വടക്കന്‍ സെല്‍ഫി 01

വടക്കന്‍ സെല്‍ഫി 01

സുധീര്‍ നാഥ്  

ഡല്‍ഹിയിലെ പുതിയ മദ്യനയം. 

മദ്യത്തിന് നല്‍കിയിരുന്ന എല്ലാ സബ്സിഡിയും ഡല്‍ഹി സര്‍ക്കാര്‍ എടുത്ത് കളഞ്ഞതോടെ വിലയും കൂടി. സ്വകാര്യ മേഖലയില്‍ മദ്യഷാപ്പുകള്‍ തുടങ്ങിയതോടെ ആകര്‍ഷക ഓഫറുകള്‍ വന്നതാണ് ആശ്വാസം. ചില ബ്രാന്‍റുകള്‍ക്ക് ശതമാനത്തില്‍ വില കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഫുള്‍ മ്പോട്ടിലിന് ഒരു ഹാഫ് മ്പോട്ടില്‍ സൗജന്യം തുടങ്ങി എത്ര എത്ര ഓഫറുകള്‍. മദ്യഷാപ്പുകള്‍ അടച്ചിടുന്ന ഡ്രൈ ഡേകളുടെ എണ്ണം കുറച്ചതാണ് മദ്യവാന്‍മാര്‍ക്ക് ഒരാശ്വാസം. അരവിന്ദ് കേജരിവാളിന്‍റെ സര്‍ക്കാരിന്‍റെ മദ്യ നയത്തിനെതിരെ ബി.ജെ.പി. അതൃപ്തി രേഖപ്പെടുത്തി സമരത്തിനിറങ്ങിയിട്ടുണ്ട്. മദ്യത്തിന് നല്‍കിയ സബ്സിഡി തിരികെ കൊണ്ടുവരിക. പുതിയ മദ്യ നയം പിന്‍വലിക്കുക, ക്ഷേത്രം , സ്ക്കൂള്‍, റസിഡന്‍ഷ്യല്‍ ഏരിയ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് മദ്യഷാപ്പുകള്‍ മാറ്റുക തുടങ്ങിയ പല ആവശ്യങ്ങള്‍ അവര്‍ മുന്നോട്ട് വെയ്ക്കുന്നു. ബി.ജെ.പി. പാര്‍ലമെന്‍റ് അംഗവും ഗായകനുമായ ഹന്‍സ് രാജ് പിങ്ക് മദ്യഷാപ്പുകള്‍ ആരംഭിച്ച് സ്ത്രീകള്‍ക്കും മദ്യം വാങ്ങുവാന്‍ സൗകര്യം ഒരുക്കുക എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അടുത്ത പേരിന് ഒരുക്കം തുടങ്ങി.  

ഡല്‍ഹിയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ മണം അടിച്ചു തുടങ്ങിയത് സ്ഥാനാര്‍ത്ഥി മോഹികള്‍ക്കാണ്. എല്ലാ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥി മോഹികള്‍ പ്രചരണ പരിപാടികള്‍ തുടങ്ങി കഴിഞ്ഞു. നിങ്ങളുടെ പ്രിയ ജനസേവകന്‍ ഇതാ എത്തി എന്ന് പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ തെരുവുകളിലെല്ലാം കാണാം. കാള വാല് പൊക്കുമ്പോ അറിയാം എന്ന് പറഞ്ഞത്പോലാണ് കാര്യങ്ങള്‍. എങ്ങിനേയും സീറ്റ് സംഘടിപ്പിക്കുക എന്നതാണ് ഈ കലാപരിപാടികളുടെ ലക്ഷ്യം. 'എം.സി.ഡി. മേമ്പി കേജരിവാള്‍ ' എന്ന മുദ്രാവാക്യവുമായി ആംആദ്മിയായിരുന്നു പതിവിന് വിപരീതമായി പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെ മറ്റ് പാര്‍ട്ടികളും പ്രചരണം തുടങ്ങി. ഒരു വാര്‍ഡില്‍ രണ്ടും മൂന്നും പേര്‍ ഒരേ പാര്‍ട്ടിയുടെ ചിഹ്നം പതിച്ച പോസ്റ്ററുകള്‍ ഇറക്കിയിട്ടുണ്ട്. തീര്‍ച്ചയായും അവിടുങ്ങളില്‍ വിമത നീക്കം ശക്തമായി ഉണ്ടാകും. ഒരാള്‍ക്കല്ലേ ഒരു പാര്‍ട്ടിക്ക് സീറ്റ് കൊടുക്കാന്‍ പറ്റൂ...! 

യുദ്ധഭൂമിയില്‍ നിന്നും രാഷ്ട്രീയം 

റഷ്യ യുക്രെയ്നില്‍ ബോംബിങ്ങ് ആരംഭിച്ചപ്പോള്‍ ലോകം ഒന്ന് ഞെട്ടി. മൂന്നാം ലോക മഹായുദ്ധമായി അത് മാറുമോ എന്ന ആശങ്ക ഇന്ത്യയ്ക്കും ഉണ്ടായി. ഇന്ത്യന്‍ വംശജരായ 20000 ജനങ്ങളെ അവിടെ നിന്ന് രക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇലക്ഷന്‍ നടക്കുകയാണ്. ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പാ മുതല്‍ ഇന്ധനവിലയും , വിലക്കയറ്റവും ബ്രൈക്കിട്ട പോലെ നിന്നതാണ്. യുദ്ധം തുടങ്ങിയതോടെ ക്രൂഡോയില്‍ വില കൂടിയിട്ടും ഇന്ത്യയില്‍ ഇന്ധന വില കൂടിയില്ല. യുദ്ധഭൂമിയില്‍ വോട്ടിങ്ങ് നടക്കുന്നിടത്തെ ആളുകളും കുടുങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് വോട്ടിങ്ങിനെ പോലും ബാധിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ അതിര്‍ത്തിയിലെ യുദ്ധമില്ലാത്ത പ്രദേശത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. യുദ്ധഭൂമിയിലെ ഇന്ത്യക്കാര്‍ ബംങ്കറില്‍ തന്നെ അഭയം തേടി ഇരുന്നു. സര്‍ക്കാര്‍ ഇടപെട്ടോ...? എന്ന് ചോദിച്ചാല്‍ ഉത്തരം ഉടന്‍ റെഡി. ഇടപെട്ടു...!