വടക്കന്‍ സെല്‍ഫി 02

വടക്കന്‍ സെല്‍ഫി  02

സുധീര്‍ നാഥ്  

വേണു രാജാമണിക്ക്  നന്ദി.  

യുക്രെയ്നിലെ യുദ്ധ ഭൂമിയില്‍ നിന്ന് എത്തുന്ന എല്ലാ മലയാളികളും ഒരേ സ്വരത്തില്‍ പറയുന്നു. ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത് വേണു രാജാമണി സര്‍... ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ വേണു രാജാമണി ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന അദ്ദേഹം പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്‍റെ നയതന്ത്ര രംഗത്തുള്ള മുന്‍ പരിചയം രക്ഷാ ദൗത്ത്യത്തിന് വേഗത കൂട്ടാന്‍ കാരണമായി. യുക്രെയ്നിലും ചുറ്റിലുമുള്ള രാജ്യങ്ങളിലെ എംബസികളുമായി നിരന്തരം ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടല്‍ മലയാളികളെ മാത്രമല്ല നൂറ് കണക്കിന് ഇന്ത്യന്‍ വംശജര്‍ക്കും രക്ഷയായി. അവരെല്ലാവരും വേണു രാജാമണിയോട് നന്ദി പറയുന്നത് സ്ഥിര കാഴ്ച്ചയായി മാറിയിരിക്കയാണ്. വേണു രാജാമണിയെ തേടി നന്ദി അറിയിച്ചുള്ള സന്ദേശ പ്രവാഹമാണ്. കേരള സര്‍ക്കാരിന് വേണു രാജാമണിയുടെ നിയമനത്തില്‍ അഭിമാനിക്കാം. യുക്രെയ്ന്‍ വിഷയത്തില്‍ സര്‍ക്കാരിന്‍റെ മുഖമായി അദ്ദേഹം നിലകൊണ്ടു.

ഡല്‍ഹിയുടെ പണിക്കേഴ്സ്  

നൂറ് കണക്കിന് മലയാളികളാണ് ഓരോ ദിവസവും ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഗംഗ വഴി യുക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് എത്തുന്നത്. തീര്‍ത്തും സൗജന്യമായാണ് കേന്ദ്ര സര്‍ക്കാര്‍ അവരെ ഡല്‍ഹിയില്‍ എത്തിക്കുന്നത്. യുക്രെയ്ന്‍ യുദ്ധ ഭൂമിയില്‍ നിന്ന് വരുന്നവരെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക്  സൗജന്യമായാണ് കേരള സര്‍ക്കാരും എത്തിക്കുന്നത്. യുക്രെയ്നില്‍ നിന്ന് വരുന്ന മലയാളികളെ ഡല്‍ഹിയിലെ വിമാന താവളങ്ങളില്‍ നിന്ന് കേരള ഹൗസിലും അവിടെ നിന്ന്  കേരളത്തിലേക്ക് പോകാന്‍ വിമാന താളത്തിലും സൗജന്യമായി എത്തിക്കുന്നത് പണിക്കേഴ്സ് ട്രാവല്‍സാണ്. 1991 ലെ ഗള്‍ഫ് യുദ്ധക്കാലത്ത് ഡല്‍ഹിയിലും മുംബയിലുമായിരുന്നു ഇന്ത്യക്കാരെ എത്തിച്ചിരുന്നത്. ഇന്ത്യന്‍ രക്ഷാ ദൗത്ത്യത്തിന്‍റെ ഭാഗമായി യുദ്ധഭൂമിയില്‍ നിന്ന് എത്തിയ 1.76 ലക്ഷം ജനങ്ങളില്‍ പകുതിയും മലയാളികളായിരുന്നു. സമ്പാദ്യമെല്ലാം ഉപേക്ഷിച്ച്  വെറും കൈയ്യോടെ ഡല്‍ഹിയില്‍ എത്തിയ മലയാളികളെ സൗജന്യമായി അന്ന് വിമാന താവളത്തില്‍ നിന്ന് കേരള ഹൗസിലും അവിടുന്ന് റെയില്‍വേ സ്റ്റേഷനിലും എത്തിച്ചത് പണിക്കേഴ്സ് ട്രാവല്‍സായിരുന്നു എന്ന് മുതിര്‍ന്ന ഡല്‍ഹി മലയാളികള്‍ ഓര്‍ക്കുന്നു. അന്ന് ഇ.ആര്‍.സി. പണിക്കരായിരുന്നു സാരഥിയായിരുന്നത്. ഇന്ന് ജൂനിയര്‍ പണിക്കര്‍ ബാബുവാണ് സാരഥി. യുദ്ധമുഖത്ത് നിന്ന് എത്തുന്നവര്‍ക്ക് സൗജന്യ സേവനം അന്നും ഇന്നും നടത്തുന്നതിന് അഭിനന്ദിക്കുകയാണ് മലയാളികള്‍. കേന്ദ്രവും കേരളവും സര്‍ക്കാര്‍ ഖജനാവിലെ പണമാണ് ചിലവഴിക്കുന്നത്. കോവിഡ് ഹോമാരിയില്‍ ടൂറിസം രംഗം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് സൗജന്യ സേവനം നടത്തുക എന്നത് നിസാരമല്ല. ഡല്‍ഹിയിലെ പണിക്കേഴ്സ് മലയാളിക്ക് അഭിമാനം തന്നെ.

എക്സിറ്റ് പോളിലെ ആശ്വാസം 

1940 മുതല്‍ എക്സിറ്റ് പോള്‍ അഥവാ തിരഞ്ഞെടുപ്പ് ഫലപ്രവചനം തുടങ്ങി എന്നാണ് പറയുന്നത്. വാറന്‍ മിട്ടോഫ്സ്ക്കൈ സി.ബി.എസ്. ന്യൂസിന് വേണ്ടിയായിരുന്നു കെന്‍ഡുക്കി ഗ്യുബിനേറ്റോറിയല്‍ ഇലക്ഷന് വേണ്ടി എക്സിറ്റ് പോള്‍ നടത്തിയത്. 1967 െ6ബ്രുവരി 15ന് ഡച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാര്‍സല്‍ വാന്‍ ഡാം നടത്തിയതാണ്െ ആദ്യത്തെ എക്സിറ്റ് പോള്‍ എന്ന് വേറൊരു വാദവുമുണ്ട്. 1937ല്‍ ഇന്ത്യയിലെ യുണയ്റ്റഡ് പ്രൊവിന്‍സസ് അസംബ്ലിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എക്സിറ്റ് പോള്‍ നടന്നത്തിയതായി പറയുന്നു. ഒടുവില്‍ ഇലക്ഷന്‍ പ്രവചനം ഇന്ത്യയിലുമെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ഷന്‍ പ്രഖ്യാപിക്കും മുന്‍പേ എക്സിറ്റ് പോള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് തീരാതെ എക്സിറ്റ് പോള്‍ പാടില്ലെന്ന് ഒടുവില്‍ പ്രഖ്യാപനം വന്നു. ഇപ്പോള്‍ ഇലക്ഷന്‍ കഴിഞ്ഞാണ് എക്സിറ്റ് പോള്‍ ഉണ്ടാകുന്നത്. ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളും എക്സിറ്റ് പോള്‍ നടത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും വരെ ആശ്വസിക്കാനുള്ള ടോണിക്കായി മാത്രമേ എക്സിറ്റ് പോളിനെ കാണുവാന്‍ സാധിക്കൂ.