ഐക്യരാഷ്ട്രസഭയും, യുദ്ധവും, ഇന്ത്യയും.
വിജയ് ചൗക്ക് @ 134 @ മെട്രോ വാര്‍ത്ത: ഫെബ്രുവരി 27
സുധീര്‍നാഥ്
റഷ്യ യുക്രെയ്നിനു നേരെ യുദ്ധം തുടങ്ങിയത് ലോക ജനതയെ ന്തെട്ടിച്ചിരിക്കുകയാണ്. യുദ്ധം എപ്പോഴും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. യുദ്ധങ്ങളില്ലാത്ത നാടിനു വേണ്ടി ലോക ജനത ആഗ്രഹിക്കുന്നുണ്ട്. 2014 മുതല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം പ്രതീക്ഷിക്കുന്ന ജനതയാണ് യുക്രെയ്നിലുള്ളത്. അവിടെ കെട്ടിടങ്ങളിലെല്ലാം ബംഗറുകള്‍ കര്‍ശനമാണ്. ലോക രാജ്യങ്ങള്‍ യുദ്ധം ഒഴിവാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവര്‍ക്ക് ആശ്വാസമായിരുന്നു. അതാണ് ഇല്ലൊതായിരിക്കുന്നത്. ബംഗറുകളിലും, ഭൂമിക്കടിയിലെ മെട്രോ സ്റ്റേഷനുകളുമാണ് അവര്‍ അഭയകേന്ദ്രമായി കാണുന്നത്. കഴിഞ്ഞ രണ്ട് മാസമായി യുദ്ധഭീതിയിലായിരുന്നു യുക്രെയ്ന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എപ്പോള്‍ വേണമെങ്കിലും യുദ്ധം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും, യുദ്ധം ഒഴിവാക്കാന്‍ സാധിച്ചില്ല എന്നത് നിര്‍ഭാഗ്യകരവുമാണ്.
2014 ലില്‍ യുക്രെയ്നിലെ വിമതരുടെ സഹായത്തോടെ ക്രിമിയ പിടിച്ചടക്കുന്നതിന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡമിന്‍ പുട്ടിന്‍ ആഗ്രഹിച്ചതിന്‍റെ ഭാഗമായി ഉത്തരവിട്ടിരുന്നു. അന്നു തുടങ്ങിയ സംഘര്‍ഷ സാഹചര്യം 2022 ഫെബ്രുവരി 24 ന് പുലര്‍ച്ചെ തുടങ്ങിയ യുദ്ധത്തില്‍ കൊണ്ടെത്തിച്ചിരിക്കയാണ്. ആയുധ ശേഖരത്തിലും, സൈനിക ശക്തിയിലും റഷ്യയ്ക്ക് ചെറു രാജ്യമായ യുക്രെയ്നേക്കാള്‍ മേല്‍ക്കൈ ഉണ്ട്. യുക്രെയ്നിനും അത് അറിയാം. അവര്‍ അവരുടെ പരിമിതിയില്‍ നിന്ന് തിരിച്ചും പോരാടുന്നുണ്ട്. പക്ഷെ അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
ഇന്ത്യയ്ക്ക് റഷ്യയും, യുക്രെയ്നുമായും നല്ല ബന്ധമാണുള്ളത്. പക്ഷെ ഇന്ത്യ ആര്‍ക്കും അനുകൂലമായ നിലപാടെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യുദ്ധം തുടങ്ങിയ റഷ്യയുടെ പ്രസിഡന്‍റ് വ്ളാഡമിര്‍ പുട്ടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് ലോകം ശ്രദ്ധയോടെ നോക്കി കണ്ടു. സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനര്‍ സ്ഥാപിക്കണമെന്ന് മോദി പുട്ടിനോട് അഭ്യര്‍ത്ഥിച്ചു. 20 മിനിറ്റോളം നീണ്ടു നിന്ന സംഭാഷണത്തില്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയുടെയുമുള്ള ചര്‍ച്ചകളിലൂടെ മാത്രമേ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ എന്ന് മോദി പറഞ്ഞ. യുക്രെയ്നിലുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിക്കുകയും ഉണ്ടായി.
ലോക രാജ്യങ്ങള്‍ തമ്മില്‍ മുന്‍പും സമാനമായ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോക സമാധാനത്തിനായി രാജ്യങ്ങള്‍ തമ്മില്‍ പ്രശ്നപരിഹാരം എപ്പോഴും വേണ്ടതായിട്ടുണ്ടെന്നത് നൂറ്റാണ്ടുകളായുള്ള അനുഭവമണ്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ രൂപം കൊടുത്തതാണ് ഐക്യരാഷ്ടസഭ. യു.എന്‍. എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. യു.എന്‍. ഭരണഘടന അംഗീകരിക്കുന്ന ലോക സമാധാനത്തില്‍ താത്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ടസഭയയെ ആറ് ഘടകങ്ങളായി തിരിച്ചിരിക്കുകയാണ്. പൊതുസഭ, സുരക്ഷാ സമിതി, സാമ്പത്തിക സാമൂഹിക സമിതി, ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍, സെക്രട്ടേറിയറ്റ്, രാജ്യാന്തര നീതിന്യായ കോടതി എന്നിങ്ങനെയാണ്.
