ശമ്പളം രണ്ടര ലക്ഷം രൂപ : ജോലി യൂണിയന്‍ നേതാവ്
വിജയ് ചൗക്ക്
സുധീര്‍ നാഥ്
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. പഞ്ചാമ്പില്‍ അത് 300 യൂണിറ്റാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിമാചലില്‍ 150 യൂണിറ്റ് വൈദ്യുതിയും, കുടിവെള്ളവും, സൗജന്യമാക്കി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിമാചലിലെ ഇലക്ഷന് മുന്നോടിയായാണ് ബി.ജെ.പി. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന വിലയിരുത്തലും ഉണ്ട്. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്ക് താമസം മാറി പോയ ഒരു കുടുംബം കേരളത്തിലെ വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച പോലെ വിളിച്ച് പറഞ്ഞത് എന്തൊരു ക്രൂരമാണിത് എന്നാണ്. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്ക് എന്ത് കൊണ്ടാണ് കേരളത്തില്‍ ഉണ്ടായത് എന്ന് പരിശോധിക്കണം. അതിന്‍റെ പ്രധാന കാരണം കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന കെ.എസ്.ഇ.ബി എന്ന കമ്പനിയിലെ ആവശ്യത്തിലേറെയുള്ള ജീവനക്കാരും, അവര്‍ക്കുള്ള വലിയ ശമ്പളവുമാണ്. അതിന്‍റെ ഭാരം ചുമക്കേണ്ടത് കേരളത്തിലെ വൈദ്യുത ഉപഭോക്താക്കളാണ്.
ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ തകരുന്ന ബജറ്റാണ് ഓരോ തൊഴിലാളികളുടേയും. ഓരോ ദിവസവും ലഭിക്കുന്ന കൂലി കൊണ്ട് ജീവിതം മുന്നോട്ട് നീക്കുന്ന രീതിയാണ് കേരളത്തിലെ ശരാശരി തൊഴിലാളി ചെയ്തു വരുന്നത്. ദിവസ വേതനത്തില്‍ നിന്ന് വളരെ കുറച്ച് പണം മിച്ചം വെയ്ച്ചാണ് പല തൊഴിലാളികളും സമ്പാദ്യം ഉണ്ടാക്കുന്നത്. തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും തൊഴിലാളികള്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യമുണ്ട്. അതിന്‍റെ രാഷ്ട്രീയ സംഘടിത രൂപമാണ് യൂണിയനുകള്‍. യൂണിയന്‍ പ്രവര്‍ത്തനം എന്നാല്‍ തൊഴിലാളികള്‍ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാകണം. അവിടെ തൊഴിലാളി ജയിക്കുന്നു. യൂണിയനുകള്‍ ജയിക്കുന്നു.
കേരളത്തിലെ വികസനത്തിന് പലപ്പോഴും യൂണിയനുകള്‍ തടസമാണ്. ഉദാഹരത്തിന് ഇപ്പോള്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നില്‍ നടത്തുന്ന സമരത്തിന്‍റെ കാരണങ്ങള്‍ തന്നെയാണ്. പതിനാലായിരം കോടി നക്ഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ഇ.ബി. എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്നത് ചര്‍ച്ച ചെയ്യാന്‍ സാധിക്കണം. കേരളത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും, വാങ്ങുന്നതും, വില്‍ക്കുന്നതും കെ.എസ്.ഇ.ബിയാണ്. മറ്റാരും തന്നെ ഈ മേഖലയില്‍ ഇപ്പോള്‍ തത്ക്കാലം ഇല്ല. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ ഉടനെ കടന്നു വരും എന്നാണ് മനസിലാക്കുന്നത്. അന്ന് മത്സരം ഉണ്ടാകും. സ്വകാര്യ കമ്പനി കേരളത്തില്‍ വൈദ്യുതി വിതരണം തുടങ്ങിയാല്‍ വൈദ്യുതിയുടെ വിലയില്‍ വന്‍ കുറവും ഉണ്ടാകുകയും കെ.എസ്.ഇ.ബി. എന്ന കമ്പനി ഈ നിലയിലാണെങ്കില്‍ പിരിച്ച് വിടേണ്ട സാഹചര്യവും ഉണ്ടാകും എന്നത് വ്യക്തമായി അറിയുന്നവരണ് സര്‍ക്കാരിനെ നയിക്കുന്നത്. അതുകൊണ്ടാണ് എങ്ങിനേയും കെ.എസ്.ഇ.