പഞ്ചാഗ്നി 9
ശകുനി
മായാവതിയുടെ നിറം മാറുന്നു
ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയത്തില്‍ ദളിത് വിഭാഗത്തിന് മോശമല്ലാത്ത പങ്കാണ് ഉള്ളത്. മായാവതിയുടെ ബി.എസ്.പിക്ക് നല്ല വോട്ട് ശതമാനവും ഉണ്ട്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രചരണരംഗത്ത് ഇറങ്ങാതിരുന്ന മായാവതിയെ ചുറ്റിപ്പറ്റി ഒട്ടേറെ സംസാരങ്ങള്‍ ഉണ്ടായിരുന്നു. അഴിമതി ആരോപണങ്ങളില്‍ മുങ്ങി താഴ്ന്ന മായാവതിയെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നിര്‍വീര്യമാക്കി എന്നായിരുന്നു സംസാരം. ആഗ്രയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ മായാവതി ബി.ജെ.പിയെ കടന്നാക്രമിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അഖിലേഷ് യാദവിനേയും, സമാജ് വാദി പാര്‍ട്ടിയേയും ആക്രമിക്കുന്ന കാഴ്ച്ചയാണ് കാണുവാന്‍ സാധിക്കുന്നത്. നീല നിറമുള്ള ബി.എസ്.പിയുടെ കൊടിയുടെ നിറം കാവിയാകുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കോണ്‍ഗ്രസ് കാരണം ആംആദ്മി പാര്‍ട്ടി
കോണ്‍ഗ്രസ് പാര്‍ട്ടി കാരണമാണ് ആംആദ്മി പാര്‍ട്ടി രൂപീകരിക്കാന്‍ കാരണമെന്ന് അരവിന്ദ് കേജരിവാള്‍ ഗോവയില്‍ പറഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകാതിരുന്നതു കൊണ്ടാണ് കേജരിവാള്‍ എന്ന ഞാന്‍ അടക്കമുള്ള വികസനം ആഗ്രഹിക്കുന്ന കുറേ പേര്‍ രാഷ്ട്രീയത്തില്‍ വന്നത്. ഗോവയിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ കൊണ്ട് കാലുമാറില്ലെന്ന് മുദ്രപത്രത്തില്‍ നിയമപരമായി ഒപ്പ് വെപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചത് പിന്തുടര്‍ന്ന് കോണ്‍ഗ്രസും ചെയ്തതിനെ കേജരിവാള്‍ സ്വാഗതം ചെയ്തു. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല, മറിച്ച് ഗോവയിലെ ജനങ്ങള്‍ക്ക് അവര്‍ ജയിപ്പിച്ചാല്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ കാല് മാറില്ലെന്ന് ഉറപ്പ് കൊടുക്കുന്നതിനാണ് മുദ്രപത്രത്തില്‍ നിയമപരമായി ഒപ്പ് വെപ്പിച്ചതെന്നും കേജരിവാള്‍ പറഞ്ഞു.
മണിപ്പൂരിലെ വേറിട്ട സഖ്യം
കേരളത്തിലുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പ്രയാസമായ ഒരു സഖ്യമാണ് മണിപ്പൂരില്‍ ഉണ്ടായിരിക്കുന്നത്. മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുലാര്‍ അലയന്‍സ് എന്ന മുന്നണിയുടെ കീഴിലാണ് അവിടെ ബി.ജെ.പി. വിരുദ്ധരായ ആറ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി. ജെ.ഡി.എസ്. എന്നിവരാണ് ആറ് സഖ്യകക്ഷികള്‍. മണിപ്പൂരില്‍ എങ്ങിനെയാണ് ഇങ്ങനെയൊരു സഖ്യമുണ്ടായതെന്ന ചര്‍ച്ച കേരളത്തില്‍ എല്‍.ഡി.എഫിലും, യു.ഡി.എഫിലും വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഡി.എ. ഘടക കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും 60 സീറ്റുകളിലും പരസ്പരം മത്സരിക്കുന്നുണ്ട്. ജെ.ഡി.യു. നേതാവും, ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് വാതിലടച്ചിരുപ്പാണ്.