ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തി...

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തി...

വിജയ് ചൗക്ക്

സുധീര്‍ നാഥ്  

രാജ്യത്തെ ജനങ്ങള്‍ അഴിമതിയുടെ പേമാരിയില്‍ കുളിച്ചിരിക്കുന്ന നേതാക്കളില്‍ നിന്ന് രക്ഷനേടാന്‍ വെമ്പല്‍ കൊണ്ട കാലമായിരുന്നു 2000 മുതല്‍ . അത് വര്‍ഷം ചെല്ലും തോറും ശക്തി നേടി കൊണ്ടിരുന്നു.  2011 ല്‍ അതിന്‍റെ ഫലമായി അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് സമരം തുടങ്ങി. ഇന്ത്യ എഗേയ്സ്റ്റ് കറപ്ഷന്‍ എന്ന പേരില്‍ അണ്ണാ ഹസാരയുടെ പിന്നില്‍ യുവാക്കള്‍ അണിനിരന്നായിരുന്നു സമരം. അങ്ങിനെ അണിനിരന്ന യുവാക്കളില്‍ അരവിന്ദ് കെജ്രിവാള്‍ , മനീഷ് സിസോദിയ, തുടങ്ങി ഒട്ടേറെ യുവാക്കളുണ്ടായിരുന്നു. പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ നിന്ന് തുടക്കം കുറിച്ച സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഓരോ ദിവസവും സമരം ശക്തമായി കൊണ്ടിരുന്നു. സമരമുഖത്ത് വലിയ രീതിയില്‍ ജനങ്ങളെത്തി. സമരം രാംലീല മൈതാനിയിലേയ്ക്ക് മാറി. അവിടേയും സമരത്തെ അനുകൂലിച്ച് ജനങ്ങളെത്തി. അധികാര കേന്ദ്രങ്ങള്‍ വിറയ്ക്കുവാന്‍ തുടങ്ങി.   കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന സമയത്താണ് ഈ സമരം എന്നത് കൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും സമര മുഖത്ത് നേരിട്ട് എത്തി ചര്‍ച്ചകള്‍ നടത്തി. കല്‍ക്കരി കുംഭുകോണം, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി, 2ജി സ്പെക്ട്രം അഴിമതി, ചിദംബരം മുതല്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഒട്ടേറെ അഴിമതി ആരോപണം ഉണ്ടായ കാലത്തുള്ള സമരത്തിന് ശക്തി കൂടുക സ്വാഭാവികം മാത്രം.

ഇന്ത്യ എഗേയ്സ്റ്റ് കറപ്ഷന്‍ എന്ന സമര മുഖത്ത് നിന്ന് പിറവി കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ആം ആദ്മി പാര്‍ട്ടി . 2012 ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. 2012 നവംബര്‍  26 ന് ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വന്നു. 2013 മാര്‍ച്ച് മാസമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫ് ഇന്ത്യ ആം ആദ്മി പാര്‍ട്ടിയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ച് രജിസ്ട്രേഷന്‍ നല്‍കി. 2013 ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 28 സീറ്റില്‍ മത്സരിച്ച് വിജയിച്ചു. 31 സീറ്റില്‍ ജയിച്ച ബി.ജെ.പി.യായിരുന്നു വലിയ ഒറ്റ കക്ഷി. കോണ്‍ഗ്രസിന് 8 സീറ്റാണ് ലഭിച്ചിരുന്നത്. ഡല്‍ഹി സര്‍ക്കാര്‍ നയിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് പിന്തുണ നേടി. പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയ ജന ലോക്പാല്‍ ബില്ലവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ വേണമായിരുന്നു. അത് ലഭിക്കില്ല എന്ന് വന്നതോടെ 49 ദിവസത്തെ ഭരണം ഉപേക്ഷിച്ച് 2014 ഫെബ്രുവരി 14 ന് കേജരിവാള്‍ രാജി വെച്ചു. ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന്‍റെ കീഴിലായി.

2014 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തിനാണ് അധിരാരത്തിലെത്തിയത്. ഡല്‍ഹിയിലെ 7 ലേക്സഭാ സീറ്റുകളും ജയിച്ച് അധികാരത്തില്‍ കയറിയ ബി.ജെ.പി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2015 ഫെബ്രുവരി മാസത്തില്‍ നടന്ന 70 സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ 67 സീറ്റും നേടി ആം ആദ്മി പാര്‍ട്ടി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചിട്ടും മൂന്ന് നിയമസഭാ സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. 2013 ല്‍ 8 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് 2015 ല്‍ ഒരു സീറ്റു പോലും ജയിക്കാനും സാധിച്ചില്ല.

അഴിമതിക്ക് എതിരായി യുവജനങ്ങള്‍ ബോധവാനായതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് തുടക്കം. ഇന്ന് ആം ആദ്മി പാര്‍ട്ടി രാജ്യത്തെ പല സംസ്ഥാനങ്ങളിലും ശക്തമായി വരുന്നതിനു മുഖ്യമായ കാരണം മറ്റൊന്നല്ല. രാജ്യത്തെ പൊതു ഖജനാവ് കട്ടുമുടിക്കുകയും അഴിമതിയില്‍ മുങ്ങി താഴുകയും ചെയ്ത നേതാക്കളെ പുറത്താക്കി ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയത് 2014ല്‍ . നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ ഏറെ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു എന്നത് അദ്ദേഹത്തിന്‍റെ വിജയ ശതമാനം തന്നെ തെളിവാണ്. മൃഗീയ ഭൂരിപക്ഷത്തില്‍ രാജ്യത്തിന്‍റെ ഭരണം ഏറ്റെടുത്ത നരേന്ദ്രമോദിയുടെ ആദ്യകാല ഭരണമായിരുന്നില്ല പിന്നീട് ഉണ്ടായത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വില്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. രാജ്യത്തിന്‍റെ സ്വത്ത് ഏതാനും ചിലരിലേയ്ക്ക് മാത്രം വന്നു ചേരുന്ന കാഴ്ച്ച കണ്ട് രാജ്യം മരവിച്ചു.

