നമുക്കും വേണം വേഗത...
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
കേരളത്തിലെ അസഹനീയമായ ഗതാഗത കുരുക്കും, വീതിയില്ലാത്ത റോഡുകളും ഒരു ശാപമാണ്. നമുക്ക് പട്ടണങ്ങളില്‍ ഗതാഗത കുരുക്കില്‍ വെന്തുരുകുന്നതിന് പരിഹാരം കാണേണ്ടതുണ്ട്. കെ റെയില്‍ വിവാദത്തില്‍ നമ്മുടെ നാട് തര്‍ക്കിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടത് വര്‍ത്തമാനകാല ആവശ്യമാണ്. തീരദേശ ഹൈവേയായാലും, കെ റെയില്‍ ആയാലും നമുക്കും വേഗത വേണം. അതിന് ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്. ദേശീയ പാതയുടെ അംഗീകരിച്ച വീതി 45 മീറ്ററില്‍ നിന്ന് 30 മീറ്ററാക്കി ചുരുക്കണമെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്‍റെ അടുത്ത് നിവേദനവുമായി പോയിരുന്ന സംഭവം ഓര്‍ത്തു പോകുകയാണ്. അക്കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ ദേശിയ പാതയുടെ വീതി 60 മീറ്ററാക്കി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്നാലെ നടക്കുന്ന കാലത്താണ് അംഗീകരിച്ച ദേശീയ പാതയുടെ വീതി കുറയ്ക്കാന്‍ കേരള സംഘം ഡല്‍ഹിയിലെത്തിയത്.
1957 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ എം.എസ്. കേരള നിയമസഭയില്‍ വികസന രേഖ അവതരിപ്പിച്ചു. അതില്‍ ദീര്‍ഘവീക്ഷണത്തോടെ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. 1956 ല്‍ തൃശൂരില്‍ നടന്ന സി.പി.ഐ സമ്മേളനത്തില്‍ കേരള നയ രേഖയ്ക്ക് രൂപം കൊടുത്ത് ചര്‍ച്ച ചെയ്തു. അത് പിന്നീട് പാര്‍ട്ടിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോ ആയിരുന്നു. അങ്ങനെ കൊണ്ടുവന്ന മാനിഫെസ്റ്റോ ജനങ്ങളെ ആകര്‍ഷിച്ചു എന്നതില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വന്‍ വിജയത്തിന് അത് കാരണമായി എന്ന് വിലയിരുത്താം. കേരളത്തിലെ കാര്‍ഷിക , വിദ്യാഭ്യാസ, ഗതാഗത രംഗത്തെ കുറിച്ച് അതില്‍ വ്യക്തമായി പറയുന്നുണ്ട്. കേരളത്തിലെ തെക്ക് വടക്ക് നീണ്ടുകിടക്കുന്ന നദീജല പാതകള്‍ ഗതാഗതത്തിനും ചരക്ക് നീക്കം നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ നദീജല പാതകള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. ചൈനയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് അത്. ഏറ്റവും ചിലവ് കുറഞ്ഞ ഗതാഗത മര്‍ഗ്ഗം അവര്‍ പ്രയോജനപ്പെടുത്തി. കേരളത്തിനും സമാനമായ വികസനം വിഭാവനം ചെയ്തിരുന്നു എന്ന് നമുക്ക് ഇപ്പോള്‍ പറയുവാന്‍ മാത്രമേ കഴിയൂ. ഏറ്റവും വലിയ ഉദാഹരണം വ്യവസായ നഗരമായ ഏലൂര്‍, കളമശ്ശേരി മേഖലകളിലെ നദികള്‍ തന്നെ. വ്യവസായ മാലിന്യങ്ങള്‍ തള്ളുന്നതിനായി നമ്മള്‍ നദികളെ ഉപയോഗിക്കുന്നു.
