‍ഡോസറിങ്ങ് .
1990 ല്‍ ഐ.എ.എസ് ഓഫീസറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ബുള്‍ഡോസര്‍ പ്രയോഗം നടത്തിയത് പ്രശസ്തമാണ്. ഡല്‍ഹി ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ കമ്മിഷ്ണറായിരുന്നപ്പോള്‍ കല്യാണ്‍ പുരി, ത്രിലോക് പുരി മേഖലയിലെ അനധികൃത കെട്ടിടങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി. ഡെമോളിഷന്‍ മാന്‍ എന്ന പേരും അദ്ദേഹത്തിന് വീണു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ റോഡുകളിലൂടെ ഉരുണ്ട ബുള്‍ഡോസറിന്‍റെ വാര്‍ത്തകള്‍ മലയാളികള്‍ മറന്നു കാണില്ല . അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു മൂന്നാറിലെ അനധികൃത കെട്ടിടങള്‍ പൊളിച്ച സംഭവം. മൂന്നാറില്‍ പക്ഷെ ജാതി, മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എടുത്ത നടപടിയായിരുന്നു. അവിടെ ഹിന്ദുക്കളുടേയും, ക്രിസ്ത്യാനികളുടേയും മുസ്ലീമുകളുടേയും കെട്ടിട്ടങ്ങള്‍ തകര്‍ന്നു. എന്തായാലും സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളുടെ ഇടയില്‍ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും എതിര്‍പ്പല്ലാതെ പിന്തുണ കിട്ടിയില്ല എന്നത് മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടുവാന്‍ കാരണമായി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്‍റെ ഭരണ നേട്ടത്തിന്‍റെ ചിഹ്നമായി ബുള്‍ഡോസര്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് യോഗി തന്‍റെ ബുള്‍ഡോസര്‍ പ്രയോഗം ആവര്‍ത്തിച്ചു. ഇലക്ഷന് ജനങ്ങള്‍ യോഗിയോടൊപ്പം നിന്നു. ബുള്‍ഡോസര്‍ ബാബ എന്ന ഓമനപ്പേരും അദ്ദേഹത്തിന് മാധ്യമങ്ങള്‍ സമ്മാനിച്ചു. അഴിമതി തുടച്ചു നീക്കാന്‍ തന്‍റെ ബുള്‍ഡോസറുകള്‍ ഇനിയും ഉരുളുമെന്ന് യോഗി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അത് വോട്ടുകള്‍ ചോര്‍ത്തുമെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ യോഗിക്ക് വലിയ ഗുണമുണ്ടാക്കുമെന്ന് മറ്റു ചിലരും വാദിച്ചിരുന്നു. ഇലക്ഷന്‍ ഫലം വന്നപ്പോള്‍ യോഗിക്ക് ബുള്‍ഡോസര്‍ ഗുണം ചെയ്തു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
യോഗിയുടെ ബുള്‍ഡോസര്‍ പ്രയോഗം ഇപ്പോള്‍ വ്യാപകമായി മുസ്ലിം സമുദായത്തിനെ തകര്‍ക്കുവാന്‍ പലയിടത്തും ഉപയോഗിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ഉത്തര്‍പ്രദേശിലെ പ്രശസ്ത ഗുണ്ടയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തപ്പോള്‍ യോഗിയെ ആരും സംശയിച്ചില്ല. പിന്നീടുള്ള യോഗിയുടെ ബുള്‍ഡോസര്‍ പ്രയോഗം വര്‍ഗീയ ചേരി തിരിഞ്ഞുള്ള ഒന്നായിരുന്നു.
