പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2022 ജനുവരി 31 

അമര്‍ ജവാന്‍ ജ്യോതിയും, നേതാജിയും

ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റും, അതിന് കീഴിലെ അമര്‍ ജ്യോതിയും എല്ലാ ഇന്ത്യക്കാരുടേയും വികാരമാണ്. ഇന്ത്യാ ഗേറ്റ് യുദ്ധ സ്മാരകമാണ്. അതിലെ ചുമരുകളിലെ ഓരോ കല്ലിലും ഓരോ ജവാന്‍റെ പേര് കാണാം. ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാരുടെ സ്മരണയ്ക്കായി 1972 ജനുവരി 26ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തെളിയിച്ചതാണ് അമര്‍ ജവാന്‍ ജ്യോതി. കാലങ്ങളായി അവിടെ ജനങ്ങള്‍ എത്തുകയും തല കുമ്പിട്ട് ബഹുമാനം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. 2022 ജനുവരി 21ന് അന്‍പത് വര്‍ഷത്തോളം കെടാതെ സൂക്ഷിച്ച അമര്‍ ജവാന്‍ ജ്യോതി ദേശിയ യുദ്ധ സ്മാരകത്തിലെ ജ്യോതിയുമായി ലയിപ്പിച്ചു. അതോടെ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി തന്നെ ഇല്ലാതായി. ഇന്ത്യാ ഗേറ്റിലെ കാനപ്പിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഹേളോഗ്രാം പ്രതിമ സ്ഥാപിച്ചിട്ടുള്ളതും വാര്‍ത്തയാണ്. ത്രിമാന ഇമേജില്‍ 28 അടി ഉയരവും ആറടി വീതിയുമുള്ള  പ്രതിമ നേതാജിയുടെ 125ാം ജന്‍മവാര്‍ഷികം കൊണ്ടാടുന്ന സമയത്ത് തന്നെ സ്ഥാപിച്ചു. റിപ്പബ്ലിക്ക് പരേഡില്‍ നിന്ന് മമതാ ബാനര്‍ജി സര്‍ക്കാര്‍ അവതരിപ്പിക്കേണ്ടിയിരുന്ന ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതിന്‍റെ പ്രായശ്ചിത്തമായി ഇതിനെ വിലയിരുത്തുന്നവരും ഉണ്ട്. നേതാജിയുടെ പ്രതിമ ഗ്രാനയ്റ്റിലാണ് നിര്‍മ്മിക്കുന്നത്. ഡല്‍ഹി മോഡേണ്‍ ആര്‍ട്ട് ഗ്യാലറി ഡയറക്ടര്‍ ജനറലും പ്രശസ്ത ശില്‍പ്പിയുമായ അദ്വൈത ഗഡനായക്കിനാണ് പ്രതിമ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിമ സ്ഥാപിക്കും വരെ ഹേളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ ഉണ്ടാകും. 

മായാവതിയെ നിര്‍വീര്യമാക്കി...? 

ഉത്തര്‍ പ്രദേശിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയാണ് മായാവതി. അവിടെ ദളിത് വിഭാഗത്തിന് മോശമല്ലാത്ത സ്വാദീനവുമുണ്ട്. ഉത്തര്‍ പ്രദേശ് ഭരിക്കുന്ന സമയത്ത് അവര്‍ കോടികളുടെ അഴിമതി നടത്തി എന്ന ആരോപണം ഉണ്ട്. സ്വന്തം പ്രതിമയും, ബി.എസ്.പി. എന്ന സ്വന്തം പാര്‍ട്ടിയുടെ ചിഹ്നമായ ആനയുടേയും പ്രതിമയും ഉത്തര്‍ പ്രദേശിലാകെ സ്ഥാപിച്ച മുഖ്യമന്ത്രിയാണ് മായാവതി. അവര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നത് വലിയ സംസാരമായിരിക്കുകയാണ്. മായാവതിയുടെ അഴിമതി തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ ബി.ജെ.പി. സര്‍ക്കാരിന്‍റെ ക്കൈകളില്‍ എത്തിയിരിക്കയാണ്. അത് കാണിച്ച് മായാവതിയെ നിശബ്ദമാക്കി എന്നാണ് പരക്കെയുള്ള സംസാരം. എതിരാളികള്‍ക്കെതിരെ ചീറ്റപുലിയെ പോലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ സമാഹരിക്കാന്‍ പണിപ്പെട്ട മായാവതി ഇക്കുറി നിര്‍വീര്യമായി. വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കി പാഴാക്കരുതെന്നാണ് മായാവതി പറയുന്നത്. ബി.എസ്.പിയുടെ സുരക്ഷിതമായ ദളിത് വോട്ടുകള്‍ ബി.ജെ.പിക്ക് പോകുമോ അതോ സമാജ്വാദി പാര്‍ട്ടിക്ക് പോകുമോ എന്ന് കണ്ട് തന്നെ അറിയാം.  

