വൺ നേഷൻ വൺ ഇലക്ഷൻ


വൺ നേഷൻ വൺ ഇലക്ഷൻ 

വിജയ് ചൗക്ക്

സുധീര്‍ നാഥ്

രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്ക് നടത്തുക എന്ന ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ബി.ജെ.പി. തിരഞ്ഞെടുപ്പ് കാലത്ത് ഈ വിവരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ എന്നതിനൊപ്പം വണ്‍ നേഷന്‍ വണ്‍ വോട്ടേഴ്സ് ലിസ്റ്റ് എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്നും അത് ഏതാണ്ട് പൂര്‍ത്തീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നു. 2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകള്‍ നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ വിഷയത്തിലെ ചര്‍ച്ചയ്ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രധാനമന്ത്രി തന്നെ ഈ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നെങ്കിലും ഇപ്പോഴാണ് ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ കഴിഞ്ഞതോടെ വിഷയം ശക്തമായി ചര്‍ച്ച ചെയ്യുന്നതിന് രാഷ്ട്രത്തിന്‍റെ സാമ്പത്തിക അവസ്ഥയും കാരണമാകും. എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഇന്ത്യയില്‍ പൊതു ഖജനാവില്‍ നിന്ന് കോടികളാണ് ചിലവഴിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും രാജ്യ പുരോഗതിയില്‍ നിന്ന് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് കൂടുതല്‍ സമയം ശ്രദ്ധ കൊടുക്കുന്നതായി വിലയിരുത്തുന്നു. 

ലോകത്തിലെ പല രാജ്യങ്ങളും ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കിയിട്ടുണ്ട്. അതിന്‍റെ പല നല്ല ഗുണങ്ങളും ദോഷങ്ങളും അവിടെ നിന്ന് നമ്മള്‍ പഠിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി വലുതാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും മാത്രമാണ് ശക്തമായുള്ളത്. ദേശിയ രാഷ്ട്രീയ പാര്‍ട്ടികളായി മറ്റ് പല പാര്‍ട്ടികള്‍ക്കും സ്ഥാനങ്ങളുണ്ടെങ്കിലും അതൊക്കെ സാങ്കേതികം മാത്രം. രണ്ട് പാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ നടപ്പിലാക്കുവാന്‍ സുഗമമായി സാധിക്കുന്നതല്ല ഒറ്റ തിരഞ്ഞെടുപ്പെന്ന നീക്കം. രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്ന് 1443 എം.എല്‍.എമാരാണ് ഇപ്പോള്‍ ബി.ജെ.പിക്ക് ഉള്ളത്. കോണ്‍ഗ്രസിന് 753 എം.എല്‍.എമാരാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ത്രിണമുല്‍ കോണ്‍ഗ്രസാണ്. അവര്‍ക്ക് 236 എം.എല്‍.എമാരാണ് ഉള്ളത്. ആം ആദ്മി പാര്‍ട്ടിക്ക് 156, വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 151 എം.എല്‍.എമാരാണ് ഉള്ളത്. പിന്നീടുള്ള എല്ലാ പാര്‍ട്ടികള്‍ക്കും 150 എം.എല്‍.എമാരിലും കുറവാണുള്ളത്.

1951 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് 45 ശതമാനം മാത്രമായിരുന്നു. 2019 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം 67 ആയി ഉയര്‍ന്നു. വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ നടപ്പിലായാല്‍ വോട്ടിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്യാന്‍ വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 75 ശതമാനം വോട്ട് ഓരോ തിരഞ്ഞെടുപ്പിലും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ ഒരുങ്ങി കഴിഞ്ഞെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷ്ണര്‍ സുശില്‍ ചന്ദ്ര പറയുക കൂടി ചെയ്തിരിക്കയാണ്. അതുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നതിന് രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് നിരീക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് വ്യാഖ്യാനിക്കുന്നത്. ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകള്‍ ഭരണഘടന പ്രകാരം നടന്നു എന്ന് പറയാം. പിന്നീട് പല കാരണങ്ങളാല്‍ അത് നടപ്പിലായില്ല. അതിന് കാരണം പല സംസ്ഥാനങ്ങളിലും ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു. 1967 ല്‍ കേന്ദ്ര സര്‍ക്കാര്‍ പല സംസ്ഥാന സര്‍ക്കാരുകളേയും പിരിച്ചുവിട്ടതാണ് അതിന് കാരണം. നിയമസഭകള്‍ പിരിച്ചു വിട്ടതും, പാര്‍ലമെന്‍റ് പിരിച്ചു വിട്ടതും ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയം തകരുവാന്‍ കാരണങ്ങളായി. വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ എന്നത് പുതിയ ഒരു കാര്യമല്ല എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് കൊണ്ട് നടപ്പില്‍ വരുത്തുന്നതിന് ഏറെ പ്രയാസം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി രാജ്യത്തിന്‍റെ ഖജനാവില്‍ നിന്ന് ചിലവഴിച്ചു വരുന്ന കോടികള്‍ ഈ പുതിയ നടപടികളോടെ ലാഭിക്കാന്‍ സാധിക്കും. രാജ്യത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അത്ര മികച്ചതല്ല. 

രാജ്യം ഒരു ഇലക്ഷന്‍ കൊണ്ട് പാര്‍ലമെന്‍റ്, നിയമസഭ, തദ്ദേശ ഭരണ സമിതികളെ തിരഞ്ഞെടുക്കുന്ന സാഹചര്യം വീണ്ടും നിലവില്‍ വന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന പണത്തിന് കുറവ് വരും. ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നത് കൊണ്ടാണ് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു. ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും പിരിച്ചു വിടാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികള്‍ ഒന്നാക്കി മാറ്റിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് അവിടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമായി നടക്കുന്നതിനിടയിലാണ് നാടകീയ നീക്കം ഉണ്ടായത്. 

ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പില്‍ വരുത്തുമ്പോള്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ മുന്നില്‍ കാണുന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. അതിന് പരിഹാരം കാണുക എന്നതും ഏറെ പ്രധാനമാണ്.  ശക്തമായ രാഷ്ട്രീയ പേരാണ് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്നത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിക്കും. കുതിരക്കച്ചവടത്തിന് സാധ്യത കൂട്ടുന്ന സാഹചര്യം ഉണ്ടാകുവാന്‍ സാധ്യത ഏറെയാന്ന്. തിരഞ്ഞെടുപ്പ് എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ച് നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിന് അനുസരിച്ച് ക്രമപ്പെടുത്തുക എന്നത് ഭഗീരത പ്രയത്നമായി തന്നെ കാണേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിലും വലിയ കരുതല്‍ ആവശ്യമായി വരും. രാജ്യം ആദ്യം തിരഞ്ഞെടുപ്പിന് പോയ സാഹചരുമല്ല ഇന്നുള്ളത്. വോട്ടര്‍മാര്‍ ഏതാണ്ട് ഇരട്ടിയായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക വിഷയങ്ങളും , വികസനവും ശക്തമായി പ്രതിഫലിക്കില്ല. പ്രാദേശിക വികാരങ്ങള്‍ക്ക് വില കുറയും. അത് പ്രാദേശിക വികസനത്തെ ബാധിക്കും.

ഇതിനിടയില്‍ ഇന്ത്യയില്‍ ഒരു ഭാഷ മാത്രം മതിയെന്ന് അഭ്യന്തിരമന്ത്രി തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത് ഗൗരവത്തിലാണ് കണക്കിലാക്കേണ്ടത്. ഇംഗ്ലീഷ് ഭാഷ ഒഴിവാക്കണമെന്നും പകരം ഹിന്ദി ഭാഷ രാജ്യത്തെ ജനങ്ങള്‍ പരസ്പരം സംസാരിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രധാന ഘടകമായി ഒരു ഔദ്യേഗിക ഭാഷ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര കാബിനറ്റിന്‍റെ അജണ്ടകള്‍ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനകം ഹിന്ദി പ്രചാരണത്തിനായി 22,000 ഹിന്ദി അദ്ധ്യാപകരെ നിയമിച്ചു കഴിഞ്ഞതായും അമിത് ഷാ പറഞ്ഞു. വളരെ താമസിയാതെ രാജ്യത്തെ ജനങ്ങള്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന ഉത്തരവ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ടമായി പ്രഖ്യാപിക്കുവാന്‍ സാധ്യത ഇല്ലാതില്ല. നവരാത്രി കാലത്ത് മത്സ്യ മാംസ വില്‍പ്പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ പ്രഖ്യാപനം നടത്തിയത് അടുത്ത കാലത്താണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അത് ഒരു ദിവസം നടപ്പിലായി എന്നതും വാസ്തവമാണ്.