കേരളത്തിന്‍റെ ചുമരുകള്‍ കാന്‍വാസുകളാകുന്നു.
വിജയ് ചൗക്ക്
സുധീര്‍ നാഥ്
കേരളത്തില്‍ പുതുതായി ഒരു മാറ്റം വന്നിരിക്കുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ ചുമരുകളില്‍ വര്‍ണ്ണ ചിത്രങ്ങളാണ്. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും, കൊച്ചിയിലെ മെട്രോ സ്റ്റേഷനുകളും മറ്റും വലിയ ചിത്രങ്ങള്‍ ചുമരുകളില്‍ വരച്ച് ആകര്‍ഷകമാക്കിയിരിക്കുന്നു. കേരളത്തിലെ കലാശാലകളിലും, സാംസ്ക്കാരിക കേന്ദ്രങ്ങളിലും ചുമരുകള്‍ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നത് കാണാം. മുന്‍കാലങ്ങളില്‍ ഇത്തരം ഒരു പ്രവണത മലയാളികളില്‍ കണ്ടിരുന്നില്ല. എന്താണ് വളരെ വേഗത്തില്‍ ഇങ്ങനെ ഒരു മാറ്റം വന്നത്...?
1980 തുകളുടെ അവസാനം വരെ നമ്മുടെ കേരളത്തിലെ ചുമരുകള്‍ ഇലക്ഷന്‍ കാലത്തായിരുന്നു സജീവമായിരുന്നത്. അക്കാലങ്ങളില്‍ ഇന്നത്തെ പോലെ കൂടുതല്‍ ചുമരുകള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ചുമരുകളില്‍ നിറയുന്ന കാലമായിരുന്നു അത്. 1987 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ചുമരുകളില്‍ കാര്‍ട്ടൂണ്‍ പ്രചരണത്തിന്‍റെ ഭാഗമായി ചുമരുകളില്‍ നിറഞ്ഞിരുന്നു. പ്രമുഖ ജ്വലറി , വസ്ത്ര വ്യാപാരം, സിമന്‍റ് കമ്പനികളും ചുമരുകളില്‍ പരസ്യത്തിനായി ഉപയോഗിച്ചിരുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അച്ചടി മേഖല വളര്‍ന്നു. ഫ്ലക്സുകള്‍ പരസ്യ രംഗം പിടിച്ചടക്കി. ചുമരുകള്‍ പഴയതു പോലെ ഉപയോഗിക്കപ്പെട്ടില്ല എന്ന് പറയുന്നതില്‍ തെറ്റില്ല. രണ്ടായിരത്തോടെ മറ്റൊരു രീതി വ്യാപകമായി. സ്ഥാനാര്‍ത്ഥിയുടെ മുഖം മാത്രം പ്രിന്‍റ് എടുത്ത് ചുമരുകളില്‍ ഒട്ടിച്ച ശേഷം വര്‍ണ്ണങ്ങള്‍ കൊണ്ട് ചുറ്റുമുള്ള ഭാഗം ആകര്‍ഷകമാക്കുന്ന രീതി വന്നു.
സിനിമാ പോസ്റ്ററുകളായിരുന്നു ഒരു കാലത്ത് ആകര്‍ഷകമായിരുന്നത്. സര്‍ക്കസിന്‍റെ പോസ്റ്ററുകളും സമാനമായി ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. അത് അച്ചടി വിദ്യയുടെ ശിവകാശി പകര്‍പ്പുകളായിരുന്നു. കേരത്തിലെ ചില ക്ഷേത്രങ്ങളുടെ ചുമരുകളിലും പള്ളികളിലും കൊട്ടാരക്കെട്ടിലും മ്യൂറല്‍ ചിത്രങ്ങള്‍ കാലങ്ങളായി ഉണ്ടായിരുന്നു. അത് പൊതു സമൂഹത്തിലെത്തിയിരുന്നില്ല. 2012 ല്‍ കോട്ടയം ചുമര്‍ ചിത്ര പട്ടണമാക്കുന്നതിന് കേരള ലളിത കലാ അക്കാദമി നടത്തിയ ശ്രമം പരാമര്‍ശിക്കപ്പെടേണ്ടതാണ്. അന്ന് അക്കാദമി അദ്ധ്യക്ഷനായിരുന്ന കെ. എ. ഫ്രാന്‍സിസിന്‍റെ താത്പര്യപ്രകാരമായിരുന്നു അന്ന് അങ്ങിനെ ഒരു ശ്രമം നടന്നത്. ക്ഷേത്ര ചുമരിലും, കൊട്ടാരത്തിന്‍റെ ചുമരുകളിലും പള്ളി മേടകളിലും കണ്ട ചിത്രങ്ങള്‍ പൊതു സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ ചിത്രകലാ രംഗത്ത് നടന്ന വിപ്ലവകരമായ മാറ്റമായിരുന്നു അത്.
