പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ഫെബ്രുവരി 15
വെസ്റ്റ്ലാന്‍റ് ബുക്സ് പൂട്ടി
രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രസാധക ഗ്രൂപ്പായ വെസ്റ്റ്ലാന്‍റ് ബുക്സ് പ്രസിദ്ധീകരണം നിര്‍ത്തിയതായി ആമസോണ്‍ സി.ഇ.ഒ. ഗൗതം പത്മനാഭന്‍ അറിയിച്ചു. വെസ്റ്റ്ലാന്‍റ് ബുക്സിന്‍റെ നിലവിലെ ഉടമസ്ഥരായ ആമസോണ്‍ 2016ലാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ട്രന്‍റ് ലിമിറ്റഡില്‍ നിന്നും വെസ്റ്റ്ലാന്‍റ് ബുക്സ് സ്വന്തമാക്കിയത്. അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്തമായ പുസ്തകങ്ങളും, മികച്ച വില്‍പ്പനയുള്ളതുമായ പുസ്തകങ്ങള്‍ വെസ്റ്റ്ലാന്‍റില്‍ നിന്നുമായിരുന്നു. ഏറെ ജനപ്രിയമായതും പുരസ്കാരം നേടിയതുമായ നിരവധി പുസ്തകങ്ങള്‍ വെസ്റ്റ്ലാന്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേതന്‍ ഭഗത്, അമീഷ് ത്രിപാഠി, അശ്വിന്‍ സംഘി, ദേവദത്ത് പട്നായിക്, അശോക് ബാങ്കെര്‍, റുജുത ദിവേക്കര്‍, രശ്മി ബന്‍സാല്‍, അനിത, ഹര്‍ഷ ഭോഗ്ലെ, വിവിഎസ് ലക്ഷ്മണ്‍, ആര്‍ കൗഷിക്, പ്രീതി ഷേണായി, റാം മാധവ്, നളിന്‍ മേത്ത, സ്മൃതി ഇറാനി, ഹര്‍ഷ് ഗുപ്ത മധുസൂദന്‍, രാജീവ് മന്ത്രി, ക്രിസ്റ്റഫര്‍ ജഫ്രലോട്ട്, ആകാര്‍ പട്ടേല്‍, ജോസി ജോസഫ്, മനു പിള്ള തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വെസ്റ്റ് ലാന്‍ഡിലൂടെ പുറത്തുവന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്ന നിരവധി രചനകള്‍ അവര്‍ പുറത്തിറക്കിയിട്ടുണ്ട് എന്നതാണ് വെസ്റ്റ്ലാന്‍ഡിനെ മറ്റു കോര്‍പ്പറേറ്റ് പ്രസാധകരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. ഭരണകൂട വിമര്‍ശകരായ സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങ് വീഴുന്ന കാലത്ത് ആമസോണിന്‍റെ തീരുമാനത്തില്‍ സംശയങ്ങള്‍ തോന്നുക സ്വഭാവികമാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന അച്ചടി, ദ്യശ്യ, ഓണ്‍ ലൈന്‍ സ്ഥാപനങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ രാജ്യ സുരക്ഷ, ഭീകര പ്രവര്‍ത്തനം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നിയന്ത്രിക്കുന്നത് സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ആമസോണിന്‍റെ മറ്റ് ബിസിനസ് മേഖലകള്‍ക്ക് ദോഷകരമായി ഒന്നും സംഭവിക്കാതിരിക്കാനാണ് ആമസോണ്‍ ഇങ്ങനെ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പറയപ്പെടുന്നത്. ഭരണകൂടത്തിന് സ്വീകാര്യമല്ലാത്തതിെ തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതിനെ ആശങ്കയോടെ മാത്രമേ കാണുവാന്‍ സാധിക്കൂ.
