വരുന്നു താമസിയാതെ നാലാം തരംഗവും

വരുന്നു താമസിയാതെ നാലാം തരംഗവും

വിജയ് ചൗക്ക്

സുധീര്‍ നാഥ്


2020 മാര്‍ച്ച് 24 ന് കോവിഡ് മഹാമാരി ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. കോവിഡ് പിടിക്കപ്പെടുന്നവര്‍ മരണമടയുന്ന സാഹചര്യം ഉണ്ടായി. ജനങ്ങള്‍ ഭയപ്പെട്ടു. കോവിഡ് പടരാതിരിക്കാന്‍ , പകരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി. ഓരോ അഞ്ച് മിനിറ്റിലും ക്കൈ കഴുകുന്ന രീതി വരെ ചിലര്‍ തുടക്കം കുറിച്ചു. രണ്ടും മൂന്നും മാസ്കുകള്‍ ധരിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. പക്ഷെ അവരൊക്കെ ജാഗ്രത തീരെ ഇല്ലാതെയാണ് ഇപ്പോള്‍ നടക്കുന്നത്.

കോവിഡ് ഒന്നാം തരംഗത്തില്‍ മരണ സംഖ്യ കുറവായിരുന്നു. പക്ഷെ ജനങ്ങള്‍ ഭീതിയിലായിരുന്നു. എന്ത് ചികിത്സ നല്‍കുമെന്ന ആശങ്ക ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് യുക്തി അനുസരിച്ചുള്ള ചികിത്സാ രീതിയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലോകം മുഴുവന്‍ അങ്ങിനെ തന്നെ ആയിരുന്നു. പകരുന്ന വൈറസാണ് എന്ന് കണ്ടെത്തിയത് ഒരു മാസം കഴിഞ്ഞാണ്. ശരീരത്തിന്‍റെ പല ഭാഗങ്ങള്‍ തകര്‍ക്കപ്പെടുന്നത് തിരിച്ചറിഞ്ഞത് എത്രയോ കഴിഞ്ഞാണ്.

കോവിഡിന്‍റെ വാക്സിന്‍ വരും മുന്‍പ് രണ്ടാം തരംഗം എത്തിയിരുന്നു. ജനങ്ങള്‍ കൂടുതല്‍ മരണപ്പെട്ടതും ഈ കാലത്തായിരുന്നു. ജീവവായുവിനായി മനുഷ്യന്‍ കരയുന്ന ദയനീയ കാഴച്ചയായിരുന്നു ചുറ്റിനും. ഓക്സിജന്‍ ലങ്കാറുകള്‍ ഡല്‍ഹിയില്‍ വ്യാപകമായിരുന്നു. ഓക്സിജന്‍ ബെഡിനായി ആശുപത്രികളില്‍ ജനങ്ങള്‍ ക്യൂ നിന്നു. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കാത്ത് ഊഴം കാത്തിരുന്നവര്‍. ജീവിതത്തിലേയ്ക്ക് മടങ്ങി വരില്ലെന്ന് തോന്നുന്നവരേയും, പ്രായമായവരേയും മനസില്ലാ മനസോടെ കാലപുരിയിലേയ്ക്ക് അയച്ച് രക്ഷപ്പെടാന്‍ സാധ്യതയുള്ള യുവാക്കള്‍ക്ക് വെന്‍റിലേറ്റര്‍ നല്‍കിയ എത്ര എത്ര സംഭവങ്ങള്‍ ഇന്ത്യയില്‍ പോലും ഉണ്ടായി. ആശുപത്രിയിലെ ഓക്സിജന്‍ തീര്‍ന്നതിനാല്‍ ഐ.സി.യുവില്‍ മരണമടഞ്ഞ എത്രയോ സംഭവങ്ങള്‍ രാജ്യ തലസ്ഥാനത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിന്‍റെ രണ്ടാം തരംഗം മരണത്തിന്‍റെ കോമാളിയുടെ താണ്ഡവ നൃത്തം തന്നെ ആയിരുന്നു. ശ്മശാനങ്ങളില്‍ വരി നിന്ന് സ്വന്തം പിതാവിന്‍റെ , അല്ലെങ്കില്‍ മാതാവിന്‍റെ , അല്ലെങ്കില്‍ മകന്‍റെ , മകളുടെ ... ശവശരീരം ഒറ്റയ്ക്ക് നിന്ന് ദഹിപ്പിക്കേണ്ടി വരിക. ഒരേ സമയം ചുടുകാട്ടില്‍  മൃതശരീരങ്ങള്‍ കൂട്ടമായി കത്തുന്ന കാഴ്ച്ച . എത്ര എത്ര ശവ ശരീരങ്ങള്‍ അനാഥമായി മോര്‍ച്ചറികളില്‍ ... ഹോസ്പിറ്റലിലേയ്ക്കും, കോവിഡ് കെയര്‍ സെന്‍ററിലേയ്ക്കും കൊണ്ടുപോയ ഉറ്റവരുടെ വിവരങ്ങളറിയാതെ വിങ്ങലടക്കി കഴിഞ്ഞവര്‍ ... 

