മലയാള സിനിമയിലെ ദന്തചമയവും, അങ്കമാലിയിലെ ഡോക്ടര്‍ സന്തോഷും
സുധീര്‍നാഥ്
അഭിനയകലയുടെ ചരിത്രത്തില്‍ നടന്‍മാരുടെ രൂപമാറ്റത്തിന് പല്ലുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം. നാടകമായാലും, ഡാന്‍സായാലും, സിനിമയായാലും മുഖം ഒരു വലിയ പ്രാധാന്യം തന്നെയാണ്. ഒരു വ്യക്തിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും, പുഞ്ചിരിയുടെ സൗന്ദര്യത്തിനും ദന്തചമയത്തിന് വലിയ പ്രാധാന്യം തന്നെ ഉണ്ട്. ലോക നാടകങ്ങളിലും, സിനിമകളിലും, എന്തിനേറെ പ്രേംനസീറിന്‍റെയും സത്യന്‍റേയും കാലത്ത് ഇത്തരത്തില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ ചമയ സംവിധായകര്‍ ചെയ്തിട്ടുണ്ട്. കാണികള്‍ക്ക് പലപ്പോഴും വിസ്മയമാകുന്ന വേഷപകര്‍ച്ച പല്ലുകള്‍ മുഖേന സംഭവിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ലോക സിനിമ മുതല്‍ എല്ലാ ഭാഷാ സിനിമകളിലും നാടകങ്ങളിലും ദന്തചമയം കാലങ്ങളായി ഉപയോഗിച്ച് വിസ്മയങ്ങള്‍ തീര്‍ത്തത് ചരിത്രമാണ്. വിദേശ സിനിമകളില്‍ അതില്‍ പങ്കാളിയാകുന്ന ദന്തഡോക്ടര്‍ക്ക് തീയട്രിക്കല്‍ ഡെന്‍റിസ്റ്ററി എന്ന പേരില്‍ ക്രഡിറ്റും നല്‍കാറുണ്ട്.
ഇപ്പോള്‍ മലയാള സിനിമയില്‍ കേശു ഈ വീടിന്‍റെ നാഥന്‍ ഒരു പുതുചരിത്രം ആവുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ ദിലീപിന്‍റെ രൂപമാറ്റം പല്ലുകളാണെന്ന് എല്ലാവര്‍ക്കും മനസിലാകും. ഈ സിനിമയില്‍ ആയിരിക്കും ഒരു പക്ഷെ തീയട്രിക്കല്‍ ഡെന്‍റിസ്റ്ററി എന്ന ഒരു പുതിയ മേഖല ആദ്യമായി മലയാളത്തിന്‍റെ വെള്ളിത്തിരയിലൂടെ പ്രത്യക്ഷപ്പെടുന്നത്. അങ്കമാലിയില്‍ സെന്‍റ് മേരിസ് സ്പെഷ്യാലിറ്റി ഡെന്‍റല്‍ സെന്‍റര്‍ എന്ന സ്ഥാപനം നടത്തുന്ന ഡോക്ടര്‍ സന്തോഷ് തോമസ് എന്ന ഡെന്‍റിസ്റ്റാണ് കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമയിലെ പല്ലുകള്‍ കൊണ്ട് ചമയവിഭാഗത്തെ സമ്പന്നമാക്കുന്നത്. കേശു ഈ വീടിന്‍റെ നാഥന്‍ എന്ന സിനിമയില്‍ ദിലീപിന്‍റെ രൂപമാറ്റത്തിന് കാരണമായ പല്ലുകള്‍ തയ്യാറാക്കിയത് ഡോക്ടര്‍ സന്തോഷ് തോമസാണ്. ഈ സിനിമയില്‍ ആദ്യമായി ഡോക്ടര്‍ സന്തോഷിന് അതിന് ക്രഡിറ്റും നല്‍കി.