ബി. എന്ന കമ്പനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്ന കെ.എസ്.ഇ.ബി. ഭരിക്കുന്നത് യൂണിയന്‍ നേതാക്കളാണ്. ബോര്‍ഡ് ചെയര്‍മാനേയോ മന്ത്രിയെ പോലുമോ നിയന്ത്രിക്കാന്‍ വരെ യൂണിയന്‍ നേതൃത്ത്വത്തിന് സാധിക്കുമായിരുന്നു. ബോര്‍ഡ് എടുക്കുന്ന ഏത് തീരമാനങ്ങള്‍ക്കും കെ.എസ്.ഇ.ബി. യൂണിയന്‍റെ അംഗീകാരം വേണം. ട്രാന്‍സ്ഫര്‍ ലിസ്റ്റ് മുതല്‍ പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതും, മറ്റ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും യൂണിയന്‍ നേതൃത്ത്വമായിരുന്നു. അതിന് ഇപ്പോള്‍ തടസം നേരിട്ടിരിക്കുന്നു. കഴിഞ്ഞ ഒന്‍പത് മാസമായി കെ.എസ്.ഇ.ബി. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് ഡോക്ടര്‍ ബി. അശോകാണ്. അതിന്‍റെ മാറ്റം കമ്പനിയില്‍ കണ്ടു തുടങ്ങുകയും ഉണ്ടായി. യൂണിയന്‍ നേത്യത്ത്വത്തിന്‍റെ തെറ്റായ നീക്കങ്ങള്‍ തടയുവാനും, തെറ്റുകള്‍ വിരല്‍ ചൂണ്ടി കാണിക്കുവാനും തന്‍റേടം കാണിച്ച ചെയര്‍മാന്‍ പൊതുജനത്തിന്‍റെ പ്രതിനിധിയാണ് എന്ന് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരും, ജനങ്ങളും അത് തിരിച്ചറിഞ്ഞു കഴിഞ്ഞു.
മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇവിടുത്തെ യൂണിയന്‍ പ്രവര്‍ത്തന രീതി നന്നായി അറിയാം. പിണറായുടെ ആദ്യ സര്‍ക്കാരിന് ഏറ്റവും പേരുദോഷം ഉണ്ടാക്കുന്നതില്‍ കെ.എസ്.ഇ.ബി. യൂണിയന്‍ വഹിച്ച പങ്കിനെ കുറിച്ചും മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ഘടകകക്ഷിക്ക് നല്‍കി ഡോ ബി. അശോകിനെ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് കൊണ്ടു വന്നിരിക്കുന്നത്. യൂണിയന്‍ നേതൃത്ത്വത്തിന് ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് ആവശ്യമായ സാഹചര്യമാണ് എന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു എന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍. എല്‍.ഡി.എഫ്. ഭരിക്കുന്ന കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രമാരുടെ പേര്‍സണല്‍ സ്റ്റാഫില്‍ യൂണിയന്‍ നേതാക്കള്‍ കയറി പറ്റി നിയന്ത്രണങ്ങള്‍ നടത്തിയ കാര്യം സി.പി.എം. നേതൃത്ത്വത്തില്‍ മാത്രമല്ല, മറ്റ് യൂണിയന്‍ നേതാക്കള്‍ക്കിടയിലും ചര്‍ച്ചയാണ്.
കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളം എത്രയാന്നെന്ന് അറിഞ്ഞാല്‍ തൊഴിലാളി വര്‍ഗ്ഗ സ്നേഹം ഉപേക്ഷിക്കേണ്ടി വരും. ഇപ്പോള്‍ സസ്പെന്‍ഷനിലായ യൂണിയന്‍ നേതാവ് സുരേഷ് കുമാറിന്‍റെ പ്രതിമാസ ശമ്പളം രണ്ടര ലക്ഷത്തോളമാണെന്നാണ് പറയുന്നത്. മറ്റ് അലവന്‍സുകളും കിമ്പളവും കമ്മീഷനും മറ്റും ചേര്‍ക്കണം എന്ന് ഒരു കെ.എസ്.ഇ.ബി. തൊഴിലാളി പറഞ്ഞത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. ഒരു ലക്ഷത്തില്‍ കുറവ് ശമ്പളം വാങ്ങുന്നവര്‍ അവിടെ ഇല്ലെന്നാണ് അറിയുന്നത്. മറ്റെവിടെ ജോലി നോക്കിയാലും ഇത്രയും ശമ്പളം ലഭിക്കുകയില്ല എന്നതാണ് ഇവിടുത്തെ ആകര്‍ഷണം. ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം ലഭിക്കാതെ ഇരിക്കുമ്പോള്‍ സമരം ചെയ്ത് നേടിയെടുക്കുന്നത് പോലെ അധിക ശമ്പളം വെട്ടി ചുരുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനെ സ്വാഗതം ചെയ്യണം.
