റെയിസിനാ ഹില്ലിലേയ്ക്കാരാണ്...?
വിജയ് ചൗക്ക് @ 133 @ മെട്രോ വാര്‍ത്ത: ഫെബ്രുവരി 12
സുധീര്‍നാഥ്
ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ഇനിയുള്ള നാളുകളിലെ രാഷ്ട്രീയ ചര്‍ച്ച. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലവധി 2022 ജൂലൈ 25ന് അവസാനിക്കും. അതിന് മുന്‍പായി പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. നിലവിലെ രാഷ്ട്രപതിയെ തന്നെ അതേസ്ഥാനത്ത് മത്സരിപ്പിക്കുക എന്നതാണ് ഒരു സാധ്യത. അതിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ ചെറിയ ന്യായമേ ഉള്ളൂ. ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ നീണ്ട ചരിത്രം പരിശോധിച്ചാല്‍ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് മാത്രമേ 12 വര്‍ഷവും 107 ദിവസവും രാഷ്ട്രപതി സ്ഥാനത്ത് ഇരുന്നിട്ടുള്ളൂ.
ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിയെ പാര്‍ലമെന്‍റിലെ ഇരുസഭയിലെ അംഗങ്ങള്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലേയും എം.എല്‍.എ. മാരും ചേര്‍ന്നാണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന 1950 മുതലാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി രാജേന്ദ്ര പ്രസാദ് 1950 ജനുവരി 26 മുതല്‍ 1962 മെയ് 13 വരെ തുടര്‍ന്നു. ഇത്രയും കാലം ഇന്ത്യന്‍ രാഷ്ട്രപതിയായി തുടരാന്‍ പിന്നീട് ആര്‍ക്കും സാധിച്ചില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം സ്വതന്ത്രസമര സേനാനിയായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിലും, ക്വറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത അദ്ദേഹം അറിയപ്പെടുന്ന പണ്ഡിതനും നിയമജ്ഞനുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ ക്യഷി വകുപ്പ് മന്ത്രിയായിരുന്ന രാജേന്ദ്ര പ്രസാദ് സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്‍റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സര്‍വ്വപ്പള്ളി രാധാക്യഷ്ണന്‍ എന്ന എസ്. രാധാക്യഷ്ണനായിരുന്നു ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതി. പണ്ഡിതനായിരുന്ന രാധാക്യഷ്ണനെ രാഷ്ട്രം 1954ല്‍ ഭാരത് രത്ന നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തേയും സര്‍വ്വകലാശാലകളില്‍ തത്വശാസ്ത്രത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ പ്രശസ്തമാണ്. ഹെല്‍പ് എയ്ജ് ഇന്ത്യ എന്ന പ്രശസ്ത എന്‍.ജി.ഒ. സ്ഥാപിച്ച അദ്ദേഹത്തിന്‍റെ ജന്‍മദിനമാണ് അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. 1962 മെയ് 13 മുതല്‍ അഞ്ച് വര്‍ഷം ഇന്ത്യയുടെ പ്രഥമ പൗരനായിരുന്നു എസ്. രാധാകഷ്ണന്‍. 1952 മുതല്‍ ഉപരാഷ്ട്രപതിയായിരുന്ന ശേഷമാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നത്.
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് സക്കീര്‍ ഹുസൈന്‍ ആയിരുന്നു. എസ് രാധാക്യഷ്ണന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയാണ് സക്കീര്‍ ഹുസൈന്‍. രാഷ്ട്രപതി പദവിയിലിരിക്കെയാണ് അദ്ദേഹം അന്തരിക്കുന്നത്. അന്ന് ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി രാഷ്ട്രപതിയുടെ താത്കാലിക ചുമതല ഏറ്റെടുക്കുകയായിരുന്നു. വി.വി. ഗിരി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഹിതായിത്തുള്ളയും കുറച്ച് നാള്‍ രാഷ്ട്രപതിയുടെ ചുമതല വഹിച്ചു. വി.വി ഗിരി നാലാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരള ഗവര്‍ണറായിരുന്ന അദ്ദേഹം അഞ്ച് വര്‍ഷം രാഷ്ട്രപതിയായിരുന്നു.
അഞ്ചാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമദ് രാഷ്ട്രപതി പദവിയിലിരിക്കെ തന്നെയാണ് അന്തരിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹം രണ്ട് വര്‍ഷവും 171 ദിവസവും മാത്രമേ രാഷ്ട്രപതി സ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന ബാസപ്പ ദാനപ്പ ജട്ടി രാഷ്ട്രപതിയുടെ താത്കാലിക ചുമതല വഹിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടിയുടെ പന്തുണയില്‍ നീലം സജീവ് റെഡ്ഡി ഇന്ത്യയുടെ ആറാമത് രാഷ്ട്രപതിയായി.