എങ്ങിനെയായിരുന്നു ആം ആദ്മി പാര്‍ട്ടി വളര്‍ന്നത്...? ആരുടെ ഇടമാണ് അവര്‍ സ്വന്തമാക്കിയത്..? ഈ രണ്ട് ചോദ്യങ്ങള്‍ ഇപ്പോള്‍ കാര്യമായി ചോദിക്കപ്പെടുന്നുണ്ട്. ഒരു കൃഷി ഭൂമിയില്‍ നിന്ന് നല്ല വിളവെടുപ്പ് എങ്ങിനെ നേടുമെന്ന് കര്‍ഷകനോട് ചോദിക്കുന്നു എന്നിരിക്കുക. ആദ്യം കര്‍ഷകന്‍ തന്‍റെ കൃഷി ഭൂമി ഉഴുത് മറിച്ച് കൃഷിക്ക് യോജിച്ച പരുവത്തിലാക്കും. വിത്തു വിതറി വെള്ളവും വളവും നല്‍കും. കിളകള്‍ പറിച്ച് മാറ്റും. അങ്ങിനെ നല്ല വിളവ് ഉണ്ടാക്കും. ആം ആദ്മി പാര്‍ട്ടിയും അതു തന്നെയാണ് രാഷ്ട്രീയമായി നടപ്പിലാക്കിയത്. അവര്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നു. അവരുടെ പ്രശ്നങ്ങള്‍ കേട്ടു. ഡല്‍ഹിയില്‍ കേജരിവാള്‍ നടന്നു പോകാത്ത കോളനികളില്ല. കേജരിവാളിന്‍റെ മുഖം നേരില്‍ കാണാത്ത ജനങ്ങളില്ല. പൊതു ജനത്തിന്‍റെ വിശ്വാസം ഉറപ്പിക്കാന്‍ ഇതു മാത്രം മതി.

ഡല്‍ഹി വിജയത്തിന് പിന്നില്‍ യുവ തലമുറയുടെ വലിയ പിന്തുണയാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് 2020 തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 62 സീറ്റില്‍ വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചത്. ഡല്‍ഹി നിവാസികള്‍ക്ക് ഗുണകരമായ ഒട്ടേറെ വികസന പ്രവര്‍ത്തികള്‍ കേജരിവാളിന് കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചു. ഒന്നാം കേജരിവാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തികള്‍ക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണറെ കൊണ്ട് തടസം സൃഷ്ടിച്ചത് ജനങ്ങള്‍ കണ്ടതാണ്. ദൃശ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ശക്തമായ പിന്തുണ നല്‍കിയ സാഹചര്യങ്ങള്‍ ബി.ജെ.പിയുടെ നീക്കങ്ങളെ ദുര്‍ബലമാക്കി.

കര്‍ഷകര്‍ സമരം തുടങ്ങിയപ്പോള്‍ പഞ്ചാബിലെ ഗ്രാമങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് നില ഭദ്രമാക്കുകയായിരുന്നു ആം ആദ്മി പാര്‍ട്ടി. അവര്‍ അതിന് മുന്‍പേ തന്നെ തങ്ങളുടെ രാഷ്ട്രീയം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഡല്‍ഹിയില്‍ സംഭവിച്ചതു തന്നെ പഞ്ചാബിലും അവര്‍ത്തിക്കുകയായിരുന്നു. അഴിമതി കണ്ട് മടുത്ത ജനങ്ങള്‍ പുതിയ വഴി തേടുകയാണ്.

പ്രാദേശിക പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുന്നിടത്ത് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് കാര്യമായ പ്രസക്തി ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ദേശീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളും മെട്രോ നഗരങ്ങളും കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അവര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

ഡല്‍ഹി തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പഞ്ചാബ് ഇലക്ഷന്‍ ഫലത്തെ പ്രതിഫലിപ്പിക്കും എന്ന രാഷ്ട്രീയ കാഴ്ച്ചപ്പാട് ബി.ജെ.പിക്കുണ്ട്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് മാറ്റി വെപ്പിച്ചതിന് പിന്നിലെ രാഷ്ട്രീയം മറ്റൊന്നല്ല. മൂന്ന് മുനിസിപ്പാലിറ്റികള്‍ ഒന്നാക്കി തിരഞ്ഞെടുപ്പ് നടത്തുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ മുനിസിപ്പാലിറ്റിയാണ് അത്. അവിടെ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നാണ് ഭരിക്കുന്നത്. അത് അട്ടിമറിക്കാന്‍ ആം ആദ്മിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സൂറത്ത് മുനിസിപ്പാലിറ്റിയില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുഖ്യ പ്രതിപക്ഷം.

കര്‍ണ്ണാടകയിലും, ഗുജറാത്തിലും നടക്കുവാന്‍ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുവാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. അവര്‍ അവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ഭരണം ലഭിച്ചത് അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിരിക്കുന്നു.