പാര്‍ലമെന്‍റിലെ രോമാഞ്ച പ്രസംഗങ്ങള്‍

പാര്‍ലമെന്‍റിലെ രോമാഞ്ച പ്രസംഗങ്ങള്‍

വിജയ് ചൗക്ക് @ 131 @ മെട്രോ വാര്‍ത്ത: ഫെബ്രുവരി 5

സുധീര്‍നാഥ് 

ഇന്ത്യന്‍ പാര്‍ലമെന്‍റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അവരുടെ ശബ്ദം ജനതയുടെ ശബ്ദമാണ്. തിരഞ്ഞെടുക്കപ്പെട്ട ശേഷം സുഖത്തോടെ എല്ലാ സാമ്പത്തികമായും അല്ലാതെയുമുള്ള ആനുകൂല്യങ്ങളും സ്വീകരിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന ജനപ്രതിനിധികളും ഉണ്ട്. അധികാരം ലഭിച്ചതിന്‍റെ ആനുകൂല്യത്തില്‍ അഴിമതി നടത്തുന്നവരും ഉണ്ട്. സ്വന്തം ജീവിത സുരക്ഷിതത്ത്വം മാത്രം നോക്കുന്ന എത്രയോ പാര്‍ലമെന്‍റ് അംഗങ്ങളാണ് ഇന്ന് ഉള്ളത് എന്നത് പകല്‍ പോലെ സത്യമാണ്. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ പാര്‍ലമെന്‍റില്‍ മികച്ച പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അതിന്‍റെ എണ്ണം കൂടുതലായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങളുമായി നടക്കുന്ന പ്രസംഗങ്ങളെ സംവാദമായി നമുക്ക് പരിഗണിക്കണം. ഇത്തരം സംവാദങ്ങളിലൂടെ മാത്രമേ രാജ്യത്തിന്‍റെ പുരോഗതി സാധ്യമാകൂ. നല്ല പ്രസംഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷെ പഴയതുപോലുള്ള കഴമ്പുള്ള പ്രസംഗങ്ങള്‍ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു.

രാഹുലിന്‍റെ ശരങ്ങള്‍

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറഞ്ഞ് രാഹുല്‍ ഗാന്ധിയും, മാഹ് വാ  മൊയ്ത്രയും, റിപുന്‍ ബോറയും മറ്റും നടത്തിയ പ്രസംഗങ്ങള്‍ ചര്‍ച്ചയാണ്. രാഹുല്‍ ഗാന്ധി നടത്തിയ മറുപടി പ്രസംഗമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. പ്രതിപക്ഷ ബഞ്ചുകളിലുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മാത്രമല്ല, മറ്റ് പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന എല്ലാവര്‍ക്കും ആവേശമുണ്ടാക്കുന്ന ഒന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഏറ്റവും മികച്ച പ്രസംഗം എന്ന് വിലയിരുത്തുന്നുണ്ട്.

ഇന്ത്യ ഇപ്പോള്‍ ഒന്നല്ല എന്ന് പറഞ്ഞ രാഹുല്‍ പണക്കാരുടെ ഇന്ത്യയും, പാവങ്ങളുടെ ഇന്ത്യയും എന്നീ രണ്ടുണ്ട് എന്ന് തന്ത്രപൂര്‍വ്വം സമര്‍ഥിച്ചു. പെഗസിസ് വിവാദം പാര്‍ലമെന്‍റില്‍ ഉന്നയിച്ച രാഹുല്‍ ആഗോളതലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടതായി രാഹുല്‍ കുറ്റപ്പെടുത്തി. പാക്കിസ്ഥാനേയും, ചൈനയേയും ഒന്നിപ്പിച്ചത് ഇന്ത്യന്‍ ജനതയോട് സര്‍ക്കാര്‍ ചെയ്ത വലിയ ചതിവാണ്. 1947ല്‍ രാജഭരണം അവസാനിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് പറഞ്ഞ രാഹുല്‍ ഇപ്പോള്‍ രാജഭരണം തിരികെ കൊണ്ടു വരാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ചു. രാജ്യത്തെ പണം ഏതാനും ചിലരിലേയ്ക്ക് മാത്രം പോകുന്നതായി ആശങ്കപ്പെട്ട രാഹുല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് പറഞ്ഞു. 

