യുദ്ധഭൂമില്‍ ഇന്ത്യയുടെ രക്ഷാദൗത്യങ്ങള്‍.

യുദ്ധഭൂമില്‍ ഇന്ത്യയുടെ രക്ഷാദൗത്യങ്ങള്‍.

വിജയ് ചൗക്ക് @ 135 @ മെട്രോ വാര്‍ത്ത: മാര്‍ച്ച് 05

സുധീര്‍നാഥ്  


യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്ന് ഇന്ത്യന്‍ വംശജരായവരെ കൊണ്ടുവരുന്ന വാര്‍ത്തകള്‍ കൊണ്ട് നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലും സ്ഥിതി മറിച്ചല്ല. യുദ്ധ മുഖം നേരിട്ട് കണ്ട വ്യക്തികളില്‍ നിന്നുള്ള വിവരണം, അവര്‍ രക്ഷപെടാന്‍ എടുത്ത മാര്‍ഗങ്ങള്‍, കഷ്ടതകള്‍ അങ്ങിനെ വാര്‍ത്തയുടെ വ്യത്യസ്ത രൂപങ്ങള്‍ നമ്മള്‍ കാണുകയാണ്. ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഇന്ത്യന്‍ ജനതയുടെ രക്ഷാദൗത്ത്യം അവസാനത്തോടടുക്കുകയാണ്. യുദ്ധം ശക്തമായ പ്രദേശത്തുള്ളവരെയാണ് ഇനി രക്ഷിക്കാനുള്ളത്. അവര്‍ ബംഗറുകളില്‍ പരിമിതമായ സൗകര്യത്തില്‍ പരിമിതമായ ഭക്ഷണവും വെള്ളവുമായി കഴിയുന്നു. അവരുടെ ഭക്ഷണവും വെള്ളവും കഴിയുന്നു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ഭരണകൂടം അതീവ ജാഗ്രതയോടെ സ്ഥിതിഗതികള്‍ വിലയിരുത്തി നയപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. യുക്രെയ്നുമായി യുദ്ധം ചെയ്യുന്ന റഷ്യന്‍ അതിര്‍ത്തി വഴിയും ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ശ്രമിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തെ അഭിനന്ദിക്കുക തന്നെ വേണം.

പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഇന്ത്യയുടെ യുക്രെയിന്‍ എംബസിക്ക് കാര്യമായ സഹായം അവിടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. നയതന്ത്ര ചര്‍ച്ചകളിലൂടെ രാജ്യതലവന്‍മാര്‍ വിചാരിച്ചാല്‍ മാത്രമേ എല്ലാവരേയും സുരക്ഷിതമായി എത്തിക്കുവാന്‍ സാധിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിനുമായി ഇതിനോടകം രണ്ട് തവണ സംസാരിച്ചത്. വിദേശകാര്യ മന്ത്രി ജയശങ്കര്‍ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് വഴികള്‍ തുറന്നു. നിലവില്‍ ഇന്ത്യയുടെ അഞ്ച് കേന്ദ്ര മന്ത്രിമാര്‍ തന്നെ രക്ഷാ ദൗത്യവുമായി അതിര്‍ത്തികളിലുണ്ട്. ഇതിനിടയില്‍ അവരില്‍ ചിലര്‍ നടത്തുന്ന സ്തുതി വചനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 

യുദ്ധമുഖത്ത് നിന്നുള്ള വ്യത്യസ്ത വാര്‍ത്തകള്‍ ആശങ്കയോടെയും, കൗതുകത്തോടെയും ജനങ്ങള്‍ വായിക്കുന്നു, കാണുന്നു. യുക്രെയ്നില്‍ താലോലിച്ച് വളര്‍ത്തിയ പൂച്ചയേയും, പട്ടിയേയും കൊണ്ട് ഇന്ത്യയില്‍ എത്തിയവര്‍ ഉണ്ട്. യുക്രെയ്നില്‍ താമസമൊരുക്കി പഠനത്തിന് കൂട്ട് നിന്ന കുടുംബത്തെ ഉപേക്ഷിക്കാതെ അവരോടൊപ്പം അവിടെ തന്നെ കഴിയുന്ന ഹരിയാനയിലെ കുട്ടിയുടെ കഥയും വായിക്കുകയുണ്ടായി. ഭക്ഷണം വാങ്ങുവാന്‍ പുറത്തിറങ്ങിയ കര്‍ണാടക സ്വദേശി നവീന്‍ എസ്.ജിക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഷെല്ലാക്രമണത്തിലാണ്. അങ്ങിനെ യുദ്ധ വാര്‍ത്തകള്‍ക്കായി നമ്മുടെ എന്നല്ല ലോകത്തെ എല്ലാ മാധ്യമങ്ങളും സ്ഥലവും, സമയവും മാറ്റി വെയ്ക്കുന്നു.