പ്രജകളെ കാണുവാനും, ചന്തകളിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും, ജനങ്ങളുടെ യാത്രയ്ക്കുമായി കൊച്ചി രാജാവ് സാങ്കേതിക വിദഗ്ദ്ധനായ തുകലനോട് ഗതാഗത സൗകര്യത്തിന് തോട് ഉണ്ടാക്കാന്‍ ഉത്തരവിട്ടു. ഇന്ന് പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് തുല്ല്യമായി അതിനെ കണകാക്കാം. പത്തര കിലോമീറ്ററാണ് തോടിന്‍റെ നീളം. ചമ്പക്കരയില്‍ നിന്ന് മുട്ടാര്‍ പുഴയില്‍ അവസാനിക്കുന്നതാണ് തോട്. നാല്‍പത് മീറ്ററോളം വീതി ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. തോടിന് നാഗവടിവ് വേണമെന്ന് രാജാവ് നിര്‍ദ്ദേശിച്ചിരുന്നു. അതു പ്രകാരമാണ് തുകലന്‍ തോട് കുഴിച്ചത്. തോടിന്‍റെ വളവ് കണ്ട് രാജാവ് ദേഷ്യപ്പെട്ടു. രാജാവ് പറഞ്ഞ പ്രകാരം നാഗവടിവോടെയാണ് നിര്‍മ്മിച്ചതെന്ന് തുകലന്‍ ജീവനുള്ള നാഗത്തെ രാജാവിന് മുന്നില്‍ ഇട്ട് കാണിച്ച് കൊടുത്തു എന്ന് ചരിത്രം. പക്ഷെ ഇന്ന് ഈ തോട് കാണണം. ഒരു അഴുക്ക് നാളായി അത് മാറിയിരിക്കുന്നു. ഇടപ്പള്ളി ലുലു മാളിന്‍റെ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് പോകുന്ന അഴുക്ക് ചാലായി അത് മാറി.
ചൈനയിലെ ഹോം ഹോം പട്ടണത്തില്‍ നിന്ന് മറ്റ് അയല്‍ പട്ടണങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും കായല്‍ വഴിയും കടല്‍ വഴിയും ചീറിപ്പായുന്ന ഹൈ സ്പീഡ് ജെറ്റ് ബോട്ടുകള്‍ കേരളത്തിന് മികച്ച മാതൃകയാണ്. കടലിനോട് ചേര്‍ന്നുള്ള തിരുവനന്തപുരത്തെ വിമാന താവളത്തോട് ചേര്‍ന്ന് ആദ്യ ജെറ്റ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ ഭൂമിയാണ് ശംഖുമുഖത്തുള്ളത്. കൊല്ലത്തും , ആലപ്പുഴയിലും, കൊച്ചിയിലും, വലപ്പാടും, കോഴിക്കോടും, കണ്ണൂരും, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മാത്രം ജെറ്റ് ബോട്ട് ടെര്‍മിനല്‍ പണിയുന്നതിന് വളരെ കുറച്ച് ചിലവേ വരൂ. മണിക്കൂറുകള്‍ കൊണ്ട് സ്ഥലമെടുപ്പിന്‍റെ പ്രതിഷേധമില്ലാതെ കടല്‍ മാര്‍ഗം കേരളത്തിന്‍റെ എല്ലായിടത്തും വളരെ ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാം.
വേണമെങ്കില്‍ ജെറ്റ് ബോട്ട് ടെര്‍മിനല്‍ വഴി സീ പ്ലേയിന്‍ സര്‍വ്വീസും നമുക്ക് നടത്താം. ജെറ്റ് ബോട്ടും സീ പ്പേയ്നും കേരളത്തിലെ ഗതാഗതത്തിന്‍റെ വേഗതയ്ക്ക് കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്‍റെ പ്രകൃതി ഭംഗി ഇതു വഴി ലോകത്തിന് മുന്നില്‍ തുറക്കപ്പെടും. ടൂറിസം രംഗം വളരും. കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കായല്‍, നദീജല ടൂറിസം വ്യാപകമാകും. കേരളത്തിന്‍റെ ടൂറിസവികസനവും ഗതാഗത വികസനവും ഒരുമിച്ച് നടക്കും എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.