3000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ സംസ്ക്കാരമുണ്ട്, ചരിത്രമുണ്ട്. വ്യത്യസ്തമായ സംസ്ക്കാരത്തിന്‍റെയും, ചരിത്രങ്ങളുടേയും കൂട്ടായ്മയാണ് ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ഇന്ത്യയുടെ അഴകും, കരുത്താണ് ഈ കൂട്ടായ്മ.

ബ്രിട്ടാസ് തിളങ്ങിയപ്പോള്‍

കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ 'ജഡ്ജിമാരുടെ പെന്‍ഷന്‍ ബില്ല്  സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള അംഗം ജോണ്‍ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്. ജോണ്‍ ബ്രിട്ടാസിന്‍റെ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന ഒന്നാണ്. രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യനായിഡു പരസ്യമായി തന്നെ ബ്രിട്ടാസിന്‍റെ പ്രസംഗത്തെ പ്രശംസിച്ചു. സുപ്രീം കോടതിയില്‍ സാമൂഹിക പ്രാതിനിത്യം ഇല്ലെന്നും, അവിടെ ബ്രാമണാധിപത്യമാണ് ഉള്ളതെന്നും ബ്രിട്ടാസ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തിരഞ്ഞെടുക്കുന്ന രീതിയെ വിമര്‍ശിച്ച ബ്രിട്ടാസ് ഇത്തരം രീതി ലോകത്തെവിടേയും ഇല്ലെന്ന് വ്യക്തമാക്കി.

തുടക്കം നെഹ്റു തന്നെ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 14ന് പാര്‍ലമെന്‍റില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം അതിഗംഭീരമായിരുന്നു. ഇന്ത്യയുടെ ഭാവിഭാഗധേയം എന്തായിരിക്കുമെന്ന വ്യക്തമായ ചിത്രമായിരുന്നു പ്രസംഗത്തില്‍. പുതിയ ഇന്ത്യയുടെ വികസന രേഖകളായിരുന്നു പ്രസംഗത്തിന്‍റെ പ്രധാന ഭാഗം. തന്‍റെ അഭിപ്രായത്തിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കുവാനും നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനും നെഹ്റു ആവശ്യപ്പെട്ടിരുന്നു. തെറ്റു തിരുത്താനും, മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനും ആദ്യ കാലത്ത് നേതാക്കള്‍ തയ്യാറായിരുന്നു. നേതാക്കള്‍ രാജ്യത്തിന് വേണ്ടിയാണ് അക്കാലത്ത് നിലകൊണ്ടിരുന്നത്. അക്കാലത്ത് നെഹ്റുവിന്‍റെ സമകാലീനരായ നേതാക്കള്‍ നടത്തിയിരുന്ന പാര്‍ലമെന്‍റ് പ്രസംഗങ്ങള്‍ ഗൗരവം നിറഞ്ഞതായിരുന്നു. പ്രധാനമന്ത്രിയും, മറ്റ് മന്ത്രിമാരെല്ലാം പ്രസംഗം ഗൗരവത്തോടെ കേട്ടിരിക്കും. ഇന്ന് സ്ഥിതി അങ്ങിനെയല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

അഗ്നിയായി അംബേദ്ക്കര്‍

1949 നവംബര്‍ 25ന് പാര്‍ലമെന്‍റില്‍ ഡോക്ടര്‍ അംബേദ്ക്കര്‍ നടത്തിയ പ്രസംഗം ചരിത്രത്തില്‍ ഇടം പിടിച്ച ഒന്നാണ്. ഇന്ത്യയുടെ വികസനത്തിന് ഒരു അച്ചടക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജാതിപരമായ വിവേചനം വികസനത്തെ മുരടിപ്പിക്കുമെന്നാണ് അംബേദ്ക്കര്‍ പറഞ്ഞത്.  ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്ത്യയ്ക്ക് ആപത്താണെന്ന് പാര്‍ലമെന്‍റില്‍ തുറന്ന് പറഞ്ഞ അംബേദ്ക്കര്‍ എന്ത് വിലകൊടുത്തും രാജ്യപുരോഗതിക്കായി അതിനെ എതിര്‍ക്കണമെന്ന് പ്രഖ്യാപിച്ചു. ഭരണഘടന ദുരുപയോഗം ചെയ്തെന്ന് ബോധ്യമായാല്‍ അത് അഗ്നിക്ക് ഇരയാക്കുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് വര്‍ത്തമാനകാലത്ത് ഓര്‍ക്കുന്നത് നന്നായിരിക്കും.