കെ.എസ്.ഇ.ബി. വാര്‍ഷിക ഡയറിയും, കലണ്ടറും അടിക്കുന്നതില്‍ തുടങ്ങി ഓരോ ഇനങ്ങളുടെ വാങ്ങലുകളില്‍ യൂണിയന്‍ നേതാക്കള്‍ക്ക് കമ്മിഷനുണ്ടായിരുന്നു. അത് 2022 മുതല്‍ ലഭിച്ചില്ല. കമ്പനിയിലെ നിയമനങ്ങള്‍ യൂണിയന്‍ നേതൃത്ത്വമാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. അതിന് തടസം നേരിട്ടു. ഹണി ട്രാപ്പ് എന്ന വിദ്യ ഉപയോഗിച്ച് പലരേയും വരുതിയിലാക്കാന്‍ ശ്രമിച്ചതിന് സി.സി.ടി.വി. സ്ഥാപിച്ച് തടയിട്ടു. ഒരു കമ്പനിയുടെ അച്ചടക്കം ഉണ്ടാക്കുവാന്‍ നീല യൂണിഫോം നടപ്പിലാക്കിയപ്പോള്‍ യൂണിയന്‍ നേതാക്കള്‍ യൂണിഫോമിന്‍റെ നിറം കാവിയാണെന്ന തെറ്റായ പ്രചരണം അഴിച്ച് വിട്ട് മാനേജ്മെന്‍റിനെ കാവി വത്കരിക്കാന്‍ ശ്രമം നടന്നു.
യൂണിയന്‍ നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്ത് അന്വേഷണ വിധേയമാക്കുകയും, യൂണിയന്‍റെ അനധികൃത സമ്പാധ്യത്തിന്‍റെ ശ്രോതസ് കണ്ടെത്തുകയും ചെയ്താല്‍ തീരാവുന്ന പ്രശ്നമേ കെ.എസ്.ഇ.ബി.യില്‍ ഉള്ളൂ. കോടികളുടെ ഫ്ളാറ്റ് കുംഭകോണം വരും ദിവസങ്ങളില്‍ ചില യൂണിയന്‍ നേതാക്കളെ വേട്ടയാടും എന്നാണ് അറിയുന്നത്. കേരളത്തിലെ പ്രമുഖമായ കെ.എസ്.ഇ.ബി. എന്ന പൊതുമേഖലാ സ്ഥാപനം മാത്രമല്ല യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ അനാവശ്യ ഇടപെടലില്‍ ബുദ്ധിമുട്ടുന്നത്. കെ.എസ്.ആര്‍.ടി.സിയും, ജലസേചന വകുപ്പും സമാനമായ സാഹചര്യങ്ങളിലൂടെ നീങ്ങുകയാണ്.
സാങ്കേതിക വിദ്യയുടെ പ്രയോജനം നടത്തുവാന്‍ കെ.എസ്.ഇ.ബിക്ക് പൂര്‍ണ്ണമായും സാധിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കേരളത്തിലെ വൈദ്യുത ഉപഭോഗ്താക്കളുടെ മീറ്റര്‍ റീഡിങ്ങ് നടത്തുന്നതിന് മാത്രം കമ്പനി പ്രതിവര്‍ഷം ചിലവഴിക്കുന്നത് 3000 കോടി രൂപയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി ഓരോ മീറ്ററിലും ആര്‍ എഫ്.ഐ.ഡി. കാര്‍ഡ് സ്ഥാപിച്ചാല്‍ ഈ തുക ലാഭിക്കാം. വൈദ്യുതി ഓഫീസില്‍ ഇരുന്ന് തന്നെ ഉപഭോക്താക്കളുടെ ഉപയോഗം അറിയാം. യാന്ത്രികമായി മീറ്റര്‍ റീഡിങ്ങ് പ്രായോഗികമാണ്. അറിയുന്ന വിവരമനുസരിച്ച് കെ.എസ്.ഇ.ബി. വളരെ മുന്‍പേ അതിന് തുടക്കം കുറിച്ചതാണ്. യൂണിയന്‍ ഇടപെട്ട് തടഞ്ഞ പ്രവര്‍ത്തനം ഇപ്പോള്‍ വീണ്ടും തുടക്കം കുറിച്ചിരിക്കുന്നു. മീറ്ററുകള്‍ ഡിജിറ്റലാക്കുന്നു.