നവരാത്രി നാള്‍ മുതല്‍ രാജ്യത്തിന്‍റെ പല കേന്ദ്രങ്ങളിലും, വിശേഷിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ പ്രയോഗം ശക്തമായി. മുസ്ലീം വിഭാഗത്തിന് നേരെ മാത്രം നടന്ന ഇടിച്ച് നിരത്തലുകള്‍ സമൂഹ ശ്രദ്ധ നേടി. മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. പ്രതിപക്ഷം ആരോപണങ്ങളുമായി എത്തി. അനധികൃത കെട്ടിടമാണ് പൊളിക്കുന്നതെന്ന ന്യായം പൊളിക്കുന്നവരില്‍ നിന്നുണ്ടായി. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് വലിയ തോതിലുള്ള അക്രമങ്ങള്‍ രാമനവമിയോടനുബന്ധിച്ച് ഉണ്ടായത്. വീടുകളും കടകളും തീവയ്ക്കുകയും ചേരി തിരിഞ്ഞ് കല്ലേറുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍, ബംഗാളിലെ ഹൗറ, ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗ, ഗുജറാത്തിലെ കംഭാട്ട്, ഹിമ്മത് നഗര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും രാമനവമി ഘോഷയാത്രയോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 300 കിലോമീറ്റര്‍ ദൂരെയുള്ള ഖാര്‍ഗോണില്‍ നടന്ന രാമനവമി ഘോഷയാത്രയെ തുടര്‍ന്നാണ് കലാപം തുടങ്ങിയത്. ഗുജറാത്തില്‍ ആനന്ദ് ജില്ലയിലെ കംഭാട്ട്, സബര്‍കന്ത ജില്ലയിലെ ഹിമ്മത്നഗര്‍ എന്നിവിടങ്ങളിലാണ് രാമ നവമിയോടനുബന്ധിച്ചുണ്ടായ സാമുദായിക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാമനവമി നാളിലാണ് ബി.ജെ.പി. ഭരിക്കുന്ന സര്‍ക്കാരിന്‍റെ വക ബുള്‍ഡോസറിങ്ങ് നടന്നത് എന്നതും കൗതുകമാണ്. രാവണനെ തോല്‍പ്പിച്ച് ഭരതന്‍ പൂജ നടത്തുന്ന കാലമാണ് രാമനവമി. വരും വര്‍ഷങ്ങളില്‍ എന്തായിരിക്കും എന്നതില്‍ ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ഒരു വിഭാഗം ആളുകളുടെ വീടുകള്‍ മാത്രം പൊളിച്ചു നീക്കുന്ന നടപടി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്ന് കോടതി പോലും പിന്നീട് പറയുകയുണ്ടായി. എല്ലാ ബുള്‍ഡോസറും മുസ്ലീം സമുദായ അംഗങ്ങളുടെ വീടുകള്‍ തിരഞ്ഞ് തകര്‍ക്കുകയായിരുന്നു. കലാപത്തില്‍ പങ്കാളികളായ മുസ്ലീം സമുദായത്തിലെ അംഗങ്ങളുടെ വീടുകള്‍ തിരഞ്ഞാണ് തകര്‍ത്തിരിക്കുന്നത്.
ഏപ്രില്‍ 16 ശനിയാഴ്ച്ച ഡല്‍ഹിയില ജഹാംഗീര്‍ പുരിയില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്. ഇവിടെയുള്ള കലാപകാരികളുടെ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആധേഷ് ഗുപ്ത ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ മേയര്‍ രാജ ഇക്ബാല്‍ സിംഗിന് കത്തെഴുതിയതിനു പിന്നാലെയാണ് കോര്‍പ്പറേഷന്‍ ' കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍' ഒമ്പതു ബുള്‍ഡോസറുകള്‍ ജഹാംഗീര്‍പുരിയിലെത്തിയത്.
ജഹാംഗീര്‍ പുരിയിലെ ഒരു മുസ്ലിം പള്ളിയുടെയും ഗേറ്റും കടയും എക്സ്കവേറ്റര്‍ തകര്‍ത്തിട്ടതിനു പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പൊളിക്കല്‍ തുടങ്ങി ഏകദേശം ഒന്നേകാല്‍ മണിക്കൂറിനുശേഷം സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുകയും നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തി തല്‍സ്ഥിതി തുടരാനും ചീഫ് ജസ്റ്റീസ് എന്‍ വി രമണ ഉത്തരവിട്ടു. വ്യാഴാഴ്ച്ച ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറുകള്‍ നിശ്ചലമായില്ല. ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കി. ബ്രിന്ദാ കാരാട്ട് ബുള്‍ഡോസറിന് മുന്നില്‍ നിന്നത്. വലിയ വാര്‍ത്തയായി. ബുള്‍ഡോസര്‍ രാഷ്ട്രീയത്തില്‍ അങ്ങിനെ ജഹാംഗീര്‍ പുരിയും സ്ഥാനം നേടി.