രാജ്യാന്തര സഹകരണം ലക്ഷ്യമാക്കി രൂപം കൊണ്ട പ്രസ്ഥാനത്തിന്‍റെ ഇടപെടല്‍ പല രാജ്യാന്തര തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. റഷ്യന്‍ അധിനിവേശം തടയുന്നതിന് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി അടിയന്തര യോഗം നടക്കുന്നതിനിടെയാണ് സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് ഉത്തരവിട്ടത്. ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍, റഷ്യ, അമേരിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങളാന്ന് യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. റഷ്യ ഉള്‍പ്പെട്ടതാണ് ഈ സമിതി എന്നത് ശ്രദ്ധേയമാണ്. റഷ്യ ഐക്യരാഷ്ട്രസഭയുടേയും, അന്താരാഷ്ട്ര നിയമങ്ങളുടേയും നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. റഷ്യയ്ക്ക് ഈ വിഷയത്തില്‍ വരും നാളില്‍ വലിയ വിലകൊടുക്കേണ്ടി വരും എന്നാണ് പറയുന്നത്.
ഒരു മൂന്നാംലോക മഹായുദ്ധം ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞു എന്നത് സഭ കൈവരിച്ച മികച്ച നേട്ടമാണ്. പക്ഷേ, ഇതിനിടെ ലോകം നിരവധി യുദ്ധങ്ങള്‍ കണ്ടു. ഒപ്പം ഒട്ടേറെ ആഭ്യന്തരയുദ്ധങ്ങളും. നിരവധി ഭീകരാക്രമണങ്ങള്‍ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. യുക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കുന്ന യു.എന്‍. പ്രമേയത്തെ ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നു. സ്ഥിരാംഗമായ റഷ്യ വിറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. വിറ്റോ അധികാരം വരും നാളുകളിലും സമാധാന ശ്രമങ്ങള്‍ക്ക് തടസമാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും നിര്‍ണ്ണായക അധികാരം കൈവശം വെച്ചിരിക്കുന്നത് വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ്. ചരിത്രം കണ്ട നരനായാട്ടുകള്‍ക്കും കലാപങ്ങള്‍ക്കും രക്തരൂഷിതമായ ഭീകരാക്രമണങ്ങള്‍ക്കും മുന്നില്‍ അധികാരപ്രമത്തരായ വീറ്റോ രാജ്യങ്ങളുടെ കുത്സിത പ്രവൃത്തിക്കു മുന്നില്‍ നിസ്സംഗവും നിശ്ചേതനവുമായ നിലപാടെടുത്ത ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ലെങ്കിലും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെ നിര്‍ണ്ണയക സ്വാധീനമുള്ളവരാണ്. അതുകൊണ്ട് തന്നെയിണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യസ്ഥ സ്ഥാനം വഹിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം പല രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഇന്ത്യ യുക്രെയ്ന്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതില്‍ യോജിക്കുവാന്‍ സാധിക്കില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത് ഇന്ത്യയ്ക്ക് കൂടി ഗുണമുള്ളതാണ്. റഷ്യ യുക്രെയിന്‍ പിടിച്ചടക്കിയപോലെ നാളെ ചൈന ഇന്ത്യന്‍ അതിര്‍ത്തികളിലേയ്ക്ക് കടന്നാക്രമണം നടത്തികൂടായ്കയില്ല. അന്ന് മറ്റ് രാജ്യങ്ങള്‍ മൗനം പാലിക്കുകയോ, നിഷ്പക്ഷത പാലിക്കുകയോ ചെയ്താലുള്ള അവസ്ഥ മനസിലാക്കണം.
ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ട് ലഭിക്കാതെ വന്നപ്പോള്‍ യുക്രെയ്ന്‍ പട്ടാള നിയമം പ്രഖ്യാപിച്ച് റഷ്യയുമായി പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ നിലനില്‍പ്പിനായി പോരാടാന്‍ തയ്യാറുള്ള എല്ലാ പൗരന്‍മാര്‍ക്കും ആയുധങ്ങള്‍ നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കി പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ പിടിച്ചടക്കുവാനുള്ള റഷ്യന്‍ നീക്കത്തിന് തടയിടുകയാണ് യുക്രെയ്ന്‍ ഭരണകൂടം ശ്രമിക്കുന്നത്. അതേസമയം കീവ് എന്ന തലസ്ഥാന നഗരം റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലേയ്ക്ക് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയിന്‍ കീഴടങ്ങിയാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് തയ്യാറാകുകയുള്ളൂ എന്ന് റഷ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. യുക്രെയ്ന്‍ പൂര്‍ണ്ണമായും അധീനതയിലാക്കുന്നതിന് റഷ്യ ലക്ഷ്യം വെയ്ക്കുന്നില്ലെന്നാണ് അറിയുന്നത്. യുക്രെയ്നിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമാണ് റഷ്യ ലക്ഷ്യമിടുന്നത്.
ഒന്നാം ലോകമഹായുദ്ധം കഴഞ്ഞതോടെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സമാധാന അന്തരീക്ഷം ഉണ്ടാകുന്നതിന് എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ചുള്ള കൂട്ടായ്മ വേണമെന്ന തോന്നല്‍ ഉണ്ടായത്. ഇതിന്‍റെ ശ്രമം കാലങ്ങളായി തുടര്‍ന്നു കൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധം ലോക രാജ്യങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു. ഓരോ രാജ്യങ്ങള്‍ക്കും സംഭവിച്ച നഷ്ടം ഭീകരമായിരുന്നു. ഇതിന്‍റെ ഫലമായി ഒരു സമാധാന ദൗത്യം എന്ന നിലയില്‍ രാഷ്ട്രങ്ങള്‍ ഒരു ഐക്യം രൂപം കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1945 ല്‍ തുടക്കം കുറിച്ച ഐക്യരാഷ്ട്രസഭയില്‍ 51 ലോക രാജ്യങ്ങള്‍ അംഗമായി. ഇതില്‍ യുക്രെയ്നും റഷ്യയും അംഗമായിരുന്നു. ഇപ്പോള്‍ ലോകത്തെ 193 രാജ്യങ്ങള്‍ അംഗമാണ്. ഇന്ത്യയും 1945 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ അംഗമാണ്. ഇപ്പോള്‍ യുദ്ധവുമായി ബന്ധപ്പെട്ട രണ്ട് രാജ്യങ്ങളും യു.എന്‍. സ്ഥാപക രാജ്യങ്ങളാന്ന്. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇന്ത്യ ശക്തമായ വിദേശകാര്യ ബന്ധം ഉറപ്പിക്കുന്ന നയങ്ങള്‍ സ്വീകരിച്ചിരുന്നു. 1920 മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്ത്വത്തില്‍ ഒരു വിദേശകാര്യ വകുപ്പ് രൂപം കൊടുത്തിരുന്നു.
ഒന്നും രണ്ടും ലോകമഹായുദ്ധക്കാലത്ത് ഇന്ത്യ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലായിരുന്നു. ഇന്ത്യ നാട്ടു രാജ ഭരണത്തിന് കീഴിലായിരുന്നു. തിരുവിതാംകൂര്‍ രാജാവും, കാഷ്മീര്‍ രാജാവുമായിരുന്നു കൂട്ടത്തില്‍ സമ്പന്നര്‍. തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷ് ഭരണകൂടത്തിന് ഒരു യുദ്ധ വീമാനം സംഭാവന ചെയ്തിട്ടുണ്ട്. റഷ്യയാണ് ഇന്ത്യയ്ക്ക് വലിയ അളവില്‍ യുദ്ധ സാമഗ്രകികള്‍ നല്‍കുന്നത്. ഇന്ത്യയും അയല്‍ രാജ്യങ്ങളും തമ്മില്‍ പലപ്പോഴായി ഉണ്ടായ തര്‍ക്കങ്ങളും, അതിനെ തുടര്‍ന്നുണ്ടായ യുദ്ധങ്ങളും ഐക്യരാഷ്ട്ര സഭയുടെ ചര്‍ച്ചകളില്‍ വന്നിട്ടുള്ളതാണ്. ഇന്നും പരിഹാരം കാണാത്ത കാശ്മീര്‍ തര്‍ക്കവും, ഇന്ത്യയിലേയ്ക്ക് ചൈന നടത്തിയ കടന്നു കയറ്റവും വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് അറിയണം.
ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് കാലങ്ങളായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെയ്ക്കുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ജനത സമാധാനത്തോടെ ഇവിടെ കഴിയുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ഇന്ത്യയുടെ നടപടികള്‍ മറ്റ് രാജ്യങ്ങള്‍ മാതൃകയായി കണക്കിലാക്കുന്നു. അത് വലിയ അംഗീകാരമായി കാണേണ്ടതുണ്ട്.