ഇപ്പോള്‍ കെ.എസ്.ഇ.ബി.യില്‍ വലിയ മാറ്റം വന്നിരിക്കുന്നു. അതിന്‍റെ ബ്ലൂ പ്രിന്‍റ് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പിലാക്കുന്നത് എന്നാണ് മനസിലാക്കുന്നത്. എല്‍.ഡി.എഫ്. ഭരച്ച കാലങ്ങളിലെല്ലാം മുന്‍പ് സി.പി.എം. പ്രതിനിധികളായിരുന്നു വൈദ്യുതി വകുപ്പ് ഭരിച്ചിരുന്നത്. സ്വന്തം പാര്‍ട്ടിയിലെ യൂണിയന്‍ കാന്‍സറായി മാറിയ വിവരം തിരിച്ചറിഞ്ഞതോടെ വകുപ്പ് ഘടക കക്ഷിക്ക് നല്‍കി ചികിത്സ ആരംഭിച്ചതായാണ് സംസാരം. യൂണിയന്‍റെ വനിതാ നേതാവ് ജാസ്മിൻ ബാബു വാക്കാല്‍ യാത്ര പോകുന്ന വിവരം നല്‍കി മറ്റൊരാളെ ചുമതല ഏല്‍പ്പിച്ച് പോയി. നടപടി ക്രമങ്ങള്‍ പാലിക്കാതെ യാത്രയ്ക്ക് പോയ ഉദ്യോഗസ്ഥയ്ക്കെതിരെ കമ്പനി നടപടി എടുത്തു. ജാസ്മിൻ ബാബുവിനെ സസ്പെന്‍റ് ചെയ്തതു. തനിക്ക് തെറ്റ് പറ്റി എന്ന കത്ത് നല്‍കി പ്രശ്നം പരിഹരിക്കാന്‍ ഒരുങ്ങവെ ചെയര്‍മാനെതിരെ ഒരായുധമാക്കാന്‍ യൂണിയന്‍ തീരുമാനിച്ചതോടെ പ്രശ്നം വഷളായി.
ജാസ്മിൻ ബാബുവിനെ സസ്പെന്‍റ് ചെയ്തത് പിന്‍വലിക്കണമെന്ന് പറഞ്ഞ് തുടങ്ങിയ സമരം നാള്‍ക്കു നാള്‍ കൂടുതല്‍ കുരുക്കിലേയ്ക്ക് വീഴുകയാണ്. രണ്ടാഴ്ച്ച സസ്പെന്‍റ് ചെയ്ത് ചെയര്‍മാന്‍ ഡോക്ടര്‍ ബി. അശോക് രണ്ടാഴ്ച്ച കൂടി യാത്ര ചെയ്തോളൂ എന്ന് പറഞ്ഞത് സ്ത്രീത്ത്വത്തെ അപമാനിച്ചു എന്നാക്കി യൂണിയന്‍ മാറ്റിയത് വന്‍ തിരിച്ചടിയായി. കോടതി ഉത്തരവ് പ്രകാരം സസ്പെന്‍ഷന്‍ പിന്‍വലിച്ച് അവരെ പത്തനംതിട്ട ജില്ലയിലെ സീതതോടേയ്ക്ക് സ്ഥലം മാറ്റി. ഇതിനിടയില്‍ ബോര്‍ഡ് മീറ്റിങ്ങ് റൂമില്‍ തള്ളി കയറി ശബ്ദം ഉണ്ടാക്കിയ യൂണിയന്‍ നേതാവ് സുരേഷ് കുമാറിനും, ബി.ഹരികുമാറിനും സസ്പെന്‍ഷന്‍ ലഭിച്ചു. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം കമ്പനി അംഗീകരിച്ചു. ഇരുവരേയും പെരുന്തല്‍മണ്ണയിലേയ്ക്കും പാലക്കാട്ടേയ്ക്കും ട്രാന്‍സ്ഫര്‍ ചെയ്തു. കമ്പനിയിലെ ചികിത്സ ഫലം കണ്ടു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിന്‍റെ വൈദ്യുതി ബോര്‍ഡിന് രൂപം കൊടുത്തിട്ട് 65 വര്‍ഷമായി. 2013 ല്‍ രൂപം കൊണ്ടതാണ് കെ.എസ്.ഇ.ബി. എന്ന കമ്പനി. നാളിതു വരെ നഷ്ട കണക്കുകള്‍ മാത്രം കേട്ട സ്ഥാപനത്തില്‍ നിന്ന് ഇത്തവണ ലാഭമുണ്ടായി. ഏതാണ്ട് 600 കോടി രൂപ മുന്‍ വര്‍ഷങ്ങളിലെ കടം കൂടി കൂടി പതിനാലായിരം കോടി രൂപയില്‍ എത്തി നില്‍ക്കുകയുമാണ്. വരും വര്‍ഷങ്ങളില്‍ ലാഭം കൂടും തോറും കടം കുറയുകയും ചെയ്യും. കമ്പനിയിലെ ഏതാനും ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രശ്നം എന്നാണ് മനസിലാക്കുന്നത്. കമ്പനിയെ കരകയറ്റാന്‍ ചെയര്‍മാനും, വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും, സര്‍ക്കാരും നടത്തുന്ന ശ്രമങ്ങള്‍ ചിലര്‍ക്ക് ക്കൈപ്പ് നീരാകും. അത് സ്വഭാവികം.