നീലം സജീവ് റെഡ്ഡി മുതല്‍ പിന്നീട് രാഷ്ട്രപതിമാരായ സെയില്‍ സിംഗ്, ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മ, കെ.ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ ദേവി പട്ടേല്‍, പ്രണാഭ് കുമാര്‍ മുഖര്‍ജി വരെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. നിലവിലെ രാഷ്ട്രപതിയും അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കും. ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മ, കെ.ആര്‍. നാരായണന്‍ എന്നിവര്‍ ഉപരാഷ്ട്രപതിയായ ശേഷമാണ് രാഷ്ട്രപതിയായത്. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന കിഷന്‍കാന്ത് അന്തരിച്ചത് സ്ഥാനം വഹിക്കുന്ന കാലത്ത് തന്നെയായിരുന്നു. രണ്ട് തവണ തുര്‍െച്ചയായി ഉപരാഷ്ട്രപതിയാകാന്‍ ഹമീദ് അന്‍സാരിക്ക് സാധിച്ചു.
നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ രാഷ്ട്രപതിയാക്കുമോ എന്നാണ് രാഷ്ട്രീയ ഭാരതം ഉറ്റുനോക്കുന്നത്. വെങ്കയ്യനായിഡുവിന്‍റെ പല നിലപാടുകളും പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിക്കാത്തതായിരുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ രാഷ്ട്രപതിയാക്കുന്നതിന് എതിര്‍പ്പുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ രാഷ്ട്രപതിയെ പോലെ ഒന്നിനും എതിര്‍പ്പ് പറയാത്ത ഒരാളാകും രാഷ്ട്രപതി സ്ഥാനത്ത് വരിക എന്നാണ് കണക്കിലാക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ വലിയ നിര്‍ണ്ണായകമാണ്. അഞ്ചിടത്തും ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ രാംനാഥ് കോവിന്ദിനെ വിജയിപ്പിച്ച പോലെ വിജയിക്കാന്‍ സാധിക്കൂ.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ക്ക് മൂല്യങ്ങളാണുള്ളത്. സംസ്ഥാന രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമായി പ്രകടമാകുന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍. കേരളത്തില്‍ നിന്ന് ഇക്കുറി ഒരു എം.എല്‍.എയോ, എം.പിയോ ഇല്ല എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലേയും, തമിഴ്നാട്ടിലേയും, ആന്ദ്രാപ്രദേശ്, തെലുങ്കാന, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സമാവാക്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ല. ഉത്തര്‍പ്രദേശില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 312 ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു. ഏറ്റവും കൂടുതല്‍ മൂല്യമുള്ള എം.എല്‍.എമാരാണ് ഉത്തര്‍പ്രദേശിലുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കേണ്ട രാജ്യസഭാ തിരഞ്ഞെടുപ്പും നിര്‍ണ്ണായകമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വലിയ ഭീഷണിയുമില്ലെന്നത് ബി.ജെ.പിക്ക് ആശ്വാസമാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും, ലോക്സഭാ ഭൂരിപക്ഷം കൊണ്ട് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്സഭാ, രാജ്യസഭാ അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്.
സമവായ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഉണ്ടാകുവാനുള്ള സാധ്യതകള്‍ വിരളമാണ്. ബി.ജെ.പി രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പല പേരുകളും ചര്‍ച്ച ചെയ്തു തുടങ്ങി എന്നാണ് അറിയുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ പേരാണ് മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. പൂര്‍ണമായും പ്രധാനമന്ത്രിയിലോ, ബി.ജെ.പിയിലോ തീരുമാനമാകില്ല ഇത്തവണത്തെ പേരുകള്‍ എന്നാണ് സംസാരം. നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തു നിന്നുള്ള അംഗീകാരവും നേടേണ്ടതുണ്ട്. മാര്‍ച്ച് പത്തിന് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കോ, ആര്‍.എസ്.എസിനോ ശക്തിയെന്ന് തീരുമാനമാകുമെന്നാണ് രഹസ്യം പറച്ചില്‍.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മേല്‍ക്കെ ലഭിച്ചാല്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന വ്യക്തിയാകും എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഘടക കക്ഷികളുടെ അഭിപ്രായം പോലും പ്രസക്തമാകില്ല. അത്ര പ്രശസ്തനല്ലാത്ത, എന്നാല്‍ മോദിയുടെ നിയന്ത്രണത്തിലുള്ള നയതന്ത്രജ്ഞനോ, നിയമജ്ഞനോ മറ്റുമാകും സ്ഥാനാര്‍ത്ഥി. മറിച്ചാണെങ്കില്‍ സമവായത്തിലൂടെ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടി വരും. അങ്ങിനെ വന്നാല്‍ വെങ്കയ്യനായിഡുവിനാണ് മുന്‍തൂക്കം.
ഉപരാഷ്ട്രപതിയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ തന്‍റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി എന്നത് കൊണ്ട് സഭ നിയന്ത്രിക്കാനുള്ള യോഗ്യതയായി കേരളത്തിലെ പ്രകടനങ്ങള്‍ വിലയിരുത്തട്ടെ എന്നാണ് അദ്ദേഹം ഒരുപക്ഷെ കരുതുന്നത്. വെങ്കയ്യനായിഡുവല്ല രാഷ്ട്രപതിയെങ്കില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയും പരിഗണിക്കപ്പെടുന്ന ലിസ്റ്റിലുണ്ട്. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദന്‍ക്കറാണ് പരിഗണിക്കുന്ന മൂന്നാമത്തെ വ്യക്തി. ലോക്സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജനും ചര്‍ച്ചയ്ക്കെടുത്ത ലിസ്റ്റിലുണ്ട്.