പഞ്ചാഗ്നി 6

പഞ്ചാഗ്നി  6

ശകുനി 

രാഹുല്‍ കസറിയത് ഏറ്റു 

പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഗംഭീരമായി. രാഹുലിന്‍റെ പ്രസംഗമാണ് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും സ്റ്റാര്‍ പ്രചരണം. ഇന്ത്യയില്‍ രാജഭരണം തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നത് അപകടമാണെന്ന് രാഹുല്‍ പറഞ്ഞത് വലിയ ചര്‍ച്ചയാണ്. ഇന്ത്യ ഇപ്പോള്‍ രണ്ടാണെന്നും, ഒന്ന് പണക്കാരുടെ ഇന്ത്യയും, രണ്ടാമത്തേത് പാവങ്ങളുടെ ഇന്ത്യയും എന്നാണ് രാഹുല്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസംഗത്തിനെ അങ്ങിനെ തന്നെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. പ്രതിപക്ഷത്തെ പല പാര്‍ട്ടികളും രാഹുലിന്‍റെ പ്രസംഗത്തിലെ പല ആശയങ്ങളുമെടുത്താണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബി.ജെ.പിക്കെതിരെ വീശുന്നത്. രാഹുല്‍ ഗാന്ധിക്കും, കോണ്‍ഗ്രസിനും, അണികള്‍ക്കും എന്തോ ചില ഊര്‍ജം കിട്ടിയപോലെയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും പ്രചരണ രംഗത്ത്.

അംബേദ്ക്കര്‍വാദികളേ, എസ്പിയിലേയ്ക്കു വരൂ 

ദളിത് നേതാവും ബി.എസ്.പിയുടെ കഇുത്തുമായ മായാവതി തിരഞ്ഞെടുപ്പ് അടുത്തിട്ടും പൊതു വേദികളില്‍ വന്നിരുന്നില്ല. അഴിമതിയില്‍ പ്രശസ്തയായ അവര്‍ക്കെതിരെ വലിയ ആരോപണങ്ങളും, അന്വേഷണവും ഉണ്ടായിരുന്നു. ബി.ജെ.പി. മായാവതിയെ നിര്‍വീര്യമാക്കിയെന്നുള്ള സംസാരവും ഉണ്ടായി. എന്തായാലും മായാവതി ആഗ്രയില്‍ ബി.എസ്.പി. സംഘടിപ്പിച്ച പൊതുയോഗത്തിന് എത്തി. ആഗ്രാ ജില്ലയിലെ 9 മണ്ഡലങ്ങളില്‍ ഫെബ്രുവരി 10ന് തിരഞ്ഞെടുപ്പ് നടക്കും. ബി.എസ്.പി. ശക്തികേന്ദ്രങ്ങളായ ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളാണ് 9 സ്ഥലത്തും വിജയിച്ചത്. അംബേദ്ക്കര്‍വാദികള്‍ സമാജ്വാദികളോടൊപ്പം ചേരണമെന്ന് അഖിലേഷ് യാദവ് പറഞ്ഞത് ബി.എസ്.പിയെ സ്വാഗതം ചെയ്യുന്ന സന്ദേശമായി വിലയിരുത്തുന്നു. മായാവതിയുടെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനേയും, ബി.ജെ.പിയേയും മാത്രമേ ശക്തമായി ആക്രമിച്ചുള്ളൂ എന്നത് കൂട്ടി വായിക്കപ്പെടുന്നു.

പഞ്ചാബിലെ വിമതര്‍ 

പഞ്ചാബിലെ കോണ്‍സ്രസ് പാര്‍ട്ടി നേരിടുന്നത് അവരുടെ സ്വന്തം പാര്‍ട്ടിയിലെ വിമതരെയാണ്. കോണ്‍സ്രസിന്‍റെ സംസ്ഥാന അദ്ധ്യക്ഷന് മുന്നില്‍ മുഖ്യമന്ത്രി വിമതനാണ്. മുഖ്യമന്ത്രിക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ വിമതനാണ്. പഞ്ചാബിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും വിമത ഭീഷണി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടും, മൂന്നും വിമതരുള്ള മണ്ഡലങ്ങള്‍ വരെ ഉണ്ടെന്നാണ് സംസാരം. ചില വിമതരെ ബി.ജെ.പി. സ്വന്തമാക്കിയിട്ടുണ്ടെന്ന് സംസാരവുമുണ്ട്. കര്‍ഷകരുടെ കൂട്ടായ്മ തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായി നിലകൊള്ളുന്നത് എല്ലാവര്‍ക്കും ഭീഷണി തന്നെ. അവരെ വിമതരുടെ ലിസ്റ്റിലാണ് എല്ലാ പാര്‍ട്ടിക്കാരും വിലയിരുത്തുന്നത്. കര്‍ഷകര്‍ ഒന്നായത് എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഭീഷണിയാണ്.