രാഷ്ട്രീയവും ചില ഡിജിറ്റല്‍ വാരിക്കുഴികളും
വിജയ് ചൗക്ക് @ 132 @ മെട്രോ വാര്‍ത്ത: ഫെബ്രുവരി 12
സുധീര്‍നാഥ്
ഇന്ത്യ ഡിജിറ്റല്‍ രംഗത്തേയ്ക്ക് മെല്ലെ കുതിക്കുന്നു എന്ന് കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷെ കോവിഡ് വന്നതോടെ നമ്മള്‍ അതിവേഗം ഡിജിറ്റല്‍ രംഗത്ത് വിജയകൊടി പാറിച്ചു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കാരണം കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ ക്ലാസുകളും, വര്‍ക്കറ്റ് ഹോമും ഇന്ത്യയില്‍ വ്യാപകമായി നടന്നു. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സൗകര്യം വന്നത് മുതല്‍ തട്ടിപ്പിന് തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മെബൈല്‍ സന്ദേശങ്ങള്‍ വഴിയാണ് ആംആദ്മി പാര്‍ട്ടി ശക്തി പ്രാപിച്ചത്. അവര്‍ ഡല്‍ഹി ഭരണം പിടിച്ചടക്കിയത് ഡിജിറ്റല്‍ മീഡിയയുടെ പിന്തുണയോടെയാണ്.
ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. എല്ലാ വിഷയത്തിലും പാര്‍ട്ടികളും നേതാക്കളും നടത്തുന്ന പ്രതികരണം പലപ്പോഴും വാര്‍ത്തകളിലും നിറയാറുണ്ട്. വീഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വയറലാക്കുന്നതും സൈബര്‍ രംഗത്തെ രീതിയാണ്. ഇപ്പോള്‍ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സൈബര്‍ പോരാളികളുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം എത്രയോ നടക്കുന്നു. വ്യക്തിഹത്യയും മറ്റും എന്നും അവിടെ നടക്കുന്നുണ്ട്.
സൈബര്‍ രംഗത്ത് വ്യാജ വാര്‍ത്തകളും വ്യാപകമാണ്. എഡിറ്റ് ചെയ്ത വീഡിയോ, എഡിറ്റ് ചെയ്ത ഫോട്ടോ, തുടങ്ങിയവ സൈബര്‍ രംഗത്തെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് വ്യാപകമാണ്. വാര്‍ത്തകളില്‍ ഫാക്റ്റ് ചെക്കിങ്ങ് എന്ന ഒരു വിഭാഗം തന്നെ തുടങ്ങിയിട്ടുണ്ട് എന്നത് ഇതിന്‍റെ ഗൗരവം ചൂണ്ടി കാണിക്കുന്നു.
ഇന്ന് തിരഞ്ഞെടുപ്പുകളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്നു. റാലികളും, പൊതുയോഗങ്ങളും, ചര്‍ച്ചകളും ഡിജിറ്റല്‍ മീഡിയ വഴിയാണ് ഇപ്പോള്‍ നടക്കുന്നത്. സൈബര്‍ രംഗത്തെ എല്ലാ സാധ്യതകളും ചെറു കക്ഷികള്‍ മുതല്‍ ദേശിയ പാര്‍ട്ടികള്‍ വരെ ഉപയോഗപ്പെടുത്തുന്നു. എന്തിനേറെ പറയുന്നു കേന്ദ്ര മന്ത്രിസഭാ യോഗങ്ങള്‍ മുതല്‍ സംസ്ഥാന മന്ത്രി സഭാ യോഗങ്ങളും, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യ ചര്‍ച്ചകള്‍ വരെ സൈബര്‍ രംഗത്ത് നടക്കുന്നുണ്ട്. സൈബര്‍ ലോകത്ത് ഒട്ടേറെ വെട്ടിപ്പുകളും നടക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം. അതിന്‍റെ പല കഥകളും വാര്‍ത്തകളും വ്യാപകമായിട്ടും ഇപ്പോഴും കുടുങ്ങുന്നവര്‍ നമുക്ക് ചുറ്റിനുമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ വൈക്കത്തെ പ്രമുഖ നമ്പൂതിരി കുടുംബത്തിലെ ഒരാള്‍ക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിക്കുന്നു. ഏക്കറ് കണക്കിന് ഭൂമി നമ്പൂതിരിക്ക് കുടുംബപരമായി ഉണ്ട്. ഇമെയില്‍ പ്രകാരം അയച്ച വ്യക്തിക്ക് കേരളത്തില്‍ കലാ, സാംസ്കാരിക, സാമൂഹ്യ പ്രവര്‍ത്തനം നടത്താന്‍ സഹായം വേണം. ഒരു ചിലവും എടുക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ വംശജന് മാത്രമേ ഇന്ത്യയില്‍ പണം ചിലവഴിക്കാന്‍ പറ്റൂ. പത്ത് കോടി രൂപയാണ് ഇന്ത്യയില്‍ ചിലവഴിക്കാന്‍ ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ അഞ്ച് കോടി കൂടി രണ്ടാം ഘട്ടത്തില്‍ ചിലവഴിക്കണം. വിഷയം വൈക്കത്തെ മറ്റൊരു പ്രശസ്ത കലാ പ്രവര്‍ത്തകനുമായി നമ്പൂതിരി ചര്‍ച്ച ചെയ്തു. ഇരുവരും വളരെ രഹസ്യമായി കത്തിടപാട് തുടങ്ങി. മറുപടി തയ്യാറാക്കുമ്പോള്‍ നല്ല ഭാഷയ്ക്ക് നമ്പൂതിരിയുടെ മകളും ഒപ്പം കൂടി.