മറക്കില്ല പീലു മോഡിയെ

4,5 പാര്‍ലമെന്‍റില്‍ ഗുജറാത്തില്‍ നിന്നുള്ള ലോക്സഭാ അംഗമായ മറ്റൊരു മോഡിയുണ്ട്. 1978 മുതല്‍ രാജ്യസഭാ അംഗമായിരുന്ന സ്വതന്ത്രപാര്‍ട്ടിയുടെ നേതാവായ പീലോ മോഡിയാണ് സഭയെ  സജീവമാക്കിയ വ്യക്തി. അദ്ദേഹം പാര്‍ലമെന്‍റില്‍ നടത്തിയ പല പ്രസംഗങ്ങളും, പല നിലപാടുകളും ചരിത്രത്തില്‍  ഇടം നേടിയതാണ്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അക്കാലത്ത് പാര്‍ലമെന്‍റില്‍ ഭയമുണ്ടായിരുന്ന പ്രതിപക്ഷാംഗമായിരുന്നു പീലോ മോഡി. പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധിയെ വെള്ളം കുടിപ്പിച്ച ഒട്ടേറെ ചെറു പ്രസംഗങ്ങള്‍ ചെയ്ത് പ്രശസ്തനാണ് പീലോ മോഡി.

വിറപ്പിച്ച് വാജ്പേയ്

13 ദിവസത്തെ ഭരണത്തിന് അവസാനം കുറിച്ച് അടല്‍ ബിഹാരി വാജ്പെയ് പാര്‍ലമെന്‍റില്‍ രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗം പാര്‍ലമെന്‍റ് ചരിത്രത്തിലെ മികച്ചതില്‍ മികച്ച പ്രസംഗമാണ്. 1996 ജൂണ്‍ ഒന്നാം തിയതിയായിരുന്നു പാര്‍ലമെന്‍റില്‍ വാജ്പേയുടെ പ്രസംഗം. വാജ്പയ്ക്ക് പ്രതിപക്ഷത്ത് നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷമില്ലാത്തത് കൊണ്ടായിരുന്നു രാജിവെയ്ക്കേണ്ട സാഹചര്യമുണ്ടായത്. കവിതയും, സാഹിത്യവും, നര്‍മ്മവും കലര്‍ത്തി സ്വയസിദ്ധമായ ശൈലിയില്‍ രണ്ട് കണ്ണുകളും അടച്ചുള്ള വാജ്പേയുടെ പ്രസംഗം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തം തന്നെയാണ്.

ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും പാര്‍ലമെന്‍റില്‍ എത്രയോ മികച്ച പ്രസംഗങ്ങള്‍ നടത്തിയിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ എത്രയോ തവണ പാര്‍ലമെന്‍റില്‍ മുഴക്കിയിരിക്കുന്നു. എല്‍.കെ. അഡ്വാനിയും, മുരളി മനോഹര്‍ ജോഷിയും, സുഷമ്മാ സ്വരാജും, അരുണ്‍ ജറ്റ്ലിയും പലപ്പോഴായി നടത്തിയ പാര്‍ലമെന്‍റ് പ്രസംഗങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമായതാണ്. ജനങ്ങളുടെ ശബ്ദമായി രാജ്യത്തിന്‍റെ വികസന രേഖകളായി പ്രസംഗങ്ങള്‍ മാറണം. കേവലം ഒരു പ്രസംഗം മാത്രമല്ലാതെ ഒരു സംവാദമാകണം. പല ആശയങ്ങളുടെ സംയോജനമാകണം ഓരോ തീരുമാനങ്ങളും. നമ്മുടെ നാടിന്‍റെ പുരോഗതിക്ക് വേണ്ടത് അതാണ്.