കേരളത്തിലെ നിലവിലെ റെയില്‍വേയിലെ നൂറോളം വലിയ വളവുകള്‍ നികത്തുവാന്‍ വലിയ സ്ഥലമേറ്റെടുക്കല്‍ വേണ്ടി വരില്ല എന്ന് സംസാരമുണ്ട്. റെയില്‍വേ ഭൂമി പലരും വളച്ച് കെട്ടി എടുത്തിട്ടുള്ളത് തിരിച്ച് പിടിച്ച് വളവ് നിവര്‍ത്തിയാല്‍ തീവണ്ടിയുടെ വേഗത കൂട്ടാം. കേരളത്തിലെ തീവണ്ടികള്‍ വേഗത കുറച്ച് പോകുന്നതിന് കാരണം വളവുകള്‍ കൂടുതലുള്ളതാണ്. ഇനിയും പൂര്‍ത്തീകരിക്കാത്ത ഇരട്ട പാത യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം.
കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യാമയാന ഗതാഗതവും പരിഗണിക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും, കണ്ണൂരും വിമാന താവളങ്ങളുണ്ട്. പത്തനംതിട്ടയില്‍ ശബരിമല വിമാന താവളത്തിന് അനുമതിയായി എന്നാണ് പറയുന്നത്. പാലക്കാടും, കാസര്‍ഗോഡും എയര്‍സ്ട്രിപ്പുകള്‍ ഉണ്ടാക്കിയാല്‍ കേരള സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി. പോലെ കമ്പനി രൂപീകരിച്ച് ചെറു വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാവുന്നതാണ്.
കേരളത്തിന്‍റെ നീണ്ടു കിടക്കുന്ന തീരദേശത്തൂടെ ഒരു ഹൈവേ എന്ന ആശയം മുന്‍പ് ഉണ്ടായിരുന്നു. നിലവിലെ ദേശീയ പാതകള്‍ വീതി കൂട്ടുക എന്ന പദ്ധതിയും മുന്‍പ് ഉണ്ടായിരുന്നു. കേരളം ഭരിച്ച എല്ലാ സര്‍ക്കാരുകളും ഗതാഗത വേഗത വര്‍ദ്ധിപ്പിക്കുന്നതിന് വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടു വരുന്നത് പതിവാണ്. പക്ഷെ അത് ഒരിക്കലും പൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല. കേരളത്തിന്‍റെ ആദ്യ മന്ത്രിസഭ മുതല്‍ എടുത്താല്‍ ഇത് ബോധ്യമാകും. വികസന കാര്യത്തില്‍ ഇനിയും നമ്മള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു മാത്രമേ ഒരു വികസനം വിജയിപ്പിക്കുവാന്‍ സാധിക്കൂ.
ഇപ്പോള്‍ കേരള സര്‍ക്കാര്‍ കൊണ്ടു വന്ന വികസന നടപടി ഗതാഗത ചരക്ക് വേഗതയ്ക്ക് കാരണമാകും. ജനങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റിയാല്‍ , എടുത്ത തീരുമാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നടപ്പിലാക്കാവുന്ന വികസനം നടക്കണം. പെട്രോളിനും, ഡീസലിനും ഉണ്ടാകുന്ന വിലവര്‍ദ്ധനവ് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്. അതിന് ഒരു ബദല്‍ മാര്‍ഗ്ഗം തന്നെയാണ് റെയിലും നദീജല പാതയും. സോളാര്‍ ഊര്‍ജ്ജത്തിന്‍റെ നാളുകളിലേയ്ക്ക് നമ്മള്‍ നീങ്ങുന്നു.