കലാ സാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനമാണ് മനസില്‍. അവരുടെ ചെറുപ്പത്തില്‍ മരണപ്പെട്ട മകന്‍റെ പേര് സ്ഥാപനത്തിനിടണം എന്ന ഒരു നിര്‍ബന്ധം മാത്രം. സ്ഥാപനം തുടങ്ങേണ്ട സ്ഥലം അവര്‍ക്ക് കാണിച്ചു കൊടുക്കണം. സ്ഥാപനത്തിന്‍റെ കെട്ടിട മാത്യക അയച്ചു കൊടുക്കണം. എല്ലാം ഇവര്‍ രണ്ടു പേരും തുടങ്ങി. സ്ഥലം കാണുവാനും അംഗീകാരം നല്‍കുന്നതിനും അവര്‍ അവരുടെ രണ്ട് പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് അയക്കും. ഇന്ത്യയിലെ യാത്രയും താമസവും നോക്കണം. അവര്‍ക്കുള്ള ചിലവിനായി പത്ത് ലക്ഷം രൂപ കൊടുക്കണം. ഇരുവരും ഏറ്റു.
സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി മനോഹരമായ മൂന്ന് നില കെട്ടിടത്തിന് രൂപരേഖയുണ്ടാക്കിച്ചു. അതില്‍ ഒരു ആഡിറ്റോറിയവും. മൊത്തം ചിലവ് കണക്കിലാക്കി വിദേശത്തേയ്ക്ക് ഇമെയില്‍ ചെയ്തു. എല്ലാത്തിനും അംഗീകാരം. കത്തിടപാടിനിടയില്‍ മൂന്നാം ഘഡു കൂടി നല്‍കാമെന്ന് ഉറപ്പും കിട്ടി. രണ്ട് പ്രതിനിധികള്‍ മുംബയില്‍ എത്തുന്ന വിവരം കിട്ടി. അന്ന് തന്നെ കൊച്ചിയിലേയ്ക്ക് ഇരുവര്‍ക്കും വിമാന ടിക്കറ്റ് എടുത്ത് അയച്ചു കൊടുത്തു. അവരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ പോയി. ഇരുവരും കാറില്‍ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി. വിശ്രമിച്ച ശേഷം വൈക്കത്തെത്തി. സ്ഥലം കണ്ടു. അതിന്‍റെ ഫോട്ടോകള്‍ എടുത്തു. പണം സ്വീകരിച്ചു. പിറ്റേന്ന് മുംബയിലേയ്ക്കുള്ള വിമാനത്തില്‍ മടങ്ങി.
പത്ത് കോടി രൂപ മുംബയില്‍ എത്തിക്കുമെന്ന് അറിയിപ്പ് വന്നു. പണം കൊണ്ടു വരുന്നതിനും, നികുതി അടയ്ക്കുന്നതിനും പത്ത് ലക്ഷം കൂടി ആവശ്യപ്പെട്ട് മെയില്‍ വന്നു. വീണ്ടും പത്ത് ലക്ഷം അവര്‍ പറഞ്ഞ ബാങ്കില്‍ നിക്ഷേപിച്ചു. പണവുമായി രണ്ട് പേര്‍ മുംബയില്‍ എത്തി എന്ന സന്ദേശം ഇത്തവണ ഫോണിലെത്തി. മുംബയില്‍ കസ്റ്റംസില്‍ നിന്നാണ് ഇത്തവണത്തെ ഫോണ്‍ വിളി. രണ്ട് ബാഗിലെ ഡോളറിന് പത്ത് കോടി ഇന്ത്യന്‍ രൂപയുടെ വിലയുണ്ടെന്നും, അതിന്‍റെ ഇന്ത്യന്‍ നികുതി അടയ്ക്കണം എന്നാണ് സന്ദേശം. പത്ത് ലക്ഷം രൂപ. അവര്‍ പറഞ്ഞ ബാങ്കില്‍ പണം അടച്ചു. മുംബയിലേയ്ക്ക് നമ്പൂതിരിയും, മകളും, കലാകാര സുഹ്യത്തും വിമാനമാര്‍ഗം എത്തി.