മാധ്യമ നിയന്ത്രണത്തിന് പി.ഐ.ബിയും
രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തയ്യാറാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എടുത്ത നടപടികള്‍ ഉത്തരവായി പുറത്തിറങ്ങി. 2022ല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ പുതുക്കി നല്‍കിയിരുന്നില്ല. പകരം അവരുടെ നിലവിലെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു. രാജ്യദ്രോഹകരമായ വാര്‍ത്തകള്‍ എഴുതുന്നവരുടെ അംഗത്ത്വം റദ്ദാക്കുമെന്ന് പുതുക്കിയ നിയമത്തിലുണ്ട്. ആരാണ് രാജ്യദ്രോഹി എന്ന ചര്‍ച്ച ഗൗരവമായി നടക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു തീരുമാനം വന്നിരിക്കുന്നത്. പത്ത് കാരണങ്ങള്‍ കൊണ്ട് അക്രഡിറ്റേഷന്‍ റദ്ദാക്കാം എന്ന് പുതിയ ഉത്തരവിലുണ്ട്. അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകന്‍, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന് വിസിറ്റിങ്ങ് കാര്‍ഡ്, ലെന്‍റര്‍ ഹെഡ്, സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒരിടത്തും ഉപയോഗിക്കാന്‍ പാടില്ല എന്ന് പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. അക്രഡിറ്റേഷന്‍ ലഭിച്ച കുറേ പേര്‍ അത് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഗൗരവമായി മാധ്യമ പ്രവര്‍ത്തനം നടത്താത്തവരും അക്രഡിറ്റേഷന്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നതും സത്യമാണ്. മാധ്യമ അക്രഡിറ്റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ദുരുപയോഗം നടത്തിയാല്‍ അംഗത്ത്വം റദ്ദാക്കുമെന്ന പൊതു സ്വീകാര്യമായ ഉപാദികളോടൊപ്പമാണ് മാധ്യമ നിയന്ത്രണങ്ങള്‍ വരുത്തുന്നതിനുള്ള നീക്കം. ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ മാനനഷ്ട കേസ് ഉണ്ടായാലും അക്രഡിറ്റേഷന്‍ റദ്ദാക്കപ്പെടും. ഒരു വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയവും ഒരു മാസം 50 ലക്ഷം വായനക്കാരുമുള്ള ഓണ്‍ ലൈന്‍ പോര്‍ട്ടലുകള്‍ക്ക് ഒരു അക്രഡിറ്റേഷന്‍ നല്‍കും. വായനക്കാര്‍ മാസം ഒരു കോടിയാണെങ്കില്‍ നാല് പേര്‍ക്കും ലഭിക്കും. നിലവിലുള്ള അക്രഡിറ്റേഷന്‍ ലിസ്റ്റില്‍ നിന്ന് വലിയൊരു ശതമാനം മാധ്യമ പ്രവര്‍ത്തകര്‍ പുതുക്കിയ ഉത്തരവ് പ്രകാരം പുറത്താകും എന്ന കാര്യത്തില്‍ സംശയമില്ല.
ഡല്‍ഹി റോഡുകളില്‍ ഇനി ഡബിള്‍ഡക്കര്‍ ബസുകളും
1980ന് ശേഷം ഡല്‍ഹി റോഡുകളില്‍ നിന്ന് അപ്രത്യക്ഷമായ ഡബിള്‍ഡക്കര്‍ ബസുകള്‍ ഡല്‍ഹി റോഡുകളില്‍ തിരിച്ചെത്തുന്നു. ഡബിള്‍ ഡക്കര്‍ ബസുകള്‍ ഓടിക്കുവാന്‍ പറ്റുന്ന റൂട്ടുകളില്‍ മാത്രമായിരിക്കും സര്‍വ്വീസുകള്‍ ഉണ്ടാകുക. ഡബിള്‍ഡക്കര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള പഠനം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ഒട്ടേറെ മേല്‍പാലങ്ങളും, ഫുട്ട് ഓവര്‍ബ്രിഡ്ജുകളും, മരങ്ങളും സര്‍വ്വീസിന് പലയിടത്തും തടസമാകുന്നുണ്ട് എന്നാണ് പഠനം. റിങ്ങ് റോഡുകളിലും, മറ്റ് തടസങ്ങളില്ലാത്ത റൂട്ടുകളില്‍ മാത്രമേ നിലവില്‍ ഡബിള്‍ഡക്കര്‍ ബസുകള്‍ക്ക് അനുമതി ലഭിക്കൂ. 1500 ഇലക്ട്രിക്ക് ബസുകള്‍ക്കും, 100 ഡബിള്‍ഡക്കര്‍ ബസുകള്‍ക്കും അനുമതി ലഭിക്കുമെന്നാണ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡി.ടി.സി.) പറയുന്നത്.
മണിപ്പൂരിലെ കൂട്ടായ്മ ദേശിയ തലത്തില്‍ വരുമോ...?
മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുലാര്‍ അലയന്‍സ് എന്ന മുന്നണി രൂപീകരിച്ച് ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആറ് പ്രമുഖ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കയാണ്. ആറ് പാര്‍ട്ടികള്‍ ഏതൊക്കെയാണ് എന്നറിയുമ്പോഴാണ് കൗതുകം വര്‍ദ്ദിക്കുന്നത്. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി. ജെ.ഡി.എസ്. എന്നിവരാണ് ആറ് സഖ്യകക്ഷികള്‍. എന്‍.ഡി.എ. ഘടക കക്ഷികളായ ജെ.ഡി.യുവിനെ അടക്കം മാറ്റി നിര്‍ത്തി 60 സീറ്റുകളിലും ബി.ജെ.പി. മത്സരിക്കുന്നത് ഒറ്റയ്ക്കാണ്. ജെ.ഡി.യുവും 60 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മണിപ്പൂരില്‍ ജെ.ഡി.യുവിന് ശക്തമായ സ്വാധീനമില്ലെങ്കിലും അവരുടെ മത്സര രംഗത്തുള്ള സാനിധ്യം ബി.ജെ.പിക്ക് ഭീഷണിയാണ്. ജെ.ഡി.യു. നേതാവും, ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് വാതിലടച്ചിരുപ്പാണ്. മണിപ്പൂരില്‍ എങ്ങിനെയാണ് ഇങ്ങനെയൊരു സഖ്യമുണ്ടായതെന്ന ചര്‍ച്ച രാഷ്ട്രീയ രംഗത്ത് ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന മാര്‍ച്ച് 10ന് ശേഷം ഈ കൂട്ടായ്മ ദേശിയ തലത്തില്‍ വളരുമോ എന്ന് കണ്ടറിയാം.
കൊറോണ വൈറസിനൊപ്പം ജീവിക്കാം.
ലോകത്ത് കോവിഡ് കണക്കുകള്‍ കുറയുന്നുണ്ടെങ്കിലും വൈറസ് കാലങ്ങളോളം നമുക്കിടയില്‍ തന്നെ ഉണ്ടാകും. ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോക്ടര്‍ ടെഡ്രോസ് അഥനോം ഗംബ്രിയേസസ് പറഞ്ഞതാണ് ഇത്. വരും നാളുകളില്‍ വൈറസിന് വ്യതിയാനം വന്ന് ചിക്കന്‍ പോക്സ് വൈറസ് പോലെ സമൂഹത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വാക്സിനേഷനും മറ്റും നല്ല ശതമാനം പൂര്‍ത്തീകരിച്ച സ്ഥിതിക്ക് കാര്യമായ നാശം ഉണ്ടാകാന്‍ ഇടയില്ല. ലോകത്തിലെ പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ അയവ് വരുത്തി കഴിഞ്ഞിട്ടുണ്ട്. വരും നാളുകളില്‍ ലോകത്തിന് കൊറോണ വൈറസിനൊപ്പം ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജീവിത ശൈലിയല്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
ജെ.എന്‍.യുവിന് പുതിയ വൈസ് ചാന്‍സിലര്‍
വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്തമായ ജെ.എന്‍.യു. വൈസ് ചാന്‍സിലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ജെ.ന്‍.യുവില്‍ വനിതാ വൈസ് ചാന്‍സലര്‍ നിയമിതയാകുന്നത്. ശാന്തിശ്രീ ധൂലിപ്പുടി മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ പൂനൈ സര്‍വ്വകലാശാലയില്‍ പ്രൊഫസാറായി സേവനം അനുഷ്ടിക്കുകയായിരുന്നു. ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കൂടിയാണ് അവര്‍. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കളും വസ്തുതാ പരിശോധനാ സംഘങ്ങളും ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ അവഹേളിച്ചും മഹാത്മാഗാന്ധിയുടെ കൊലപാതകിയെ അനുകൂലിച്ചും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിക്ക് വേണ്ടി പരസ്യമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതിന്‍റെ പ്രത്യുപകാരമായിട്ടാണ് അവരെ വൈസ് ചാന്‍സിലറായി നിയമിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. ബി.ജെ.പിയുടെ സഹയാത്രികനായ എം. ജഗദേഷ് കുമാറിന്‍റെ അഞ്ച് വര്‍ഷത്തെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. ജെ.എന്‍.യുവില്‍ ഒട്ടേറെ ബി.ജെ.പി. അനുകൂല പരിഷ്ക്കാരങ്ങള്‍ വരുത്തിയതന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു എം. ജഗദീഷ് കുമാര്‍. അദ്ദേഹം വൈസ് ചാന്‍സിലറായിരുന്ന കാലത്താണ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കലാപമുണ്ടായത്. അദ്ദേഹം ആക്റ്റിങ്ങ് വൈസ് ചാന്‍സിലറായി തുടരുകയായിരുന്നു. എം. ജഗദേഷ് കുമാറിനെ യു.ജി.സി. ചെയര്‍മാനായി നിയമിച്ചത് ഏതാനും ദിവസം മുന്‍പാണ്.