വാടക ഗര്‍ഭദാരണവും മാത്യസ്നേഹവും

പ്രശസ്ത നടി പ്രിയങ്ക ചോപ്ര വാടക ഗര്‍ഭധാരണം നടത്തി ആണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഇതിനെ പരിഹസിച്ച് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീന്‍ രംഗത്ത് വന്നിരിക്കുകയാണ്. റെഡിമേഡ് കുട്ടികളോട് അമ്മമാര്‍ക്ക് എന്ത് ആത്മാര്‍ത്ഥത ഉണ്ടാകുമെന്ന് സംശയം പ്രകടിപ്പിച്ച തസ്ലീമ പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭധാരണം സാധ്യമാകുന്നതെന്ന് പറയുന്നു. വിഷയം ഇപ്പോള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. ധനികരായ സ്ത്രീകളും, സിനിമ, ഫാഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പാവപ്പെട്ട സ്ത്രീകള്‍ക്ക് പണം നല്‍കി വാടക ഗര്‍ഭധാരണം നടത്തിക്കുന്നു. അവരുടേയും, ഭര്‍ത്താവിന്‍റേയും അണ്ഡങ്ങള്‍ പാവങ്ങളായ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ശാസ്ത്രീയമായി നിക്ഷേപിക്കുന്നു. അങ്ങിനെ ധനികരുടെ കുഞ്ഞിനെ പാവപ്പെട്ട സ്ത്രീകള്‍ പത്ത് മാസം ചുമന്ന് പ്രസവിക്കുന്നു. കുഞ്ഞിനെ വേണമെന്ന് തോന്നുന്നവര്‍ എന്തുകൊണ്ട് ദത്തെടുക്കുന്നില്ല എന്ന ചോദ്യം തസ്ലീമ ഉയര്‍ത്തുന്നു. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്ന സ്വാര്‍ത്ഥത മൂലമാണ് വാടക ഗര്‍ഭധാരണത്തിന് മുതിരുന്നതെന്ന് ഗയ്നക്കോളജിസ്റ്റായ തസ്ലീമ നസ്റീന്‍ പറയുന്നു. വാടക ഗര്‍ഭപാത്രം, ബുര്‍ക്ക, ലൈംഗീക തൊഴില്‍ മുതലായവ പാവപ്പെട്ട സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്നതാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

പ്രാദേശിക പാര്‍ട്ടികളുടെ കാലം

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ചിടത്തും പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ക്ക് വലിയ വിലയാണെന്ന് കാണുവാന്‍ സാധിക്കും. ഇന്ത്യ എന്ന രാജ്യത്ത് ദേശിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി കുറഞ്ഞ് വരുന്നതായും കാണാവുന്നതാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ശക്തവും കൂടുതല്‍ വര്‍ഷങ്ങളുടെ അനുഭവ ചരിത്രവുമുള്ള ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രാജ്യത്ത് ഇത്രയേറെ വേരോട്ടമുള്ള മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായിട്ടില്ല എന്ന് കാണാം. പക്ഷെ വര്‍ത്തമാനകാല ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള ശക്തി പോലും ഇന്ന് കോണ്‍ഗ്രസിന് ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമുള്ള ചിത്രമല്ല ഇത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച കാണാം. ദേശിയ പാര്‍ട്ടിയായി ബി.ജെ.പിയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെങ്കിലും കര്‍ഷക സമരം അവരുടെ ജനപിന്തുണ കാര്യമായി കുറച്ചിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ പറ്റുന്നതല്ല. ദേശിയ പാര്‍ട്ടികളുടെ പട്ടികയിലുള്ള പാര്‍ട്ടികള്‍ പ്രാദേശികമായി മാറുന്ന കാഴ്ച്ചയാണ് അടുത്ത കാലത്തായി കണ്ടു വരുന്നത്. ഇനി നടക്കുവാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങള്‍ കാണേണ്ടി വരുന്നത് അതുതന്നെയാകും. വ്യത്യസ്ഥമായ ആശയങ്ങളും, പ്രാദേശിക താത്പര്യവുമുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഐക്യം ഉണ്ടാകുവാന്‍ പ്രയാസമാണ്. 

ഡല്‍ഹിയിലെ മദ്യപന്‍മാക്ക് സന്തോഷ വാര്‍ത്ത

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 21 ദിവസമായിരുന്നു മദ്യശാലകള്‍ അടച്ചിട്ടിരുന്നത്. ഈ ദിവസങ്ങളെ ഡ്രൈഡേ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതിന് മാറ്റം വരുത്താന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ പുതിയ എക്സൈസ് നയം അനുസരിച്ച് തീരുമാനിച്ചിരിക്കയാണ്. 21 ദിവസത്തെ ഡ്രൈഡേ വെറും 3 ദിവസമായി ചുരുക്കി ഉത്തരവിറങ്ങി.  റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി എന്നീ മൂന്ന് ദിവസങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ മദ്യശാലകള്‍ അടഞ്ഞ് കിടക്കൂ. ഡ്രൈഡേയിലെ വിലക്ക് എല്‍ 15 ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് ബാധകമല്ല. മദ്യവില്‍പ്പന വഴിയുള്ള വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് പുതിയ നടപടി എന്നാണ് ഔദ്യോഗിക വിശദ്ധീകരണം.

ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു 

സാങ്കേതിക വിദ്യയുടെ വികസനത്തിനൊപ്പം രാജ്യത്ത് വ്യാപകമായി ഓണ്‍ ലൈന്‍ തട്ടിപ്പ് നടക്കുന്നു. ഇമെയില്‍ വഴി ലോട്ടറി അടിച്ചെന്ന വാര്‍ത്തയാണ് ചിലരെ തേടി എത്തുക. കോടികളുടെ സ്വത്തുണ്ടെന്നും, അത് നല്‍കാന്‍ രക്ത ബന്ധത്തില്‍ ആരുമില്ലെന്നും, സാമൂഹ്യ പ്രവര്‍ത്തനത്തിനായി കോടികളുടെ സ്വത്ത് ക്കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞാണ് മറ്റൊരു തട്ടിപ്പിന് തുടക്കം. മരണപ്പെട്ട പിതാവിന്‍റെ പ്രെവിഡന്‍റ് ഫണ്ട് വര്‍ഷങ്ങളായി ഏറ്റെടുക്കാതെ കിടക്കുന്നതായും, അത് ക്കൈപ്പറ്റാന്‍ ക്ഷണിച്ചു കൊണ്ടാണ് മറ്റൊരു തട്ടിപ്പിന് തുടക്കം. ഫോണിന്‍റെ കാലാവധി തീരുന്നു, ഉടനെ റീചാര്‍ജ് ചെയ്യണം എന്ന സന്ദേശമാണ് മറ്റൊന്ന്. ക്രെഡിറ്റ് കാര്‍ഡുകളുടെയും, ഡെബിറ്റ് കാര്‍ഡുകളുടേയും ഒ.ടി.പി. സംഘടിപ്പിച്ച് തട്ടിപ്പ് വേറെ. ബാങ്കില്‍ നിന്നാണെന്ന വ്യാജേനയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. വിദേശത്തുള്ള എതിര്‍ ലിംഗത്തിലെ വ്യക്തി ഓണ്‍ലൈന്‍ വഴി സൗഹ്യദം സ്ഥാപിക്കുന്നു. ഇന്ത്യ കാണുവാന്‍ താത്പര്യം കാണിക്കുന്നു. എത്ര ബജറ്റാകും കേരളം മുഴുവന്‍ കാണുവാനെന്നും, കൂടെ സഞ്ചരിക്കുകയാണെങ്കില്‍ എല്ലാ ചിലവും വഹിക്കാമെന്നും, നല്ലൊരു തുക പ്രതിഫലം തരാമെന്നും പറയുന്നു. ഡല്‍ഹി എയര്‍പ്പോട്ടില്‍ എത്തിയപ്പോള്‍ കൂടുതല്‍ വിദേശ പണം കൊണ്ടുവന്നതിന് കസ്റ്റംസ് പിടികൂടിയെന്നും, പിഴയായി ഇന്ത്യന്‍ പണം അടയ്ക്കാന്‍ സഹായിക്കണമെന്നും പറഞ്ഞാണ് വിളി വരിക. കസ്റ്റംസ് ഉദ്യോഗസ്ഥരെ കൊണ്ട് സംസാരിപ്പിക്കുകയും ചെയ്യും. വിമാനതാവളത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഡോളര്‍ മാറ്റി ഇന്ത്യന്‍ രൂപ മടക്കി തരാമെന്ന ഉറപ്പും കിട്ടും. സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരം ഏറ്റവും കൂടിയ കാലമാണ് ഇപ്പോള്‍. വിലകൂടിയ വസ്ഥുക്കള്‍ വന്‍ വിലക്കുറവില്‍ നല്‍കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പാണ് ഇപ്പോള്‍ കൂടുതലും. ഓണ്‍ ലൈനില്‍ സ്വീകാര്യതയുള്ള പല കമ്പനികളും ഉണ്ട് എന്നത് വിസ്മരിക്കരുത്. സമാന്തര ആപ്പുകള്‍ ഉണ്ടാക്കി വന്‍ കമ്പനികളുടെ വരിക്കാരുടെ പണം തട്ടിയ കേസുകള്‍ ധാരാളമാണ്. കേന്ദ്ര പുരാവസ്ഥു വകുപ്പിന്‍റെ വ്യാജ ആപ്പുണ്ടാക്കി ടാജ്മഹല്‍ അടക്കമുള്ള സ്മാരകങ്ങളിലേയ്ക്കും, പുരാവസ്ഥു മ്യൂസിയവും, മറ്റും കാണുവാനുള്ള ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പന നടത്തിയ സംഘത്തെ പിടികൂടിയത് അടുത്ത കാലത്താണ്. ദിവസവും ഇത്തരം തട്ടിപ്പുകാരെ പോലീസ് പിടി കൂടുന്നുണ്ടെങ്കിലും തട്ടിപ്പിന് ഒരു കുറവും സംഭവിക്കുന്നില്ല.