ഇത് ആദ്യമായല്ല മലയാള സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ ദന്തചമയം നത്തി രൂപമാറ്റം വരുത്തി അഭിനയിക്കുന്നത്. പക്ഷേ നാളിതുവരെ ഇത് ഒരു പ്രത്യേക വിഭാഗമായി അംഗീകരിക്കുകയോ ഇത് എഴുതി കാണിക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ കേശു ഈ വീടിന്‍റെ നാഥന്‍ എന്ന സിനിമയിലൂടെ തീയട്രിക്കല്‍ ഡെന്‍റിസ്റ്ററി സിനിമയിലേക്ക് എത്തുകയാണ്. മുന്‍പ് സിനിമകളില്‍ പലരും ദന്തചമയം നടത്തിയിട്ടുണ്ടെങ്കിലും നന്ദി മാത്രമായിരുന്നു ക്രഡിറ്റില്‍ നല്‍കിയിരുന്നത്. തീയട്രിക്കല്‍ ഡെന്‍റിസ്റ്ററി എന്നത് ഹോളിവുഡിലൊക്കെ സുപരിചിതമായ വിഭാഗമാണ്. മലയാള സിനിമയില്‍ നാളിതുവരെ ദന്തചമയത്തിന് പരിഗണന നല്‍കിയിരുന്നില്ല.
ആലുവ യു.സി കോളേജിലെ സൗഹൃദമാണ് കുഞ്ഞിക്കൂനന് വേഷപ്പകര്‍ച്ച കൊടുത്ത സന്ദര്‍ഭത്തില്‍ ദിലീപിനെ ഡോക്ടര്‍ സന്തോഷ് തോമസിലേയ്ക്ക് എത്തിച്ചത്. കുഞ്ഞിക്കൂനന്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു ചിത്രമായി മാറിയതിനു പിന്നില്‍ കുഞ്ഞിക്കൂനന്‍റെ പല്ലുകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. പിന്നീട് പച്ചക്കുതിരയിലും, ദിലീപിനെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയ വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന സിനിമയിലേക്കും ഡോക്ടര്‍ സന്തോഷ് തോമസ് പല്ലൊരുക്കുകയുണ്ടായി. വേഷപ്പകര്‍ച്ചയുടെ പുതിയ പരീക്ഷണങ്ങള്‍ ദിലീപ് ഒരുക്കുമ്പോള്‍ എപ്പോഴും പല്ലിനും വലിയ പ്രാധാന്യം ഉണ്ടാകും. പല്ലിന്‍റെ മേക്കപ്പിന് ഒരുപക്ഷേ മലയാള സിനിമയില്‍ ഇത്ര പ്രാധാന്യം കൊടുത്ത വേറെ ഒരു ആര്‍ട്ടിസ്റ്റും ഇല്ല. മലയാള സിനിമയിലെ മേക്കപ്പിന് പുതിയ അഴകും ഭാവവും നല്‍കുകയാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെയായി അങ്കമാലിയിലെ ഡോക്ടര്‍ സന്തോഷ് തോമസ്. ഇതിനകം പതിനഞ്ചോളം സിനിമയില്‍ ദന്തചമയം നടത്തിയ ഡോക്ടര്‍ക്ക് ആദ്യമായിട്ടാണ് സിനിമയുടെ ക്രഡിറ്റ് ലൈെനില്‍ തീയട്രിക്കല്‍ ഡെന്‍റിസ്റ്ററി എന്ന സ്ഥാനം ലഭിക്കുന്നത്.
ദിലീപിന് മാത്രമല്ല ഡോക്ടര്‍ സന്തോഷ് തോമസ് ദന്ത ചമയം തീര്‍ത്തിട്ടുള്ളത്. ഈ നിരയില്‍ മോഹന്‍ലാലും, ജഗതിയും, മനോജ് കെ ജയനും, ബിന്ദു പണിക്കരും, വിജയരാഘവന്‍, കാവ്യ മാധവന്‍, രാജന്‍ പി. ദേവും മറ്റും ഡോക്ടര്‍ സന്തോഷിന്‍റെ സഹായത്തില്‍ സിനിമയില്‍ ദന്തചമയം നടത്തിയിട്ടുണ്ട്. വരും നാളില്‍ സിനിമകളില്‍ ദന്തചമയം ഉണ്ടാകുകയും, തീയട്രിക്കല്‍ ഡെന്‍റിസ്റ്ററി എന്ന് ക്രെഡിറ്റില്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.