അവര്‍ താമസിക്കുന്ന ഹോട്ടലില്‍ രണ്ട് വലിയ പെട്ടികള്‍ രണ്ട് വിദേശികള്‍ എത്തിച്ചു. സൂക്ഷിച്ച് പണം കൊണ്ടു പോകണമെന്നും, കഴിവതും വൈക്കത്ത് എത്തിയ ശേഷം പെട്ടി തുറക്കുന്നതാണ് സുരക്ഷിതമെന്നുമുള്ള ഉപദേശം കിട്ടി. എന്തായാലും അന്ന് തന്നെ ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലേയ്ക്ക് മാറി. തീവണ്ടിയില്‍ പോകുന്നതാണ് സുരക്ഷിതമെന്ന് കണ്ട് അവര്‍ ഉറങ്ങാതെ തീവണ്ടിയാത്ര ചെയ്തു. പത്ത് കോടിയാണ് പെട്ടിയിയില്‍ എന്ന ഉള്‍ഭയം മൂന്നു പേര്‍ക്കും. നാട്ടലെത്തി പെട്ടി തുറന്നപ്പോള്‍ നിറയെ കടലാസ് കഷ്ണങ്ങള്‍. മുന്‍പ് വിളിച്ച നമ്പറുകളില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ്. മുപ്പത് ലക്ഷം സ്വാഹ.
ഇമെയില്‍ വഴി സുഹ്യത്തായ കോടീശ്വരിയായ വിദേശ വനിതയ്ക്ക് കേരളം കാണണം എന്ന ആഗ്രഹം. കത്തിടപാടില്‍ കേരളത്തെകുറിച്ച് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കൊച്ചി സ്വദേശി ഒട്ടേറെ വിനോദ സഞ്ചാര പ്രദേശങ്ങള്‍ വിവരിച്ചിരുന്നു. സുന്ദരിയായ അവര്‍ വീഡിയോ കോളുകള്‍ വരെ ചെയ്തപ്പോള്‍ പുരുഷനായ ബാങ്ക് ഉദ്യോഗസ്ഥന്‍ വീണു. കേരളത്തില്‍ ചിലവിടുന്ന രണ്ടാഴ്ച്ച ഒപ്പം സഞ്ചരിക്കണമെന്നും എല്ലാ ചിലവും താന്‍ വഹിക്കാമെന്നും അവര്‍ പറഞ്ഞു. അവര്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചെന്ന ഫോണാണ് ബാങ്ക് ഉദ്യോസസ്ഥനെ തേടിയെത്തിയത്. അഞ്ച് ലക്ഷം കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യന്‍ കറന്‍സിയില്‍ അടയ്ക്കണമെന്ന് അവര്‍ കരഞ്ഞ് അപേക്ഷിച്ചു. ഒരു കോടിയോളം രൂപ ഡോളറായി ഉണ്ടെന്നും, കുറേ ഇലക്ട്രോണിക്ക് ഉപകരണങ്ങളുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി വിശദ്ധീകരിച്ചു. വിമാനതാവളത്തിന് പുറത്തിറങ്ങിയാല്‍ ഡോളര്‍ മാറി പണം തരാമെന്ന ഉറപ്പ് അവര്‍ ബാങ്ക് ഉദ്യോഗസ്ഥന് നല്‍കി. പണം പറഞ്ഞ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിന്നെ വിദേശ സുഹ്യത്തിന്‍റേയും, കസ്റ്റംസിന്‍റേയും വിവരമില്ല.
ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്ന ആയിരങ്ങളാണ് കമ്പളിപ്പിക്കപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ കുറഞ്ഞ വിലയ്ക്കുള്ള ആകര്‍ഷക ഇനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത എത്രയോ പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന ഫോണ്‍ കണക്ഷന്‍/ വൈദ്യുതി കണക്ഷന്‍ തുങ്ങെിയവ ഡിസ്കണക്റ്റ് ചെയ്യാതിരിക്കാന്‍ ഉടനെ ബദ്ധപ്പെടാന്‍ വരുന്ന എസ്.എം.എസിലും ചതിവുണ്ട്. അവര്‍ അയച്ചു തരുന്ന ലിങ്കില്‍ കയറി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പത്ത് രൂപ അടയ്ക്കാന്‍ പറയും. അതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നു. ഇന്‍റര്‍നെറ്റ് ബാങ്ക് ഉപയോഗിക്കുന്നവര്‍ക്ക് പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെടുന്ന സന്ദേശ പ്രവാഹമായിരിക്കും ലഭിക്കുക. എ.റ്റി.എം കാര്‍ഡ് തട്ടിപ്പ് വേറെയുണ്ട്. ഡിജിറ്റല്‍ ലോകം അത്ര സുരക്ഷിതമല്ല.