വടക്കന്‍ സെല്‍ഫി 03

വടക്കന്‍ സെല്‍ഫി  03

സുധീര്‍ നാഥ്  

ആം ആദ്മി പിണക്കത്തിലാണ്.  

ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ചടക്കി സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞും ആം ആദ്മി പിണക്കത്തിലാണ്. ഡല്‍ഹിയില്‍ നടക്കേണ്ട മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നീട്ടിയ സാഹചര്യത്തിലണ് പിണക്കം. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റിയിലും മേല്‍ക്കൈ ആം ആദ്മി പാര്‍ട്ടിക്കാണ്. അത് വ്യക്തമായി തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് തിരഞ്ഞെടുപ്പ് മാറ്റി വെപ്പിക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയെ വിജയത്തിലെത്തിച്ച ' ഏക് മാക്ക എ എ പി ' എന്ന മദ്രാവാക്യം ഡല്‍ഹിയില്‍ വ്യാപകമാകുന്നു. തിരഞ്ഞെടുപ്പ് ഉടന്‍ നടത്തിയാല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ആപ്പ് തൂത്ത് വാരുമെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. 2012 ല്‍ ഷീലാ ദീക്ഷിത് മൂന്നാക്കിയ എം.സി.ഡി. ഒന്നാക്കുവാനുള്ള നടപടി നടക്കുന്നതായി സംസാരവുമുണ്ട്. ഡല്‍ഹിയിലെ മൂന്നു കോര്‍പ്പറേഷനുകളും ബി.ജെ.പി. യാണ് ഭരിക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകളിലായി ആകെ 272 വാര്‍ഡുകള്‍ നിലവിലുണ്ട്.

ജി 8 അല്ല ജി 23  

ഡല്‍ഹിയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത് ജി 23നെ കുറിച്ചാണ് . കോണ്‍ഗസ് നേതാക്കള്‍ പരസ്പരം ചോദിക്കുന്നു ജി 23 നൊപ്പമാണോ ...? കപില്‍ സിബല്‍ കോണ്‍ഗ്രസിന്‍റെ ഗാന്ധി കുടുംബ നേതൃത്ത്വത്തെ കടിച്ചു കീറി വിമര്‍ശിച്ചതാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. രാഹുല്‍ ഗാന്ധി പൂര്‍ണ്ണ പരാജയമാണെന്ന് കപില്‍ സിബല്‍ പരസ്യമായി പറഞ്ഞു. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തലപ്പത്ത് വരാന്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര താത്പര്യം കാണിച്ചിട്ടുണ്ട്. ഇത് പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ ഒഴുവുവരുന്ന ഒരു രാജ്യസഭാ സീറ്റില്‍ റോബര്‍ട്ട് വദ്രയുടെ സുഹൃത്തിനെ മത്സരിപ്പിക്കാനുള്ള ശ്രമം കേരളത്തിലെ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഒരു സീറ്റിലേയ്ക്ക് കണ്ണും നട്ട് ഒരു ഡസന്‍ നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ഹൈക്കമാന്‍റ് ഇറക്കുമതി നടത്താന്‍ ഒരുങ്ങിയത് എന്നത് എടുത്ത് പറയണം. കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന സ്ഥിതി വരാതിരിക്കാന്‍ കെ.പി.സി.സി. കരുതല്‍ കാണിക്കുന്നുണ്ട്. ജി 23 ന്‍റെ ശക്തി കൂട്ടണോ എന്ന ബ്ലാക്ക്മെയില്‍ തന്ത്രം ഉപയോഗിച്ചോ എന്നതാണ് ചിലര്‍ രഹസ്യമായി സംശയം പ്രകടിപ്പിക്കുന്നത്. 

നോയിഡയിലെ മരട് 

ഡല്‍ഹിയോട് ചേര്‍ന്നുള്ള ഉത്തര്‍പ്രദേശിലെ പട്ടണമാണ് നോയിഡ . കൊച്ചിയിലെ മരട് ഫ്ളാറ്റുകള്‍ നിലം പൊത്തിയ പോലെ മെയ് 22 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് നോയിഡയിലെ ഇരട്ട ടവര്‍ ഒന്‍പത് സെക്കന്‍റ് കൊണ്ട് നിലം പൊത്തും. രാജ്യതലസ്ഥാനത്തോട് ചേര്‍ന്ന് നടക്കുന്ന കെട്ടിടം പൊളിക്കലായത് കൊണ്ട് ദേശീയ ശ്രദ്ധ നേടുവാന്‍ പോകുകയാണ് നോയിഡ സെക്ടര്‍ 3 എ യില്‍ നടക്കുവാന്‍ പോകുന്ന ഇരട്ട ടവര്‍ പൊളിക്കല്‍. 40 നിലകളുള്ള കെട്ടിട സമുച്ചയത്തില്‍ 1500 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഏഴര ലക്ഷം സ്ക്വയര്‍ ഫീറ്റ് പ്രതലമാണ് കെട്ടിടത്തിനുള്ളത്.  നിയമം നോക്കാതെ പടുത്തുയര്‍ത്തിയ കെട്ടിടം പൊളിക്കാന്‍ 2021 ആഗസ്റ്റ് 31 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നോയിഡ ഡെവലപ്പ്മെന്‍റ് അതോറിറ്റിയും,  റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും നേതൃത്ത്വത്തില്‍ സൗത്ത് ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കുന്നതിന് നിയമിച്ചിരിക്കുന്നത്. പ്രാരംഭ പണികള്‍ അവര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പൊളിക്കുന്ന ഇരട്ട ടവറിന്‍റെ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ സ്റ്റീലുകൊണ്ടുള്ള ഭീമന്‍ ദിത്തികള്‍ പണിയുകയാണ്.  സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും നേതൃത്ത്വത്തില്‍ സൗത്ത് ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കുന്നതിന് നിയമിച്ചിരിക്കുന്നത്. പ്രാരംഭ പണികള്‍ അവര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പൊളിക്കുന്ന ഇരട്ട ടവറിന്‍റെ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ സ്റ്റീലുകൊണ്ടുള്ള ഭീമന്‍ ദിത്തികള്‍ പണിയുകയാണ്.