120 ചിത്രകാരന്‍മാരായിരുന്നു അന്ന് കോട്ടയം നഗരത്തെ ചുമര്‍ ചിത്ര നഗരമാക്കാന്‍ പങ്കാളികളായത്. ലോകത്തിന്‍റെ പല ഭാഗത്തു നിന്നുള്ള കലാകാരന്‍മാരും , ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെ കലാകാരന്‍മാരും അന്ന് കോട്ടയത്ത് നടന്ന ചുമര്‍ ചിത്ര ക്യാമ്പില്‍ പങ്കെടുത്തു. ചുമര്‍ ചിത്ര രചനയെ അന്ന് പല പ്രമുഖ ചിത്രകാരന്‍മാരും എതിര്‍ത്തിരുന്നതായും പിന്നീട് അവരില്‍ പലരും ചുമര്‍ ചിത്രരചനയുടെ പ്രചാരകന്‍മാരായി വന്നിട്ടുണ്ടെന്നും അന്നത്തെ അക്കാദമി ചെയര്‍മാന്‍ കെ. എ. ഫ്രാന്‍സിസ് ഓര്‍ക്കുന്നു.
2015 ല്‍ തിരുവനന്തപുരത്ത് ചുമരുകളില്‍ ആര്‍ട്ടിസ്റ്റുകള്‍ വരയ്ക്കാന്‍ തുടങ്ങി. കേരള സര്‍ക്കാരിന്‍റെ ടൂറിസം വകുപ്പിന്‍റെ പിന്തുണയില്‍ നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രങ്ങള്‍ വരച്ചു. അത് 2016 ലും തുടര്‍ന്നു. കേരള ടൂറിസം വകുപ്പിന്‍റെ പിന്തുണയാണ് ചുമര്‍ ചിത്രങ്ങള്‍ക്ക് തലസ്ഥാന നഗരത്തില്‍ ഒരു മേല്‍ വിലാസം ഉണ്ടാക്കിയത് എന്ന് പറയാം.
ഇതിനെ തുടര്‍ന്ന് മാനവീയം തെരുവിലെ ചുമരുകളില്‍ ചിത്രങ്ങള്‍ നിറഞ്ഞു. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ വ്യാപകമാകുവാന്‍ യുവകലാകാരന്‍മാര്‍ താത്പര്യം കാണിച്ചു. നഗരത്തിലെ ചുമരുകള്‍ കാന്‍വാസുകളായി. വലിയ വലിയ ചുമരുകളില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് ഒരു ചിത്രം വരയ്ക്കുവാന്‍ തുടങ്ങി. അത് വലിയ ഒരു മാറ്റമായിരുന്നു.
നൃത്തമോ, നാടകോ, സംഗീതമോ, ചലച്ചിത്രമോ തുടങ്ങിയവയിലെല്ലാം ജനാധിപത്യപരമായ കൂട്ടായ ഒരു സര്‍ഗ്ഗാത്മക അവതരണമാണ്. ചലചിത്രം സംവിധായകരുടെ ആശയമാണെങ്കിലും അതിലെ നടീനടന്മാര്‍ക്കും, ഛായാഗ്രാഹകര്‍ക്കും, ചിത്രസംയോജകര്‍ക്കും, ശബ്ദലേഖകര്‍ക്കുമെല്ലാം അവരവരുടേതായതും മൗലികമായതുമായ സര്‍ഗ്ഗപ്രകാശനത്തിന്‍റെ സാധ്യത നിലനില്‍ക്കുന്നു. ഇവയില്‍ നിന്നും വളരെ വ്യത്യസ്തമായ കലാശീലമാണ് ചിത്രകലയിലുള്ളത്. പരമ്പരാഗതമായി ചിത്രകല ഒരു കലാകാരന്‍റെ മാത്രം ആശയപ്രകാശനമാണ്. വിന്‍സെന്‍റ് വാന്‍ഗോഗിനോ, പികാസ്സോയ്കോ, ഡാവിഞ്ചിയ്ക്കോ ഒന്നും തന്നെ മറ്റൊരാളുടെ ബ്രഷ് അടയാളം അവരുടെ സൃഷ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ല. മറ്റൊരാള്‍ക്കും തന്നെ അവരുടെ കരവിരുതിലെ മൗലികത അനുകരിക്കാനുമാവില്ല. അവതരിപ്പിക്കുന്ന വിഷയത്തിനൊപ്പമോ അതില്‍ കൂടുതലോ പ്രാധാന്യം രചനയിലെ ശൈലികള്‍ക്ക് ഉണ്ട്/ വേണം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഇന്നും ഈ രീതി ഇങ്ങനെ തുടരുന്നത്.
ഈ പരമ്പരാഗത രീതിയെ പിന്തുടരാത്ത നിരവധി കലാകാര്‍മാരുണ്ട്. ക്രിസ്റ്റോയും ജീന്‍ ക്ലോഡ് എന്നിവരെപ്പോലെ. കല എന്നതിലെ വ്യക്തിനിഷ്ഠത നിലനിര്‍ത്തിക്കൊണ്ട് തന്നെ വിവിധ കലാകാര്‍മാര്‍ സംയുക്തമായ ഒരു ആശയം അവതരിപ്പിക്കുന്നതിലേക്കുള്ള ശ്രമമാണ് തിരുവനന്തപുരത്തും ഇപ്പോള്‍ കണ്ണൂരിലെ ധര്‍മ്മടത്തിന്‍റെ ചുമരുകളിലും അമ്യൂസിയത്തിന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച ആര്‍ട്ട് വോള്‍ പദ്ധതി.
എട്ട് യുവകലാകാരികള്‍ ചേര്‍ന്നാണ് ഒരൊറ്റ ആശയം അവതരിപ്പിക്കുന്നത്. ധര്‍മ്മടത്തിലെ ചിറക്കുനിയിലുള്ള ബൈപാസ്സിലെ അണ്ടര്‍പാസ്സിന്‍റെ വലിപ്പം, ആകൃതി എന്നിവയെ മുന്‍നിര്‍ത്തിയുള്ള ആലോചനകളാണ് ആശയരൂപീകരണത്തിന്‍റെ മുഖ്യ അടിത്തറ എന്നാണ് ഈ വന്‍ ചിത്ര രചനയ്ക്ക് നേതൃത്ത്വം കൊടുക്കുന്ന ചിത്രകാരന്‍ കൂടിയായ ഡോക്ടര്‍ അജിത്ത് പറയുന്നത്. സാധാരണ പബ്ലിക് ആര്‍ട്ട് പ്രോജക്ടുകളില്‍ നിന്നും വ്യത്യസ്തമായി, റോഡിന്‍റെ രണ്ടു വശങ്ങളിലെ ചുവരുകളെ മുകളിലുള്ള റൂഫ് ബന്ധിപ്പിക്കുന്നു. 9000 ചതുരശ്ര അടി വ്യാപ്തിയിലുള്ള ഈ ചിത്രം മാര്‍ച്ച് 31 ന് പൂർത്തീകരിച്ചു.
കോവിഡിന്‍റെ കാലത്ത് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊറോണ ബോധവത്ക്കരണ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. അത് പൊതു സമൂഹത്തിന് വലിയ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കേരളത്തിന്‍റെ ചുമരുകളില്‍ എത്ര എത്ര ചിത്രങ്ങളാണ് വരയ്ക്കപ്പെട്ടത്. തിരുവനന്തപുരം ടൈറ്റാനിയം ചുമരുകളില്‍ കോവിഡ് കാലത്ത് വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
നഗരങ്ങളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ നിറഞ്ഞതോടെ കഫറ്റേരിയയിലും പിന്നീട് വീട്ടുകളുടെ ചുമരുകളിലും ചിത്രം വരയ്ക്കുന്ന പതിവ് തുടങ്ങി. വലിയ വലിയ മാളുകളുടെ ചുമരുകളും ചെറിയ കടകളുടെ ചുമരും ഹോട്ടലുകളുടെ ചുമരും കാന്‍വാസായി മാറാന്‍ ഏറെ സമയം വേണ്ടി വന്നില്ല.
23ാം. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ ചുമരുകളില്‍ പാര്‍ട്ടി ചരിത്രങ്ങളുടെ ചിത്രീകരണം കാണാം. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മനോഹരമായ പോട്രേറ്റുകള്‍ ആരേയും ആകര്‍ഷിക്കും. നൂറ് കണക്കിന് ചിത്രങ്ങള്‍ ചുമരുകളില്‍ വരയ്ക്കപ്പെട്ടതു കൊണ്ട് തന്നെ ഇത് കാണുന്നതിന് മാത്രമായി നൂറ് കണക്കിന് ജനങ്ങളാണ് പട്ടണത്തില്‍ എത്തുന്നത്. കേരളത്തിലെ ചുമരുകളില്‍ ആദ്യ കാലങ്ങളില്‍ അക്ഷരങ്ങളാണ് നിറഞ്ഞിരുന്നെങ്കില്‍ ഇന്നത് ചിത്രങ്ങളായി മാറിയിരിക്കുന്നു. മലയാളിക്ക് ചുമരിലെ ചിത്രങ്ങള്‍ ഏറെ പരിചിതമാക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച കെ. എ. ഫ്രാന്‍സിസും , ഡോക്ടര്‍ അജിത്ത് കുമാറും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