ഇന്ത്യ ഇതിന് മുന്‍പും 13 തവണയെങ്കിലും സ്വന്തം ജനതയെ മറ്റ് രാജ്യങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇറാന്‍ ഇറാക്ക് യുദ്ധ ഭൂമിയില്‍ നിന്ന് 1,70,000 ത്തിലേറെ ഇന്ത്യന്‍ ജനതയെ രക്ഷിച്ചത്. 1990 ആഗസ്റ്റ് 2 മുതല്‍ കുവൈറ്റില്‍ യുദ്ധം തുടങ്ങി. ആഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ 20 വരെ നീണ്ടു നിന്ന രക്ഷാദൗത്ത്യം ലോക ശ്രദ്ധ നേടിയ ഒന്നായിരുന്നു. രണ്ട് മാസത്തിലേറെ നീണ്ടു നിന്ന രക്ഷാദൗത്ത്യത്തിന് 500 വിമാന സര്‍വ്വീസുകളാണ് ഉപയോഗിച്ചത്. വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രി ഐ.കെ. ഗുജറാളായിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണനടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് യുദ്ധമുഖതെത്തി രക്ഷാദൗത്ത്യത്തിന് നേതൃത്ത്വം നല്‍കിയിരുന്നു. സദാം ഹുസൈനുമായും, ഹുസൈന്‍ രാജാവുമായി കെ.പി. ഉണ്ണികൃഷ്ണന്‍ നടത്തിയ ചര്‍ച്ചകള്‍ ഇന്ത്യന്‍ ജനതയുടെ സമാധാനപരമായ രക്ഷാദൗത്ത്യത്തിന് കാരണമായി. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളെ യുദ്ധ മുഖത്ത് നിന്ന് രക്ഷിച്ച രാജ്യം എന്ന ബഹുമതി ഗിന്നസ് ബുക്ക് റക്കോഡ് നല്‍കുകയും ഉണ്ടായി. ഇറാഖിന്‍റെ കുവൈത്ത് അധിനിവേശക്കാലത്ത് ഇരു രാജ്യങ്ങളില്‍ നിന്നുമായി സൗജന്യമായി ഒഴിച്ച 1.76 ലക്ഷം ഇന്ത്യക്കാരില്‍ പകുതിയും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.

ഗള്‍ഫ് യുദ്ധക്കാലത്ത് ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു ദൗത്യത്തില്‍ വിജയം കാണുവാന്‍ ഇടനല്‍കിയത് കുവൈറ്റിലെ മലയാളിയായ ബിസിനസുകാരനാണ്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശി മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ട സണ്ണിയാണ് അന്ന് ഇന്ത്യന്‍ വംശജരുടെ രക്ഷകനായത്. ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയപ്പോള്‍ ആദ്യം അവിടെനിന്നു രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്ന വ്യക്തിയായിരുന്നു സണ്ണി. എന്നാല്‍ സ്വന്തം ജീവനും താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തും സംരക്ഷിക്കാന്‍ ശ്രമിക്കാതെ മൂന്നു മാസത്തോളം മരണം വരെ മുന്നില്‍ കണ്ട്, തിരിച്ചെത്താനാഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിച്ച സണ്ണിയുടെ കഥയാണ് അക്ഷയ് കുമാര്‍ നായകനായ എയര്‍ ലിഫ്റ്റ് എന്ന പേരില്‍ ഇറങ്ങിയ സിനിമ.  

2015 ല്‍ ഓപ്പറേഷന്‍ റഹാത്ത് എന്ന പേരില്‍ യമനില്‍ നിന്ന് 4640 ഇന്ത്യന്‍ വംശജരേയും വിവിധ രാജ്യങ്ങളുടെ 960 പേരെയും ഇന്ത്യ രക്ഷിച്ചു. സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും സിറിയയുടെ തലസ്ഥാനം പിടിക്കുന്നതിന് നടത്തിയ യുദ്ധമാണ് ഇന്ത്യയെ രക്ഷാദൗത്ത്യത്തിന് എത്തിച്ചത്. യുദ്ധത്തിന് മുന്‍പ് 2014ല്‍ ഇന്ത്യ 46 നേഴ്സുമാരെ ഇസ്ലാമിക്ക് സ്റ്റേറ്റിന്‍റെ പിടിയില്‍ നിന്ന് രക്ഷിച്ചിരുന്നു. ഐ.എസ്.ഐ.എസിന്‍റെ തടവില്‍ 23 ദിവസം കഴിഞ്ഞ നേഴ്സുമാരുടെ മോചനം വിഷയമാക്കി മലയാള സിനിമയും ഉണ്ടായി. ടേക്ക് ഓഫ്.

2015 ല്‍ തന്നെ നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍  ഇന്ത്യ രക്ഷാദൗത്യവുമായി ഇറങ്ങിയത് ഓപ്പറേഷന്‍ മൈത്രി എന്ന പേരിലാണ്. അന്ന് 5188 മനുഷ്യരെയാണ് ഇന്ത്യയ്ക്ക് രക്ഷിക്കാനായത്. 785 വദേശികളേയും ഇന്ത്യ വഴി അന്ന് രക്ഷിച്ചിരുന്നു. 2011 ല്‍ ലിബിയയില്‍ കുടുങ്ങിയ 15,400 ഇന്ത്യന്‍ വംശജരെ വിമാന മാര്‍ഗ്ഗവും കപ്പല്‍ മാര്‍ഗ്ഗവും രക്ഷിച്ചത് ഓപ്പറേഷന്‍ സേഫ് ഹോം കമ്മിങ്ങ് എന്ന പേരിലായിരുന്നു.

ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം നടത്തിയത് 2006 ജൂലൈ മാസത്തിലാണ്. ഇസ്റേയല്‍ ലെബനന്‍ കലാപ സമയത്താണ് 2280 ഇന്ത്യന്‍ വംശജരെ കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യ രക്ഷിച്ചത്. ഓപ്പറേഷന്‍ സുക്കൂണ്‍ എന്ന പേരില്‍ ഇന്ത്യന്‍ നേവിയുടെ രക്ഷാദൗത്ത്യം ഇന്നും അഭിമാന ചരിത്രമാണ്. 

കൊറോണ വൈറസിന്‍റെ ആക്രമണത്തില്‍ ലോകം തരിച്ച് നിന്ന സമയത്ത് ഇന്ത്യ നടത്തിയ രക്ഷാദൗത്ത്യം ഏറെ പ്രശംസ പിടിച്ചുപറ്റി. മഹാമാരിയുടെ പേടിപ്പെടുത്തുന്ന കാലത്തിന് മുന്നില്‍ നിസഹായരായ ഇന്ത്യന്‍ ജനതയെ നാട്ടി കത്തിക്കുന്നതിന് രാജ്യത്തിന് കരുത്തു നല്‍കിയത് മുന്‍ കാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ തന്നെയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വംശജരെ വന്ദേ ഭാരത് എന്ന പേരില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമം തുടരുകയാണ്.  വിമാന മാര്‍ഗ്ഗം മാത്രമായിരുന്നില്ല  ഇന്ത്യന്‍ വംശജരെ നാട്ടിലെത്തിച്ചത്. കര, കടല്‍ മാര്‍ഗവും ഇന്ത്യ ലക്ഷക്കണക്കിന് സ്വന്തം ജനതയെ നാട്ടിലെത്തിച്ചു. ഓപ്പറേഷന്‍ സമുദ്ര സേതു എന്ന പേരിലായിരുന്നു കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യന്‍ ജനതയെ നാട്ടില്‍ എത്തിച്ചത്.

ഇത് കൂടാതെ ഒറ്റപ്പെട്ട പല രക്ഷപെടുത്തലും ഇന്ത്യ നടത്തിയിട്ടുണ്ട്. മാലിയില്‍ അദ്ധ്യാപകനായ കോഴിക്കോട് സ്വദേശിയായ ജയചന്ദ്രന്‍ മൊകെയ് രി യുടെ മോചനം തന്നെ അതിന് ഉദാഹരണം. ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രനെ രക്ഷിച്ചത് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ്മ സ്വരാജായിരുന്നു. അന്ന് പാര്‍ലമെന്‍റ് മെമ്പറായിരുന്ന പി. രാജീവ്, അച്യുതന്‍, ടി.എന്‍. സീമ എന്നിവര്‍ ജയചന്ദ്രന്‍റെ ഭാര്യയെ കൂട്ടി സുഷമ്മ സ്വരാജിനെ പാര്‍ലമെന്‍റ് മന്ദിരത്തിലെ ഓഫീസില്‍ കാണുന്നു. അന്ന് വൈകീട്ട് നേപ്പാളില്‍ മാലി വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിനോട് തിരുവനന്തപുരത്ത് നിന്ന് കുടിവെള്ളം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കുടിവെള്ളത്തിന് പകരമായി ജയചന്ദ്രന്‍റെ മോചനം സുഷമ്മ സ്വരാജ് ആവശ്യപ്പെട്ടു. അങ്ങിനെ ജയചന്ദ്രന്‍ മൊകെയ് രി  മോചിതനായി.

എല്ലാ വര്‍ഷവും അറബ് രാജ്യത്തും, മറ്റ് രാജ്യത്തുനിന്നും ഒട്ടേറെ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയം രക്ഷിക്കാറുണ്ട്. തൊഴില്‍ നഷ്ടപ്പെടുകയോ, വിസാ കാലാവധി തീരുകയോ, ചെറു കുറ്റങ്ങളില്‍ പിടിക്കപ്പെട്ടോ, നിരപരാധിയായിട്ടും ചതിയിലൂടെ കുറ്റാരോപിതനായവരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടല്‍ കാരണം മോചിതരായിട്ടുണ്ട്. 

ഇന്ത്യ ഏത് സമയത്തും രക്ഷാദൗത്ത്യത്തിന് മടി കാണിച്ചിരുന്നില്ല എന്നാണ് ചരിത്രം തന്നെ പറയുന്നത്. യുദ്ധവും, പ്രക്യതി ദുരന്തവും, കോവിഡ് പോലുള്ള മഹാമാരി കാലത്തും ഇന്ത്യ ലോകത്തിന് മാത്യകയാണ്. ഇന്ത്യ രാജ്യത്തെ പൗരന്‍മാരുടെ സംരക്ഷണത്തിന് എപ്പോഴും ഇറങ്ങിതിരിക്കുന്നു എന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം.