നിങ്ങള്‍ ഈ രാജ്യത്തേയും ജനങ്ങളേയും വലിയൊരു അപകടത്തിലേയ്ക്കാണ് തള്ളി വിടുന്നത്...
പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രദ്ധേയമായ പ്രസംഗം...
രാഹുല്‍ ഗാന്ധി പഴയ രാഹുല്‍ ഗാന്ധിയല്ല...
സുധീര്‍ നാഥ്
കോണ്‍ഗ്രസ് പാര്‍ട്ടിയെ കഴിഞ്ഞ കുറേ നാളായി അലട്ടുന്ന വിഷയം അവര്‍ക്ക് മികച്ച നേതാവില്ല എന്നാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാന്‍ പറ്റുന്ന നേതാവല്ലെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉണ്ടായി. ബി.ജെ.പിക്കെതിരെ ഒരു കൂട്ടായ്മ രൂപം കൊണ്ട അവസരത്തില്‍ കോണ്‍ഗ്രസിനെ അതിലേയ്ക്ക് ക്ഷണിക്കുകയുണ്ടായില്ല. ഓരോ ദിവസവും കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേയ്ക്ക് പോകുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസിന് ദേശിയ രാഷ്ട്രീയത്തില്‍ ഒരു മടങ്ങി വരവ് പ്രതീക്ഷിക്കണ്ട എന്ന് വിധി എഴുതിയ രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.
ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗമുണ്ട്. ഇന്ന് ഇന്ത്യയുടെ അവസ്ഥ എന്താണെന്നുള്ള തുറന്ന് പറച്ചിലായിരുന്നു പ്രസംഗം. ഇന്ത്യയെക്കുറിച്ചുള്ള കൃത്യമായ ധാരണയോടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഭരണ പ്രതിപക്ഷാംഗങ്ങള്‍ക്ക് കണ്ണു തുറപ്പിക്കുന്ന ഒന്നായി മാറി. അത് കഴിഞ്ഞതോടെ പ്രതിപക്ഷ ബഞ്ചുകളിലെ അംഗങ്ങള്‍ മാത്രമല്ല ഭരണപക്ഷത്തുള്ളവര്‍ പോലും രാഹുലിന്‍റെ പ്രസംഗത്തെ അഭിനന്ദിച്ചു. ആശയപരമായി അംഗീകരിക്കുന്നില്ലെങ്കിലും രാഹുലിന്‍റെ അവതരണം അംഗീകരിക്കേണ്ടതാണെന്നാണ് ഒരു മുതിര്‍ന്ന ബി.ജെ.പി. നേതാവ് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ കഴിവ് തിരിച്ചറിഞ്ഞ അപൂര്‍വ്വം നേതാക്കളാണ് നരേന്ദ്ര മോദിയും, അരവിന്ദ് കേജരിവാളും മറ്റും. രാഹുലിന്‍റെ വാക്കുകള്‍ക്ക് അവര്‍ മറുപടി കൊടുത്തുകൊണ്ടിരുന്നു എന്നത് പലരും ശ്രദ്ധിച്ചിരുന്നു.
കോവിഡ് പടര്‍ന്ന് പിടിക്കുവാന്‍ തുടങ്ങിയ 2020 ഫെബ്രുവരി മാസം 14ന് തന്നെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് പരസ്യമായി അഭ്യര്‍ത്ഥിച്ചത് മറക്കുവാന്‍ കഴിയില്ല. കൊറോണ വൈറസ് അതീവ ഭീകരമായ ഭീഷണിയാണ് നമ്മുടെ ജനങ്ങള്‍ക്കും, രാജ്യത്തിന്‍റെ സമ്പത്ത് ഘടനയ്ക്കും എന്ന് രാഹുല്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഈ ഭീഷണി നമ്മുടെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. സമയത്തിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ഗൗരവം രാഹുല്‍ പറഞ്ഞപ്പോള്‍ അന്ന് ആരും ഗൗരവം കണ്ടില്ല. 41 ദിവസം കിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ രാഹുലിന്‍റെ അന്നത്തെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട് എന്നത് യാഥര്‍ശ്ചികം മാത്രം.
കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ പ്രധാന വിഷയങ്ങള്‍ ആദ്യം ഉന്നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നതിന് എതിരഭിപ്രായമില്ല. കോവിഡിന്‍റെ ഭീകരതയെ കുറിച്ച് രാജ്യത്തിനും ഭരണാധികാരികള്‍ക്കും മുന്നറിയിപ്പു നല്‍കിയതു പോലെ അതിഥി തൊഴിലാളിുടെ പാലായനത്തെ കുറിച്ച്, രാജ്യത്തിന്‍റെ അതിര്‍ത്തികളെ കുറിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സുരക്ഷയെ കുറിച്ച് രാജ്യത്തോട് രാഹുല്‍ പറഞ്ഞതിന് ശേഷമാണ് മറ്റ് നേതാക്കള്‍ വിഷയത്തില്‍ ഇടപ്പെട്ടത് എന്ന് കാണാം.
എന്തായിരുന്നു രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ പറഞ്ഞത് എന്നത് പിന്നീടുള്ള ദിവസങ്ങളിലെ ചര്‍ച്ചകള്‍ തന്നെ അതിന്‍റെ മൂല്യം കൂട്ടി. പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും രാഹുലിന്‍റെ പ്രസംഗത്തില്‍ ഉയര്‍ത്തിയ പല കാര്യങ്ങളും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പൊതുയോഗങ്ങളില്‍ ഉയര്‍ത്തി കാണിച്ചു. രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ധാരണ മാറ്റിമറിച്ച ഒന്നായിരുന്നു പാര്‍ലമെന്‍റില്‍ അദ്ദേഹം നടത്തിയ പ്രസംഗം എന്ന കാര്യത്തില്‍ സംശയമില്ല.
രാഹുലിന്‍റെ പ്രസംഗത്തിന് മറുപടി പറയുവാന്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്ന കാഴ്ച്ച തുടര്‍ ദിവസങ്ങളില്‍ കാണുവാന്‍ സാധിക്കുന്നു. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അത്രമാത്രം ശക്തമായ പ്രഹരമാണ് ബി.ജെ.പിക്ക് ഉണ്ടാക്കിയത് എന്നാണ്. മറുപടികളില്‍ കൂട്ടായ്മയുടേയും, കേന്ദ്രീക്യത തിരക്കഥയുടേയും ലക്ഷണങ്ങളുണ്ട്. ഒട്ടേറെ നേതാക്കള്‍ പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗത്തില്‍ നല്ലൊരു സമയവും രാഹുല്‍ ഗാന്ധിക്കുള്ള മറുപടി പ്രസംഗമായി മാറി. അതുതന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് വലിയ അംഗീകാരം കിട്ടി എന്നതിന് തെളിവ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ത്യയുടെ ജനങ്ങളോട് ഇന്നത്തെ അവസ്ഥ വിശദ്ധീകരിക്കുന്ന ഒന്നായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകേണ്ടത് നമ്മുടെ ഇന്ത്യ ഇന്നെവിടെ നില്‍ക്കുന്നു, നമ്മളിനി എങ്ങോട്ടാണ് പോകുന്നത് എന്നാണ്. നമ്മള്‍ നേരിടുന്ന വെല്ലുവിളികളും, ബുദ്ധിമുട്ടുകളും, അതിനെ നേരിടാന്‍ നമ്മള്‍ നടത്തേണ്ട തന്ത്രപരമായ നടപടികളും പ്രസംഗത്തിന്‍റെ ഭാഗമാകേണ്ടതായിരുന്നു.
പക്ഷെ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന, നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നീണ്ട ലിസ്റ്റാണ് അവതരിപ്പിച്ചത്. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നേത്യത്ത്വത്തിന്‍റെ നിര്‍ദ്ദേശങ്ങളല്ല, പകരം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളുടെ നീണ്ട നിരയായി പോയി. രാജ്യ പുരോഗതിക്ക് ശക്തമായ നേത്യത്ത്വത്തിന്‍റെ വീക്ഷണം വേണ്ടതാണ്. രാഷ്ട്രപതിയുടെ പ്രസംഗം അതുകൊണ്ട് തന്നെ പലതും മറച്ചുവെയ്ക്കുന്നതായി കാണണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ രണ്ടാണെന്നും, ഒന്ന് പണക്കാരുടെയും അധികാരമുള്ളവരുടേയും ഇന്ത്യയും, മറ്റൊന്ന് പാവങ്ങളുടെ ഇന്ത്യയും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒറ്റ ഇന്ത്യയെന്ന ആശയം ഇപ്പോഴില്ല. രാഹുലിന്‍റെ അഭിപ്രായം ഭരണപക്ഷത്തുള്ള അംഗങ്ങളെ അസ്വസ്ഥരാക്കി. അവര്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ അവരോട് പറഞ്ഞതും ശ്രദ്ധേയമായിരുന്നു. തന്‍റെ വാക്കുകളെ വിമര്‍ശനമായി എടുക്കരുത്. എന്‍റെ വാക്കുകള്‍ രാജ്യത്തെ ജനങ്ങളുടെ അസ്വസ്ഥതയും, ആകുലതയുമാണ്. എന്‍റെ വാക്കുകള്‍ രാജ്യത്തിനെ പറ്റി ആശങ്കയുള്ള ഒരു പൗരന്‍റെ അഭിപ്രായമായി കണ്ടാല്‍ മതി.
ആവശ്യത്തിലധികം സ്വത്തുള്ള, അധികാരമുള്ള അതിസമ്പന്നരുടെതാണ് ഒന്നാമത്തെ ഇന്ത്യ. ജോലിയോ വാട്ടര്‍ കണക്ഷനോ ഇലക്ട്രിസിറ്റി കണക്ഷനോ ആവശ്യമില്ലാത്തവരുടെ, എന്നാല്‍ ഇന്ത്യയുടെ ഹൃദയസ്പന്ദനത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിയുന്നവരുടെ ഇന്ത്യ. രണ്ടാമത്തേത് ദരിദ്ര ഇന്ത്യയാണ്, അവിടെ തൊഴിലില്ല. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. അത് വലിയ അപകടമാണെന്ന് രാഹുല്‍ പറഞ്ഞത് ഗൗരവമായി തന്നെ കാണേണ്ടതാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തൊഴിലില്ലായ്മയെക്കുറിച്ച് ഒരു വരി പോലുമില്ല. ഇന്ത്യയിലെ യുവാക്കള്‍ തൊഴിലിനെക്കുറിച്ചാണു ചോദിക്കുന്നത്. പക്ഷേ, നിങ്ങളുടെ സര്‍ക്കാരിന് അതു നല്‍കാന്‍ സാധിക്കുന്നില്ല. 2021-ല്‍ മൂന്നു കോടി യുവാക്കള്‍ക്കാണു തൊഴില്‍ നഷ്ടമായത്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്.
എത്ര തൊഴിലാണു നിങ്ങള്‍ സൃഷ്ടിച്ചത്? നിങ്ങള്‍ അതേക്കുറിച്ചു സംസാരിക്കില്ല. നിങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കണം. ഉള്ളത് ഇപ്പോള്‍ നഷ്ടപ്പെടുകയും ചെയ്തു. നിങ്ങളതേക്കുറിച്ചു സംസാരിച്ചാല്‍ ജനങ്ങള്‍ കരുതും നിങ്ങള്‍ തമാശയാണു പറയുന്നതെന്ന്.
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, അനൗദ്യോഗിക മേഖലയിലുമാണ് നമുക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയൂ. ലക്ഷകണക്കിന് കോടി രൂപയാണ് ഈ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത് രാജ്യത്തെ സമ്പന്നര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ നോട്ടുനിരോധനവും, തെറ്റായ ജി.എസ്.ടിയും വഴി ചെറുകിട-ഇടത്തരം, അനൗദ്യോഗിക മേഖലയിലെ വ്യവസായങ്ങളെ നശിപ്പിച്ചു. ഇന്ത്യയുടെ നിര്‍മാണമേഖലയെ താങ്ങിനിര്‍ത്തുന്ന വ്യവസായത്തെ സര്‍ക്കാര്‍ പിന്തുണച്ചില്ല. കോവിഡ് കാലത്തു സഹായം ചെയ്യ്തില്ല.
കോവിഡ് കാലത്ത് വ്യത്യസ്ത വൈറസുകള്‍ പടര്‍ന്ന് പിടിച്ചത് പോലെ എ എ (അദാനി, അബാനി) വകഭേദം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഒട്ടാകെ പടര്‍ന്നു കയറുകയാണ്. നമ്മുടെ മുഴുവന്‍ പണവും ചിലര്‍ക്കു മാത്രമായി പോകുന്നു. രാജ്യത്തിന് അഭിമാനമായതും, സ്വന്തമായുണ്ടായിരന്നതും സര്‍ക്കാര്‍ രണ്ടാള്‍ക്കു മാത്രമായി കൊടുത്തു. അദാനിക്ക് ഇന്ത്യയുടെ തുറമുഖങ്ങളും, വിമാനത്താവളങ്ങളും, ഖനനവും, വാതക വിതരണവും, ഊര്‍ജവും, ഊര്‍ജ വിതരണവും, ഗ്രീന്‍ എനര്‍ജിയും നല്‍കി. രണ്ടാമന്‍ അംബാനിക്ക് പെട്രോ കെമിക്കല്‍സ്, ഇകൊമേഴ്സ്, ടെലിക്കോം, റിട്ടേയില്‍, തുടങ്ങിയവ കൊടുത്തു.
മെയ്ഡ് ഇന്‍ ഇന്ത്യ ഇനി സാധ്യമല്ല. അതു നിങ്ങള്‍ തകര്‍ത്തിരിക്കുന്നു. ചെറുകിട-ഇടത്തരം വ്യവസായങ്ങളില്ലാതെ മെയ്ഡ് ഇന്‍ ഇന്ത്യ സാധ്യമല്ല. അനൗദ്യോഗിക മേഖലയില്‍ നിങ്ങള്‍ കുത്തകകളെ സൃഷ്ടിച്ചു. എനിക്കു വലിയ വ്യവസായങ്ങളോടു പ്രശ്നമില്ല. പക്ഷേ അവര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയില്ല. തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്നതു ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കു മാത്രമാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. യു.പി.എ കാലത്ത് 27 കോടി ആളുകളെ പട്ടിണിയില്‍ നിന്നു മോചിപ്പിച്ചിരുന്നു. നിങ്ങള്‍ ഈ 23 കോടി ആളുകളെ തിരികെ ദാരിദ്ര്യത്തില്‍ എത്തിച്ചു. എത്രയും വേഗം ഈ രണ്ട് ഇന്ത്യയെയും ഒന്നിപ്പിക്കുകയാണ് വേണ്ടത്.
ഇന്ത്യയിലെ 55 കോടി ജനങ്ങളുടെ സ്വത്തിനേക്കാള്‍ കൂടുതല്‍ സ്വത്ത്, ഏറ്റവും സമ്പന്നരായ 10 പേര്‍ക്കുണ്ട്. 84 ശതമാനം ഇന്ത്യക്കാരുടെ വരുമാനവും ചുരുങ്ങുകയാണ്, അതവരെ പട്ടിണിയിലേക്കു തള്ളിയിടുകയാണ്. ഈ സാഹചര്യം നരേന്ദ്ര മോദിയും സംഘവും ചേര്‍ന്നാണ് ഉണ്ടാക്കിയത്. ഇത് രാജ്യത്തിന് ആപത്താണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്ല്യ അധികാരമാണുള്ളത്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ അതിന് ജനങ്ങളെ അനുവദിക്കുന്നില്ല. ഈ രാജ്യം അടക്കി ഭരിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനയില്‍ ഇന്ത്യയെ ഒരു യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ ഒരു രാജ്യം എന്നല്ല അവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനര്‍ത്ഥം, തമിഴ്നാട്ടിലെ സഹോദരനും, മഹാരാഷ്ട്രയിലെ സഹോദരിക്കും, തുല്ല്യ അവകാശമാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, മിസോറാം, ജമ്മു കശ്മീരിലെയും ലക്ഷദ്വീപിലെയും സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും തുല്ല്യ അവകാശമുണ്ട് എന്നാണ്. ഇതൊരുടമ്പടിയാണ്, സംവാദമാണ്, കൂട്ടുകെട്ടാണ്, രാജഭരണത്തിന്‍ കീഴിലുള്ള സാമ്രാജ്യമല്ല ഇന്ത്യ എന്നത് തിരിച്ചറിയണം.
ഭരണപക്ഷ ബെഞ്ചിനെ ചൂണ്ടി രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യയിലെ ഒരു സംസ്ഥാനവും അടക്കി ഭരിക്കാന്‍ കഴിയില്ല. ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് ആണ്. അനേകം സംസ്ഥാനങ്ങളുടെ, സംസ്ക്കാരങ്ങളുടെ, ചരിത്രത്തിന്‍റെ കൂടിചേരലാണ് ഇന്ത്യ. ഈ രാജ്യത്തിന്‍റെ 3000 വര്‍ഷത്തെ ചരിത്രം പരിശോധിക്കാം. ഒരിക്കലും ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാന്‍ സാധിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഏതു സാമ്രാജ്യവും നോക്കാം. അശോക ദി ഗ്രേറ്റ്, മൗര്യ, ഗുപ്ത... ഇന്ത്യ എപ്പോഴും സംവാദങ്ങള്‍ വഴി മാത്രമേ ഭരിക്കപ്പെട്ടിട്ടുള്ളൂ.
തമിഴ്നാട്ടിലെ ജനങ്ങള്‍ക്കു തമിഴ് ഭാഷയെന്ന ആശയമുണ്ട്, ഒപ്പം ഇന്ത്യയെന്ന ആശയവും. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സംസ്കാരവും അന്തസ്സുമുണ്ടെന്ന് എനിക്കു മനസിലാകും. കേരളത്തിന് ഒരു ചരിത്രമുണ്ട്. രാജസ്ഥാനിലെ ജനങ്ങള്‍ക്കും ആ അന്തസ്സുണ്ട്, അവര്‍ക്കൊരു ജീവിത രീതിയുണ്ട്. വ്യത്യസ്ഥങ്ങളായ പൂക്കളുടെ കെട്ടാണ് ഇന്ത്യ. ഒരു ശക്തിക്കും ഈ കൂട്ടായ്മയെ, പുഷ്പങ്ങളുടെ കെട്ടിനെ തകര്‍ക്കുവാന്‍ കഴിയില്ല. അതാണു നമ്മുടെ ശക്തി. ഞാന്‍ എല്ലാം ജനങ്ങളില്‍ നിന്നും പഠിക്കുന്നുണ്ട്, നിങ്ങളില്‍ നിന്നും.
ഇന്ത്യയെ ഒരു വടി കൊണ്ടു അടക്കി ഭരിക്കാം എന്നതാണു മറ്റൊരു കാഴ്ചപ്പാട്. അതൊരു കേന്ദ്രീകൃത കാഴ്ചപ്പാടാണ്. എല്ലാത്തവണയും അതിനു ശ്രമിക്കുമ്പോള്‍ ആ വടി ഒടിഞ്ഞുപോവുകയാണു ചെയ്യുക. ഈ രാജ്യത്ത് ഇപ്പോള്‍ സര്‍വ്വാതിപതിയായ രാജാവിന്‍റെ ശബ്ദം മാത്രമേ കേള്‍ക്കാവൂ എന്നാണ് പറയുന്നത്. 1947-ല്‍ രാജാവെന്ന സങ്കല്‍പ്പത്തെ കോണ്‍ഗ്രസ് തകര്‍ത്തു. പക്ഷേ, രാജാവ് എന്ന സങ്കല്‍പ്പം ഇപ്പോള്‍ തിരികെ വന്നിരിക്കുന്നു. ഇപ്പോള്‍ ഒരു രാജാവുണ്ടായിരിക്കുന്നു. ഷാഹിന്‍ഷാ, റൂളര്‍ ഓഫ് റൂളര്‍, മാസ്റ്റര്‍ ഓഫ് മാസ്റ്റര്‍. ഇപ്പോള്‍ എന്താണിതുകൊണ്ടുണ്ടായത്. എല്ലാ സ്ഥാപനങ്ങളും ഇപ്പോള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. കര്‍ഷകര്‍ 3 വിക്യതമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കോവിഡ് മഹാമാരി സമയത്തും ഒരു വര്‍ഷത്തോളം തെരുവില്‍ സമരം ചെയ്തു. അവരില്‍ പലരും മരിച്ചു വീണു. അതൊരു പ്രശ്നമേ അല്ലായിരുന്നു രാജാവിന്. നിങ്ങളുടെ കാഴ്ചപ്പാടില്‍ കര്‍ഷകര്‍ക്കു ശബ്ദമില്ല. രാജാവിന് മാത്രമേ ശബ്ദമുള്ളൂ. രാജാവ് ആരെയും കേള്‍ക്കാന്‍ തയ്യാറല്ല.
ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും പെഗാസസും സംസ്ഥാനങ്ങളെ നിശബ്ദമാക്കുന്നതിനുള്ള ഉപകരണങ്ങളായി മാറിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ട് ഇസ്രായലില്‍ പോയി പെഗസിസ് എന്ന ചാരപ്രവര്‍ത്തനം നടത്തുവാനുള്ള ആയുധം ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അംഗീകാരം നേടുമ്പോള്‍ അദ്ദേഹം ആക്രമിക്കുന്നത് സ്വന്തം രാജ്യത്തെ സംസ്ഥാനങ്ങളെയാണ്. ഈ നീക്കം രാജ്യ സുരക്ഷ മാത്രമല്ല ഇന്ത്യയുടെ ഐക്യത്തിന് പോലും ഭീഷണിയാണ്. അപകടമാണ്.
എന്‍റെ മുതുമുത്തശ്ശന്‍ 15 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എന്‍റെ മുത്തശ്ശിക്ക് 32 തവണയാണു വെടിയേറ്റത്. എന്‍റെ അച്ഛന്‍ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. അതൊക്കെ ഈ രാജ്യത്തിന് വേണ്ടിയായിരുന്നു. അതുകൊണ്ട് എനിക്കു കുറച്ചൊക്കെ മനസിലാകും ഈ രാജ്യം എന്താണെന്ന്. അവര്‍ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ച രാജ്യത്തിന്‍റെ ഐക്യവും, അഖണ്ഡതയും തകരുമ്പോള്‍ ഉണ്ടാകുന്ന വേദന എന്തെന്ന് എനിക്ക് മനസിലാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതവസാനിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളത് അവസാനിപ്പിച്ചില്ലെങ്കില്‍ അതു പ്രശ്നമുണ്ടാക്കും. പ്രശ്നം നേരത്തെത്തന്നെ തുടങ്ങിക്കഴിഞ്ഞു. നോര്‍ത്തീസ്റ്റിലും തമിഴ്നാട്ടിലും ജമ്മു കാശ്മീരിലും ഇതുമൂലമുള്ള പ്രശ്നങ്ങള്‍ തുടങ്ങി കഴിഞ്ഞു.
മണിപ്പൂരില്‍ നിന്നുള്ള മുതിര്‍ന്ന കുറച്ച് രാഷ്ട്രീയ നേതാക്കള്‍ കാണുവാന്‍ വന്ന അനുഭവം രാഹുല്‍ ഗാന്ധി സഭയില്‍ വിവരിച്ചു. അവര്‍ വളരെ അസ്വസ്ഥരായി കണ്ടു. എന്തിനാണ് നിങ്ങളിത്ര അസ്വസ്ഥരായിരിക്കുന്നതെന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്ര അഭ്യന്തിരമന്ത്രി അമിത്ത് ഷായെ കാണുവാന്‍ അവര്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി. അവിടെ അവര്‍ അപമാനിതരായെന്നാണ് പറഞ്ഞത്. വീട്ടില്‍ കയറും മുന്‍പ് ഷൂ അഴിച്ച് കയറുവാന്‍ പറഞ്ഞു. പക്ഷെ ഞങ്ങളെ മുറിയില്‍ കണ്ട അഭ്യന്തിര മന്ത്രി ഷൂ ധരിച്ചിരുന്നു. എന്താണിതിന് അര്‍ത്ഥമെന്ന ചോദ്യം രാഹുല്‍ ഉന്നയിച്ചു. ഇങ്ങനെയല്ല ഇന്ത്യന്‍ ജനതയോട് പെരുമാറേണ്ടതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. താന്‍ മറ്റുള്ളവരെക്കാള്‍ ഉയരത്തിലാണെന്നും, നിങ്ങള്‍ ഒന്നുമല്ലെന്നും, എല്ലാവരും തന്‍റെ കീഴിലാണെന്ന ചിന്തകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്.
ബി.ജെ.പിയും, ആര്‍.എസ്.എസും രാജ്യത്തിന്‍റെ അടിത്തറ ഇളക്കി കളിക്കുകയാണെന്ന് ഭയപ്പെടുന്നതായി രാഹുല്‍ ആശങ്കരേഖപ്പെടുത്തി. രാജ്യത്തിലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം തളര്‍ത്തുകയാണ്. രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം തളര്‍ത്തുകയാണ്. ഭാഷകള്‍ തമ്മിലുള്ള ബന്ധം തളര്‍ത്തുകയാണ്. തൊില്‍ നിഷേധിച്ചു കൊണ്ട് രാജ്യത്തെ തന്നെ തളര്‍ത്തുകയാണ്.
റിപ്പബ്ലിക് ദിനത്തിന് അതിഥിയെ ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വയം ചോദിക്കണം. ഇന്ത്യ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. നമ്മള്‍ ദുര്‍ബലപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനു മുന്‍പ് എങ്ങനെയായിരുന്നോ, അതിനേക്കാള്‍ ദുര്‍ബലമാണ് ഇന്ത്യ ഇന്ന്. നമ്മുടെ എതിരാളികള്‍ക്കു നമ്മുടെ സാഹചര്യം മനസിലാകും. നമ്മുടെ രാജ്യം എവിടെയാണു നില്‍ക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. നമ്മുടെ ഭാഷകളും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഇപ്പോള്‍ ദുര്‍ബലപ്പെടുത്തിക്കളഞ്ഞിരിക്കുന്നു. ജനങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. ചൈനക്കാര്‍ക്കു തങ്ങള്‍ ചെയ്യേണ്ടത് എന്താണെന്ന കൃത്യമായ ബോധ്യമുണ്ട്. നിങ്ങള്‍ പാകിസ്ഥാനെയും ചൈനയെയും ഒന്നിച്ചുകൊണ്ടുവന്നു. നിങ്ങള്‍ ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും വലിയൊരു ആപത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ചൈനക്ക് ഒരു പദ്ധതിയുണ്ട്. നമ്മുടെ തൊട്ടുമുന്‍പില്‍ നില്‍ക്കുന്ന ശക്തിയെ ഒരിക്കലും വിലകുറച്ചു കാണരുത്. ചൈനയുടെ പദ്ധതിയുടെ അടിത്തറ ഡോക്ലാമിലും, ലഡാക്കിലും സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. നമ്മള്‍ ജമ്മു കശ്മീരില്‍ വലിയ തെറ്റുകള്‍ ചെയ്തു. ഇന്ത്യയുടെ വിദേശ നയത്തിന്‍റെ ഏറ്റവും വലിയ തന്ത്രപ്രധാനമായ ലക്ഷ്യം എന്നു പറയുന്നത്, പാകിസ്ഥാനെ ചൈനയില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നുള്ളതാണ്. നമ്മള്‍ ഒരു വന്‍ വിഡ്ഢിത്തമാണു ചെയ്തത്. ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നു പൂര്‍ണമായും നമ്മള്‍ ഉറപ്പിക്കണം.
ഈ രാജ്യം അപകടത്തിലാണ്. ഈ രാജ്യം പുറത്തുനിന്നും അകത്തുനിന്നും അപകടത്തിലാണ്. അത് ഒരു രാജ്യത്തെ സംബന്ധിച്ചു വളരെ അപകടകരമായ കളിയാണ്. അതെനിക്ക് ഇഷ്ടമല്ല. ഈ രാജ്യം ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നറിയുന്നതു വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. പുറത്തു നമ്മുടെ രാജ്യം ഒറ്റപ്പെട്ടു കഴിഞ്ഞു. ഉള്ളില്‍ പരസ്പരം അടികൂടുന്നു. സ്ഥാപനങ്ങള്‍ പിടിച്ചടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതെനിക്ക് ആശങ്കയുണ്ടാക്കുന്നു. നിങ്ങളില്‍ പലരും ഞാന്‍ പറഞ്ഞതിനെ വിഡ്ഢിത്തമായി കാണുന്നുണ്ട്. എനിക്കറിയാമത്. പക്ഷേ ഞാന്‍ പറഞ്ഞതോര്‍ക്കുക. നിങ്ങള്‍ ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും വലിയൊരു അപകടത്തിലേക്കാണു തള്ളിയിടുന്നത്.
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രസംഗം അദ്ദേഹത്തിന്‍റെ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണമാണ്. ഇത് വലിയ ചര്‍ച്ചയായിരിക്കുന്നത് 2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ രാഹുലിന്‍റെ വാക്കുകള്‍ ബി.ജെ.പിക്ക് ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധി തന്നെ നേതാവാകാന്‍ യോഗ്യനെന്ന വിലയിരുത്തലിന് കാരണമായിട്ടുണ്ട്. രാഹുലിന്‍റെ സ്വീകാര്യത കൂടിയിരിക്കുന്നു. രാഹുല്‍ ഗാന്ധി പഴയ രാഹുല്‍ ഗാന്ധിയല്ല.