കോവിഡ് മൂന്നാം തരംഗമായപ്പോഴേയ്ക്കും വാക്സിനുകള്‍ ശാസ്ത്ര ലോകം കണ്ടെത്തി. അത് ലോകമികമാനം ജനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ കൊറോണ വൈറസിന്‍റെ പല വകഭേദങ്ങള്‍ ഇറങ്ങിയെന്ന് ശാസ്ത്ര ലോകം  പറഞ്ഞു. ഡെല്‍റ്റ , ഒമിക്രോണ്‍ ... മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കും എന്ന് ശാത്ര ലോകം പറഞ്ഞു. പക്ഷെ വലിയ പരിക്കില്ലാതെ മൂന്നാം തരംഗം പടിയിറങ്ങി. 

ഒമിക്രോണ്‍ ബി.എ. 2 എന്ന പുതിയ വൈറസിനെ കുറിച്ചാണ് ശാസ്ത്ര ലോകം ഇപ്പോള്‍ സംസാരിക്കുന്നത്. കൂടുതല്‍ അപകടകാരിയാണ് ഈ കൊറോണ വൈറസ് വകഭേദം എന്നാണ് പറയുന്നത്. ഒമിമ്രോണിനെ പോലെ വേഗതയില്‍ പടരുന്ന വൈറസാണ്. പക്ഷെ, ഒമിക്രോണിനേക്കാള്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളതാണ് ഇത്. നാലാം തരംഗം എന്ന് ഇതിന്‍റെ വരവിനെ ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നു.

കോവിഡ് ചൈനയില്‍ പൊട്ടി പുറപ്പെട്ടിട്ട് മൂന്നാം വര്‍ഷത്തിലേയ്ക്ക് കടന്നു കഴിഞ്ഞപ്പോഴാണ് നാലാം തരംഗം അവിടെ താണ്ഡവമാടുന്നത്. മാര്‍ച്ച് 11 ലെ ചൈനയിലെ കണക്ക് പ്രകാരം 646,700 കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഐ.ഐ.ടി. കാന്‍പൂര്‍ നടത്തിയ കോവിഡ് ഗവേഷണ പഠനത്തില്‍ ജൂണ്‍ 22 ന് ഇന്ത്യയില്‍ നാലാം തരംഗത്തിന്‍റെ തീവൃതയ്ക്ക് തുടക്കം കുറിക്കുമെന്നാണ്. 2022 ആഗസ്റ്റ് അവസാനം അതിന്‍റെ തീവൃത ഉണ്ടാകുമെന്നാണ് പഠനം ചൂണ്ടി കാട്ടുന്നത്. 2022 ഒക്ടോബര്‍ 24 വരെ അതിന്‍റെ തീവൃത ഉണ്ടാകും.  ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം നാലാം തരംഗത്തില്‍ ആശങ്ക വേണ്ടതില്ല എന്നാണ് പറയുന്നത്.